Showing posts with label കീനാലൂര്‍. Show all posts
Showing posts with label കീനാലൂര്‍. Show all posts

Tuesday, May 18, 2010

വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്

വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | പി. മുജീബുറഹ്മാന്‍ |
Monday, May 17, 2010
വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍. ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള  ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

സോളിഡാരിറ്റി ഒരിക്കലും വികസനത്തിനെതിരല്ല. എന്നാല്‍, വികസനം എന്ത്, എങ്ങനെ, ആര്‍ക്കുവേണ്ടി എന്നത് വളരെ പ്രധാനമാണ്. കിനാലൂര്‍ സംഭവത്തിന്റെ മര്‍മവും ഇതുതന്നെ. ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ മുതലാളിത്ത വികസനഭ്രാന്തിനെതിരെയാണ് സോളിഡാരിറ്റിയുടെ പ്രതിഷേധവും സമരവും. സന്തുലിതവും ജനോപകാരപ്രദവും പരിസ്ഥിതി സൌഹൃദപരവുമായ വികസനരീതികള്‍ ആവിഷ്കരിക്കപ്പെടണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതും  ആവശ്യപ്പെടുന്നതും. ദൌര്‍ഭാഗ്യവശാല്‍ അവസരവാദികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വികസനപ്രക്രിയകളെ ജനവിരുദ്ധമാക്കാന്‍ മത്സരിക്കുകയാണ്. കിനാലൂര്‍ പദ്ധതിയും ഇതില്‍ നിന്ന് മുക്തമല്ല. മന്ത്രി എളമരം കരീമിന്റെയും കോഴിക്കോട് ജില്ലാ കലക്ടര്‍ പി.ബി. സലീമിന്റെയും വാക്കുകള്‍ ഇഴപിരിച്ച് പരിശോധിച്ചാല്‍ അവ ബോധ്യപ്പെടും.

മന്ത്രി പ്രസ്താവിച്ചപോലെ, നാലുവരിപ്പാതയുടെ ആവശ്യം ഉയരുന്നത് മലേഷ്യന്‍ കമ്പനിയില്‍ നിന്നാണ്. കോഴിക്കോട്^കിനാലൂര്‍ നാലുവരിപ്പാതയെന്ന പ്രഥമ ആവശ്യം പിന്നീടത് മാളിക്കടവ്^കിനാലൂര്‍പാത എന്നായി. സി.ഐ.ഡി.ബി^കെ.എസ്.ഐ.ഡി.ബി ധാരണാപത്രം, സംയുക്ത പത്രപ്രസ്താവന എന്നിവയില്‍ നിന്ന് വ്യക്തമായത് 100 മീറ്റര്‍ വീതിയില്‍ അക്വയര്‍ ചെയ്യുന്ന, പാത കടന്നുപോകുന്ന 70 ശതമാനം വയലുകളും നികത്തപ്പെടുന്ന പദ്ധതിയാണ് ഇതെന്നാണ്. അക്വിസിഷന്‍ 100 മീറ്റര്‍ എന്ന് വ്യക്തമാക്കിയെങ്കിലും പാതയുടെ വീതി സന്ദര്‍ഭാനുസരണം 60 മീറ്ററെന്നും 30 മീറ്ററെന്നും മാറ്റിമാറ്റി യോഗങ്ങളില്‍ വിശദീകരിച്ചു. കലക്ടര്‍ ആദ്യഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വില്‍ബര്‍സ്മിത്ത് പ്രതിനിധി ഡെഡിക്കേറ്റഡ് റോഡിന്റെ ഈ സ്വഭാവം ആവര്‍ത്തിച്ചതോടെ 100 മീറ്റര്‍ അക്വിസിഷന്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രണ്ട് ബദല്‍റോഡുകളുടെ സാധ്യത നിലനില്‍ക്കെ നിഗൂഢമായ ഈ ആവശ്യമാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമാകുന്നത.്

മലേഷ്യന്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചെങ്കിലും പാതയുടെ ബാധ കിനാലൂരിലും പരിസര പ്രദേശങ്ങളിലും നിലനിന്നു; പാതയുടെ സ്വഭാവത്തെക്കുറിച്ച അവ്യക്തതകളും. വില്‍ബര്‍ സ്മിത്ത് പഠനം പൂര്‍ത്തിയാക്കുകയും മന്ത്രിയുടെ ഒത്താശയോടെ കലക്ടര്‍ അക്വിസിഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്വാഭാവികമായും പ്രതിഷേധങ്ങളും ശക്തമായി. റോഡിന്റെ രൂപരേഖയായിട്ടില്ലെന്നും സാധ്യതാ പഠനമാണ് സര്‍വേയെന്നും മന്ത്രി വിശദീകരിച്ചപ്പോള്‍ എല്ലാ രൂപരേഖയും പൂര്‍ത്തിയായെന്ന് കലക്ടര്‍ പ്രസ്താവിച്ചു. ഇതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിശദീകരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നത്. നാട്ടുകാരും മാധ്യമങ്ങളും സാക്ഷികളായ സംഭവങ്ങള്‍ പോലും നിഷേധിച്ച്, കൈതച്ചാലില്‍ അബ്ദുറഹ്മാനെ വെച്ച് തട്ടിപ്പ് നടത്തുന്ന മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരം? 

സോളിഡാരിറ്റിയാണ് ഇതിനു പിന്നിലെന്നാണ് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനജാഗ്രതാസമിതിയിലും ജനകീയ ഐക്യവേദിയിലും മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി.ജെ.പി, സമാജ്വാദി ജനപരിഷത്ത് തുടങ്ങിയ സംഘടനകളെപ്പോലെ സോളിഡാരിറ്റിയും അംഗമാണ്. നാലുവരിപ്പാതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും എ.ഐ.വൈ.എഫും രംഗത്തുണ്ട്. എളമരം കരീമിനൊഴിച്ച് ആര്‍ക്കും കിനാലൂരിലെ വികസന അജണ്ട അംഗീകരിക്കാനാവുന്നില്ല.

കിനാലൂരിലെന്നല്ല, കേരളത്തിലെ നൂറോളം ജനകീയസമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. കുടിവെള്ളം, ശുദ്ധവായു, ഭൂമി തുടങ്ങിയ മൌലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. വികസനത്തെക്കുറിച്ച് പെരുവായില്‍ സംസാരിക്കുന്ന മന്ത്രി ഈ പാവം ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടമാണ് വികസനവിരോധമായി അധിക്ഷേപിക്കുന്നത്. ജനാധിപത്യത്തിനു നിരക്കാത്തതോ പൊതുമുതല്‍ നശിപ്പിക്കുന്നതോ ആയ സമരരീതികള്‍ കാഴ്ചവെക്കാത്ത കേരളത്തിലെ യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. അത്തരമൊരു പ്രസ്ഥാനത്തെ മതതീവ്രവാദികളെന്ന് ആരോപിക്കുന്നവര്‍ ഹീനമായ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് കേരളത്തില്‍ വമ്പിച്ച സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയുധമാണ് പ്രയോഗിക്കുന്നതെന്ന് ഓര്‍ക്കണം. അതല്ല, മാവോയിസം, തീവ്രവാദം എന്നൊക്കെയുള്ള ആരോപണങ്ങള്‍ കാര്യഗൌരവത്തിലാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

കേരളത്തില്‍ ഒരു ജനകീയസമരവും വിജയിച്ചത് ചാണകാഭിഷേകം കൊണ്ടല്ല. ഗ്രനേഡും ലാത്തിച്ചാര്‍ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവികപ്രതികരണം മാത്രമായിരുന്നു ചാണകപ്രയോഗം. അതിനെ ആക്ഷേപിക്കുന്ന മന്ത്രി കേരളത്തില്‍ എ.ഡി.ബി ഉദ്യോഗസ്ഥരെ തന്റെ സഹപ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു സ്വീകരിച്ചത് മറന്നുപോയോ? ക്ലാസ് റൂമില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അധ്യാപകനെ വെട്ടിക്കൊല്ലുക, രാഷ്ട്രീയ പകപോക്കലിന് ഇഴജന്തുക്കളെ ചുട്ടുകൊല്ലുക, പൊലീസുദ്യോഗസ്ഥരെ സ്റ്റേഷനില്‍ കയറി മര്‍ദിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കേരളത്തിനു പരിചയപ്പെടുത്തിയ സമരരീതികള്‍ എന്തായാലും സോളിഡാരിറ്റിക്കു പരിചയമില്ലാത്തതും അതിന്റെ  നയനിലപാടുകള്‍ക്ക് നിരക്കാത്തതുമാണ്.

സ്ത്രീകളും കുട്ടികളും അണിനിരക്കുന്ന ജനകീയസമരത്തെ അവരെ കവചമാക്കി അക്രമസമരം നടത്തുന്ന തീവ്രവാദരീതിയായി മന്ത്രി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളെന്തിന് അവിടെപ്പോയി എന്നാണ് വനിതാകമീഷന്‍ ചോദിച്ചത്. ജനകീയ സമരങ്ങളില്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഇതാദ്യമാണോ? സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സ്വാതന്ത്യ്രം സി.പി.എം ഭരിക്കുന്ന കേരളത്തിലില്ലേ? സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് എങ്ങനെ തീവ്രവാദമാകും? ചെങ്ങറയില്‍ ഭൂമി കൈയേറി സമരം നടത്തിയവരെ ട്രേഡ് യൂനിയനെ ഉപയോഗിച്ച് ഉപരോധിച്ചവര്‍ തന്നെയല്ലേ വയനാട്ടില്‍ സ്ത്രീകളെയും കുട്ടികളെയും സമരമുഖത്തിറക്കി ഭൂമി കൈയേറി കുടില്‍ കെട്ടിയത്?

സമരക്കാരെക്കാള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്ന മന്ത്രിയുടെയും പരിവാരങ്ങളുടെയും പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സംഭവം നടന്ന ഉടനെ ബാലുശേãരി ഹോസ്പിറ്റലില്‍ സ്ത്രീകളും 10 വയസ്സിനു താഴെയുള്ള നിരവധി കുട്ടികളും ഉള്‍പ്പെടെ ധാരാളംപേര്‍ പരിക്കുപറ്റി ചികിത്സക്കെത്തിയിരുന്നു. വീടുകളില്‍ കയറിയും പ്രദേശത്ത് ക്യാമ്പ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിനെ ഭയന്ന് പലരും ചികത്സതേടാത്ത സാഹചര്യമുണ്ടായി. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുക കൂടിചെയ്തപ്പോള്‍ അറസ്റ്റ് ഭയന്ന് ചികിത്സ തേടിയവരുള്‍പ്പെടെ ആശുപത്രിയും വീടും വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനം മറച്ചുവെക്കാനാണ് പരിക്കുപറ്റിയവര്‍ കൂടുതലും പൊലീസുകാരെന്ന് പ്രചരിപ്പിക്കുന്നത്.

ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി തദ്ദേശീയര്‍ പദ്ധതിക്കനുകൂലമാണെന്നും പുറത്തുനിന്നുള്ളവരാണ് സമരത്തിനു മുന്നിലുള്ളതെന്നും മന്ത്രി പറയുന്നതും ശുദ്ധകളവാണ്. കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു.  പുറത്തുനിന്ന് ആളുകള്‍ വന്നാല്‍ സമരത്തിന്റെ നൈതികതയെ അതെങ്ങനെയാണ് ബാധിക്കുക? ജനകീയസമരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ കിനാലൂരിലെ ജനകീയസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സംഘടനകളെ പുറത്തുനിന്നു വന്നവര്‍ എന്നാക്ഷേപിക്കുന്നത്.

തെറ്റുതിരുത്തി മുന്നോട്ടു പോകുന്നതിനുപകരം ധാര്‍ഷ്ട്യം നിലനിറുത്തി അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് ഇനിയും നേരിടേണ്ടിവരും. തുറന്ന ചര്‍ച്ചകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും രീതിയാണ് അവലംബിക്കുന്നതെങ്കില്‍ കിനാലൂരില്‍ ഇനിയും മറുവഴികളും സാധ്യതകളുമെല്ലാമുണ്ട്. അതല്ലേ ആരോഗ്യകരമെന്ന് ചിന്തിക്കേണ്ടത് ഒന്നാമതായി വ്യവസായമന്ത്രി തന്നെയാണ്.

(ലേഖകന്‍
സോളിഡാരിറ്റി സംസ്ഥാന
പ്രസിഡന്റാണ്)

Saturday, May 15, 2010

ജനകീയ സമരത്തിലെ ബാഹ്യശക്തികള്‍,കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്?

ജനകീയ സമരത്തിലെ ബാഹ്യശക്തികള്‍

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? |സി.ആര്‍ നീലകണ്ഠന്‍ |
Saturday, May 15, 2010
തങ്ങള്‍ക്കെതിരായ ജനകീയപ്രതിരോധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ ഭരണകര്‍ത്താക്കളും ഉയര്‍ത്തുന്ന  ആരോപണമാണ് 'ബാഹ്യശക്തികളുടെ ഇടപെടല്‍'. ഈ പ്രതിരോധം ജനങ്ങളുടെ യഥാര്‍ഥ ആവശ്യമല്ലെന്നും സമ്മര്‍ദത്തിനോ തെറ്റിദ്ധാരണക്കോ വഴങ്ങി അവര്‍ അതില്‍ പങ്കെടുക്കുകയാണെന്നും (ചിലപ്പോള്‍ അവര്‍ പങ്കെടുക്കുന്നതേയില്ലെന്നും) ഇത്തരം സമരങ്ങള്‍ കുത്തിപ്പൊക്കുന്നത് 'പുറത്തുള്ള ചിലര്‍' ആണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. സാധാരണയായി വിദേശകരങ്ങള്‍ എന്നൊക്കെയാകും പറയുക. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ ജനകീയസമരവും 'ബാഹ്യശക്തികള്‍' നടത്തിയതാണെന്ന് വ്യവസായമന്ത്രി എളമരം കരീം പറയുന്നു. കിനാലൂരില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന സര്‍ക്കാറിന്റെ പൊലീസ് നടത്തിയ നരനായാട്ട് തല്‍സമയവും പിന്നീടും മാധ്യമങ്ങളിലൂടെ കേരളീയരുടെ മുന്നില്‍ എത്തി. അത് ജനങ്ങളെ കാണിച്ചതിലും മന്ത്രിക്ക് കടുത്ത രോഷമുണ്ട്.

ഈ സമരം തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലല്ല. മാസങ്ങളായി ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കിനാലൂരില്‍ മലേഷ്യന്‍ കമ്പനിയുമായി ആഘോഷത്തോടെ ധാരണാപത്രം ഒപ്പിട്ടിരുന്നു (അത് വെറും തട്ടിപ്പാണെന്ന് അന്നുതന്നെ എഴുതിയവരില്‍ ഈ ലേഖകനും ഉണ്ടായിരുന്നു.) ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന ചെരിപ്പുകമ്പനിയും ഒരു പുകമറയാണെന്നും അന്നാട്ടില്‍ വന്‍കുത്തകകള്‍ വാങ്ങിക്കൂട്ടിയ 2700 ഏക്കര്‍ ഭൂമിക്കുവേണ്ടിയുള്ള 'ഡെഡിക്കേറ്റഡ്' റോഡാണിതെന്നും പറയുന്നു. അസത്യമാകാന്‍ വഴിയില്ലെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. വളന്തക്കാട്ടും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ 'ചെന്നൈ ഗ്രൂപ്പ്' തന്നെയാണിവിടെയും ഭൂവുടമകള്‍ എന്നുകൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാകുന്നു.

കിനാലൂരിലെ പ്രതിരോധം ആരംഭിച്ചത് കക്ഷിരാഷ്ട്രീയാതീതമായി രൂപംകൊണ്ട ജനജാഗ്രതാസമിതിയാണ്. പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യധാരാകക്ഷികളും സമരത്തിനെത്തി. സി.പി.എം ഒഴികെ എല്ലാകക്ഷികളും ഇപ്പോള്‍ സമരത്തിലുണ്ട്. ജനകീയ ഐക്യവേദിയെന്ന സമരസംഘടനയില്‍ ഇവര്‍ക്കെല്ലാം പ്രാതിനിധ്യവുമുണ്ട്. അതിന്റെ കണ്‍വീനര്‍ നിജേഷ് യൂത്ത്കോണ്‍ഗ്രസ് നേതാവാണ്. ഈ ഭൂമിയളക്കല്‍ പരിപാടിക്കായി മുമ്പും അധികൃതര്‍ എത്തിയിരുന്നു. അപ്പോഴെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങള്‍ ഉപരോധിച്ചിരുന്നു. അന്നൊന്നും കാണിക്കാത്ത വീറും വാശിയും ഇക്കുറി ഉദ്യോഗസ്ഥര്‍ കാണിച്ചെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടെന്ന് ഉറപ്പാക്കാം.

മന്ത്രിയുടെ ആരോപണങ്ങള്‍

റോഡ് നിര്‍മിക്കുന്ന വിഷയത്തില്‍ സര്‍വകക്ഷി സമവായം ഉണ്ടായിരുന്നുവെന്ന മന്ത്രിയുടെ നിലപാട് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ജനജാഗ്രതാസമിതി മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചപ്പോള്‍ യു.ഡി.എഫ് അടക്കമുള്ള കക്ഷികള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. സമരത്തിനു പിന്നില്‍ സോളിഡാരിറ്റിയാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. കൃത്യമായിത്തന്നെ ഈ ലേഖകനറിയാം, സോളിഡാരിറ്റി 'പിന്നില്‍' ആയിരുന്നില്ല, തുടക്കം മുതല്‍ സമരത്തിനൊപ്പമുണ്ടായിരുന്നു. അവര്‍ നടത്തിയ ഒരു റാലിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അതിനുശേഷം അവിടെ നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തയാളാണ് ഈ ലേഖകന്‍. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ഒട്ടനവധി ജനകീയസമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ, മൂലമ്പിള്ളി, പ്ലാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പം നിന്ന ഒരാളാണീ ലേഖകന്‍. ഇവിടെയും ജനജാഗ്രതാ സമിതിയുടെ സമരത്തെ അവര്‍ ശക്തമായി പിന്തുണച്ചുവെന്നുമാത്രം. ധനമന്ത്രി തോമസ് ഐസക് ഒരു പടികൂടി കടന്ന് സോളിഡാരിറ്റിക്കൊപ്പം എസ്.ഡി.പി.ഐ എന്ന കക്ഷിയും സമരത്തിനുണ്ടായിരുന്നു എന്നാരോപിക്കുന്നു. അവര്‍ക്ക് അതിനുള്ള ജനാധിപത്യാവകാശമുണ്ടെന്നത് മറക്കാതെത്തന്നെ പറയട്ടെ, കിനാലൂര്‍സമരത്തില്‍ ആ കക്ഷിക്കാരെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ മന്ത്രി ഇങ്ങനെ പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഇത് കുറെ മുസ്ലിംസംഘടനകളുടെ (പറയാതെ പറയുന്നു, തീവ്രവാദികളുടെ) ഒരു സമരം മാത്രമാണ് എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ഇത് തീര്‍ത്തും അപലപനീയമായ ശ്രമമാണ്.

'പുറത്തുനിന്നുള്ളവര്‍'ക്ക് ഇത്തരമൊരു സമരത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണോ മന്ത്രി പറയുന്നത്? വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറെ പേരുകള്‍ വായിച്ചു. ഇവരൊന്നും അന്നാട്ടുകാരല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആ പ്രദേശത്തിനു ചുറ്റുമുള്ള നിരവധിസ്ത്രീകളും പുരുഷന്മാരും കുട്ടികളും മര്‍ദനത്തില്‍ പരിക്കേറ്റു കഴിയുന്നകാര്യം മന്ത്രിക്കറിയാത്തതാകില്ല. ഭയം മൂലം നിരവധി സ്ത്രീകള്‍ ആശുപത്രിയില്‍പോലും പോകുന്നില്ല. അവരുടെ പേരും മേല്‍വിലാസവും കിട്ടിയാല്‍ വധശ്രമത്തിനു കേസ് എടുക്കുമെന്നവര്‍ ന്യായമായും ഭയപ്പെടുന്നു. ചാനലിലും പത്രങ്ങളിലുമുള്ള പടങ്ങള്‍ നോക്കി 'പ്രതികളെ കണ്ടെത്തുന്ന' തിരക്കിലാണ് പൊലീസ്. ഇതില്‍സഹായിക്കാന്‍ ആ നാട്ടിലെ ചില പാര്‍ട്ടി സഖാക്കളുമുണ്ടെന്നും കേള്‍ക്കുന്നു.

മന്ത്രി പറഞ്ഞ അഭിപ്രായം അതേപടി ആവര്‍ത്തിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ ശ്രീദേവിയും. അതുകുറേക്കൂടി വികൃതവും സ്ത്രീവിരുദ്ധവുമാക്കി അവര്‍ പറഞ്ഞു, സ്ത്രീകള്‍ അടിചോദിച്ചുവാങ്ങുകയായിരുന്നു എന്ന്. ഇത്രക്രൂരവും സത്യവിരുദ്ധവുമായി സംസാരിച്ച ഒരു വനിതാകമീഷന്‍ അധ്യക്ഷയും കേരളത്തിലുണ്ടായിട്ടില്ല. സ്വന്തം വീടും ജീവിതവും നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ഒട്ടുമിക്ക ജനകീയസമരങ്ങളിലും സ്ത്രീകളാണ് മുന്‍പന്തിയിലെന്ന വസ്തുത ഈ അധ്യക്ഷക്കറിയില്ലായിരിക്കും. മേധാപട്കര്‍, അരുന്ധതിറോയ്, അരുണാറോയ് തുടങ്ങിയവരെപ്പറ്റി ഇവരോട് 'പാര്‍ട്ടി' ഒന്നും പറഞ്ഞിട്ടില്ലായിരിക്കും. എന്നാല്‍, ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഓടിയെത്തി ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്ന വൃന്ദകാരാട്ടിനെയെങ്കിലും ഇവര്‍ അറിഞ്ഞിരിക്കണമല്ലോ.

എല്ലാ ജനകീയ സമരപ്രസ്ഥാനങ്ങളും 'തല്ലു കൊള്ളേണ്ടവ'യാണെന്ന പുതിയ തത്ത്വം ജനങ്ങളെ പഠിപ്പിക്കുകയാണ് പുത്തന്‍ ഇടതുപക്ഷം. സ്ത്രീകള്‍ക്ക് സീറ്റ്സംവരണം നല്‍കണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന ഇതേകാലത്ത്, അവരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി രൂപവത്കരിക്കപ്പെട്ട വനിതാകമീഷന്‍ പറയുന്നത്, സ്ത്രീകള്‍ സ്വന്തം കാര്യം മാത്രം നോക്കി വീട്ടിനകത്ത് അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കില്‍ തല്ലുകിട്ടുമെന്നാണ്.

അവിടെ സമരം നടത്തിയത് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല എന്നതു സത്യംതന്നെ. തെറ്റായ ഒരു വികസന പദ്ധതിക്കും അതിലെ വന്‍ അഴിമതിക്കും പദ്ധതിയുണ്ടാക്കാവുന്ന പാരിസ്ഥിതികതകര്‍ച്ചക്കും പ്രകൃതിവിഭവ ശോഷണത്തിനുമെല്ലാം എതിരായി സമരം ചെയ്യാന്‍ ഏതു വ്യക്തിക്കും സംഘടനക്കും അവകാശമുണ്ട്; കൃത്യമായി പറഞ്ഞാല്‍ കടമയുണ്ട്. ഈ കടമ മറന്ന്, കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച്, ശീതീകരിച്ച മുറികളിലും കാറുകളിലും മാത്രം സഞ്ചരിച്ച് 'ഭരണം' നടത്തുന്ന സഖാക്കള്‍ക്ക് അത് തിരിച്ചറിയാനാവില്ലെന്നുമാത്രം. അവിടെ നടന്ന ഉപരോധത്തിന്റെ മാത്രം കഥയെടുക്കുക. കേരളത്തില്‍ ദിവസേനയെന്നോണം നിരവധി ഉപരോധങ്ങള്‍ നടക്കുന്നുണ്ട് (ഇതില്‍ വലിയൊരു പങ്കും നടത്തിയിരുന്നത് മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു). ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ചെയ്യാറുള്ളതെന്താണ്? ഉപരോധക്കാരെ നീക്കംചെയ്യും. ഇതിനായി ബലം പ്രയോഗിക്കേണ്ടിവന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും. മറ്റു പലപ്പോഴും ദൂരെ കൊണ്ടുപോയിവിടും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കേസും എടുക്കാറുണ്ട്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുപോലും പ്രതികളായ പല ഉപരോധക്കേസുകളും നിലവിലുണ്ട്.

എന്നാല്‍, ഇവിടെ ഉപരോധക്കാരെ, സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചുകൊണ്ടാണ് തുടക്കംതന്നെ. പുരുഷപൊലീസുകാര്‍ തന്നെ സ്ത്രീകളെ മര്‍ദിക്കുന്ന രംഗങ്ങള്‍ നാം നേരില്‍ക്കണ്ടതാണ്. മര്‍ദനമേറ്റ് ജനക്കൂട്ടം ചിതറി ഓടി. പലരും സമീപത്തുള്ള വീടുകളിലേക്ക് ഓടിക്കയറി. ഉപരോധസമരക്കാര്‍ സ്ഥലമൊഴിഞ്ഞാല്‍ പിന്നെ അവരെ പൊലീസ് ഉപദ്രവിക്കാറില്ല. എന്നാല്‍, ഇവിടെ എന്താണുണ്ടായത്? ഭയന്നോടിയ ജനങ്ങളെ ശത്രുക്കളെയെന്നപോലെ പിന്തുടര്‍ന്ന് മര്‍ദിച്ചു. വീടുകളില്‍ അഭയംപ്രാപിച്ചവരെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സ്വകാര്യഭൂമിയില്‍ ഇടിച്ചുകയറി അവിടെ ഗ്രനേഡുകള്‍ പൊട്ടിച്ചു. ഇത്ര ക്രൂരമായി പെരുമാറുന്നത് കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് പാഞ്ഞടുത്തു.

വളരെ ആസൂത്രിതമായ രീതിയില്‍ ജനങ്ങളിലാകെ ഭീതിപരത്തി ഭൂമി എടുക്കുന്നതിനെതിരായ പ്രതിരോധം തകര്‍ക്കുകയെന്ന ഗൂഢപദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്തിരുന്നത്. സ്ഥലമേറ്റെടുക്കാന്‍ ഇത്രയധികം പൊലീസ്സന്നാഹത്തെ അയച്ചതു മുതലെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍, സമരക്കാര്‍ 'ആസൂത്രിത'മായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇത്രയധികം സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന ഒരു സമരത്തിന്റെ സംഘാടകര്‍ ഒരു കാരണവശാലും അക്രമത്തിന് മുതിരില്ലെന്ന് ആര്‍ക്കാണറിയാത്തത്? ആസൂത്രിതമായ ആക്രമണത്തിനുള്ള തെളിവായി മന്ത്രി പറയുന്ന മാരകായുധ ശേഖരമെന്നത് രണ്ട് ബക്കറ്റുകളില്‍ കലക്കിവെച്ച ചാണകവെള്ളമാണ്. ചാണകം ഇത്രവലിയ മാരകായുധമാണെന്നിപ്പോഴാണ് നാമറിയുന്നത്. പൊലീസ് കൊണ്ടുവന്ന ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുമൊന്നും ഒന്നുമല്ല! ഒരു മണ്ണ് ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ അത് ശുദ്ധീകരിക്കാന്‍ ചാണകവെള്ളം തളിക്കുകയെന്ന പതിവ് പല കുടുംബങ്ങളിലുമുണ്ട്. ഇവിടെ മന്ത്രിയെപ്പോലുള്ള നേതാക്കളും അവരുടെ കിങ്കരന്മാരായ പൊലീസുകാരും വരുമെന്നതിനാല്‍ അവര്‍ പോയാല്‍ ഭൂമി ശുദ്ധമാക്കാന്‍ സഹോദരിമാര്‍ കരുതിയതാകാം ഇത്.

ഇത്തരം സമരങ്ങളോട് ഇടതുപക്ഷത്തിനുള്ള അസഹിഷ്ണുത ഇന്നത്ര അദ്ഭുതമല്ല. ഏതു ജനകീയസമരം നടക്കുമ്പോഴും അത് ബാഹ്യശക്തികള്‍ കടന്നുകയറി കുഴപ്പമുണ്ടാക്കുന്നതാണെന്ന വാദം ഇവര്‍ ഉയര്‍ത്തുന്നു.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇത് പറഞ്ഞു. എന്നാല്‍, പിന്നീട് സത്യം മനസ്സിലാക്കി അദ്ദേഹമതു തിരുത്തി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും മറ്റും അതിനായി ഇടപെടേണ്ടിവന്നു. ചെങ്ങറ സമരത്തില്‍ മാവോയിസ്റ്റുകളും വിദേശ ശക്തികളുമുണ്ടെന്നിവര്‍ വിളിച്ചുപറഞ്ഞു നടന്നു. പക്ഷേ, ഒടുവില്‍ സര്‍ക്കാര്‍തന്നെ ഈ സമരം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ തയാറായി. നന്ദിഗ്രാം, സിംഗൂര്‍സമരങ്ങളിലും സി.പി.എം ആദ്യം പറഞ്ഞത് തദ്ദേശവാസികളെല്ലാം സമരത്തിനെതിരാണെന്നാണ്. അവിടെയും പാര്‍ട്ടി പിന്‍വാങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യം വ്യക്തമായി. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്ന ഈ പ്രദേശത്തെ മണ്ഡലങ്ങളിലെല്ലാം അവര്‍ ദയനീയമായി പരാജയപ്പെട്ടു.

ഇവിടെ വോട്ടുചെയ്ത് പാര്‍ട്ടിയെ തറപറ്റിച്ചത് 'ബാഹ്യശക്തി'കളാണോ? അന്നാട്ടിലെ ജനങ്ങളാണോ? ഇത്രയൊക്കെ അനുഭവമുണ്ടായിട്ടും ഇവര്‍ ഒന്നും പഠിക്കുന്നില്ലെന്നാണോ? അല്ല. ഇനിയിപ്പോള്‍ ജനകീയ വോട്ടുകൊണ്ട് ഭരണം കിട്ടില്ലെന്നുറപ്പാണ്. പിന്നെ വേണ്ടത് പണമാണ്. അത് സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്നമല്ലെന്നവര്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ജനങ്ങള്‍ക്കങ്ങനെ തീരുമാനിക്കാനാകില്ലല്ലോ. അവര്‍ സമരം തുടരും.