Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Monday, June 14, 2010

ഇ-മുതലാളിത്തം

ഇ-മുതലാളിത്തം

Monday, June 14, 2010
സാങ്കേതിക വിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്നലെ കണ്ടത് ഇന്ന് കാണില്ലെന്ന അവസ്ഥ. കമ്പ്യൂട്ടറിലെ ഫേ്‌ളാപ്പി ഡിസ്‌ക് എത്രവേഗമാണ് കാലഹരണപ്പെട്ടത്! വി.സി.ആര്‍ ഇല്ലാതാവുകയാണ്. ഡി.വി.ഡിയും ഏറെക്കാലം ഉണ്ടാവില്ല. വമ്പിച്ച ആരവത്തോടെ വന്നെത്തിയ ത്രീ-ജി മൊബൈല്‍ ആറുമാസം കൊണ്ട് കാലഹരണപ്പെടുമത്രെ. ഫോര്‍-ജി വരുന്നതോടെ വലിയ സര്‍വവിജ്ഞാന കോശങ്ങള്‍ വരെ ഇന്റര്‍നെറ്റില്‍നിന്ന് മിനിറ്റുകള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ശബ്ദലേഖനം ചെയ്ത പരിപാടികള്‍ അതിവേഗം സമാഹരിച്ചെടുക്കാനാവും. അതുകഴിഞ്ഞാല്‍?

സാങ്കേതിക വിദ്യ മികവിലും വേഗതയിലും മുന്നേറുന്ന മുറക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളും വര്‍ധിക്കും. അതേസമയം, വ്യാപാര കുത്തകകള്‍ക്ക് ഇത് നല്‍കുന്ന നേട്ടം അവരുടെ മുതലിറക്കുമായി തട്ടിച്ചാല്‍ വമ്പിച്ചതാവാം. 4-ജി വിദ്യയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കിട്ടുന്ന കുത്തക പദവി ആര്‍ക്കാണ് പ്രയോജനം ചെയ്യുകയെന്ന് കാണാന്‍  പോവുന്നു. 4,800 കോടി രൂപക്കാണ് മുകേഷ് അംബാനി ഇതിന്റെ അവകാശം ലേലത്തില്‍ വാങ്ങിയത്. 3-ജി സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ പരിമിതമാണ്; എന്നിട്ടുപോലും കമ്പനികള്‍ വലിയ നേട്ടമാണ് കൊയ്യുന്നത്. 4-ജിയിലെത്തുമ്പോഴേക്കും സാധ്യതകള്‍ പെരുകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം സാങ്കേതിക ശാസ്ത്ര രംഗത്തേക്കും വ്യാപിക്കുന്നു എന്നര്‍ഥം.

Sunday, June 13, 2010

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!

Sunday, June 13, 2010
ദല്‍ഹി ഡയറി / എം.സി.എ. നാസര്‍

തല്ലും തലോടലും ഭരിക്കുന്നവരുടെ പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍ പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്‌നമാകാറില്ല. അല്ലെങ്കില്‍ നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍ മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍  പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്.
ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്. ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന്‍ പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്. അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം.

സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്‍' എന്ന സംജ്ഞക്കു പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം. അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം. നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക് എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഒരു വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം.

അതിനിടയിലും ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്‍കി ആദരിക്കും. അവരിലെ അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും.
എന്തായാലും ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം തോന്നി.  എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍ പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.
മുമ്പ് പി.വി അബ്ദുല്‍വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില്‍ നാം കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി മുന്നില്‍.  വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ വി.എസും മറക്കുകയായിരുന്നു.

അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്.  ഇരുപത്തഞ്ച് ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്! പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?

സങ്കടം അതല്ല. ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ 'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്‍മാര്‍ക്ക് വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു  'ക്രമസമാധാന'പ്രശ്‌നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു.

ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന്‍ ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍ അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക  സംഭവ്യമല്ലെന്ന് ഇലക്ഷന്‍ കമീഷണന്‍ നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച ഘട്ടത്തില്‍, ത്രി-ജി സ്‌പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ, ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?

വോട്ടെടുപ്പില്‍ പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളുടെ അടിത്തറ രാഷ്ട്രീയ തിരസ്‌കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല. പാര്‍ലമെന്റ്‌സമ്മേളനങ്ങളില്‍ അവന്റെ പ്രശ്‌നങ്ങള്‍ എവിടെയും അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല. ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്‌റൈനിലെ പ്രിയസുഹൃത്ത് ബെന്യാമിന്‍ അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?

പുറപ്പെട്ടു പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല. എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും നല്‍കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത് രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും. അപ്പോഴറിയാം, എന്‍.ആര്‍.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍ ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്. പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന  ഇന്ത്യക്കാരുടെ എണ്ണം ആയിരങ്ങളിലാണ്. 
ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും ചെയ്യാനില്ലെന്നു വരുമോ?

Friday, June 11, 2010

ആ 'തീവ്രവാദികള്‍' പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ

ആ 'തീവ്രവാദികള്‍' പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ

Thursday, June 10, 2010
തിരുവനന്തപുരം: കാസര്‍കോഡ് പൊയ്‌നാച്ചിയിലെ പ്രത്യേകിച്ച് വീട്ടുപേരൊന്നും പറയാനില്ലാത്ത വീട്ടില്‍ കൊച്ചുമോളുടെ മക്കള്‍ രാജിക്കും രാഹുലിനും വലിയൊരു ആഗ്രഹമുണ്ട്;  ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണം. തങ്ങളെ കളിയാക്കാത്ത, ഉപദ്രവിക്കാത്ത സ്‌കൂള്‍ വേണം.

കഴിഞ്ഞ വര്‍ഷം ഓണക്കാലം വരെ  വര്‍ക്കല പാപനാശം റോഡിലെ ഗവ. എല്‍.പി സ്‌കൂളില്‍ നാലിലും ഒന്നിലുമായി ഇവര്‍ പഠിച്ചിരുന്നു.  വര്‍ക്കല തൊടുവെ കോളനി ആറ്റുപുറമ്പോക്കില്‍ കൊച്ചുമോള്‍-ബാബു ദമ്പതികളുടെ മക്കള്‍ എന്നൊരു വിലാസം അന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ചീത്തവിളിയും കളിയാക്കലും അപമാനിക്കലുമൊക്കെ ദിനചര്യയുടെ ഭാഗമായിരുന്നിട്ടും അവര്‍ക്ക്  സ്‌കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നു.  പണ്ടേ ദലിതര്‍, പോരെങ്കില്‍ തൊടുവെയിലും എന്ന അവസ്ഥയില്‍ പൊതുസമൂഹം നല്‍കിയ ആട്ടും തുപ്പും കുറേയേറെ സഹിച്ചു. പക്ഷേ, 2009 സെപ്റ്റംബര്‍ 23 ന് എല്ലാം തകിടംമറിഞ്ഞു. അന്നാണ് വര്‍ക്കല കൊലപാതകം നടന്നത്.
ഗുണ്ടകളും പൊലീസും കോളനി കയറി നിരങ്ങി. പൊലീസ് വേട്ട ഭയന്ന് ബാബു നാടുവിട്ടു. രാജിയും രാഹുലുമടക്കം മൂന്നു മക്കളും പ്രായമായ അമ്മയും വിശപ്പിന് ആശ്രയിക്കുന്നതിനാല്‍ കുഞ്ഞുമോള്‍ക്ക് അതിന് സാധിച്ചില്ല. രണ്ട് ദിവസം മാറിനിന്നിട്ട് വിശപ്പ് സഹിക്കാതെ അവര്‍ തിരിച്ചുവന്നു. പക്ഷേ, സ്‌കൂളിലെത്തിയ രാജിക്കും രാഹുലിനും ക്ലാസില്‍ കയറാനായില്ല. തീവ്രവാദികളെ ഇവിടെ പഠിപ്പിക്കില്ലെന്നായിരുന്നു ചില അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും നിലപാട്.

ബോംബുണ്ടോയെന്ന് നോക്കാന്‍ ഈ പിഞ്ചുകുട്ടികളുടെ ബാഗും ചോറ്റുപാത്രങ്ങളും തുറന്നുനോക്കുന്നതു പതിവായിരുന്നു. പല ദിവസങ്ങളിലും കറിയില്ലാതെ വെറും ചോറുമാത്രമാണ് ഇവയിലുണ്ടായിരുന്നത്. എന്നിട്ടും ഇവരുടെ ദയനീയസ്ഥിതി മനസ്സിലാക്കാന്‍ അവിടെ ആര്‍ക്കും കഴിഞ്ഞില്ല. സഹികെട്ട കൊച്ചുമോള്‍ കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മധ്യവേനലവധിക്ക് വന്നാല്‍ നോക്കാമെന്നായിരുന്നു അധ്യാപകരുടെ മറുപടി. പക്ഷേ, കോളനിയിലെ വീട് ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. കോളനി സന്ദര്‍ശിക്കാനെത്തിയ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്   പരാതി എഴുതിനല്‍കിയ ശേഷം കുഞ്ഞുമോള്‍ നാടുവിട്ടു. ജോലി തേടി നടക്കുന്നതിനിടെ കാസര്‍കോടെത്തി. ഇപ്പോള്‍ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് പണിയെടുക്കുന്നു. പത്ത് കിലോയിലേറെ ഭാരമുള്ള ഒരു വെട്ടുകല്ല് മൂന്നാം നിലയില്‍ കയറ്റിക്കൊടുത്താല്‍ രണ്ട് രൂപ കിട്ടും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെ നിര്‍ത്താതെ ജോലിചെയ്താല്‍ 100 കല്ല് കയറ്റാം. അപ്പോള്‍ 200 രൂപ കിട്ടും. അഞ്ചംഗകുടുംബത്തിന് വാടകവീട്ടില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടാം.  
കൊച്ചുമോള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. മനുഷ്യാവകാശ കമീഷന്‍ എപ്പോഴെങ്കിലും കുട്ടികളുടെ ടി.സി വാങ്ങിത്തരുമെന്ന്. സ്‌കൂളില്‍ പോകുന്ന ദിവസവും കാത്ത് അമ്മൂമ്മക്കൊപ്പം വാടകവീട്ടില്‍ അടച്ചിരിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍.

ടി.ജുവിന്‍

Saturday, June 5, 2010

പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്

പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്

Wednesday, June 2, 2010
നടുവില്‍: പുത്തന്‍ യൂനിഫോമണിഞ്ഞ് ബാഗും കുടയും പുസ്തകങ്ങളുമെടുത്ത് കുട്ടികളെല്ലാം പുതു അധ്യയനദിവസമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കോട്ടയംതട്ട് ആദിവാസിക്കോളനിയിലെ കുട്ടികള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കാന്‍ മാത്രം വിധി. ഇവര്‍ ദിനംപ്രതി പോകുന്ന പണിയിടത്തിലേക്ക് തന്നെ ഇന്നും പോകും.
നടുവില്‍ പഞ്ചായത്തില്‍പെട്ട ഈ കോളനിയിലെ ബഹുഭൂരിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്. ചില കുട്ടികള്‍ രണ്ടാംക്ലാസ് വരെ പോയപ്പോള്‍ മറ്റുചിലര്‍ മൂന്ന് വരെയും അപൂര്‍വം ചിലര്‍ എട്ടുവരെയും പോയവര്‍. എസ്.എസ്.എല്‍.സി വരെ പഠിച്ച ആരും കോളനിയിലില്ല.
തുരുമ്പി ഗവ. എല്‍.പി സ്‌കൂള്‍, പുലിക്കുരുമ്പ ഹൈസ്‌കൂള്‍, കുടിയാന്മല സ്‌കൂള്‍ തുടങ്ങിയവ സമീപപ്രദേശങ്ങളില്‍തന്നെ ഉണ്ടായിട്ടും കുട്ടികളുടെ പാതിവഴിയിലുള്ള പഠനം ഉപേക്ഷിക്കലിന്റെ കാരണമന്വേഷിച്ച് ആരും ഇതുവരെ എത്തിയിട്ടില്ല.
പഠനം നിര്‍ത്തിയവരില്‍ ഭൂരിഭാഗവും കൂലിവേലക്ക് പോവുകയാണ്.  50ഉം 30ഉം രൂപ കൂലിക്ക് കാട് തെളിക്കല്‍, പുല്ലരിയല്‍ തുടങ്ങിയ നാടന്‍ പണികള്‍ക്കാണ് കുട്ടികള്‍ പോകുന്നത്. ചില കുട്ടികള്‍ അമ്മമാര്‍ ജോലിക്ക് പോവുമ്പോള്‍ ചെറിയ കുട്ടികളെ പരിചരിക്കാന്‍ വീട്ടില്‍ നില്‍ക്കുന്നു.
കോളനിയിലെ കല്ലാ ശാന്തയുടെയും കുമാരന്റെയും മകള്‍ ആതിര 2007ല്‍ അഞ്ചാംതരത്തില്‍ പഠനം നിര്‍ത്തി ഇപ്പോള്‍ കൂലിപ്പണിക്ക് പോവുകയാണ്. മോഹനന്റെ മകള്‍ സിന്ധു കഴിഞ്ഞ അധ്യയനവര്‍ഷമാണ് അഞ്ചാം തരത്തില്‍ മൂന്നുമാസം മാത്രം പോയി പഠനം നിര്‍ത്തിയത്. കല്ലാ കല്യാണിയുടെ മകള്‍ സുകന്യ (12) തുരുമ്പി യു.പി സ്‌കൂളില്‍ പഠനം നിര്‍ത്തി. ചേമ്പില്‍ നാരായണന്റെ മക്കളായ വിന്‍സി പുലിക്കുരുമ്പ സ്‌കൂളില്‍വെച്ച് എട്ടാംതരത്തിലും ഷൈനി ഏഴാം ക്ലാസിലും സിന്ധു അഞ്ചാം ക്ലാസിലും സിനി ഏഴിലും പഠനം നിര്‍ത്തി. ഈ കുട്ടികളും വിവിധ ജോലികള്‍ക്കായി പോകുകയാണ്.
കല്യാണി കല്ലയുടെ 15 വയസ്സുള്ള മകന്‍ സുധീഷ് എട്ടാം ക്ലാസിലും 12 വയസ്സുള്ള സുകന്യ തുരുമ്പി യു.പി സ്‌കൂളില്‍നിന്ന് രണ്ടാം ക്ലാസിലും പഠനം നിര്‍ത്തി. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ ഈ കോളനിയില്‍ നിരവധിയാണ്.
അടിസ്ഥാനസൗകര്യങ്ങളിലുള്ള അപര്യാപ്തതയാണ് സ്‌കൂളില്‍ പോകുന്നതില്‍നിന്ന് അകറ്റുന്നതിനുള്ള പ്രധാന കാരണം. മൂന്ന് കിലോമീറ്ററോളം തകര്‍ന്ന മണ്‍റോഡിലൂടെ നടന്നു വേണം സ്‌കൂളിലെത്താന്‍. കുടിവെള്ള സൗകര്യമോ വൈദ്യുതിയോ കോളനിയിലില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് തണുപ്പ് ഏറെ ഉണ്ടാകുന്നതും ദുരിതം ഇരട്ടിയാക്കുന്നു. ആദിവാസികള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ വാരിയെറിയുമ്പോഴും അടിസ്ഥാന പ്രശ്‌നമായ വിദ്യാഭ്യാസം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. കോളനിയിലേക്കുള്ള റോഡടക്കമുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കോളനിവാസികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുകയോ വിദ്യാലയങ്ങള്‍ അനുവദിക്കുകയോ ആണ് ഇവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് മുഖ്യമായും ചെയ്യേണ്ടതെന്ന് ആവശ്യമുയരുന്നു. പട്ടികവര്‍ഗ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നതും ഏറെ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
രജിസ്റ്ററില്‍ പേര് ചേര്‍ത്തുകഴിഞ്ഞാല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയാലും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ലെന്നും പരാതിയുണ്ട്.

Friday, March 26, 2010

അന്ധവിശ്വാസത്തെ ശാസ്ത്രമാക്കുന്ന വാസ്തു'വിദ്യ'

അന്ധവിശ്വാസത്തെ ശാസ്ത്രമാക്കുന്ന വാസ്തു'വിദ്യ'

Friday, March 26, 2010
മനാമ: വാസ്തുവിദ്യയുടെ പേരില്‍ നാട്ടില്‍ അരങ്ങേറുന്ന അന്ധവിശ്വാസ പ്രചാരണത്തിന് അനുകൂലമായ വാദഗതികളുമായി എത്തിയ 'വാസ്തുശാസ്ത്ര പണ്ഡിത'ന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രവാസി വിശ്വകര്‍മ ഐക്യവേദിയുടെ പത്രസമ്മേളനത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയാക്കി.

ശാസ്ത്രത്തിന്റെ കപടവേഷം ധരിപ്പിച്ച് 'വാസ്തു' വിന്റെ പേരില്‍ കെട്ടിട^ ഗൃഹനിര്‍മാണ വിദ്യയെ അന്ധവിശ്വാസവിപണിയുടെയും പാരമ്പര്യ പുനരുത്ഥാനത്തിന്റെയും മൂലധനമാക്കി മാറ്റുന്ന 'നവ ആര്‍ക്കിടെക്റ്റ് എഞ്ചിനീയറിംഗി'ന്റെ അതേ തിയറികളാണ് പത്രസമ്മേളനത്തില്‍ സംസാരിച്ച തിരുവല്ല ബി.എഡ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ മുരളീദാസ് സാഗര്‍ അവതരിപ്പിച്ചത്.
മനുഷ്യനടക്കമുള്ള ഏതു ജീവജാലത്തിനും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാനുള്ള ശാസ്ത്രീയമായ അടിസ്ഥാനമാണ് വാസ്തു മുന്നോട്ടുവക്കുന്നതെന്ന് ആമുഖമായി പറഞ്ഞ അദ്ദേഹം, ഇക്കാര്യം ഉദാഹരിക്കാന്‍ ചില സംഭവങ്ങള്‍ എടുത്തുപറഞ്ഞു. റാന്നിയില്‍ 'വാസ്തു' നോക്കാതെ വീടുവച്ച ഒരു കുടുംബത്തിന്റെ വീടുപണി 16 വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. ഗള്‍ഫില്‍ നഴ്സായിരുന്ന ഭാര്യ ജോലി രാജിവച്ച് തിരിച്ചെത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. വീടുപണി കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ വാഹനാപകടത്തില്‍ മരിച്ചു, മകള്‍ ഒളിച്ചോടിപ്പോയി. 'വാസ്തുമണ്ഡലം' മാറ്റിപ്പണിയുന്ന വീടുകളില്‍ സര്‍പ്പദംശനവും അകാലമരണവും സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ബലം പകരാന്‍ മറ്റൊരു ഉദാഹരണവുമായി കുവൈത്തില്‍ നിന്നുള്ള വിശ്വകര്‍മ ഐക്യവേദി പ്രതിനിധി പി.ജി ബിനു എത്തി. കണക്ക് തെറ്റി പണിത കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ ശരീരത്തില്‍ 15ദിവസത്തോളം സര്‍പ്പം ചുറ്റിപ്പിടിച്ചിരുന്ന് നടത്തിയ 'പ്രണയകഥ'യാണ് അദ്ദേഹം വിശദീകരിച്ചത്.

കക്കൂസിന്റെ ക്ലോസെറ്റ് തെക്ക്/വടക്ക് ദിശയിലേക്ക് തിരിഞ്ഞിരിക്കണമെന്നും കിഴക്ക്/പടിഞ്ഞാദ് ദിശയിലായാല്‍ ശരീരത്തിന് അസുഖമുണ്ടാകുമെന്നും മുരളീദാസ് സാഗര്‍ പറഞ്ഞു. വിസര്‍ജ്യം പുറത്തുപോകുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന ശൂന്യതയിലേക്ക് കിഴക്കും പടിഞ്ഞാറുമുള്ള വായു കയറിയാല്‍ ദോഷമാണ്. എന്നാല്‍, തെക്കും വടക്കുമുള്ള വായു കയറിയാല്‍ ദോഷമില്ല; അദ്ദേഹം പറഞ്ഞു. വേദങ്ങളില്‍ നിന്ന് ഉദ്ധരണികള്‍ ചൊല്ലി 'വാസ്തു'വില്‍ കുഴപ്പം സംഭവിച്ചാല്‍ ഇതെല്ലാമുണ്ടാകുമെന്നായിരുന്നു ഇവരുടെ വാദം. ലോകത്തെങ്ങും വാസ്തു പ്രമാണം ഭൂമിയുടെ വ്യത്യസ്തതക്കും നദിയുടെ ഒഴുക്കിനും പ്രകൃതിയുടെ സ്വഭാവങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തതകളോടെ നിലനില്‍ക്കുന്നുണ്ടെന്നും മുരളീദാസ് സാഗര്‍ പറഞ്ഞു.

സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത ഇത്തരം സംഭവങ്ങളെ ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍, 'വാസ്തു' വിശാലമായ വിഷയമാണെന്നും സംശയനിവാരണത്തിന് ടോക് ഷോ നടത്തുമെന്നും കെ.വിജയന്‍ അറിയിച്ചു.
എന്നാല്‍, വാസ്തു ശാസ്ത്രമാണോ സങ്കല്‍പ്പമാണോ എന്നുപറയാന്‍ താനാളല്ലെന്ന് കേരള വിശ്വകര്‍മ സഭ പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങി 60,000ഓളം പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അതുപോലെ വാസ്തുവിലും കള്ളനാണയങ്ങളുണ്ടാകാം. ഇടവപ്പാതിയും തുലാവര്‍ഷവും എങ്ങനെ വരുന്നു എന്നത് അടിസ്ഥാനമാക്കിയേ കേരളത്തില്‍ വാസ്തു നിര്‍ണയിക്കാന്‍ കഴിയൂ. കാലത്തിനനുസരിച്ച് 'വാസ്തു' മാറണം. അതുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ. കണ്ണന്‍

Thursday, March 18, 2010

സാംസ്കാരിക ച്യുതിയുടെ ആഴം

കോഴിക്കോട്ടെ ഒരു ഹോട്ടലിലെ സ്ത്രീകള്‍ക്കായുള്ള മൂത്രപ്പുരയില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ സ്ഥാപിച്ച ഒളികാമറ കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജീവനക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു; അയാള്‍ക്കെതിരെ കേസെടുത്തു. ഒളികാമറ കസ്റ്റഡിയിലെടുത്തു. രണ്ട് പൊലീസുകാര്‍ സസ്പെന്‍ഷനിലായി. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. പ്രശ്നത്തിലെ ഏറ്റവും ഗുരുതരമായ വശം അനുദിനം പുതിയ സാധ്യതകളുടെ കവാടം തുറക്കുന്ന ഹൈടെക് സംസ്കാരം സദാചാരത്തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പതിക്കുന്ന നമ്മുടെ യുവതയെ എത്രമാത്രം കൊള്ളരുതാത്തവരും ചണ്ടികളുമാക്കി മാറ്റുന്നു എന്നുള്ളതാണ്. വിവര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ആധിപത്യവും വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും മനുഷ്യ സമൂഹത്തെ ഐശ്വര്യപൂര്‍ണമായ ഒരു നവലോകം പണിയാന്‍ തീര്‍ച്ചയായും പര്യാപ്തമാക്കേണ്ടതായിരുന്നു. പക്ഷേ, ജീര്‍ണമായ മുതലാളിത്ത സംസ്കാരത്തിന്റെ ഉല്‍പന്നങ്ങളായ ലൈംഗികാരാജകത്വവും സുഖലോലുപതയും ലാഭക്കൊതിയും മൂല്യനിരാസവും ലോകത്തെ മുമ്പെന്നത്തേക്കാളും അസ്വസ്ഥപൂര്‍ണവും രോഗാതുരവുമാക്കിയിട്ടുണ്ട്. മൃഗത്തില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന പ്രത്യക്ഷത്തിലുള്ള അടയാളം സ്വകാര്യത സംരക്ഷിക്കാനുള്ള പ്രകൃതിപരമായ വ്യഗ്രതയായിരുന്നു. എന്നാല്‍, മറച്ചുവെക്കേണ്ടതോ സൂക്ഷിക്കേണ്ടതോ ആയ ഒരു സ്വകാര്യത ഇല്ല എന്നാണ് ആധുനിക സംസ്കാരം മനുഷ്യനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും വിമാനത്താവളങ്ങളില്‍ മനുഷ്യനെ പിറന്നപടി ഒപ്പിയെടുക്കുന്ന യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ എതിര്‍പ്പോ പ്രതിഷേധമോ ഒരു ഫലവും ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥാപിച്ചത് പരിഷ്കൃത വികസിത രാഷ്ട്രങ്ങളായതുകൊണ്ട് അതനുപേക്ഷ്യമാണ് എന്നാണ് എല്ലാവരും സമ്മതിച്ചുകൊടുത്തിരിക്കുന്നത്. ആണ്‍^ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യന്റെ സ്വകാര്യത പിച്ചിച്ചീന്തുന്നത് സുരക്ഷാ കാരണങ്ങളാലാണത്രെ. ഭീകരവാദികള്‍ ഇതേക്കാള്‍ വലിയ സുരക്ഷാസംവിധാനങ്ങള്‍ മറികടക്കാന്‍ കഴിയുന്നവരാണെന്ന് ദിനേന തെളിയിച്ചിട്ടും ലജ്ജാകരമായ ഈ ഏര്‍പ്പാട് നിര്‍ബാധം തുടരുന്നു. ഇനി നമ്മുടെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും അത്തരം സംവിധാനങ്ങള്‍ വിന്യസിപ്പിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല.

ഹോട്ടലിലെയും പൊതുസ്ഥലങ്ങളിലെയും വിസര്‍ജനാലയങ്ങളില്‍ ഒളികാമറകള്‍ സ്ഥാപിക്കുന്നതിലെ താല്‍പര്യം സുരക്ഷാപരമല്ല, അത് അംഗീകൃത നടപടിയുമല്ല. എന്നാല്‍, നാണം മറയ്ക്കുന്നത് അത്രയൊന്നും ഉത്കൃഷ്ടമല്ലെന്നും നഗ്നതയുടെ പ്രദര്‍ശനമാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതെന്നുമുള്ള മനോഭാവമാണ് എല്ലാറ്റിന്റെയും പിന്നില്‍. നഗ്നത ആസ്വദിക്കപ്പെടുന്ന ഒരു സംസ്കാരത്തില്‍ അത് ഒപ്പിയെടുത്ത് സൂക്ഷിക്കാനും വില്‍ക്കാനും വാങ്ങാനും ആളുകളുണ്ടാവും. ചില മനോരോഗികളുടെ ഇത്തരം വൈകൃതങ്ങളുടെ നേരെ ധര്‍മരോഷം കൊള്ളുന്നവരിലും പടക്കിറങ്ങിയവരിലും എത്രപേരുണ്ട് സിനിമയിലും ചാനലുകളിലും ചുമരുകളിലും പ്രസിദ്ധീകരണങ്ങളിലുമുള്ള നഗ്നതാ പ്രദര്‍ശനം ആസ്വദിക്കാത്തവരായി? കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ ശൂന്യമായ പ്രേക്ഷക സദസ്സിന്റെ മുമ്പാകെ പരാജയപ്പെട്ട് പിന്മാറുമ്പോള്‍ 'എല്ലാം തുറന്നുകാണിക്കുന്ന' പട വൈകൃതങ്ങള്‍ മാസങ്ങളോളം നിറഞ്ഞ സദസ്സുകളില്‍ തിമിര്‍ത്താടുകയല്ലേ? അറപ്പും വെറുപ്പുമുളവാക്കുന്ന പരസ്യങ്ങള്‍ നഗരഭിത്തികളില്‍ അമ്മ പെങ്ങന്മാരെ നോക്കി പരിഹസിക്കുന്നതിനെതിരെ നമ്മുടെ ധര്‍മരോഷം ഉണരുന്നുണ്ടോ? അശ്ലീല പത്രമാസികകളും നീലച്ചിത്രങ്ങളുടെ സി.ഡികളും ചൂടപ്പംപോലെ വിറ്റഴിയാത്ത ഏത് പട്ടണമുണ്ട് കേരളത്തില്‍? മലയാളിയുടെ 'സംസ്കാരം' ഉദ്ഘോഷിക്കുന്നതല്ലേ ഹോട്ടല്‍^ട്രാന്‍സ്പോര്‍ട്ട്^തീവണ്ടി ടോയ്ലറ്റുകളുടെ ഭിത്തികള്‍? സമീപകാലത്തായി ഇക്കാര്യത്തില്‍ ഒരല്‍പം കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അത് മൊബൈല്‍ ഫോണുകളുടെ പ്രളയംകൊണ്ടാണ്; ധാര്‍മികബോധത്തിന്റെ ഉയര്‍ച്ചകൊണ്ടല്ല.

തീര്‍ത്തും കപടമാണ് നമ്മുടെ സദാചാരവും ധാര്‍മികബോധവും. അലക്കിത്തേച്ച വേഷത്തിനുള്ളില്‍ നാം കേരളീയര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒളികാമറയേക്കാള്‍ അപകടകാരിയായ മലിന മനസ്സാണ്. ലൈംഗികതയുടെ അതിപ്രസരം നമ്മുടെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തെയാകെ മലീമസമാക്കുന്നു. ഇത് മനോരോഗികളാക്കിയ ചിലരുടെ വൈകൃതങ്ങളുടെ നേരെ വാളെടുത്തിട്ട് കാര്യമില്ല. സംസ്കാരത്തിനും മാന്യതക്കും അഭിമാനത്തിനും വിലകല്‍പിക്കപ്പെടുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം സകല മാധ്യമങ്ങളും ഉപയോഗിച്ചു നടത്തിയാലേ ഫലമുണ്ടാവൂ.

Saturday, March 13, 2010

ഇനി ബിവറേജസിന്റെ മോചന കേന്ദ്രങ്ങളും

ഇനി ബിവറേജസിന്റെ മോചന കേന്ദ്രങ്ങളും

കടുത്ത മദ്യപാന രോഗികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങും എന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നു.
യഥാര്‍ഥത്തില്‍ പുതിയ മദ്യപരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണിത്. 'മദ്യപാന രോഗം മൂര്‍ച്ഛിച്ചാലും പേടിക്കേണ്ട; ചികില്‍സയുണ്ട്, കുടിച്ചോളൂ' എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മറ്റൊരു സൂചന കൂടിയുണ്ട്. മദ്യ വില്‍പന തെറ്റല്ല; കുടിക്കുന്നവരാണ് സൂക്ഷിക്കേണ്ടതെന്ന്. മദ്യപാനം ഒരു രോഗമാണ്.  ഒരു കുടിയനും അതംഗീകരിച്ച് തരില്ലെന്ന് മാത്രം.

മദ്യപാന രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സ വികസിച്ചിട്ടില്ല. (ഐ.എം.എ 'നമ്മുടെ ആരോഗ്യം' മാസിക 2008 ഫെബ്രുവരി ലക്കം) എന്നിട്ട് മദ്യം വില്‍ക്കുന്നവര്‍തന്നെ മദ്യപാന രോഗത്തിനുള്ള ചികില്‍സാ കേന്ദ്രങ്ങളും തുടങ്ങുന്നത് കച്ചവടക്കണ്ണോടെയാണ് എന്നു പറയുവാനേ ഒക്കൂ!  നിലവിലുള്ള ഏതെങ്കിലും 'ചികില്‍സ' കേന്ദ്രങ്ങളില്‍ പോയി തിരിച്ചെത്തിയവരില്‍ വീണ്ടും കുടിക്കാതിരുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. മനഃശാസ്ത്രപരമായ ചില സമീപനത്തിന്റെ പേരില്‍ ഇനി കുടിക്കുകയില്ലെന്ന് ദൃഢനിശ്ചയം എടുത്തു വിജയിക്കാന്‍ കഴിഞ്ഞവരെ കണ്ടേക്കാം. ഇതിന്റെ പേരില്‍ മദ്യപാന രോഗത്തിനും ചികില്‍സയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മദ്യലോബിക്ക് മാത്രമേ ഗുണം ചെയ്യൂ.

ഒരു മദ്യപാനിയെ ചികില്‍സിച്ച് രക്ഷപ്പെടുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ശ്രമിക്കുമ്പോള്‍ അനവധി മദ്യപാന രോഗികളെ അതേ കോര്‍പ്പറേഷന്‍ തന്നെ സൃഷ്ടിച്ച് കഴിഞ്ഞിട്ടുണ്ടാകും.

ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യക്കച്ചവടം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാണ് കേരളം പഞ്ചാബിനെ കടത്തിവെട്ടിയതെന്ന് ഓര്‍ക്കണം. ഇത് ഇനിയും കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മദ്യക്കോള വിപണന നീക്കവും ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ശ്രമവും. ബിവറേജസ് കോര്‍പ്പറേഷന്റെയും സര്‍ക്കാറിന്റെയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മദ്യലോബിയുടെയും ഈ നീക്കങ്ങള്‍ ഇപ്പോഴേ തകര്‍ത്തില്ലെങ്കില്‍ ഏറെ താമസിയാതെ കേരളം ചുടുകാടായി മാറും. തീര്‍ച്ച.
ഇ.എ. ജോസഫ്, ഡയറക്ടര്‍, മദ്യവിമോചന സമിതി,തൃശൂര്‍

Friday, February 19, 2010

മഞ്ഞലോഹ ഭ്രാന്ത്

ലോകത്തേറ്റവും സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം എന്ന ബഹുമതി മഞ്ഞലോഹത്തിന്റെ റെക്കോഡ് വിലക്കയറ്റത്തിന്റെ നാളിലും ഇന്ത്യ നിലനിറുത്തി. 2009ല്‍ 405.8 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞത്. പോയവര്‍ഷത്തെ അപേക്ഷിച്ച് ഇത് 19 ശതമാനം കുറവാണെങ്കിലും 2009ന്റെ ആദ്യപാദത്തിലായിരുന്നു വില്‍പന കുറഞ്ഞത്. നാലാം പാദത്തില്‍ ഗണ്യമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വില്‍പനയായതിനെക്കാള്‍ 13 ശതമാനം കൂടുതല്‍. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടില്‍നിന്നാണ് ഈ കണക്ക്.

മുപ്പത് കോടിയോളം ജനങ്ങള്‍ ദാരിദ്യ്രരേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്താണ്, സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡ് വിലക്കയറ്റത്തിനിടയിലും ഈ വന്‍ ഡിമാന്‍ഡ് എന്നോര്‍ക്കണം. ആഭരണഭ്രമം തന്നെയാണ് സ്വര്‍ണവിപണിയെ മാന്ദ്യം ബാധിക്കാതെ നിലനില്‍ക്കുന്നതെന്ന് വ്യക്തം. കഴിഞ്ഞ ദിവസം 12,480 രൂപയാണ് എട്ട് ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നിട്ടും വിവാഹക്കമ്പോളത്തില്‍ സ്ത്രീധനമായി നല്‍കേണ്ട ആഭരണത്തിന്റെ തൂക്കം മില്ലിഗ്രാം കുറയുന്നില്ല. സ്ത്രീധനം കൊടുക്കുന്നവനും വാങ്ങുന്നവനും നിയമദൃഷ്ട്യാ കുറ്റവാളികളാണ്. പിടികൂടിയാല്‍ കഠിനമായ ശിക്ഷയും ലഭിക്കും. പക്ഷേ, പുരുഷനെതിരെ കോടതിയിലെത്തുന്ന ഏതാണ്ടെല്ലാ വിവാഹമോചനക്കേസുകളിലും സ്ത്രീധനമായി വാങ്ങിയ സ്വര്‍ണം തിരിച്ചുകൊടുത്തില്ല, കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു എന്നൊക്കെയാണ് സ്ത്രീയുടെ ഭാഗത്തുനിന്നുള്ള പരാതി. കൊടുക്കാന്‍ പാടില്ലാത്തത് കൊടുത്തു എന്നതിന്റെ പേരില്‍ വാദി പ്രതിയായ അനുഭവം ഒരു കോടതിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പന്നരുടെ വിവാഹങ്ങളില്‍ വധു മിക്കവാറും ഒരു മൊബൈല്‍ ജ്വല്ലറിയാണ്. തന്മൂലം പാവങ്ങളും അവസരത്തിനൊത്തുയരാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. സന്നദ്ധസംഘടനകളോ പള്ളി ഭരണസമിതികളോ അവരുടെ രക്ഷക്കെത്തും. നിര്‍ധന യുവതികള്‍ക്ക് സ്വര്‍ണസഹായം അംഗീകൃത ചാരിറ്റി പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. നമ്മുടെ ഈ മഞ്ഞലോഹഭ്രാന്ത് ഏതു പ്രതികൂല സാഹചര്യത്തിലും മൂര്‍ച്ഛിക്കുകയേ ഉള്ളൂ എന്നാണോ ധരിക്കേണ്ടത്!