ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര മേഖലകളില്‍ നടക്കുന്ന ആദിവാസിവേട്ട, അധികൃതരുടെ ശക്തമായ നിഷേധങ്ങളെയെല്ലാം മറികടന്ന് തിക്തസത്യമായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടങ്ങിയ വേട്ടയില്‍ അര്‍ധ സൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസുമെല്ലാം പങ്കെടുത്തിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ തുറന്നുകാട്ടുന്നു. ദണ്ടേവാഡയില്‍ നക്സലുകള്‍ക്കെതിരെ എന്നപേരില്‍ നടത്തിയ സംയുക്ത ഓപറേഷന് ഭരണകൂട ഭീകരതയുടെ നഗ്നതാണ്ഡവത്തിന്റെ ഉദാഹരണമായി^വിശേഷിച്ച് 2009 നവംബറില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കൊടുംക്രൂരതകള്‍.
'ഗ്രീന്‍ഹണ്ട്' എന്നപേരില്‍ ഒന്നും നടക്കുന്നില്ലെന്നും എല്ലാം മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ആവര്‍ത്തിക്കുമ്പോഴും പേരുമാറ്റിക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഛത്തിസ്ഗഢിലെ ബസ്താര്‍ മേഖലയില്‍ മാത്രം ഏഴ് ബറ്റാലിയന് കേന്ദ്ര സേനകള്‍ കൂടുതലായി വിന്യസിക്കപ്പെട്ടിരിക്കുന്നു; മൊത്തം ഇരുപത് ബറ്റാലിയന്. ആറായിരം പൊലീസുകാര്‍ക്കു പുറമെയാണ് ഇത്. 20,000 വരുന്ന ഭടന്മാര് ആരോടാണ് യുദ്ധം ചെയ്യുന്നത്? നക്സലുകള്‍ക്കെതിരെ എന്നാണ് ഔദ്യോഗിക ഉത്തരം. എന്നാല്‍, ഇപ്പറയുന്ന 'ശത്രുക്കള്‍' എല്ലാവരും ആയുധമണിഞ്ഞവരൊന്നുമല്ല. 'സംഘങ്ങള്‍' എന്നറിയപ്പെടുന്ന ഗ്രാമീണ സമിതികളാണ് സൈനിക നടപടിയുടെ ഉന്നം. ഇതില്‍ പലരും നക്സല്‍ പ്രസ്ഥാനത്തോട് അനുഭാവമുള്ളവരാണെന്നത് ശരിയാണ്. പക്ഷേ, അക്രമത്തിന്റെ പാത അവര്‍ സ്വീകരിച്ചിട്ടില്ല, ആയുധമണിഞ്ഞിട്ടുമില്ല. കഴിഞ്ഞവര്‍ഷം അഞ്ഞൂറോളം 'സംഘാംഗ'ങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സിവിലിയന്മാരെ നക്സലുകള്‍ കൊലചെയ്യുന്ന സംഭവങ്ങള്‍ ഉണ്ട്; അതിന്റെ കണക്കുകളുമുണ്ട്. എന്നാല്‍, സുരക്ഷാ ഭടന്മാര് കൊല്ലുന്ന സിവിലിയന്മാരുടെ കണക്ക് ഇല്ല. ഇങ്ങനെ കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരായുധരും നിരപരാധികളുമാണ് എന്നാണ് സ്വതന്ത്ര അന്വേഷണങ്ങളില്‍ കണ്ടിട്ടുള്ളത്.
നക്സലുകളെ കൊന്നൊടുക്കിക്കൊണ്ട് ആ 'പ്രശ്നം' പരിഹരിക്കാനാണോ കേന്ദ്രം ശ്രമിക്കുന്നത് എന്ന ചോദ്യമുണ്ട്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷിബു സോറന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് നക്സലുകളുമായി സംഭാഷണം നടത്താനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു. പക്ഷേ, സ്ഥാനമേറ്റ് ദല്‍ഹിയിലേക്കൊരു യാത്ര ചെയ്തതോടെ അദ്ദേഹത്തിന്റെ സ്വരംമാറി^'മാവോയിസ്റ്റുകള്‍' അക്രമം വെടിയുന്നില്ലെങ്കില്‍ ഗ്രീന്‍ഹണ്ട് ഓപറേഷന് തുടങ്ങാന്‍ നിര്‍ബന്ധിതനാകും എന്നായി അദ്ദേഹത്തിന്റെ നിലപാട്. ഈ മാറ്റത്തിന് തക്ക സംഭവങ്ങള്‍ ഇടക്കാലത്ത് ഉണ്ടായിട്ടില്ലതാനും. നിലപാടു മാറ്റത്തിന്റെ തൊട്ടുടനെ ഗാഢ്വയില് സി.ആര്.പി.എഫിന്റെ വകയായി ആദിവാസികള്‍ക്കുനേരെ നിഷ്ഠുരമായ ആക്രമണം അരങ്ങേറി. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 ദിവസത്തെ തൊഴില്‍ ചോദിച്ചുകൊണ്ട് ന്യായമായും സമാധാനപരമായും ഗാഢ്വ കലക്ടറേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിനെതിരെയായിരുന്നു സൈനിക ശക്തി കൊണ്ട് ഭരണകൂടം ആഞ്ഞടിച്ചത്. ക്രൂരമായ ലാത്തിയടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു. എന്നിട്ട്, ആദിവാസികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഛത്തിസ്ഗഢില്‍ മാത്രം 644 ഗ്രാമങ്ങളില്‍നിന്നായി മൂന്നുലക്ഷം ആദിവാസികള്‍ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്. കാരണം, ഭരണകൂട ഭീകരതതന്നെ. അവിടത്തെ പി.യു.സി.എല്‍, ദല്‍ഹിയിലെ പി.യു.ഡി.ആര്, ദണ്ഡേവാഡയിലെ വനവാസി ചേതനാ ആശ്രം, ഒറീസയിലെ ആക്ഷന്‍ എയ്ഡ് തുടങ്ങി അനേകം മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണങ്ങളില്‍ പുറത്തുവന്ന വസ്തുതകളും കണക്കുകളും ഇന്ത്യ അതിന്റെ ആദിമ നിവാസികളോട് കാട്ടുന്ന അരുതായ്മകള്‍ അനാവരണം ചെയ്യുന്നു. ഗചന് പള്ളിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആറു ഗ്രാമീണരെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയ സംഭവം, ഗൊമ്പാദ് ഗ്രാമത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ ഒമ്പത് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങി ഇന്നും തുടരുന്ന അക്രമങ്ങള്‍ വരെ ജനായത്തത്തെ പരിഹാസ്യമാക്കുന്നു. എണ്ണിപ്പറയാന്‍ ധാരാളം സംഭവങ്ങളുണ്ട്; മിക്കതും അന്വേഷകര്‍ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍, ഒന്നുകില്‍ ഇതിനെ കണ്ണടച്ച് നിഷേധിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞ് ന്യായീകരിച്ചോ കേന്ദ്ര^സംസ്ഥാന ഭരണകൂടങ്ങള്‍ നിയമത്തെയും പൌരാവകാശങ്ങളെയും ധിക്കരിക്കുകയാണ്. ഇത്തരം സംഭവങ്ങളെപ്പറ്റി സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിന് സമയമായിരിക്കുന്നു. സുരക്ഷയുടെ പേരില്‍ രാഷ്ട്രീയ വിയോജിപ്പുകളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താമെന്നു വന്നാല്‍ പിന്നെ ഭരണഘടനയും നിയമവുമെന്തിന്? നക്സലുകള്‍ നിയമം കൈയിലെടുക്കുന്നു എന്ന് ആരോപിക്കുന്ന സര്‍ക്കാറുകള്‍ അതിലും വലിയ തോതില്‍ അതേ തെറ്റ് ചെയ്യുകയാണ്.
Subscribe to:
Post Comments (Atom)
2 comments:
Great post. Very informative and contemporary
ഇത്തരം ഭരണകൂട ഭീകരത എന്ന് നില്ക്കും..?
അത് സ്വപ്നം മാത്രമാകുമോ..?
ദേ... പിന്നേം വേര്‍ഡ് വെരിഫിക്കേഷന്..
അതൊന്ന് മാറ്റിക്കൂടെ..!!
Post a Comment