Wednesday, February 10, 2010

സംവരണത്തിനെതിരെ കോടതി

ജനസംഖ്യയില്‍ 9.16 ശതമാനം മുസ്ലിംകളുള്ള ആന്ധ്രപ്രദേശില്‍ അവരിലെ ഏറ്റവും പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നാലു ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന നിയമം ആന്ധ്ര ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. 2004ല്‍ അഞ്ചു ശതമാനം സംവരണം മുസ്ലിംകള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈകോടതി തടഞ്ഞതിനെ തുടര്‍ന്നാണ് 2007ല്‍ മുസ്ലിം സംവരണം വെറും നാലു ശതമാനമാക്കി പരിമിതപ്പെടുത്തിക്കൊണ്ടുള്ള ആക്ട് കൊണ്ടുവന്നത്. അതും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദാവെ ഉള്‍പ്പെടെ അഞ്ചംഗങ്ങള്‍ ആക്ട് അസാധുവായി വിധിയെഴുതിയത്. രണ്ടംഗങ്ങള്‍ വിയോജനം രേഖപ്പെടുത്തി. പിന്നാക്ക സമുദായ കമീഷന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയായിരുന്നു സര്‍ക്കാറിന്റെ നാലു ശതമാനം സംവരണം. 'സംവരണം മതാധിഷ്ഠിതമായതിനാല്‍ അത് മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കും' എന്ന് അഭിപ്രായപ്പെട്ടാണ് അഞ്ച് ന്യായാധിപന്മാര്‍ മുസ്ലിം സംവരണം അസാധുവാക്കിയതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ടി.ഡി.പിയും ടി.ആര്‍.എസും മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീനും ഉള്‍പ്പെടെ ആന്ധ്രയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കോടതി വിധിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പി മാത്രമേ സ്വാഭാവികമായും അത് സ്വാഗതം ചെയ്തിട്ടുള്ളൂ. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംവരണം നല്‍കാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി റോസയ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ അനുഭവം മുന്‍നിറുത്തിയാല്‍ അപ്പീല്‍ സഫലമാവുമോ എന്ന് കണ്ടറിയണം.

മറുവശത്ത് ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്റെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ മുസ്ലിംകള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍. 30 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ബംഗാളില്‍ ഉദ്യോഗങ്ങളില്‍ പട്ടികജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്ലിം പ്രാതിനിധ്യം. മുസ്ലിംകള്‍ക്കെതിരായ വര്‍ഗീയാക്രമണങ്ങള്‍ക്ക് തടയിട്ട ഇടതു ഭരണകൂടം അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഫലപ്രദമായി യത്നിച്ചിരുന്നില്ല. മതേതരത്വ പ്രതിബദ്ധതയില്‍ താരതമ്യേന ആത്മാര്‍ഥത തെളിയിച്ചതിനാല്‍ പിന്നിട്ട മൂന്നു ദശകങ്ങളില്‍ മുസ്ലിം ന്യൂനപക്ഷം സാമാന്യേന ഇടതുപക്ഷത്തെ പിന്താങ്ങിയെങ്കിലും കടുത്ത അവഗണന അവരില്‍ നൈരാശ്യവും രോഷവും വളര്‍ത്തി. അതില്‍നിന്ന് മുതലെടുക്കാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി മുസ്ലിം ജനവിധി. ന്യൂനപക്ഷം കൈവിട്ടാല്‍ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ ബംഗാളിലെ സി.പി.എം നേതൃത്വം വീണ്ടുവിചാരത്തിന് സന്നദ്ധമായി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രംഗനാഥ് മിശ്ര കമീഷന്റെ ശിപാര്‍ശകളും അംഗീകരിക്കുകയും അത് നടപ്പാക്കണമെന്ന്  കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. പശ്ചിമബംഗാളില്‍ അത് നടപ്പാക്കാനുള്ള തീരുമാനത്തിനും കോടതികള്‍ തടയിടുമോ എന്നത് ആശങ്കയുയര്‍ത്തുന്ന ചോദ്യമാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം വേണമെന്ന് മതേതര ഇന്ത്യയില്‍ ഒരാളും ആവശ്യപ്പെടുന്നില്ലെന്നാണ് ഈയവസരത്തില്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ സമുദായങ്ങള്‍ക്കാണ് ഭരണഘടന സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അക്കാരണങ്ങളാല്‍ തന്നെയാണ് മിശ്ര കമീഷന്‍ മുസ്ലിംകളില്‍ ഏറ്റവും പിന്നാക്കമായവര്‍ക്ക് പത്തു ശതമാനം സംവരണവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചു ശതമാനവും ശിപാര്‍ശ ചെയ്തതും. ഇന്ത്യയുടെ ശാപമായി മാറിയ ജാതിവ്യവസ്ഥ ഹിന്ദുക്കളെ മാത്രമല്ല ജാതികളില്ലാത്ത ഇസ്ലാം^ക്രിസ്തു മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളെക്കൂടി പിടികൂടാന്‍ മാത്രം ശക്തമാണ്. അതിനാലാണ് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിംകളില്‍ ജാതികള്‍ ഉണ്ടായത്. തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ജാതികള്‍ ക്രമത്തില്‍ ഇല്ലാതാവേണ്ടതുതന്നെയാണ്. വിശാലമായ മാനവികതയുടെ അടിത്തറയില്‍ മനുഷ്യരെല്ലാം ഉച്ചനീചത്വങ്ങള്‍ക്കതീതമായി ഒന്നാവുകയും സമന്മാരാവുകയും വേണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആദര്‍ശതലത്തില്‍ ശക്തമായി നടക്കണം, ഒരുപരിധിവരെ നടക്കുന്നുമുണ്ട്. എന്നാല്‍, ഉത്കൃഷ്ടവും ഉദാത്തവുമായ മാനവികൈക്യം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍തന്നെ വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് പ്രായോഗിക നടപടികളിലൂടെ മാത്രമേ സാധ്യമാവൂ. ജീവിതത്തിന്റെ താഴേത്തട്ടില്‍ കഴിയുന്ന ഹതഭാഗ്യരായ ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ഒപ്പം അധികാരത്തില്‍ അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് പ്രായോഗിക നടപടി. ഇപ്പോള്‍തന്നെ ജുഡീഷ്യറിയില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നെങ്കില്‍ ഈ തരത്തില്‍ ഒരു വിധി വരുമായിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്.
നിര്‍ഭാഗ്യവശാല്‍ നൂറ്റാണ്ടുകളായി സമൂഹത്തില്‍ മേധാവിത്വം പുലര്‍ന്ന ഉയര്‍ന്ന ജാതിക്കാരില്‍ വലിയൊരു വിഭാഗം സംവരണത്തിന് തടയിടാന്‍ സാധ്യമായതൊക്കെ ചെയ്യുകയാണ്. അവര്‍ക്കെന്നും കീഴാളവര്‍ഗം വിറകുവെട്ടുകാരും വെള്ളംകോരികളുമായി കഴിയണം. അതില്‍നിന്ന് അവരെ കരകയറ്റാനുള്ള ഏതു നീക്കത്തെയും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കണ്ടുപിടിച്ച് അവര്‍ തടയിടും. സമത്വവും സാമൂഹികനീതിയും മതേതരത്വവും പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷികളെയും നയിക്കുന്നത് മേല്‍ജാതിക്കാരാണ്. അതുകൊണ്ട് സ്വാതന്ത്യ്രത്തിന്റെ ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രാന്തവത്കൃതര്‍ക്ക് മോചനമില്ല. പക്ഷേ, ഒടുവില്‍ ജനാധിപത്യം അവര്‍ക്ക് നല്‍കുന്ന വോട്ടവകാശത്തിന്റെ ശക്തി അവര്‍ കുറേശãയായി തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യാഘാതമാണ് ആന്ധ്രയിലും പശ്ചിമബംഗാളിലുമൊക്കെ കാണുന്നത്. ഭരണഘടനയെ വ്യാഖ്യാനിച്ച് നിയമപരവും സാങ്കേതികവുമായ പഴുതുകള്‍ കണ്ടെത്തി ന്യൂനപക്ഷത്തിലെ അതിപിന്നാക്കമായ വിഭാഗങ്ങള്‍ക്കുപോലും സംവരണം നിഷേധിക്കുന്ന പ്രവണതയെ എങ്ങനെ ചെറുത്തുതോല്‍പിക്കണമെന്ന് ഇന്ത്യയില്‍ സാമൂഹികനീതിയും അവസരസമത്വവും പുലരണമെന്നാഗ്രഹിക്കുന്ന എല്ലാവരും സഗൌരവം ആലോചിക്കണം, തദനുസൃതമായ നടപടികള്‍ ഉണ്ടാവുകയും വേണം.

2 comments:

Unknown said...

സുധീറേ,
മേധാവിത്വം പുലര്‍ന്ന ഉയര്‍ന്ന ജാതിക്കാരില്‍ വലിയൊരു വിഭാഗം സംവരണത്തിന് തടയിടാന്‍ സാധ്യമായതൊക്കെ എല്ലാകാലത്തും ചെയ്തുകൊണ്ടേയിരിക്കും.
പ്രസ്ംഗിക്കാന്‍ എല്ലാവരുമുണ്ടാകും. കാര്യം വരുമ്പോള്‍ ആരും കാണൂല്ല.



ഈ വേര്‍ഡ് വെരിഫിക്കേഷന്‍ അങ്ങ്ട് ഒഴിവാക്കി കൂടേ..?

Sudheer K. Mohammed said...

ശരിയാ ചേട്ടന് പരഞ്ഞത്