Saturday, April 10, 2010

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

സി. ദാവൂദ്

1970ഫലെ ട്രാന്‍സ്‌പോര്‍ട്ട് സമരമായിരുന്നു എന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ ഏറ്റവും നിര്‍ണായകമായ സമരം......
.....അന്നാണ് അള്ള് എന്ന ആയുധം സംസ്ഥാനത്ത് ആദ്യമായി രംഗത്ത് വരുന്നത്. മൂന്ന് വശങ്ങളിലേക്ക് മുനകൂര്‍പ്പിച്ച മൂന്ന് ആണികള്‍ ചേര്‍ത്തുണ്ടാക്കുന്ന അള്ള് വഴിയില്‍ ഇടും. അതിലൂടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെ ടയര്‍ പഞ്ചറാകും. എല്ലാവരും പോക്കറ്റില്‍ അള്ളുമായാണ് നടക്കുന്നത്. സമരത്തിന്റെ വിജയത്തിനായി നിരവധി ട്രാന്‍സ്‌പോര്‍ട്ട്ബസുകള്‍ കേടുവരുത്തി. അള്ള് വിജയകരമായ സമരായുധമായിരുന്നെങ്കിലും പൊലീസിന്റെ ഭീകരമായ മര്‍ദനത്തിനിടയില്‍ അള്ള് സമരവും പരുങ്ങലിലായിരുന്നു.

സമരം മുന്നോട്ട് നീങ്ങുന്തോറും പലഭാഗത്തും ഭീകരമായ പൊലീസ് മര്‍ദനമുണ്ടായി. പലരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. സമരം കൂടുതല്‍ ശക്തിയാര്‍ജിക്കാനും അക്രമാസക്തമാവാനും ഇത് കാരണമായി.

ഒരു ദിവസം രാവിലെ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി. പാളയത്ത് ബസ് പിക്കറ്റ് ചെയ്യാനായിരുന്നു തീരുമാനം. അതിനായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും മറ്റും വിദ്യാര്‍ഥികള്‍ എത്തണം. ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി മുന്നോട്ടു നീങ്ങി. ഇടക്ക് തോമസ് എന്റെ ചെവിയില്‍ പറഞ്ഞു: 'ഇന്ന് ചിലതെല്ലാം സംഭവിക്കും'. എന്ത് സംഭവിക്കും എന്ന് ഞാന്‍ തിരക്കിയില്ല. സംഭവിക്കട്ടെ എന്ന് ഞാനും പറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കത്ര നിശ്ചയമുണ്ടായിരുന്നില്ല. ഞങ്ങളുടെ ജാഥ പാളയത്തേക്ക് നീങ്ങുന്നു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് വരുന്നു. പിന്നെ ഞാന്‍ കേള്‍പ്പിക്കുന്നത് കാതടപ്പിക്കുന്ന ഒരു മുഴക്കമാണ്. എന്തൊക്കെയോ ചിതറി വീഴുന്നതിന്റെ ശബ്ദം. ഓടിക്കോ.... എന്നാരോ വിളിച്ചു പറഞ്ഞു.

തിരുവനന്തപുരത്തെ ഇടവഴികളെല്ലാം പരിചിതമായതിനാല്‍ ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ അറിവില്‍ ആദ്യമായി ആസിഡ് ബള്‍ബ് സമരത്തിന്റെ ഭാഗമായ സംഭവമായിരുന്നു അത്. ആരാണ് അത് കൊണ്ടുവന്നതെന്നോ ആരാണ് പ്രയോഗിച്ചതെന്നോ ഇന്നും അജ്ഞാതം' (ലെനിന്‍ രാജേന്ദ്രന്‍, ഓര്‍മകളുടെ മഴയും വേനലും, മാധ്യമം ആഴ്ചപ്പതിപ്പ് 2007 സെപ്റ്റംബര്‍ 14)
ബസ് തകര്‍ക്കുക, കത്തിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ സമരങ്ങളിലെയും സംഘര്‍ഷങ്ങളിലെയും ഒഴിച്ചു കൂടാനാകാത്ത ഒരിനമാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ അതിന്റെ ലോകത്തേക്ക് കടന്നുവന്നതിന്റെ ഓര്‍മകളാണ് ലെനിന്‍ രാജേന്ദ്രന്‍ ഇവിടെ പങ്കുവെക്കുന്നത്. ഒരു സമരത്തില്‍ ഒരു ബസെങ്കിലും പൊളിച്ചില്ലെങ്കില്‍ വല്ലാത്തൊരു കുറച്ചില്‍ അനുഭവപ്പെടുന്ന അവസ്ഥ കേരളത്തിലെ സര്‍വകക്ഷി സഖാക്കളും പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്ന്, ഒരു ബസ് കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതേണ്ടി വരുന്നത്. ചാനല്‍ കുമാരന്മാരുടെയും ബൈലൈന്‍ സൈദ്ധാന്തികരുടെയും ഇളകിയാട്ടം കണ്ടാല്‍ തോന്നുക 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി കളമശ്ശേരിയില്‍ തമിഴ്‌നാട് പോക്കുവരത്ത് കഴകം വക ബസാണ് കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിയ ഏക ബസ് എന്നാണ്. ആ ബസ് കത്തിക്കല്‍കേസില്‍ പത്താംപ്രതിയായ ആളുടെ ഭര്‍ത്താവുമായി വേദി പങ്കിട്ടതിന്റെ  പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്ഫമാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകളയുമെന്ന മട്ടിലാണ് മാധ്യമഫസംഘ്പരിവാര്‍ഫചെന്നിത്തല കോണ്‍ഗ്രസ് അജണ്ട മറനീക്കി മുന്നേറുന്നത്.

സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിക്കപ്പെട്ട ബസ് അല്ല കളമശ്ശേരിയിലേത്. നൂറ്കണക്കിന് ബസുകള്‍ കേരളത്തില്‍ ഇതുവരെയായി കത്തിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആ പട്ടികയില്‍ ഏറ്റവും രൂക്ഷവും ആസൂത്രിതവും ആപല്‍ക്കരവുമായ ബസ് തകര്‍ക്കല്‍ യത്‌നത്തിന്  നേതൃത്വം നല്‍കിയത് ആര്‍.എസ്.എസും എ.ബി.വി.പിയുമാണ്. 2001 ജൂലൈ 12ന് വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എ.ബി.വി.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമരം എപ്പോഴുമെന്നപോലെ സ്വാഭാവികമായും അക്രമാസക്തമായി. പൊലീസ് ചെറിയ രീതിയില്‍ ലാത്തിച്ചാര്‍ജ് നടത്തി. അടുത്ത ദിവസം (ജൂലൈ 13ന്) എ.ബി.വി.പി തിരുവനന്തപുരത്തെ ആര്‍.എസ്.എസ് ഗുണ്ടകളെയും കൂട്ടി നഗരത്തില്‍ നായാട്ട് നടത്തി. 50 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ മാത്രം നശിപ്പിക്കപ്പെട്ടത്. കിഴക്കേകോട്ടയിലെ ഡിപ്പോയില്‍ കയറിയ ആര്‍.എസ്.എസ്ഫഎ.ബി.വി.പി സംഘം ഇടതുപക്ഷ പ്രവര്‍ത്തകനായ കണ്ടക്ടര്‍ രാജേഷിനെ അടിച്ചുകൊന്നു. കേരളചരിത്രത്തിലെ ഏറ്റവും ബീഭത്സമായ ഒറ്റത്തവണ തീര്‍പ്പാക്കലായിരുന്നു അത്. വിമോചന സമരക്കാലത്ത് കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് നശിപ്പിച്ച സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ നിന്നാല്‍ നമ്മള്‍ ശരിക്കും കുഴഞ്ഞുപോവും. കേരളത്തിലെ കെ.എസ്.ആര്‍.ടിസിയുടെ ചരിത്രം തകര്‍ക്കലിന്റെയും കത്തിക്കലിന്റെയും ചരിത്രം കൂടിയാണ്. (ബസ് മാത്രമല്ല രാഷ്ട്രീയ എതിരാളികളെയും കത്തിച്ചു കൊന്ന അനുഭവം കേരളത്തിനുണ്ട്. 1987 മാര്‍ച്ച് 23ന് കാസര്‍കോട് ചീമേനിയില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ ഒറ്റയടിക്ക് ഒരു പാര്‍ട്ടി ഓഫിസ് മുറിയില്‍ ചുട്ടുകൊല്ലപ്പെട്ടു. വെറുമൊരു ബസ് കത്തിക്കല്‍ കേസിലെ പത്താംപ്രതിയായ സൂഫിയക്കെതിരെ തൊഗാഡിയ സ്‌റ്റൈലില്‍ ഊരുചുറ്റി പ്രസംഗിക്കുന്ന രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിക്കാരാണ് അതിലെ പ്രതികള്‍).

എന്തിനാണ് പ്രക്ഷോഭകാരികള്‍ എപ്പോഴും സര്‍ക്കാര്‍ ബസുകളെയും ഔദ്യോഗികവാഹനങ്ങളെയും ലക്ഷ്യംവെക്കുന്നത്? ഭരണകൂടത്തിന്റെ പ്രതീകം എന്ന നിലക്കാണ് റോഡിലൂടെ സര്‍ക്കാര്‍വാഹനങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാറിനോടുള്ള പ്രതീകാത്മക പ്രതിഷേധം എന്ന നിലക്കാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുന്നത്. ഇപ്പോള്‍ തെലുങ്കാനയുടെ പേരില്‍ ആന്ധ്രയിലങ്ങോളമിങ്ങോളം ബസുകള്‍ നിരന്നുനിന്ന് കത്തുന്നത് ഈ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പൊതുവായ ലക്ഷ്യത്തിന് വേണ്ടി സ്വകാര്യമുതലല്ല; പൊതുമുതല്‍ തന്നെയാണ് നശിപ്പിക്കപ്പെടേണ്ടത് എന്ന രാഷ്ട്രീയബോധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ബസുകള്‍ കത്തിക്കുന്നതിനെ ന്യായീകരിക്കുകയല്ല; എന്നാല്‍ കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴുമെപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണിവിടെ. ബസ് കത്തിക്കലിനെക്കാള്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഡസന്‍ കണക്കിന് ആളുകള്‍ നമ്മുടെ പാര്‍ലമെന്റില്‍ തന്നെയുണ്ട്. അങ്ങനെയൊരു നാട്ടില്‍ ഒരു ബസ് കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത വീട്ടമ്മ അഖിലാണ്ഡ ഭീകരവാദിയാവുന്നതിന്റെ രസതന്ത്രം നാം അന്വേഷിച്ചേ മതിയാവൂ.

പി.ഡി.പി പ്രവര്‍ത്തകരാണ് കളമശ്ശേരിയിലെ ബസ് കത്തിക്കലിനു പിന്നില്‍. വികലാംഗനും രോഗിയുമായ തങ്ങളുടെ നേതാവിനെ ദീര്‍ഘകാലം വിചാരണയില്ലാതെ ക~ിനതടവില്‍ പാര്‍പ്പിച്ച സര്‍ക്കാറിനോടുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയായിരുന്നു അവര്‍ എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ രാഷ്ട്രീയ സമരാനുഭവങ്ങളില്‍ സ്വാഭാവികമായ ഒരു കാര്യം മാത്രം. യാത്രക്കാരുണ്ടായിരിക്കെയാണ് സാധാരണ ബസുകള്‍ തകര്‍ക്കപ്പെടാറുള്ളത്. എന്നാല്‍ കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം  'മാന്യമായാ'ണ് പ്രതികള്‍ ബസ് കത്തിച്ചിരിക്കുന്നത്. എന്നാല്‍ അത്യന്തം അപസര്‍പ്പകമായ സ്വഭാവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വിഷയം കേരളത്തില്‍ കത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഭര്‍ത്താവ് ജയിലില്‍ കടുത്ത പീഡനമനുഭവിക്കുമ്പോള്‍ ചകിതയും നിസ്സഹായയുമായ ഒരു സ്ത്രീയെന്ന നിലക്ക് നടത്തിയ പിടച്ചിലും പാച്ചിലുമായിരുന്നു സൂഫിയ മഅ്ദനിക്ക് അന്ന് ജീവിതം. നിസ്സഹായവും നിരാശനിറഞ്ഞതുമായ  ആ നാളുകളില്‍ വന്ന നിരവധി ഫോണ്‍കോളുകളില്‍ ചിലതാണ് അവരെ ഇന്ന് ബസ് കത്തിക്കലില്‍ പ്രതിയാക്കിയിരിക്കുന്നത്. മുമ്പ് ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പേര്പറഞ്ഞാണ് അവരുടെ ഭര്‍ത്താവിന്റെ ജീവിതത്തിലെ വിലപ്പെട്ട പത്ത്‌വര്‍ഷം ഭരണകൂടം പറിച്ചെടുത്ത് പിച്ചിച്ചീന്തി നശിപ്പിച്ചത്. അവസാനം, പൊയ്‌ക്കോ നീ നിരപരാധിയാണെന്ന് പറഞ്ഞ് ആളെ വിട്ടയച്ചു. എന്നാല്‍ ആ കാലങ്ങളില്‍ മാധ്യമങ്ങളും വലതുപക്ഷ പൊതുബോധവും അദ്ദേഹത്തോട് കാട്ടിയ ക്രൂരതകള്‍ പുതിയ രീതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ആവര്‍ത്തിക്കുകയാണിന്ന്.

നമ്മുടെ നീതിന്യായ വ്യവസ്ഥയും മാധ്യമ സമൂഹവും മഅ്ദനിയോട് ചെയ്ത ക്രൂരതയുടെ പേരില്‍ യഥാര്‍ഥത്തില്‍ മാപ്പ് ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നത് പോകട്ടെ, വീണ്ടും സമാനമായ ഓപറേഷന്‍ അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ അണിയറയില്‍ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ പത്രങ്ങളും അതിദേശീയ ചാനലുകളും കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ ഐക്യമുന്നണിയാകുന്ന കാഴ്ചയാണ് കാണുന്നത്.

മുസ്‌ലിം പശ്ചാത്തലമുള്ള ഒരു സംഘടനയാണ്; സംഘ്പരിവാറിനോടും വലതുപക്ഷ രാഷ്ട്രീയത്തോടും എതിര്‍നില്‍ക്കുന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ എന്നതാണ് ഈ ബസ് കത്തിക്കലിനെ ഒരു അന്താരാഷ്ട്ര ഭീകര സംഭവമാക്കുന്നത്. സംഘ്പരിവാറിനും മാധ്യമങ്ങള്‍ക്കും ഒരു വിഷയത്തില്‍ പൊതുതാല്‍പര്യം വന്നു കഴിഞ്ഞാല്‍ എന്തസംബന്ധവും പവിത്രമാക്കപ്പെടുന്ന സാംസ്‌കാരിക അവസ്ഥയാണ് കേരളത്തിലുള്ളത്. ഒരേ സമയം ഇടതുപക്ഷത്തെയും മുസ്‌ലിംകളെയും ടാര്‍ഗറ്റ് ചെയ്യാന്‍ പറ്റുന്ന മുന്തിയയിനം ഐറ്റമാണ് സാമ്രാജ്യത്വഫസംഘ് അജണ്ടകളുടെ വാഹകരായ മാധ്യമങ്ങളെയും കോണ്‍ഗ്രസിനെയും ആവേശഭരിതമാക്കുന്നത്. ഈ ആവേശത്തള്ളിച്ചയില്‍ സാമാന്യ ബുദ്ധിവിചാരങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ല. ഭീകരമായൊരു ആള്‍ക്കൂട്ട വിചാരണ അരങ്ങുതകര്‍ത്താടുകയാണ്. പിണറായിയെയും മഅ്ദനിയെയും ഒരുവെടിക്ക് വീഴ്ത്താന്‍ പറ്റുന്ന ഒരവസരം വെറുതെ കളഞ്ഞുകുളിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇവര്‍. ആ ആള്‍ക്കൂട്ട വിചാരണയില്‍ യുക്തിവിചാരങ്ങള്‍ക്ക് തെല്ലും സ്ഥാനമുണ്ടാവില്ല. ചാനല്‍കുമാരന്മാര്‍ പറഞ്ഞുകൂട്ടുന്ന അസംബന്ധങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവര്‍ തന്നെ പിന്നീടൊന്ന് കേട്ടുനോക്കിയാല്‍ ആ വിവരക്കേടുകളുടെ അളവ് അല്‍പമെങ്കിലും അവര്‍ക്ക് ബോധ്യപ്പെടും. 'തടിയന്റവിടെ നസീര്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു' എന്ന് ആമുഖവാചകത്തോടു കൂടി തങ്ങളുടെ മനോവിലാസങ്ങള്‍ ആധികാരിക വിവരങ്ങളായി ഛര്‍ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അങ്ങിനെയാണ്, 'പെരുന്നാള്‍ ദിനത്തില്‍ നോമ്പ് മുറിക്കുന്നവര്‍ക്ക് മേല്‍ ബോംബ് വെക്കാന്‍' നസീര്‍ പദ്ധതിയിട്ടിരുന്നതായി  ദേശീയപത്രം ഒന്നാം പേജില്‍ വെച്ചു കാച്ചിയത് (മാതൃഭൂമി, ഡിസംബര്‍ 11). മുസ്‌ലിംകള്‍ മൃഷ്ടാന്നം ബിരിയാണി തിന്നുന്ന ആഘോഷദിവസമാണ് പെരുന്നാള്‍. അന്നെങ്ങനെയാണ് നോമ്പ് മുറിക്കുക എന്റെ പ്രിയ സ്വ.ലേ കുമാരാ എന്നൊന്നും ചോദിച്ചേക്കരുത്. തീവ്രവാദ വിരുദ്ധപോരാട്ടത്തില്‍ ദേശവിരുദ്ധ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല!

ഒരു തരം പ്രചാരണ ഹിസ്റ്റീരിയ സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ആ ഹിസ്റ്റീരിയ പടരുമ്പോള്‍ എല്ലാവരും സ്വയം മറക്കുന്നു. ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പൊക്കിയെടുത്ത 'പ്രതികളെ' കഫിയ്യ (ഫലസ്തീന്‍ ശിരോവസ്ത്രം) ധരിപ്പിച്ച് പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ച് പ്രശസ്ത ദൃശ്യ സൈദ്ധാന്തികനായ സദാനന്ദ് മേനോന്‍ എഴുതിയിട്ടുണ്ട്. സംഘ്പരിവാര്‍ഫസാമ്രാജ്യത്വ അജണ്ടകള്‍ എങ്ങനെയാണ് നമ്മുടെ ഫോട്ടോഗ്രഫിയെയും ഇമേജുകളെയും സ്വാധീനിക്കുന്നതെന്നത് പ്രസക്തമായ അന്വേഷണ വിഷയമാണ്. മലയാളത്തിലെ പ്രമുഖ ദേശീയപത്രത്തില്‍ അടുത്ത ഏതാനും ദിവസങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഭീകരകാര്‍ട്ടൂണുകള്‍ ഈയര്‍ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ആ മാധ്യമസ്ഥാപനം ഇന്നെത്തി നില്‍ക്കുന്ന നിലപാടുലോകത്തേക്കുറിച്ചുള്ള അപകടകരമായ അറിവുകള്‍ ലഭിക്കും. പിണറായിയെ സൂഫിയയുടെ പര്‍ദ ധരിപ്പിക്കുന്നത് നിര്‍ദോഷമായ ഒരു കലാവിഷ്‌കാരമെന്നതിലുപരി പുഴുവരിക്കുന്ന ഒരു വിശാലലക്ഷ്യത്തെയാണ് അടിവരയിട്ട് അടയാളപ്പെടുത്തുന്നത്.

'ജന്മഭൂമി'യുടെയും രമേശ് ചെന്നിത്തലയുടെയും അജണ്ടകളും ലക്ഷ്യങ്ങളും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ മുസ്‌ലിംലീഗും അതിന്റെ പത്രവും അതിനെയും മറികടക്കുന്ന സ്വഭാവത്തില്‍ ചാടിക്കളിക്കുന്നതെന്തിനാണ്? എപ്പോഴും ഭരണവര്‍ഗ അധീശനിലപാടുകളോടൊപ്പം ചേര്‍ന്ന ചരിത്രമേ ലീഗിനുള്ളൂ എന്ന കാര്യം വീണ്ടും അടിവരയിടുകയാണ് ഇവിടെ. നീതിക്ക് വേണ്ടി കൈ ഉയര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ഭരണകൂട/വ്യവസ്ഥാപിത യുക്തിക്ക് മുമ്പില്‍ കീഴടങ്ങി മുട്ടിലിഴഞ്ഞ പാരമ്പര്യമാണ് ലീഗിന്‍േറത്. മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടുകളിലേക്ക് നയിച്ചത് അവരുടെ ഇത്തരം നപുംസക നിലപാടുകളായിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത് തര്‍ക്കഭൂമിയലല്ല എന്ന് കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തില്‍ പ്രചരിപ്പിച്ച് നടന്നവരാണ് അവര്‍. മാധ്യമങ്ങളും കോണ്‍ഗ്രസിലെ വലതുപക്ഷ ലോബിയും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളുടെ സന്ദര്‍ഭത്തിലും നീതി ഉയര്‍ത്തിപ്പിടിച്ച് തന്‍േറടത്തോടെ നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ചരിത്രത്തില്‍ നിന്ന് ഒന്നും പ~ിക്കാത്തവരെ ചരിത്രം ചിലത് പ~ിപ്പിക്കുമെന്നതാണ് സത്യം.

 

No comments: