Sunday, May 23, 2010

ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും

ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും

Friday, May 21, 2010
മാതൃഭൂമിയുടെ ചിന്തന്‍ബൈഠക്-2 / പി.കെ. പ്രകാശ്


പി.കെ. ബാലകൃഷ്ണന്‍ 'മാധ്യമ'ത്തിന്റെ ആദ്യ എഡിറ്ററായത് 'മാതൃഭൂമി'ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാര്‍ വിരിച്ച വലയില്‍ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളില്‍ ഒരാളാണ് പി.കെ. ബാലകൃഷ്ണന്‍ എന്നത് സര്‍വാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉള്‍പ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണന്‍ ആരെങ്കിലും വിരിച്ചവലയില്‍ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന 'മാതൃഭൂമി' സ്വന്തം അനുഭവത്തില്‍ നിന്നാകുമോ ഇത് പറയുന്നത്?

മാതൃഭൂമിയുടെ ആദ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോന്‍ ജമന്‍ലാല്‍ ബജാജില്‍നിന്ന് പണം വാങ്ങിയിരുന്നു. കേശവമേനോനെപ്പോലുള്ളവര്‍ പണത്തിനായി ഇരക്കുന്നതിനെ എം.പി. നാരായണമേനോന്‍ വിമര്‍ശിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ 'മലബാര്‍ സമരം; എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും' എന്ന പുസ്തകത്തില്‍ പ്രഫ. എം.പി.എസ്. മേനോന്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. സ്വാതന്ത്ര്യപ്രക്ഷോഭത്തിന് വേണ്ടിയെന്ന പേരില്‍ ജനങ്ങളില്‍നിന്ന് അഞ്ച് രൂപയുടെ ഓഹരി പിരിച്ചാണ് മാതൃഭൂമി തുടങ്ങിയതെന്നത് സത്യം. ഇടക്കാലത്ത് ഈ ഓഹരികള്‍ മുഴുവന്‍ ചിലര്‍ വാങ്ങിക്കൂട്ടി. 1987ല്‍ നാലപ്പാട്ട് കുടുംബത്തിന്റെ നാനൂറിലേറെ ഓഹരികള്‍ പഴയ എഡിറ്റര്‍ എം.ഡി. നാലപ്പാട്ട് വഴി 'ടൈംസ് ഓഫ് ഇന്ത്യ' വാങ്ങി. ഇതിനെതിരെ കേസ് നടക്കുന്നതിനിടെ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ കേന്ദ്രമന്ത്രിയായി. അശോക് ജയിന്‍ എന്ന വ്യവസായിയുടെ നേതൃത്വത്തിലുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ കൈയിലുള്ള ഓഹരികള്‍ ഒറ്റയടിക്ക് എം.ഡിയുടെ പുത്രന്‍േറതായി. പണം വാങ്ങിയോ വെറുതെ കൊടുത്തോ എന്നൊന്നും ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല. ആദര്‍ശവും അധികാരവും ഇങ്ങനെയെല്ലാം ഉപയോഗിക്കുന്നവര്‍ക്ക് പി.കെ. ബാലകൃഷ്ണന്‍ മുക്കാല്‍ ചക്രം വാങ്ങി എഡിറ്ററായി എന്ന് പറയാന്‍ അറക്കേണ്ടതില്ല.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ക്രിസ്തുമതത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ഈ പത്രങ്ങള്‍ മറ്റ് മതങ്ങളെ വിമര്‍ശിച്ചു. ഇതിന് മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ ആരംഭിച്ച പത്രങ്ങളാണ് 'ആര്യസിദ്ധാന്ത ചന്ദ്രിക', 'പ്രബുദ്ധ കേരളം' എന്നിവ. ഇതിന് പിന്നാലെ മുസ്‌ലിംപണ്ഡിതരും പത്രങ്ങളുമായി രംഗത്ത് വന്നു. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയാണ് പത്രപ്രവര്‍ത്തനത്തിന് പുതിയ ദിശ നല്‍കിയത്. രാജവാഴ്ചയെയും അതിന്റെ തിന്മകളെയും വിമര്‍ശിച്ച് ഒരു ജനാധിപത്യസമൂഹത്തിന്റെ രൂപവത്കരണവും തല്‍ഫലമായി മൊത്തം സാമൂഹിക പുരോഗതിക്കൊപ്പം മുസ്‌ലിംകളുടെ ഉന്നമനവും എന്നതായിരുന്നു മൗലവിയുടെ കാഴ്ചപ്പാട്. 'സ്വദേശാഭിമാനി' സര്‍ സി.പി നിരോധിക്കുകയും പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാട് കടത്തുകയും ചെയ്തതോടെ ഈ ലക്ഷ്യം പാതിവഴിയില്‍ അവസാനിച്ചു.

'സ്വദേശാഭിമാനി'പത്രത്തിന്റെ പത്രാധിപര്‍ മുസ്‌ലിമായിരുന്നില്ല, നായരായിരുന്നു. പത്രമുടമ വക്കംമൗലവിയുടെ ലക്ഷ്യം മുഹമ്മദീയസമുദായത്തിന്റെ സമുദ്ധാരണമായിരുന്നു. അതിന് സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍കൂടി ഏറ്റെടുത്ത് മൊത്തം സാമൂഹികമാറ്റം ലക്ഷ്യംവെച്ചു. വക്കം മൗലവി എന്തിനാണ് രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററാക്കിയത്? അത് മുസ്‌ലിം പത്രം എന്ന പ്രതിഛായ മറച്ചുവെക്കാനായിരുന്നോ? നാല് കാശിന് വക്കം മൗലവി വലയിട്ട് പിടിച്ചയാളായിരുന്നോ രാമകൃഷ്ണപിള്ള? തീര്‍ന്നില്ല. കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നുവെന്ന് ഇ.എം.എസ് തന്നെ വിശേഷിപ്പിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 'അല്‍അമീന്‍' പത്രത്തിന്റെ ആദ്യ പത്രാധിപസമിതിയില്‍ വിദ്വാന്‍ ടി.കെ. രാമന്‍മേനോന്‍ ഉണ്ടായിരുന്നു. പി.എസ്. ഗോപാലപിള്ള ഉണ്ടായിരുന്നു. എസ്.ജി. വെങ്കിടാചലഅയ്യര്‍, സി.വി. നാരായണയ്യര്‍, കാവില്‍ അപ്പുനായര്‍, മണ്ണാര്‍ക്കാട്ട് മൂപ്പില്‍ നായര്‍ എന്നിവരും 'അല്‍അമീന്‍' പത്രവുമായി സഹകരിച്ചിരുന്നവരാണ്. ഈ പത്രങ്ങളുടെ ഉടമസ്ഥര്‍ മുസ്‌ലിംകള്‍ ആയിരുന്നെങ്കിലും പത്രാധിപസമിതിയിലും എഡിറ്റര്‍ സ്ഥാനത്തും മറ്റ് മതസ്ഥരെ നിയോഗിച്ചു. ചരിത്രത്തില്‍ അങ്ങുന്നിങ്ങോളം മുസ്‌ലിം പത്ര ഉടമകള്‍ കാഴ്ചവെച്ച ഈ വിശാലമനസ്സിന്റെ തരിമ്പെങ്കിലും 'മാതൃഭൂമി'ക്ക് അവകാശപ്പെടാനുണ്ടോ? 
ആഗോള രാഷ്ട്രീയചലനങ്ങള്‍ ഏറ്റവും പെട്ടെന്ന് അലയടിക്കുന്ന സമൂഹമാണ് കേരളം. നേരത്തേയും അങ്ങനെയായിരുന്നു. അതുകൊണ്ടാണല്ലോ മഹാത്മാഗാന്ധി തന്നെ ഖിലാഫത്ത്പ്രക്ഷോഭത്തിന് മലബാറിലെ മുസ്‌ലിംകളുടെ പിന്തുണതേടാന്‍ കേരളത്തിലെത്തിയത്. ഖിലാഫത്ത്പ്രശ്‌നം കേരളത്തില്‍ മഹാത്മാഗാന്ധി ചര്‍ച്ചയാക്കിയതിന്റെയും അതിന് പിന്തുണ നല്‍കിയതിന്റെയും ബ്രീട്ടീഷ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിന്റെയും തുടര്‍ച്ചയാണ് സാര്‍വദേശീയ-ദേശീയചലനങ്ങള്‍ കേരളത്തില്‍ ഇന്നും അലയൊലി സൃഷ്ടിക്കുന്നത്.

അമേരിക്കയുടെ ഗള്‍ഫ് ആക്രമണം, അമേരിക്കന്‍നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ഇന്ത്യന്‍ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക, രാഷ്ട്രീയനയങ്ങള്‍ എന്നിവക്കെതിരെ ഭൂരിപക്ഷം ജനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമൂഹമാണിത്. ബാബരിമസ്ജിദ് തകര്‍ത്തതിനോടും ഗുജറാത്തിലെ ഹിന്ദുത്വ വര്‍ഗീയതയുടെ അതിക്രമങ്ങളോടും ശക്തമായാണ് കേരളം പ്രതികരിച്ചത്. ഈ പശ്ചാത്തലത്തില്‍ വേണം മുസ്‌ലിംസമുദായത്തിന്റെ ആധുനിക മാധ്യമ ഇടപെടല്‍ നോക്കിക്കാണാന്‍. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അഭിപ്രായ രൂപവത്കരണശക്തിയാണ് മാധ്യമങ്ങള്‍. ഇതില്‍ മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം ഇന്ത്യയില്‍ താരതമ്യേന ദുര്‍ബലമാണ്. മീഡിയാ ഉടമസ്ഥതയില്‍ മുസ്‌ലിംപങ്കാളിത്തം അഖിലേന്ത്യാ തലത്തില്‍ ഇല്ലെന്ന്തന്നെ പറയാം. പ്രിന്റ് മീഡിയയിലും വിഷ്വല്‍ മീഡിയയിലും സ്ഥിതി തുല്യമാണ്. താരതമ്യേന വ്യത്യസ്തമായ ഇടപെടല്‍ ആരംഭിച്ച സംസ്ഥാനമാണ് കേരളം. അത് തുടക്കത്തിലേ നുള്ളുകയാണ് 'മാതൃഭൂമി' അടക്കമുള്ള സവര്‍ണപക്ഷ മാധ്യമങ്ങളുടെ തന്ത്രം.

മനുഷ്യാവകാശം, പരിസ്ഥിതി സ്‌നേഹം, ആദിവാസി-ദലിത് പ്രേമം എന്നിവയില്‍ കേരളത്തിന്റെ മാധ്യമമാതൃകയായാണ് 'മാതൃഭൂമി' സ്വയം വിശേഷിപ്പിക്കുന്നത്. ഇതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നോക്കാം. മനുഷ്യാവകാശത്തിനുവേണ്ടിയുള്ള 'മാതൃഭൂമി'യുടെ പത്രപ്രവര്‍ത്തന രീതിയെക്കുറിച്ച് വിംസി എന്ന വി.എം. ബാലചന്ദ്രന്‍ എഴുതിയ 'ഒരിക്കലും വെളിച്ചംകാണാതെ പോയ സ്‌റ്റോറി' എന്ന ലേഖനം വായിക്കുക. അടിയന്തരാവസ്ഥക്കാലത്ത് കായണ്ണയില്‍ പൊലീസിന്റെ മര്‍ദനകേന്ദ്രം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച വാര്‍ത്ത കെ. ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടര്‍ മാതൃഭൂമിക്ക് നല്‍കി. രാജനെ ഉരുട്ടിക്കൊന്നത് സംബന്ധിച്ച ആദ്യറിപ്പോര്‍ട്ട്. വിംസി അത് അന്നത്തെ മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍ക്ക് നല്‍കി. വായിച്ച് കഴിഞ്ഞശേഷം മാനേജിങ് എഡിറ്റര്‍ പറഞ്ഞു: 'ഇത് എന്റെ മുന്നില്‍ വെച്ച് കത്തിച്ച് ചാരം ആ ക്ലോസറ്റില്‍ ഒഴുക്കൂ'. 'മാതൃഭൂമി' കൊടുക്കാന്‍ ഉദ്ദേശിച്ച രാജന്‍കഥ ക്ലോസറ്റിലൂടെ ഒഴുകിപ്പോയി. ഒപ്പം എന്റെ ഹൃദയവും. ഒരുപക്ഷേ, ജയചന്ദ്രന്റെയും-വിംസി ഓര്‍ത്തു. ഇതാണ് യഥാര്‍ഥപത്രത്തിന്റെ ശക്തി. ഈച്ചരവാര്യരെക്കുറിച്ചും രാജനെക്കുറിച്ചും ചില ലേഖനങ്ങള്‍ 2005 ലും 2006 ലുമെല്ലാം 'മാതൃഭൂമി' ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയില്‍ ഉരുട്ടിക്കൊന്ന രാജനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ ലേഖനം വന്നാല്‍ കരുണാകരന്‍ പരിഭവിച്ചെങ്കിലോ? വാരാന്തപ്പതിപ്പില്‍ കരുണാകരന്റെ ആത്മകഥയും ഒപ്പം തുടങ്ങി.

സി.പി.എമ്മുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെയും മകന്‍ മാതൃഭൂമി ഡയറക്ടറായ ശ്രേയാംസ്‌കുമാറിന്റെയും എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ ഇടതുമുന്നണിയില്‍ സുരക്ഷിതമല്ലാതിരുന്ന സാഹചര്യത്തിലാണ് ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ 'പച്ചക്കുതിര'യില്‍ 'മാതൃഭൂമി'യെയും 'മാധ്യമ'ത്തെയും താരതമ്യപ്പെടുത്തി 'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എഴുതിയത്. ഇത് 'മാതൃഭൂമി'യില്‍ സൃഷ്ടിച്ച തര്‍ക്കത്തിനും പ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ 'എടോ ഗോപാലകൃഷ്ണാ' എന്ന് പിണറായി വിളിച്ച 'മാതൃഭൂമി' എഡിറ്റര്‍ ഗോപാലകൃഷ്ണന് പുറത്തുപോകേണ്ടി വന്നു. എന്നിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന് മല്‍സരിക്കാനായില്ല. ഉടന്‍ വീരേന്ദ്രകുമാര്‍ മുന്നണി വിട്ടു. എക്‌സ്‌പ്രസ് ഹൈവേ വിരുദ്ധലേഖനങ്ങള്‍, കൊക്കകോളക്കും ആഗോളീകരണത്തിനും എതിരെ എന്നരീതിയില്‍ 'മാതൃഭൂമി' വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി എടുത്ത നിലപാടുകള്‍ എന്നിവ സത്യമാണെന്ന് തെറ്റിദ്ധരിച്ച ഒരുപറ്റം ഇടതുപക്ഷ വായനക്കാര്‍ ഈ കാലയളവില്‍ 'മാതൃഭൂമി'ക്ക് ഉണ്ടായി. ഇടതുപക്ഷത്തെ തെറിവിളിച്ച് ആഗോളീകരണത്തെ എതിര്‍ത്തതിന് മാപ്പ് പറഞ്ഞ് ആഗോളീകരണവക്താവായി വീരനും 'മാതൃഭൂമി'യും യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഇടതുവായനക്കാര്‍ പൊഴിഞ്ഞുതുടങ്ങി. ഉടനെ പുതിയ അടവെടുത്തു. ഇടക്കാലത്ത് ഒളിച്ചുകടത്തിയിരുന്ന സംഘ്പരിവാര്‍ അജണ്ട പത്രത്തിന്റെ ഔദ്യോഗിക അജണ്ടയായി പെട്ടെന്ന് സ്ഥാനം മാറി. യഥാര്‍ഥത്തില്‍ ഫാഷിസ്റ്റ് അജണ്ടയും പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന ഒരു പത്രം ഭൂരിപക്ഷസമുദായത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന അഹങ്കാരത്തില്‍ സ്വയം എടുത്തണിഞ്ഞ സ്വതന്ത്രചിന്ത വെറും കാപട്യമാണെന്നാണ് രേഖകളും ചരിത്രവും തെളിയിക്കുന്നത്. സംഘ്പരിവാര്‍ അജണ്ടക്കും ഉടമയുടെ മാറുന്ന രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും അനുസരിച്ചുള്ള ലേഖനങ്ങള്‍ 'മാതൃഭൂമി'യില്‍ എഴുതുന്നത്, ഭൂമി കൈയേറ്റത്തെക്കുറിച്ച്, മതേതരത്വത്തെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്, ആദിവാസി-ദലിത്പ്രശ്‌നങ്ങളെക്കുറിച്ച് ഇതിനെല്ലാം കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പത്രത്തില്‍ എഴുതുന്നത് എത്ര അനര്‍ഥമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ പൊതുസമൂഹം ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(അവസാനിച്ചു)

No comments: