Tuesday, June 15, 2010

അനിവാര്യമായ പതനത്തെ ആര്‍ക്ക് തടുക്കാനാവും?

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന നേതാവും അതിന്റെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ ജനറല്‍ സെക്രട്ടറിയുമാണ് ബംഗാളിയായ ഗുരുദാസ് ദാസ്ഗുപ്ത. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴിത്തിരിവിലാണെന്നും ജനങ്ങളിലേക്ക് അതിനെ കൂടുതല്‍ അടുപ്പിക്കാന്‍ ഘടനാമാറ്റവും കൂടുതല്‍ വലിയ ജനാധിപത്യവത്കരണവും വേണമെന്നും അദ്ദേഹം പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യമാണ് ബംഗാളിലെ നഗരസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളില്‍ നിരവധി സംവല്‍സരങ്ങളായി അധികാരത്തിലിരുന്നിട്ടും ഭൂപരിഷ്‌കരണം, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തല്‍ പോലുള്ള ചില നടപടികളെടുത്തതല്ലാതെ ഒരു ബദല്‍ ലൈന്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറച്ച് വ്യവസായ യൂനിറ്റുകള്‍ സ്ഥാപിച്ചതുകൊണ്ട് യുവ തലമുറകളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാവില്ലെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. തൊഴിലാളിവര്‍ഗം പ്രസ്ഥാനത്തില്‍നിന്ന് അന്യവത്കരിക്കപ്പെട്ടതാണ് അദ്ദേഹം എടുത്തുകാട്ടിയ മറ്റൊരപചയം. തൊഴില്‍ നിയമങ്ങളുടെ ലംഘനവും പരമ്പരാഗത വ്യവസായ മേഖലയില്‍ നടമാടുന്ന വന്‍ തൊഴിലാളി ചൂഷണവുമാണിതിന് കാരണങ്ങളായി അദ്ദേഹം പറഞ്ഞത്. തൊഴിലാളി യൂനിയനുകളുടെ പങ്ക് അവഗണിക്കപ്പെടുകയും പണിമുടക്കിനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മുതിര്‍ന്ന തൊഴിലാളി നേതാവ് പരിതപിക്കുന്നു. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സില്‍ ത്രിദിന സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കവെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദനും ബംഗാളിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ വന്‍ തിരിച്ചടിയുടെ കാരണങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്.

അടിക്കടിയുണ്ടാവുന്ന പരാജയങ്ങളെ നിസ്സാരവത്കരിക്കാനും തിരിച്ചടിയുടെ ഉത്തരവാദിത്തം ബാഹ്യശക്തികളുടെ മേല്‍ കെട്ടിയേല്‍പിക്കാനും പ്രസ്ഥാനത്തിന്നകത്തുതന്നെ ബലിയാടുകളെ സൃഷ്ടിക്കാനുമുള്ള ശ്രമം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേ ചെയ്യൂ എന്ന തിരിച്ചറിവാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നത്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനവും സോവിയറ്റ് യൂനിയന്റെ തിരോധാനവും സ്വാഭാവികമായും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അടിവേരിളക്കിയിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള നേതാക്കളുടെ വ്യാഖ്യാന പാടവവും ഫാഷിസം ശക്തിപ്പെട്ടുവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരത്വത്തോട് കമ്യൂണിസ്റ്റ് പ്രസ്ഥാനം കാട്ടിയ പ്രതിബദ്ധതയില്‍ മതന്യൂനപക്ഷങ്ങള്‍ക്കുണ്ടായ മതിപ്പും കോണ്‍ഗ്രസിന്റെ വലതുപക്ഷ ചായ്‌വുമൊക്കെ ചേര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നില്‍ക്കക്കള്ളിയുണ്ടാക്കിയത്. സാമ്രാജ്യത്വ അജണ്ടകളായ ആഗോളീകരണത്തോടും ഉദാരീകരണത്തോടും പ്രത്യക്ഷത്തിലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രകടിപ്പിച്ച എതിര്‍പ്പും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കി.

എന്നാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേറ്റ തിരിച്ചടി അഭൂതപൂര്‍വമാണ്. അത് അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ജനങ്ങളില്‍നിന്ന് വിശിഷ്യാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മൂലധനമായ തൊഴിലാളികളില്‍നിന്ന് പ്രസ്ഥാനം തീരെ അകന്നുപോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ആറ് പതിറ്റാണ്ട് പിന്നിട്ടപ്പോഴും ദേശീയതലത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇടക്കാലത്ത് പാര്‍ലമെന്റില്‍ ലഭിച്ചിരുന്ന നിര്‍ണായക പദവി ഇന്ന് നഷ്ടമായി, പ്രാദേശിക പാര്‍ട്ടികള്‍ക്കുപോലും പിറകിലാണ്. ബി.എസ്.പിക്കോ ഡി.എം.കെക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോപോലുള്ള പ്രഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റിലില്ല. പാര്‍ലമെന്റിന് പുറത്തും ഫലപ്രദമായ ഒരു പ്രക്ഷോഭമോ സമരമോ നയിക്കാന്‍ ഇന്ന് ഇടതുപക്ഷം അശക്തമാണ്. അടുത്തിടെ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് മിക്കവാറും പൂര്‍ണ പരാജയമായിരുന്നു. തദ്‌സ്ഥാനത്ത് ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള, ഗ്രൂപ്പിസത്തിലൂടെയും പരസ്‌പര പാരവെപ്പിലൂടെയും അഴിമതിയിലൂടെയും ജീര്‍ണിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കാണ് മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും പൊതുവെ മടങ്ങിക്കൊണ്ടിരിക്കുന്നത്. ബംഗാളിലാകട്ടെ അവധാനതയോ പക്വതയോ മരുന്നിനുപോലുമില്ലാത്ത മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ബദല്‍ശക്തിയായി ഉയരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു പതിറ്റാണ്ടുകളോളം ഒപ്പംനിന്ന ആദിവാസി-ദലിത്-പിന്നാക്ക പീഡിത വര്‍ഗങ്ങള്‍ മാവോയിസ്റ്റ് തീവ്രവാദത്തില്‍ ആപത്കരമാംവിധം ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. നക്‌സലിസത്തെയും മാവോയിസത്തെയും ആശയസമരത്തിലൂടെ നേരിടാനാവാതെ, കേന്ദ്രം ഭരിക്കുന്ന സാമ്രാജ്യത്വ അനുകൂല വലതുപക്ഷ സര്‍ക്കാറിനോട് സൈനിക നടപടി ആവശ്യപ്പെടാന്‍മാത്രം സി.പി.എം വിരണ്ടുപോയിരിക്കുന്നു. 2011ല്‍ ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജീവല്‍മരണ വെല്ലുവിളിയാണ്. രണ്ടിടത്തോ ഒരിടത്തോ കനത്ത തോല്‍വിയാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുക മിക്കവാറും അസാധ്യമാവും.

ഭാവി വന്‍ ചോദ്യചിഹ്‌നമാണെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷം പക്ഷേ, സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടിയപോലെ മൗലിക കാരണങ്ങള്‍ കണ്ടെത്തി ഫലപ്രദമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. കേരളത്തില്‍ പോളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ, ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയുടെ വിഭ്രാന്തി പരത്തി മൃദുഹിന്ദുത്വം പരീക്ഷിക്കാനാണ് മുഖ്യ ഭരണകക്ഷിയുടെ പുറപ്പാട്. ഇതിലടങ്ങിയ അപകടവും ആദര്‍ശ വ്യതിയാനവും ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയുടെ രണ്ടാമത്തെ ഘടകമായ സി.പി.ഐക്കും സാധിക്കുന്നില്ല എന്നതാണ് ദയനീയാവസ്ഥ. ഇങ്ങനെപോയാല്‍ അനിവാര്യമായ പതനത്തെ ആര്‍ക്ക് തടുക്കാനാവും?

No comments: