Thursday, July 8, 2010

ഞാനും ഒരു 'തീവ്രവാദി'യാണ്

തീവ്രവാദി, ഭീകരവാദി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനുഷ്യരെ വെടിവെച്ചും ബോംബെറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊന്നൊടുക്കുന്ന കുറെ ആളുകളുടെ ചിത്രമായിരുന്നു മനസ്സില്‍ വന്നിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും 9/11-ലെ സംഭവം നടന്നപ്പോഴും അവരോടുള്ള പകയും വിദ്വേഷവും മനസ്സില്‍ കുമിഞ്ഞുകൂടിയിരുന്നു. എന്നാല്‍, ഈ അടുത്ത കുറെ ദിവസങ്ങളായി തീവ്രവാദത്തിന് മറ്റൊരുമുഖം കൂടിയുണ്ടെന്നുള്ള കാര്യം മനസ്സിലാകുന്നു. പിണറായി വിജയനും കോടിയേരിയും വയലാര്‍ രവിയും ചൂണ്ടിക്കാണിച്ച അതേ മുഖം തന്നെയാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചിനഗരസഭയിലെ പ്രതിപക്ഷാംഗമായ  പ്രേംകുമാറും ചൂണ്ടിക്കാണിച്ചത്. അതാകട്ടെ പള്ളുരുത്തിയിലെ കോണംതോടു പുറമ്പോക്കിലെ ഏഴ് കുടുംബങ്ങളുടെ സോളിഡാരിറ്റി മുന്‍കൈയെടുത്ത് പണിതുകൊടുത്ത കുഞ്ഞിക്കൂരകള്‍ എങ്ങനെ പൊളിച്ചുമാറ്റണമെന്നുള്ള ചര്‍ച്ചയില്‍ വച്ചും. ഇവിടെ സോളിഡാരിറ്റിയെ കുറിച്ചുതന്നെയാണ് അദ്ദേഹം പരാമര്‍ശിച്ചത് എന്ന് വ്യക്തം. 

നാടിലെ പാവപ്പെട്ടവര്‍ക്ക് വീടുകെട്ടി കൊടുക്കലും  സൂനാമി പ്രദേശങ്ങളില്‍ അതിനിരയായവരെ സഹായിക്കലും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവര്‍ക്ക് കാരുണ്യപ്രവര്‍ത്തനം ചെയ്യലും ദാഹജലമൂറ്റിക്കുന്ന കുത്തക കമ്പനികള്‍ക്കെതിരെ പൊരുതലും വന്‍കിട മുതലാളിമാര്‍ കൈവശം വെച്ചിരിക്കുന്ന ഏക്കര്‍ ഭൂപ്രദേശം സര്‍ക്കാറിന്‍േറതാണെന്ന് തെളിയിക്കലും തീവ്രവാദമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ നമ്മോട് നിരന്തരംവിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് നമുക്ക് വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരു ഹിന്ദു മതവിശ്വാസിയായ ഈയുള്ളവന്‍ അഞ്ച് വര്‍ഷമായി ഈ തീവ്രവാദികളുടെ കൂടെ നടക്കുന്നു. എന്റെ മതത്തെ കുറ്റപ്പെടുത്താനോ, അതിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപൃതനാകുന്നതില്‍നിന്ന് തടയാനും ഈ 'തീവ്രവാദി'കള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ഉള്ളിലും പുറത്തും അവരവരുടെ മതത്തിന്റെ എല്ലാ അടയാളങ്ങളും പരസ്യമായി തന്നെ പ്രതിഫലിപ്പിക്കാറുമുണ്ട്. എന്റെ സഹപ്രവര്‍ത്തകര്‍ ധരിച്ചിരിക്കുന്ന മുഖംമൂടിയെവിടെയാണെന്ന് ഇതുവരെയും ഞാന്‍ കണ്ടിട്ടില്ല. ഈ പ്രസ്ഥാനത്തിന്‍െര്‍ പുസ്തകങ്ങളിലോ യോഗങ്ങളിലോ ഒന്നും തന്നെ എനിക്ക് മുഖംമൂടി കാണാന്‍ കഴിഞ്ഞില്ല. ഇനി അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ എല്ലാ കാലവും എല്ലാവരേയും അതും വെച്ച് പറ്റിക്കാന്‍ കഴിയില്ലല്ലോ? എന്നെങ്കിലും അതഴിഞ്ഞുവീഴും. അതുവരെ അവരുടെ കൂടെ നിന്ന് അവരെ പോെല ഒരു 'തീവ്രവാദിയായി' കഴിയാനാണെനിക്കിഷ്ടം. ഈ തീവ്രവാദത്തിലേക്ക് സുമനസ്സുകളായ എല്ലാ ആളുകളും ചേര്‍ന്നെങ്കില്‍ എന്നും ഞാനാഗ്രഹിക്കുന്നു.
ഉമേഷ് പള്ളിലാംകര, കളമശ്ശേരി.
http://www.madhyamam.com/node/77153

1 comment:

anoopkothanalloor said...

നടക്കട്ടെ