മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റില്‍ ടാറ്റ നിര്‍മിച്ച തടയണ ഈ മാസം ഒമ്പതുവരെ പൊളിക്കരുതെന്നും ഒമ്പതിന് ഇക്കാര്യം വീണ്ടും പരിഗണിക്കാമെന്നും കേരള ഹൈ കോടതി താല്‍ക്കാലിക തീര്‍പ്പ് നല്‍കിയിരിക്കുന്നു. തടയണ പൊളിച്ചുനീക്കുന്നതുസംബന്ധിച്ച് കലക്ടര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്ത് ടാറ്റ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ഭൂസംരക്ഷണ നിയമപ്രകാരവും കെ.ഡി.എച്ച് നിയമപ്രകാരവും ടാറ്റക്കെതിരെ നോട്ടീസയക്കാന്‍ കലക്ടര്‍ക്ക് അധികാരമില്ലെന്ന് ടാറ്റക്കുവേണ്ടി വാദിച്ചെങ്കിലും അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദമാണ് കോടതി അംഗീകരിച്ചത്. ചെണ്ടുവരൈ എസ്റ്റേറ്റിലെ പനിനീര്‍പ്പൂ കൃഷി, വൈദ്യുതി കമ്പിവേലി, ലക്ഷ്മി എസ്റ്റേറ്റിലെ തടയണ എന്നിവക്കെതിരെ കലക്ടര്‍ നല്‍കിയ നോട്ടീസും ടാറ്റ ചോദ്യംചെയ്തിട്ടുണ്ട്. മൂന്നു ഹരജികളാണ് ടാറ്റ കമ്പനിക്കുവേണ്ടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനി തിങ്കളാഴ്ചത്തേക്ക് ജില്ലാകലക്ടര്‍ വിളിച്ചിട്ടുള്ള ഹിയറിങ് കഴിഞ്ഞ ശേഷം പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമപരമായ സങ്കീര്‍ണതകളും ബോധപൂര്‍വമായ തെറ്റുധരിപ്പിക്കലുകളും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനും തിരിച്ചെടുക്കുന്നത് താമസിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതി വഴി കാര്യങ്ങള്‍ക്ക് വ്യക്തത കൈവരുമെന്ന് ആശിക്കാം.അതേസമയം,നിയമവാഴ്ചയോട് ടാറ്റയുടെ സമീപനമെന്ത് എന്നതിനെപ്പറ്റിയും കുറച്ചുകൂടി വ്യക്തത ആവശ്യമായിരിക്കുന്നു. തടയണ അനധികൃതമാണെന്നും അത് പൊളിക്കേണ്ടതാണെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനെ നിയമവിധേമായി നേരിടുന്നത് മനസ്സിലാക്കാം. ആരുടെയും അവകാശമാണത്. എന്നാല്‍, നിയമത്തെ മറികടക്കാന്‍ നിയമബാഹ്യമായ രീതികളും ബലപ്രയോഗവും വരെ അവലംബിക്കുന്നത് നിസ്സാരമായി കാണേണ്ടതല്ല. നിയമം നടപ്പാക്കുന്നത് തടയാന്‍ തൊഴിലാളികളെ ഇറക്കാനും സായുധ കാവലേര്‍പ്പെടുത്താനും നീക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ ആപല്‍ക്കരമായ പ്രവണതയുടെ സൂചനയാണ് നല്‍കുന്നത്. തടയണയുടെ നിയന്ത്രണം ഏറ്റെടുക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും പരിശോധനക്ക് വിധേയരാക്കുക, മാരകായുധങ്ങളോടെ കാവല്‍ക്കാരെ വെക്കുക തുടങ്ങിയവ നിയമ സംവിധാനത്തോടുതന്നെയുള്ള വെല്ലുവിളിയാണ്. കോടതിയില്‍ കേസ് പരാജയപ്പെട്ടാല്‍ മറ്റു രീതിയില്‍ ചെറുക്കാനാണ് ടാറ്റ ആലോചിക്കുന്നത് എന്ന ആരോപണം ഗൌരവമേറിയതാണ്. രാഷ്ട്രത്തെയും ഭരണകൂടത്തെയും നിയമത്തെയും വെല്ലുന്ന ശക്തികളായി വന്‍കിട കോര്‍പ്പറേറ്റുകള്‍ വിവിധ രാജ്യങ്ങളില്‍ സമാന്തര അധികാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ സായുധ സേനകളും സ്വന്തം നിയമങ്ങളുമായി അവ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു.
ഇത്തരം പ്രവണതകള്‍ നമ്മുടെ നാട്ടിലും തലനീട്ടുന്നു എന്ന് ആശങ്കിക്കണം. ഒരു ടാറ്റ മാത്രമല്ല, നിയമബാഹ്യമായ അധികാരകേന്ദ്രങ്ങളെ ആശ്രയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പെരുകിവരുന്നു. കുത്തകകളില്‍നിന്ന് ഭൂമിയും പണവും പറ്റി ഭരണകൂടത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയക്കാര്‍ ഫലത്തില്‍ സമാന്തര ഭരണത്തെയാണ് സഹായിക്കുന്നത്. മൂന്നാര്‍ കേസുകള്‍ക്ക് നിയമവാഴ്ചയും ഭരണകൂടവും രാഷ്ട്രത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട മാനമുണ്ട്.
Saturday, February 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment