Saturday, February 6, 2010

വളരുന്നോ തളരുന്നോ?

സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും കടുത്ത പിടിയില്‍നിന്ന് വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ അല്‍പാല്‍പ്പം മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വിശ്വസിക്കാമോ എന്നറിയില്ല. വിശ്വസിച്ചാലും  ആ പഴയ, അസുഖകരമായ ചോദ്യം ഉയരുന്നു: ഇതിന്റെ നേട്ടം ആര്‍ക്ക്? അടിസ്ഥാന വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമ്പദ്ഘടന വളരുന്നതെന്നത് നല്ല സൂചനയല്ല. ലോക നാണയനിധിയുടെ (ഐ.എം.എഫ്) ഒടുവിലത്തെ മതിപ്പനുസരിച്ച് ഇക്കൊല്ലം ലോകമൊട്ടാകെ സമ്പദ്ഘടന 3.9  ശതമാനംവളരും; 2011ല്‍ അത് 4.3 ശതമാനത്തിലെത്തും. ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ചനിരക്ക് ലോക ശരാശരിയില്‍ വളരെ അധികമാണ്. ചൈനയില്‍ വരുന്ന രണ്ടു വര്‍ഷങ്ങളിലെ വളര്‍ച്ച 10 ശതമാനവും 9.7 ശതമാനവുമാകുമെന്നാണ് മതിപ്പ്. ഇന്ത്യയില്‍ ഇത് 7.7 ശതമാനവും 7.8 ശതമാനവുമായിരിക്കുമത്രേ.അതേസമയം, 'സമ്പന്ന'രാഷ്ട്രങ്ങളില്‍ ഇക്കൊല്ലം 2.1 ശതമാനമേ വളര്‍ച്ചയുണ്ടാകൂ. എടുത്തുപറയേണ്ട പ്രത്യേകത, വികസിത രാജ്യങ്ങളുടെ നേരിയ വളര്‍ച്ചയിലായാലും വികസ്വര രാജ്യങ്ങളുടെ കുതിപ്പിലായാലും പാവങ്ങള്‍ പടിക്കു പുറത്തുതന്നെ എന്നതാണ്. വന്‍കിട വ്യവസായങ്ങള്‍ പാടേ തകരാതെ രക്ഷപ്പെട്ടത് ഇന്ത്യയിലടക്കം സര്‍ക്കാറുകളുടെ ഉത്തേജക പാക്കേജുകള്‍ മൂലമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ കാണാം. അതായത്, വന്‍കിട സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മടികൂടാതെ ഇടപെട്ടു. അതേസമയം, പെട്രോളിയം മേഖലയില്‍ സബ്സിഡി എത്രയുംവേഗം എടുത്തുമാറ്റുകയും വില നിശ്ചയിക്കുന്നത് വിപണിക്ക് സ്വതന്ത്രമായി വിട്ടുകൊടുക്കുകയും വേണമെന്നുള്ള വാദം ശക്തിപ്പെട്ടിരിക്കുന്നു. പൊതു വിപണിയിലെ ഭക്ഷ്യവിലവരെ കുതിച്ചുയരാന്‍ ഇടയാക്കുന്ന ഈ നീക്കം വേണ്ടെന്നുവെച്ചിട്ടില്ല; നീട്ടിവെച്ചിട്ടേ ഉള്ളൂ. സാധാരണക്കാരന്റെ ജീവിതം ദുഷ്കരമാക്കിക്കൊണ്ട് വിലകളാകട്ടെ ഉയരുകതന്നെയാണ്.

ഭക്ഷ്യവില വര്‍ധന 17.56 ശതമാനത്തിലെത്തിയതാണ് പുതിയ വിശേഷം. ഉരുളക്കിഴങ്ങ്, പയര്‍ ഇനങ്ങള്‍, പരിപ്പുകള്‍, അരി, പാല്‍, ഗോതമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവക്ക് വില കൂടുന്നു. പൊതുവിപണിയില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമായിട്ടും അതിന് ശ്രമിക്കാതെ ഇന്ധനവില കൂട്ടുന്ന കാര്യം വിഷയമാക്കുന്നതിന് പിന്നിലെ താല്‍പര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

No comments: