മുംബൈ ആര്‍ക്കു സ്വന്തം? ഫദേശീയ രാഷ്ട്രീയത്തെ പോലും ഇളക്കി മറിക്കുന്ന കിടിലന്‍ ചോദ്യം. ക്വിസ് മാസ്റ്റര്‍ ബാല്‍ താക്കറെ ഇതിന് ഉത്തരം ആദ്യമേ പറഞ്ഞു. മുംബൈ മഹാരാഷ്ട്രയിലെ മറാത്തവാദികളുടെ മാത്രം തറവാട്ടു സ്വത്ത്. ന്യായമായും എതിര്‍പ്പുണ്ടായി. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട മണ്ണാണിതെന്ന് ചിലര്‍ അബദ്ധത്തില്‍ പറഞ്ഞു പോയി. അതോടെ വന്നു ഊരുവിലക്കും കരിങ്കൊടി പ്രളയവും ചിന്നംവിളിയും. നാലു പതിറ്റാണ്ടിലേറെയായി മുംബൈ നഗരവാസികള്‍ സേനയുടെ ഈ നായാട്ടുല്സവം കാണുന്നു. സ്വന്തം തടി കാക്കാനുള്ള വ്യഗ്രതയും സ്വാസ്ഥ്യം കളയേണ്ടെന്ന മോഹവും കാരണമാകാം മധ്യവര്‍ഗവും രാഷ്ട്രീയഫകലാ സാംസ്കാരിക ലോകവും കരുതിയേ പ്രതികരിക്കാറുള്ളൂ. പലരും തങ്ങള്‍ മുംബൈയില്‍ പോലും ഇല്ലെന്നു വരുത്തുമാറാണ് പ്രതികരിച്ചത്.പാറ്റ്നയുടെ സുരക്ഷയില്‍ ചെന്നാണെങ്കിലും രാഹുല്‍ ഗാന്ധി ഒരു മറുചോദ്യം ഉന്നയിച്ചുഫജീവന് കൊടുത്തും ഒടുവില്‍ തീവ്രവാദികളില്‍ നിന്ന് മുംബൈയെ രക്ഷിക്കാന്‍ യു.പിഫ ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമാന്‍ഡോകള്‍ വേണ്ടി വന്നില്ലേ?
അതോടെ ബാല്‍താക്കറെയും മകന് ഉദ്ധവ് താക്കറെയും ഉറഞ്ഞു തുള്ളി. അരിശം തീരാഞ്ഞ് മുംബൈക്കു ചുറ്റും അവര്‍ മണ്ടി നടക്കുന്നു. മുംബൈയുടെ പേറ്റന്റ് സ്വന്തമായി കിട്ടും വരെ ഈ ആക്രോശം സേന തുടരും. മണ്ണിന്റെ മക്കള്വാദത്തിലൂടെ അറുപതുകളില്‍ കാലുറപ്പിച്ചതാണ്. ചെങ്കോലും കിരീടവുമൊക്കെ നേടിയതും അതിലൂടെ. നട്ടാല്‍ മുളക്കുമെന്ന് നല്ല ഉറപ്പുണ്ട്. പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി കൃഷി പറ്റേ മോശമാണ്. രണ്ടു തവണയായി തെരഞ്ഞെടുപ്പില്‍ ഗതി പിടിക്കാനായില്ല. അതിനിടയില്‍ സ്വന്തം മരുമകന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെന്ന പുതിയ രാഷ്ട്രീയ കട തുറന്നു. ഉള്ള വോട്ടും അതോടെ ഭിന്നിച്ചു. മെച്ചം കിട്ടിയത് കോണ്‍ഗ്രസിനും എന്‍.സി.പിക്കും. പുതിയ സേനയെ കടത്തിവെട്ടാനുള്ള പഴയ സേനക്കാരുടെ തൊന്തരവുകളാണ് മുംബൈയില്‍ ഇപ്പോള്‍ നാം കാണുന്ന മൊത്തം സംഭവങ്ങളുടെ ഉള്ളടക്കം.
ഓരോ ആക്രോശത്തിലും സേനകള്‍ പൊതുഫസ്വകാര്യ സ്വത്തുവകകള്‍ എമ്പാടും നശിപ്പിക്കുന്നു. ഒരുപാട് ബസുകള്‍ കത്തിച്ചു. തിയറ്ററുകള്‍ കൈയേറി. പത്ര ഓഫിസുകള്‍ പോലും തകര്‍ത്തു തരിപ്പണമാക്കി.ആര്‍ക്കും അതു പ്രശ്നമല്ല. ഇങ്ങനെ തകര്ക്കുന്നതിനൊക്കെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് നിയമമുണ്ട്. ബോംബെ പൊലീസ് ആക്ടിലും ഇതു പറയുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഓഫിസര്‍ ജൂലിയോ റബിറോ പൊതു താല്പര്യ ഹരജി നല്‍കിയിരുന്നു. ഇതു പരിഗണിക്കെ, ബോംബെ ഹൈ കോടതി ഡിവിഷന് ബെഞ്ചിലെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ടി.എന്‍ പട്ടേലും ജസ്റ്റിസ് ബി.എന്‍ ഗവായിയും ചോദിച്ചു:നിങ്ങള്‍ ബാല്‍താക്കറെക്കും ഉദ്ധവിനുമെതിരെ നടപടി സ്വീകരിച്ചോ? രാജ് താക്കറെക്കെതിരെ നടപടി കൈക്കൊണ്ടോ?
ഭരിക്കുന്ന സര്‍ക്കാറിന്റെ കോടതിയിലെ നിയമ വിദ്വാന് അപ്പോള്‍ മിഴിച്ചുനിന്നതേയുള്ളൂ. ഒരുവിധപ്പെട്ട ഗുരുതരമായ കുറ്റങ്ങളെല്ലാം നിത്യവും താക്കറെയും അനുയായികളും ചെയ്തുവരുന്നുണ്ട്. അല്ലെങ്കില്‍ നോക്കൂ, ഏതൊക്കെ നിയമങ്ങള്‍ക്കു കീഴില്‍ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ട ക്രിമിനല്‍ ചേരുവകളാണ് നടത്തിയതെന്ന്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുമാറ് മുന്‍വിധികള്‍ രൂപപ്പെടുത്തല്‍, കലാപം , സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, മതപരമായ വികാരങ്ങള്‍ മുറിപ്പെടുത്തല്‍, കൊലപാതകം, കുറ്റകരമായ നരഹത്യ.....
അപ്പോള്‍ വകുപ്പുകളുടെ കുറവല്ല പ്രശ്നം. വാഗമണ്ണിലും പനായിക്കുളത്തും സിമി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നതിന്റെ പിന്നാമ്പുറം തെരയുന്ന ദേശീയ സുരക്ഷാ ഏജന്‍സി അവിടെ നില്ക്കട്ടെ. പ്രാദേശിക പൊലീസ് ഒരു എഫ്.ഐ.ആര് പോലും ഇതിനെതിരെ ഉണ്ടാക്കാന്‍ അറച്ചു നില്ക്കുന്നു. നിയമം നടപ്പാക്കേണ്ടത് സര്‍ക്കാറാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലാണ് പ്രധാന ചുമതല. അതിനു പറ്റില്ലെങ്കില്‍ പിന്നെന്തിനൊരു സര്‍ക്കാര്‍?
പന്ത്രണ്ട് വര്‍ഷം മുമ്പ് പേരിനൊരു അറസ്റ്റ് നാടകം നടന്നു. ഒരേയൊരു മണിക്കൂര്‍. അതോടെ താക്കറെെയന്ന പുലി വീണ്ടും പുറത്ത്. താക്കറെ മാത്രമല്ല സാമ്നയും ആവേശത്തോടെ വിഷം ചീറ്റി. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് കോണ്‍ഗ്രസിന്റെ ഛഗന്‍ ഭുജ്ബല്‍ മുമ്പൊരു കേസ് കൊടുത്തിരുന്നു. തടി കേടാകുമെന്ന മുന്നറിയിപ്പു കൊണ്ടോ എന്തോ പിന്നീട് അതും പിന്‍വലിച്ചു. പറഞ്ഞ മറുപടിയാണ് രസകരംഫ'താക്കറെയുടെ പ്രായം കണക്കിലെടുത്ത്'
മഹാരാഷ്ട്ര തങ്ങളുടെ പൈതൃക ഭൂമിയാണെന്ന താക്കറെയുടെ വീരസ്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മറാത്താ മണ്ണില്‍ സ്വാഭാവികമായി പൊട്ടിമുളച്ച തദ്ദേശീയ വിത്തിനമൊന്നുമല്ല താക്കറെയുടെ തലമുറ. കുടിയേറിയവന്റെ പങ്കപ്പാടുകള്‍ ഈ ആഢ്യവംശാവലിയുടെ ചരിത്രം പരതിയാല്‍ എളുപ്പം കിട്ടും. താക്കറെയുടെ പിതാവ് പ്രഭോധാങ്കര് പ~ിച്ചത് മധ്യപ്രദേശില്‍. ജീവിതായോധനം തേടി പല സംസ്ഥാനങ്ങളിലും ഊരുചുറ്റിയാണ് ഒടുക്കം മുംബൈയില്‍ ഇക്കൂട്ടര്‍ വേരുറപ്പിച്ചത്. മഹാരാഷ്ട്ര ഇലക്ഷനില്‍ ഗുജറാത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഇറക്കുന്നതിനെ എതിര്‍ത്ത താക്കറെയുടെ അതേ പാര്‍ട്ടി തന്നെയാണ് ചന്ദ്രിക കെനിയ, വേണുഗോപാല്‍ ദൂത്, മുകേശ് പട്ടേല്‍,സഞ്ജയ് നിരുപം എന്നീ കുടിയേറ്റക്കാരെ രാജ്യസഭയിലേക്ക് പറഞ്ഞയച്ചതും. മറാത്ത പാരമ്പര്യവും സംസ്കാരവും ഉരുവിടുന്ന താക്കറെയുടെ പേരക്കുട്ടികളെല്ലാം പ~ിച്ചത് ബോം സ്കോട്ടിഷ് സ്കൂളില്‍! സംസ്ഥാനത്ത് മിക്ക മറാത്തി സ്കൂളുകളും കുട്ടികളെ കിട്ടാതെ പൂട്ടിക്കൊണ്ടിരിക്കെയാണിത്. ഈ വര്‍ഷം മാത്രം 27 മറാത്തി സ്കൂളുകളാണ് അടച്ചുപൂട്ടിയത്. നാടന്‍ സംസ്കാരത്തില്‍ വല്ലാതെ ഊറ്റം കൊള്ളുന്ന ഇതേ താക്കറെ തന്നെയാണ് മുമ്പ് മൈക്കിള്‍ ജാക്സനെ കെട്ടിപ്പിടിച്ചഭിനന്ദിച്ചത്. ജാക്സന്റെ മുംബൈ ഷോയുടെ സംഘാടകരും പാര്‍ട്ടി നേതാക്കളായിരുന്നു.
വിധേയത്വവും സ്തുതികീര്‍ത്തനവും ഉണ്ടായാല്‍ മതി ബാക്കിയൊക്കെ താക്കറെയും സേനയും പൊറുക്കും. സഞ്ജയ് ദത്ത് തന്നെ നല്ല അനുഭവം. ടാഡക്കു കീഴില്‍ അറസ്റ്റിലായപ്പോള്‍ സേന ' രാഷ്ട്ര വഞ്ചകന്' എന്നു വിളിച്ചാക്രോശിച്ചു. താക്കറെയുടെ ദേശാഭിമാനം അതോടെ വിജൃംഭിച്ചു. എന്നാല്‍, പുത്രനു വേണ്ടി ഏതു താക്കറെയുടെ തിണ്ണയും നിരങ്ങാന്‍ ഒരുക്കമായിരുന്നു അപ്പോള്‍ പിതാവ് സുനില്‍ദത്ത്. അതോടെ തീര്‍ന്നു എല്ലാം. സ്ഞ്ജയ് ദത്ത് 'ഉഗവത സൂര്യ'നായി(ഉദയസൂര്യന്) പ്രകീര്‍ത്തിക്കപ്പെട്ടു. മുംബൈയിലെ കലാ ലോകം അതോടെ മൂക്കത്തു വിരല്‍വെച്ചു ചോദിച്ചുഫ'ഇത് എന്തൊരു ചെയിഞ്ച്'.
ശിവസേനക്ക് പാകിസ്താന് എന്നു കേട്ടാല്‍ കലിയിളകും. പാക് ക്രിക്കറ്റ് താരം മിയാന്‍ദാദിനെ സ്വീകരിച്ചിരുത്താന്‍ ഇതൊന്നും താക്കറെക്ക് തടസ്സമായില്ല. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ബന്ധുവായി മിയാന്‍ദാദ് മാറിയപ്പോഴും ആ ബന്ധം തുടര്‍ന്നു. നുസ്റത്ത് ഫത്തേഹ് അലി ഖാന്റെ സംഗീത ആല്‍ബം മുംബൈയില്‍ പുറത്തിറക്കിയതും ഇതേ താക്കറെ തന്നെ. പക്ഷേ, ഗസല്‍ രാജാവ് ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇപ്പോഴും അനുമതിയില്ല.
ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രാഷ്ട്രീയ മേല്‍വിലാസം തെളിയിക്കാനുള്ള വ്യഗ്രതയിലാണ്. ദേശീയതയും മറാത്താവാദവും വൈകാരികതയുമാണ് ഇതിനായി എടുത്തു ചുഴറ്റുന്നത്. അതിനു മുന്നില്‍ ജനായത്ത സംവിധാനങ്ങള്‍ മുട്ടിലിഴയുന്നതു നാം കാണുന്നു.
ഷാരൂഖ് ഖാന് പറഞ്ഞു. 'എന്റെ രാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. തൊഴില്‍, കല, സ്പോര്‍ട്സ്, വാണിജ്യം എന്നിവക്കു വേണ്ടി ആര്‍ക്കും ഇവിടെ വരാം. അതെന്നാണ് മാറിയതെന്ന് എനിക്കറിയില്ല. മാറിയെങ്കില്‍ അക്കാര്യം എന്നോടാരും പറഞ്ഞില്ല. കുട്ടിക്കാലം മുതല്‍ക്കെ നാം പ~ിച്ച ഒന്നിനോട് നാമെന്തിന് മാപ്പു പറയണം?'
ഇവിടെ 'മൈ നെയിം ഈസ് ഖാന്' എന്ന സിനിമാ പേരിലടങ്ങിയ രാഷ്ട്രീയ ആര്‍ജവത്വം ഷാരൂഖ് തെളിയിച്ചു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞതോടെ ചെറിയ ചാഞ്ചാട്ടം കണ്ടു. താക്കറെ വിളിച്ചാല്‍ സംസാരിക്കാന്‍ മടിയില്ലെന്നായി ഖാന്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ നെവാക് എയര്‍പോര്‍ട്ടില്‍ അപമാനിക്കപ്പെട്ട സമയത്തും കണ്ടിരുന്നു ഇതേ ഷാരൂഖിയന് ചാഞ്ചാട്ടം. ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ ഇനി യാങ്കി മണ്ണിലേക്കുള്ളൂ എന്ന് പ്രതിജ്ഞ ചെയ്താണ് അന്നു പോന്നത്. പിന്നീട് എത്രയോ തവണ പോയി. എല്ലാം സ്വന്തം സിനിമയുടെ വിപണിമൂല്യം കൂട്ടാന്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക് കളിക്കാരെ തഴഞ്ഞതിലുള്ള എതിര്‍പ്പാണ് ഖാന്ഫശിവസേനാ രോഷത്തിന്റെ പൊരുളെന്നു നാം കേള്‍ക്കുന്നു. എണ്ണം പറഞ്ഞവരാണ് ചില പാക് കളിക്കാരെന്ന കാര്യത്തില്‍ ഖാന് സംശയമില്ല. എങ്കില്‍ ചോദിക്കട്ടെഫഅതില് ഒരുത്തനെയെങ്കിലും ഏറ്റെടുക്കാന്‍ തന്റെ സ്വന്തം ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും കഴിയുമായിരുന്നില്ലേ? ന്യൂസിലന്‍ഡിന്റെ ഷെയിന്‍ ബോണ്ടിനെ 750,000 ഡോളര്‍ മുടക്കിയെടുത്ത ഖാന്. ട്വന്റി 20 കളിയിലെ മികച്ച ബൗളറായ ഉമര്‍ ഗുലിനെ അഞ്ച് ലക്ഷം ഡോളറിനു വിളിച്ചിറക്കി കൊണ്ടു വരാന്‍ എന്തായിരുന്നു തടസ്സം?
ജനാധിപത്യവിരുദ്ധതയും ഫാഷിസവും കടന്നുകയറും മുമ്പേയുള്ള ചില സൂചനകള്‍ പ്രകടിപ്പിക്കും. അതുതന്നെയാണ് മുംബൈയില്‍ താക്കറെഫ പരിവാര്‍ നടത്തി വരുന്നത്. കലാകാരന്മാരെ, പൗരാവകാശ പ്രവര്‍ത്തകരെ,രാഷ്ട്രീയ പ്രവര്‍ത്തകരെ അവര്‍ കൈ വെക്കുമ്പോള്‍ ഭരണകൂടം നോക്കി നില്പ് തുടരുകയാണ്.
വിശ്രുത ചിത്രകാരന് എം.എഫ് ഹുസൈന് ഇവരുടെ ആദ്യ ഇരകളിലൊന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഇന്ത്യന്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ വന്ന ഹുസൈനുമായി സംസാരിച്ചപ്പോള്‍ കണ്ടു, ആ കണ്ണുകളിലെ പുറത്താക്കപ്പെട്ടവന്റെ തിരയടങ്ങാത്ത കണ്ണീര്. അപ്പോഴും എന്നെങ്കിലുമൊരു മടങ്ങിവരവ് സാധ്യമാകുമെന്ന പ്രതീക്ഷ ആ വാക്കുകളില്‍ മുഴങ്ങിയിരുന്നു.
അടുത്ത വിമാനത്തില്‍ ഹുസൈന് ഇന്ത്യയിലെത്തണമെന്നാണ് ആഗ്രഹംഫമന്ത്രി ചിദംബരം ഇതു പറഞ്ഞിട്ടു മാസങ്ങളായി. പിന്നീടൊന്നും കേട്ടില്ല. പ്രായം തൊണ്ണൂറു കഴിഞ്ഞെങ്കിലും തിരിച്ചറിവുള്ള പ്രതിഭാശാലിയാണ് എം.എഫ് ഹുസൈന്. അതുകൊണ്ടാകാം അയാള്‍ ചോദിച്ചത്ഫ'എന്റെ ചിത്രങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ എനിക്ക് സംരക്ഷണം നല്കാന് കഴിയും?'ഫ ആറു പതിറ്റാണ്ടിന്റെ മുപ്പെത്തിയ നമ്മുടെ ജനാധിപത്യഫമതേതര സങ്കല്പങ്ങളുടെ നെഞ്ചകം ലക്ഷ്യംവെച്ചുള്ള ഊക്കന്‍ ചോദ്യം തന്നെയായിരുന്നു അത്.
താക്കറെയുടെ വസതിയില്‍ ചെന്ന് ആ കാലില്‍ തൊട്ടിരുന്നെങ്കില്‍ ഹുസൈനിലും സേന തങ്ങളുടെ സൂര്യതേജസ് ഇറക്കി നിറുത്തുമായിരുന്നു. ഹിന്ദുവും മറാത്തിയും മുംബൈക്കാരുമായി അഗ്നിശുദ്ധി വരുത്തുകഫഇതാണ് താക്കറെ കാണുന്ന യഥാര്‍ഥ ഇന്ത്യത്വം. കുനിഞ്ഞും മുട്ടിലിഴഞ്ഞും പ്രകീര്‍ത്തിച്ചും ഈ ധാര്‍ഷ്ട്യത്തിന് ഹലേലുയ്യ പാടുകയാണ് നമ്മില്‍ പലരും.
തന്റെ അടുത്ത ചില സുഹൃത്തുക്കള്‍ മിണ്ടാന്‍ അറച്ചുനില്‍ക്കുന്നത് വല്ലാതെ വേദനിപ്പിച്ചതായി ഷാരൂഖ് ഖാന് പറയുന്നു. അമിതാഭ് ബച്ചന് 'പരിവാര്‍' ആയിരിക്കും ഖാന് മുന്നില്‍ കണ്ടത്. നരേന്ദ്ര മോഡി തന്റെ ഗുജറാത്ത് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനില്‍ കണ്ണുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. വെറുതെയാകില്ല, ഷാരൂഖിന്റെയും ആമിര്‍ ഖാന്റെയും കോലങ്ങള്‍ നിന്നു കത്തുമ്പോള്‍ 'ബിഗ് ബി' വാപൊളിച്ചങ്ങനെ നില്‍ക്കുന്നത്.
മഹാരാഷ്ട്ര ഭരിക്കുന്നത് ശുദ്ധ മതേതരവാദികളാണ്. മറാത്തി നന്നായി സംസാരിക്കുന്നവര്‍ക്ക് മാത്രം ടാക്സി ലൈസന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചതും ഇവര്‍ തന്നെ. മകോക' നിയമം മൂലം നൂറുകണക്കിന് നിരപരാധികള്‍ ജയിലുകളില്‍ പീഡനമേറ്റുവാങ്ങുന്നതും ഇതേ സര്‍ക്കാറിനു കീഴിലാണ്.
ഹിന്ദുത്വ ഭീകരതയുടെ ബ്രാന്‍ഡ് താരങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന സാധ്വി പ്രജ്ഞ താക്കൂറിെനയും ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനെയും രക്ഷിക്കാന്‍ മുറവിളി കൂട്ടുകയായിരുന്നു ഇരു സേനകളും. ഹിന്ദുക്കള്‍ക്ക് ദേശവിരുദ്ധരാകാന്‍ പറ്റില്ലെന്ന പ്രഖ്യാപനമായിരുന്നു താക്കറെയുടേത്. ഒട്ടേറെ മുന്‍ സൈനികരും സൈനിക സ്ഥാപനങ്ങളും ഉള്‍പ്പെട്ട ആ കേസ് ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.
ബട്ല ഹൗസ് ഏറ്റുമുട്ടലിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതും 'സിമി നിരോധം' രണ്ടുവര്‍ഷം കൂടി നീട്ടിയതും ശുദ്ധ കോണ്‍ഗ്രസ് ഭരണത്തില്‍ കീഴില്‍ തന്നെ.
Sunday, February 7, 2010
Subscribe to:
Post Comments (Atom)
1 comment:
സുധീറേ,
നല്ല ഒരു രാഷ്ട്രീയ ചിന്ത.
ആശംസകള്‍
Post a Comment