കഴിഞ്ഞ മാസം അവസാനം ലണ്ടനില്‍ ചേര്‍ന്ന അഫ്ഗാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് യമനിലെ സംഘര്‍ഷാവസ്ഥയും ചര്‍ച്ചാവിഷയമായിരുന്നു. ഇതേതുടര്‍ന്ന് യമന്‍ ഗവണ്‍മെന്റിനെതിരെ പൊരുതുന്ന ഹൌസി ഗ്രൂപ്പ് നേതാവ് അബ്ദുല്‍ മലിക് ഹൌസി വെടിനിറുത്തല്‍ പ്രഖ്യാപിച്ചത് പ്രതീക്ഷകളുണര്‍ത്തുകയുണ്ടായി. ഗവണ്‍മെന്റ് സേന ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ എല്ലാ സൈനിക നടപടികളും നിറുത്തിവെക്കാമെന്നായിരുന്നു ഹൌസി തലവന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് പിന്‍വാങ്ങുക, വടക്കന്‍ മേഖലയിലെ റോഡ് തടസ്സങ്ങള്‍ നീക്കം ചെയ്യുക, സുരക്ഷാ സേനയില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കുക, സൈനികരും സിവിലിയന്മാരുമടക്കം എല്ലാ തടവുകാരെയും വിട്ടയക്കുക എന്നീ നിബന്ധനകള്‍ പാലിക്കാന്‍ തയാറായാല്‍ സൈനിക നടപടികള്‍ നിറുത്തിവെക്കാമെന്ന് ഗവണ്‍മെന്റും വാഗ്ദാനം ചെയ്യുകയുണ്ടായി.
സുസ്ഥിര സമാധാനം ലക്ഷ്യംവെച്ചുള്ള ഈ നീക്കങ്ങള്‍ വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്നാണ് ഒരാഴ്ചക്കകം നടന്ന സംഭവങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വ്യാഴാഴ്ച മിസൈല്‍ ആക്രമണമടക്കം സൌദിയുടെ ഭാഗത്തുനിന്ന് 13 ആകാശാക്രമണങ്ങള്‍ ഹൌസികള്‍ക്കെതിരെ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 14 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണങ്ങള്‍ക്കു പുറമെ 16 പേരുടെ ജീവനപഹരിച്ചുകൊണ്ട് യമന്‍ സേനയും ഹൌസി അധീനതയിലുള്ള സഅ്ദ കുന്നുകളില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. ഈ പശ്ചാത്തലത്തില്‍ വെടിനിറുത്തല്‍ ധാരണ എത്രമാത്രം നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയണം.
സങ്കീര്‍ണമായ രാഷ്ട്രീയഘടന നിലനില്‍ക്കുന്ന രാജ്യമാണ് യമന്‍. ഭൂമിശാസ്ത്രപരമായും സാമൂഹികമായും അഫ്ഗാനിസ്താനോട് പലനിലക്കും സമാനത പുലര്‍ത്തുന്ന രാജ്യമാണത്. ശക്തമായ ഗോത്രപാരമ്പര്യങ്ങള്‍ യമന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ്. അത് കാണാതെ യമന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് കാരണമാവുക. ഹൌസികള്‍ക്കു പുറമെ മറ്റു ഭീഷണികളും യമന്‍ സര്‍ക്കാര്‍ നേരിടുന്നുണ്ട്. ദക്ഷിണ യമനില്‍ പഴയ സോഷ്യലിസ്റ്റുകളടക്കമുള്ള വിഘടനവാദികള്‍ വീണ്ടും സജീവമായിട്ടുണ്ട്. വ്യത്യസ്ത താല്‍പര്യങ്ങളെയും ഐഡിയോളജികളെയും പ്രതിനിധാനം ചെയ്യുന്നവയാണ് സര്‍ക്കാര്‍ വിരുദ്ധ ശക്തികളെന്ന് ചുരുക്കം. അതേസമയം, ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ദരിദ്രരാജ്യവുമാണ് യമന്‍.
ആയിരം വര്‍ഷം പഴക്കമുള്ള സൈദി ശിയാക്കളുടെ ഇമാമീ യാഥാസ്ഥിതിക ഫ്യൂഡല്‍ ഭരണം 1962ല്‍ നാസിറിന്റെ ഈജിപ്ഷ്യന്‍ സേനയുടെ സൈനിക ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടുവെങ്കിലും യമനിലെ ആഭ്യന്തരപ്പോര് പിന്നെയും തുടര്‍ന്നതാണ് ചരിത്രം. ദക്ഷിണ യമനില്‍ അധികാരം വാണ സോഷ്യലിസ്റ്റുകള്‍ക്ക് രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, 1986ല്‍ സഖാക്കള്‍ തമ്മില്‍തന്നെ രക്തരൂഷിതമായ പോരാട്ടം നടക്കുന്നതാണ് പിന്നീട് കാണാനായത്. 1990ല്‍ ഉത്തര^ദക്ഷിണ യമനുകളുടെ ഏകീകരണം നടക്കുകയും പൊതുതെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യ പ്രക്രിയക്ക് നാന്ദികുറിക്കുകയും ചെയ്തത് രാഷ്ട്രീയ^സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള ശുഭസൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, 1994ല്‍ വൈസ് പ്രസിഡന്റ് അലി സാലിം ബീദ്, അലി നാസിര്‍ മുഹമ്മദ് തുടങ്ങിയ പഴയ സോഷ്യലിസ്റ്റുകള്‍ വിഘടനവാദമുയര്‍ത്തി വീണ്ടും രാജ്യത്തെ മറ്റൊരു യുദ്ധത്തിലേക്ക് നയിച്ചു. വിചിത്രമെന്നു തോന്നാം സൌദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിഘടനവാദികളെ പിന്തുണച്ചപ്പോള്‍ ഖത്തര്‍ മാത്രമാണ് ഇപ്പോഴത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന് പിന്തുണ നല്‍കിയത്. പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്ലാമിക് ഗാതറിങ് ഗ്രൂപ്പിന്റെ സഹായത്തോടെ സായുധ കലാപം അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടം അന്ന് വിജയിച്ചു.
ഇപ്പോഴത്തെ യുദ്ധത്തിലെ കക്ഷിയായ ഹൌസി ഗ്രൂപ്പ് 92ല്‍ തന്നെ ഒരു സാംസ്കാരിക സംഘടനയായി നിലവിലുണ്ടായിരുന്നു. ബദ്റുദ്ദീന്‍ ഹൌസി രൂപവത്കരിച്ച ഈ സാംസ്കാരിക ഫോറം 1997ല്‍ അമേരിക്കക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യമുയര്‍ത്തി 'വിശ്വാസി യുവജന ഫെഡറേഷന്‍' (ഇത്തിഹാദുശãബാബില്‍ മുഅ്മിന്‍) എന്ന ബാനറില്‍ സജീവമായതോടെയാണ് ഭരണകൂടം അവരെ ഒരു രാഷ്ട്രീയ ഭീഷണിയായി കണ്ടുതുടങ്ങിയത്. സൈദി ശിയാ വിഭാഗത്തില്‍പെട്ട ഹൌസി ഗോത്രത്തിലെ ഈ കൂട്ടായ്മ തങ്ങളുടേതായ ധാരാളം വിദ്യാലയങ്ങളും സ്ഥാപിച്ചിരുന്നു. ഇറാനിലെ ഇമാമി ശിയാക്കളില്‍നിന്ന് ഭിന്നമായി പല വിഷയങ്ങളിലും സുന്നികളോട് കൂടുതല്‍ അടുപ്പമുള്ളവരാണ് സൈദികള്‍. ഭരണകൂടം അവരെ രാഷ്ട്രീയ പ്രതിയോഗികളായി കണ്ടതോടെ 2004ല്‍ സായുധമായ ഏറ്റുമുട്ടലുകളും ആരംഭിച്ചു. ഹൌസി നേതാവായ ഹുസൈന്‍ ബദ്റുദ്ദീന്റെ വധത്തിലാണ് അത് കലാശിച്ചത്. 2005 മാര്‍ച്ചില്‍ ബദ്റുദ്ദീന്‍ ഹൌസിയുടെ നേതൃത്വത്തില്‍ ആഴ്ചകളോളം വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. നിരന്തരമുള്ള ഈ ഏറ്റുമുട്ടലുകള്‍ക്ക് ശമനമുണ്ടാക്കാന്‍ 2008 ഫെബ്രുവരിയില്‍ ഖത്തര്‍ മാധ്യസ്ഥ്യം വഹിച്ചുകൊണ്ട് വെടിനിറുത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും അത് ഏറെക്കാലം നീണ്ടുനിന്നില്ല. ഇപ്പോള്‍ നടക്കുന്ന യുദ്ധം ആറാമത്തെ തവണയാണ്. ദക്ഷിണ യമനിലാകട്ടെ യുദ്ധവും സമാധാനവുമില്ലാത്ത അവസ്ഥയാണുള്ളത്. 15 വര്‍ഷമായി വിദേശത്ത് കഴിയുന്ന അലി സാലിം ബീദും മറ്റു ദക്ഷിണ യമന്‍ നേതാക്കളും അവസരം മുതലെടുക്കാന്‍ രംഗത്തെത്തിത്തുടങ്ങിയിട്ടുണ്ട്.
ഹൌസികള്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ 1350 മില്യന്‍ ഡോളറാണ് സര്‍ക്കാര്‍ ഇതിനകം തുലച്ചത്. ജനസംഖ്യയില്‍ 42 ശതമാനത്തിന്റെ ദിനവരുമാനം രണ്ടു ഡോളറിലും കുറവായിരിക്കെയാണിത്. അടുത്തവര്‍ഷം പട്ടിണിവര്‍ഷമായിരിക്കുമെന്നാണ് പ്രസിഡന്റിന്റെ രാഷ്ട്രീയോപദേഷ്ടാവ് ഡോ. ഇര്‍യാനി പറയുന്നത്. അല്‍ഖാഇദ കേന്ദ്രമെന്ന് മുദ്രചാര്‍ത്തപ്പെട്ട യമനില്‍ അമേരിക്കന്‍ ഇടപെടല്‍ അസംഭവ്യമാണെന്ന് കരുതിക്കൂടാ. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് മറ്റൊരു അഫ്ഗാന്റെ ആവര്‍ത്തനമായിരിക്കും.
Monday, February 8, 2010
Subscribe to:
Post Comments (Atom)
1 comment:
സുധീറേ,
കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ഇനിയും ഇവിടെ വരാം.
മികച്ച വായനയ്ക്കായീ
Post a Comment