ഇപ്പോള്‍തന്നെ ആളോഹരി മദ്യോപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനമുള്ള കേരളത്തെ സമ്പൂര്‍ണ ലഹരി സംസ്ഥാനമാക്കാന്‍ തീരുമാനിച്ച ഇടതുസര്‍ക്കാര്‍, വീര്യം കുറഞ്ഞ മദ്യം കോള മോഡല്‍ കുപ്പികളാക്കി പെട്ടിക്കടകള്‍തോറും വില്‍ക്കാനുള്ള പദ്ധതി നിയമസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ പോവുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നേടിയെടുക്കാനാണത്രെ ഉദ്ദേശ്യം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബക്കാനി മാര്‍ടിനി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കാണ് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ പോവുന്നത്. 2007 ജനുവരി 23ന് കമ്പനി ഇതുസംബന്ധമായി നല്‍കിയ അപേക്ഷ വിവിധ കടമ്പകള്‍ കടന്നശേഷം അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ഒച്ചപ്പാടും പ്രതിഷേധവും ഒഴിവാക്കാന്‍ വേണ്ടി ആദ്യം ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പന കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം നടക്കുകയെങ്കിലും ക്രമത്തില്‍ കോളകളെപോലെ ആര്‍ക്കും യഥേഷ്ടം വില്‍ക്കുകയും വാങ്ങുകയും കുടിക്കുകയും ചെയ്യാവുന്ന വിധം വിതരണം ഉദാരമാക്കും. നാലു ശതമാനം വരെ ആല്‍ക്കഹോള്‍ കലര്‍ന്ന കുപ്പിപ്പാനീയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ പൊതുവിപണിയില്‍ ലഭ്യമാണ്. അതിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാറും സംസ്ഥാനത്ത് മദ്യത്തിന്റെ ഒഴുക്ക് ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍, വീര്യം കുറഞ്ഞതെന്നവകാശപ്പെടുന്ന മദ്യത്തില്‍ പത്തു ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാവുമെന്ന് മദ്യക്കമ്പനികള്‍ പറയുന്നു. വ്യാജ ചാരായ നിര്‍മാണത്തില്‍ സകല വൈദഗ്ധ്യവും തെളിയിച്ച മദ്യലോബി 'കോളമദ്യ'ത്തെ സാക്ഷാല്‍ മദ്യമാക്കുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ കണ്ണുചിമ്മി അതിന് സകല ഒത്താശകളും ചെയ്യുമെന്നതും അനുഭവിച്ചറിഞ്ഞ സത്യം മാത്രം.
മദ്യവര്‍ജനത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുമെന്നും ഘട്ടംഘട്ടമായി കേരളത്തെ മദ്യമുക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലൂടെ ഉറപ്പ് നല്‍കി അധികാരത്തിലേറിയ ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നത്. ഭരണത്തിന്റെ നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പക്ഷേ, കേരളത്തെ മുമ്പൊരിക്കലും ഇല്ലാത്തവിധം മദ്യത്തില്‍ മുക്കിയിരിക്കുകയാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4134 കോടിയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാറിന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ളതിനേക്കാള്‍ 101 ശതമാനമാണ് വര്‍ധന. ഷാപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചും പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കൂട്ടിയും കോടികളുടെ ലാഭമാണ് കോര്‍പ്പറേഷന്‍ ഉണ്ടാക്കുന്നത്. ഇത് വിലകൂടിയ വിദേശമദ്യ വില്‍പനയുടെ മാത്രം കണക്കാണ്. വിലകുറഞ്ഞ കള്ള് വിപണനം ചെയ്യുന്ന ഷാപ്പുകളില്‍ നിന്നുള്ള കോടികള്‍ പുറമെയാണ്. സര്‍ക്കാറിന് വരുമാനമൊന്നും ലഭിക്കുന്നില്ലെങ്കിലും വ്യാജച്ചാരായ വില്‍പനകേന്ദ്രങ്ങളില്ലാത്ത കുഗ്രാമങ്ങള്‍പോലും സംസ്ഥാനത്ത് ഇല്ലെന്ന് പറയാം. 13 വയസ്സു മുതല്‍ മദ്യപാനം ശീലിക്കുന്ന മലയാളികളില്‍ ഒന്നേകാല്‍ കോടിയെങ്കിലും കുടിയന്മാരുണ്ട് എന്നാണ് ഈയിടെ വെളിപ്പെട്ട ഞെട്ടിക്കുന്ന കണക്ക്. അവശേഷിപ്പിച്ചവരെ കൂടി മദ്യാസക്തരാക്കി മാറ്റിയാല്‍ സമ്പൂര്‍ണ മദ്യകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാവും. മറ്റൊരു കാര്യത്തിലും വേഗമോ ജാഗ്രതയോ ഇല്ലാത്ത ഈ സര്‍ക്കാറിന് ഈയൊരു കാര്യത്തിലെങ്കിലും അഭിമാനകരമായ പുരോഗതി അവകാശപ്പെടാം! പ്രതീക്ഷിക്കപ്പെടുന്നപോലെ അടുത്ത ഊഴം വലത് മുന്നണിയുടെതാണെങ്കില്‍പോലും ഈ മദ്യനയം തിരുത്തുമെന്നാരും പ്രതീക്ഷിക്കേണ്ടതില്ല. പ്രായോഗികതയുടെ പേര്‍ പറഞ്ഞ് അവരും വിനാശകരമായ മദ്യ ഉദാരവത്കൃത മദ്യനയം തുടര്‍ന്നതാണ് ഗതകാല ചരിത്രം. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാറാകട്ടെ ഇതിനെതിരെ ചെറുവിരല്‍ അനക്കുന്നില്ലെന്ന് മാത്രമല്ല, മദ്യസമ്രാട്ടുകളുടെ കീശയിലാണ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്നതും.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യാസക്തി ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നതില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനത്തിന്റെ മുഖ്യകാരണം മദ്യപാനമാണെന്നതില്‍ സംശയമില്ല. ജോലിചെയ്ത് കുടുംബം പോറ്റേണ്ട പുരുഷന്മാര്‍ കിട്ടുന്ന വേതനമത്രയും കുടിച്ചു തുലക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. ഗതികെട്ട് കൂലിപ്പണിക്ക് പോവുന്ന വീട്ടമ്മമാര്‍ മൂവന്തി നേരത്ത് ചില്ലാനവുമായി തിരിച്ചെത്തുമ്പോള്‍ അതപ്പാടെ കവര്‍ന്നെടുത്ത് ഷാപ്പില്‍ പോവുന്ന ഭര്‍ത്താക്കന്മാര്‍ നിരവധിയാണ്. മൂക്കറ്റം കുടിച്ചു ലക്കില്ലാതെ വന്നാലോ, ചോദ്യം ചെയ്യുന്ന കെട്ട്യോള്‍ക്കും അച്ഛനെന്ന പേടിസ്വപ്നത്തില്‍നിന്ന് അമ്മയുടെ പിന്നില്‍ അഭയം പ്രാപിക്കുന്ന കുട്ടികള്‍ക്കും പൊതിരെ മര്‍ദനമാണ്. അങ്ങനെ പൊരിഞ്ഞ വയറുമായി അടിയും തൊഴിയും കൊണ്ട് ജീവച്ഛവങ്ങളായി മാറിയ ഈ കുടുംബിനികളുടെയും മക്കളുടെയും തോരാത്ത കണ്ണീരാണ് 'അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ' ഗവണ്‍മെന്റിന് മുതല്‍ക്കൂട്ടാവുന്നത്. അതിന്റെ പുറത്താണ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രവരന്മാരുടെയും അഴിമതിയും ധൂര്‍ത്തും ദുര്‍വിനിയോഗവും. അതിനാല്‍ ഈ കൊടിയ അനീതിക്കും അധാര്‍മികതക്കും ക്രൂരതക്കുമെതിരായി കേരളത്തിലെ ജനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചു. വീര്യം കുറഞ്ഞ മദ്യം കുപ്പിയിലാക്കി വില്‍ക്കാന്‍ ഒരു കമ്പനിക്കും സര്‍ക്കാര്‍ അനുമതി നല്‍കരുത്. ജനവികാരം മാനിക്കാതെ അനുമതി നല്‍കിയാല്‍ കടുത്ത പ്രക്ഷോഭത്തിലൂടെ അതിനെ ചെറുത്തുതോല്‍പിക്കണം. ഇക്കാര്യത്തില്‍ മതമോ ജാതിയോ പാര്‍ട്ടിയോ ഒന്നും പ്രശ്നമല്ല, മനുഷ്യസ്നേഹത്തിന്റെ പ്രാഥമിക താല്‍പര്യം മാത്രമാണത്
Friday, February 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment