Thursday, February 11, 2010

ബി.ടി വഴുതനങ്ങ ചിന്തകള്‍

ബി.ടി വഴുതന വ്യാപാരാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര മന്ത്രി  ജയ്റാം രമേശിന്റെ പ്രഖ്യാപനം ഇന്ത്യയിലെങ്ങും സ്വാഗതം ചെയ്യപ്പെടും. ജനിതകമാറ്റം വരുത്തിയ ഒരു ഭക്ഷ്യവിഭവം ലോകത്താദ്യമായി കച്ചവടാടിസ്ഥാനത്തില്‍ അടുക്കളയിലും തീന്‍മേശയിലും എത്തിക്കുമായിരുന്ന ഒരു നീക്കമാണ് നാടുനീളെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായി പരാജയപ്പെട്ടിരിക്കുന്നത്. ജനഹിതത്തിന് ചെവികൊടുക്കാന്‍ മന്ത്രി കാണിച്ച സന്നദ്ധതയും മാതൃകാപരമായി. ഈ തീരുമാനം ഏറെ ശ്രദ്ധേയമാകുന്നത്, ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കുത്തകപ്പടയോട്ടം തുടങ്ങിയ ശേഷം ഇതാദ്യമാണ് ബഹുരാഷ്ട്ര കമ്പനികളും ഭരണകൂടത്തിലെ അവരുടെ ഏജന്റുമാരും മുന്നോട്ടുവെച്ച ചുവട് തല്‍ക്കാലത്തേക്കെങ്കിലും പിന്‍വലിക്കേണ്ടിവരുന്നത് എന്നതിനാലാണ്. ബി.ടി വഴുതന ഹാനികരമല്ലെന്ന് തെളിഞ്ഞ ശേഷമേ അത് കൃഷി ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ജയ്റാം രമേശ് പറയുന്നത്. ജനിതക എന്‍ജിനീയറിങ് അംഗീകരണ സമിതി (ജി.ഇ.എ.സി) ഈ കൃത്രിമ വഴുതനക്ക് നല്‍കിയ അംഗീകാരം വേണ്ടത്ര തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്ന ഏറ്റുപറച്ചില്‍ കൂടിയാണ് ഈ പ്രസ്താവം; ഒരു തിരുത്തല്‍ വേണ്ടിവരുമ്പോള്‍ അതിന് തയാറാവുക എന്നത് ആര്‍ജവത്തിന്റെ ലക്ഷണം തന്നെ. സര്‍ക്കാര്‍ തോല്‍ക്കുകയല്ല, ജനായത്തത്തിന്റെ ചൈതന്യം വിജയിക്കുകയാണുണ്ടായിരിക്കുന്നത്.

ബി.ടി അടക്കം ജനിതക മാറ്റം വരുത്തിയ (ജി.എം) വിളകളെ ജനവിരുദ്ധമാക്കുന്നത് അവ ആരോഗ്യത്തിനും പരിസ്ഥിതിക്കും വരുത്തുന്ന അപകടം മാത്രമല്ല, അവ കാര്‍ഷിക രംഗത്ത് കൊണ്ടുവരുന്ന പരാശ്രയത്വം കൂടിയാണ്. സമൂഹത്തെ സംബന്ധിച്ച് മാരകമാണിത്. ബി.ടി, ജി.എം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ മൂന്നോ നാലോ കുത്തകക്കമ്പനികള്‍ക്ക് സ്വന്തമാണ്. ഒരിക്കല്‍ ഈ രീതി അവലംബിച്ചാല്‍ പിന്നെ പ്രകൃതിയുടെ ജൈവ രീതിയിലേക്ക് തിരിച്ചുപോക്ക് അസാധ്യമാകും. അപ്പോള്‍ കുത്തകകള്‍ തരുന്ന വിത്തുകള്‍ അവര്‍ പറയുന്ന വിലയും ഉപാധികളും അംഗീകരിച്ച് വാങ്ങേണ്ടിവരും. നമ്മുടെ മണ്ണില്‍, നമ്മുടെ കര്‍ഷകരുടെ അധ്വാനം ചെലവിട്ട്, അവരുടെ കൃഷിപ്പണി അവര്‍ പറഞ്ഞ വില കൊടുത്ത് നടത്തിക്കൊടുക്കുന്ന അവസ്ഥ വരും. അതുകൊണ്ടുതന്നെ, പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമല്ലെന്ന് അഥവാ തെളിഞ്ഞാല്‍ പോലും ഇത് സമ്മതിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. സ്വാഭാവിക കൃഷിയെ തള്ളിമാറ്റി സാങ്കേതിക കൃഷി വേരുറപ്പിച്ചാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ അധിനിവേശമാണ് വളരുക.

വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യോല്‍പാദനം വര്‍ധിക്കേണ്ടതുണ്ട്. അതിന് ജൈവ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതും അടിസ്ഥാനപരമായി തെറ്റല്ല. പക്ഷേ, സാമ്പ്രദായിക രീതികള്‍ മൂലം ഭക്ഷ്യക്കമ്മി ഉണ്ടാകുന്നു എന്ന പ്രചാരണം തന്നെ ശരിയല്ല. ഭക്ഷ്യക്കമ്മി മൂലമല്ല പട്ടിണിമരണങ്ങള്‍ ഉണ്ടാകുന്നത് എന്നതിന് ലളിതമായ സ്ഥിതി വിവരങ്ങള്‍ തൊട്ട് അമര്‍ത്യാസെന്‍ വരെ സാക്ഷ്യം വഹിക്കും. പട്ടിണിയല്ല, ദാരിദ്യ്രമാണ് അനേകം പേരെ പട്ടിണി മരണത്തിലേക്ക് നയിക്കുന്നത്; ഭക്ഷണം വാങ്ങാന്‍ തക്ക ആദാനശേഷി അവര്‍ക്കില്ലാതാകുന്നു എന്നതാണ് കാരണം. അനേകം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയത് ദാരിദ്യ്രവും കടവും മൂലമാണ്. ഇല്ലാത്ത ഭക്ഷ്യക്കമ്മി കാട്ടി നമ്മുടെ കൃഷിരംഗം ചൊല്‍പ്പടിയിലാക്കുന്നവരാണ് ദാരിദ്യ്രത്തിന്റെ വിതരണക്കാര്‍. അല്ലെങ്കിലും, കമ്മി ഒട്ടുമേ ഇല്ലാത്ത വഴുതനയാണല്ലോ അത്യുല്‍പാദനത്തിനെന്ന് പറഞ്ഞ് ജി.എം വിദ്യക്കായി അവര്‍ തെരഞ്ഞെടുത്തത്! പട്ടിണി നമ്മുടെ കൃഷിപ്പിഴയുടെ സംഭാവനയല്ല, മറിച്ച് കൃഷിരംഗം കൈയേറാന്‍ ശ്രമിക്കുന്ന അധിനിവേശ സാമ്പത്തിക തന്ത്രത്തിന്റെ ഉപോല്‍പ്പന്നമാണ്.

ഇക്കാര്യത്തില്‍ കടുത്ത ചില വസ്തുതകളും കണക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഉദാഹരണമായി കര്‍ഷകരുടെ ആത്മഹത്യ കുറഞ്ഞിട്ടില്ല. 2007ല്‍ ഉണ്ടായ കര്‍ഷക ആത്മഹത്യയെക്കാള്‍ 436 കുറവായിരുന്നു 2008ലേത്. ഇതുപക്ഷേ, ആശ്വസിക്കാന്‍ വക നല്‍കുന്നില്ല. ഒന്നാമതായി, കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളുടേതടക്കം 20,525 കോടി രൂപ കടാശ്വാസമായി നല്‍കിയ വര്‍ഷമാണ് 2008. എന്നിട്ടും 16,196 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നതാണ് കാണേണ്ടത്. രണ്ടാമതായി രാജ്യത്ത് മൊത്തം ആത്മഹത്യകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അത് ജനസംഖ്യാ വര്‍ധനയുടെ തോതിനനുസരിച്ച് മാത്രമേ വരുന്നുള്ളൂ. അതേസമയം, കര്‍ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ കുറയുന്ന ഒരു കൂട്ടം ജനതയില്‍ ആത്മഹത്യകളുടെ എണ്ണവും അതിനനുസരിച്ച് കുറയുകയാണ് വേണ്ടത്. പക്ഷേ, മറിച്ചാണ് നടക്കുന്നത്. 1991^2001 കാലത്ത് 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതായി കഴിഞ്ഞ സെന്‍സസ് കാണിച്ചു. 2001നു ശേഷം ഇതിനകം തന്നെ അത്രയോ അതില്‍ കൂടുതലോ കര്‍ഷകര്‍ കൃഷിപ്പണി നിറുത്തിയിട്ടുണ്ട്. പരുത്തികൃഷി സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലാണ് കര്‍ഷകരുടെ ഒഴിഞ്ഞുപോക്കും ആത്മഹത്യയും കൂടുതല്‍. 1997^2002 കാലത്ത് രാജ്യത്ത് മൊത്തം 96,708 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 55,769 എണ്ണം പരുത്തികൃഷി സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. 2003^2008 കാലത്ത് 1,02,424 കര്‍ഷക ആത്മഹത്യയില്‍ 67,054 എണ്ണം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ബി.ടി. സാങ്കേതികവിദ്യ നടപ്പാക്കിയ ഏക കൃഷി മേഖലയാണ് പരുത്തി; ഈ മേഖലയില്‍ കുത്തകക്കമ്പനികളുടെ അധിനിവേശത്തോടെ കര്‍ഷകര്‍ക്ക് സ്വന്തമായി വിത്ത് സൂക്ഷിച്ച് കൃഷി ചെയ്യാന്‍ പറ്റുന്നില്ല. കുത്തകകള്‍ നല്‍കുന്നത് വാങ്ങാന്‍ നിര്‍ബന്ധിതരാണവര്‍.

ജി.എം വിദ്യ വിത്തിലും വിളയിലും മാത്രമല്ല ജനിതകമാറ്റം വരുത്തുന്നത്. തങ്ങളുടേതു മാത്രമായ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന കുത്തകകള്‍ക്ക് കൃഷിയെ അപ്പാടെ വിധേയപ്പെടുത്താന്‍ കഴിയുന്നുണ്ട്. വിളയുടെ ജനിതക മാറ്റത്തെക്കാള്‍ ദൂര വ്യാപകവും വിനാശകരവുമാണ് കൃഷിരീതിയുടെ ജനിതക മാറ്റം. ഈ യുക്തിയനുസരിച്ച്, ജി.എം വിദ്യ നമ്മുടെ പൊതു അറിവിന്റെ ഭാഗമാവുകയും കുത്തകകളില്‍നിന്ന് മുക്തമാവുകയും ചെയ്യുന്നതു വരെ വഴുതനയെന്നല്ല ഒരു കൃഷിയും ജി.എം രംഗത്ത് അനുവദിച്ചുകൂടാ. ഇതിനകം അനുവദിച്ച ബി.ടി കൃഷി പോലും ഉടനെ നിറുത്തിവെക്കുകയാണ് വേണ്ടത്. കാരണം ജി.എം വിദ്യ നാട്ടിന്റെയും നാട്ടുകാരുടെയും ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്. ആത്മാവിനെത്തന്നെയാണ്. ശരീരത്തെയോര്‍ത്ത് ബി.ടി വഴുതനക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍, ആത്മാവിനെയോര്‍ത്ത് ബി.ടി പരുത്തിയുടെ അനുമതിയും എടുത്തുകളയട്ടെ. ഇതിന് പുറമെ, ഇത്തരം വിഷയങ്ങളില്‍ തല്‍പരകക്ഷികളുടെ ഉപജാപങ്ങള്‍ ജനതാല്‍പര്യങ്ങളെ അട്ടിമറിക്കുന്നു എന്ന് തെളിഞ്ഞ സ്ഥിതിക്ക് സ്വതന്ത്രവും സുതാര്യവുമായ ഒരു പൊതുവേദി ജനിതക കൃഷിമേഖലയെ നിയന്ത്രിക്കാനായി ഉണ്ടാക്കേണ്ടതും ആവശ്യമായിരിക്കുന്നു. അനുമതി നല്‍കിയിട്ടില്ലാത്ത വഴുതനയടക്കം അനധികൃതമായി കമ്പോളത്തിലെത്താതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും വേണം.

No comments: