Wednesday, February 10, 2010

വികേന്ദ്രീകരണം = കേന്ദ്രീകരണം

അധികാര വികേന്ദ്രീകരണത്തിന്റെ പതിമൂന്നു വര്‍ഷം പിന്നിട്ടിട്ടും തദ്ദേശ പദ്ധതി നിര്‍വഹണം പാടെ പാളുന്നു, ജനകീയാസൂത്രണത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ വിവിധ കേന്ദ്രങ്ങള്‍ വഴി അടിച്ചേല്‍പിക്കുന്ന അധികാരകേന്ദ്രീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും കടിഞ്ഞാണും തലതിരിഞ്ഞ പരിഷ്കാരങ്ങളും വാര്‍ഷികപദ്ധതികളെ താളം തെറ്റിക്കുന്നു.

ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങള്‍ വിവാദമായി ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും അത് സാധാരണജനങ്ങള്‍ക്ക് ചില പ്രതീക്ഷകള്‍ പ്രദാനം ചെയ്തിരുന്നു.  എന്തിനും തലസ്ഥാനനഗരിയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു. വിവിധ സേവനങ്ങള്‍ക്ക് നടപടിക്രമങ്ങളുടെ നൂലാമാലകള്‍ കുറയുമെന്നും പ്രാദേശികതലത്തില്‍ അവശ്യവികസനപരിപാടികള്‍ നടക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നും അവര്‍ കരുതി. എന്നാല്‍, അധികാര വികേന്ദ്രീകരണത്തിന്റെ പതിനാലാം വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍  ജനക്ഷേമകരമായി ഈ പരിഷ്കാരത്തെ മാറ്റിയെടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല എന്ന് വ്യക്തമാകുന്നു. വികസിച്ചത് അഴിമതിയും അതിനുള്ള അടിസ്ഥാന സൌകര്യങ്ങളും മാത്രം.

വികേന്ദ്രീകൃത ആസൂത്രണത്തെ ജനകീയഭരണതലത്തില്‍ നിയന്ത്രിക്കുന്നതിനുപകരം ഉദ്യോഗസ്ഥതലത്തില്‍ നിയന്ത്രിക്കുന്നതാണ്, പരാജയങ്ങള്‍ക്കു കാരണമെന്ന് വിവിധതലത്തിലുള്ള തദ്ദേശസ്ഥാപന ഭരണസമിതികള്‍ക്ക് പരാതിയുണ്ട്. സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്ക് പുറമെ നഗരകാര്യ ഡയറക്ടര്‍ അല്ലെങ്കില്‍ പഞ്ചായത്ത് ഡയറക്ടര്‍, ചീഫ് ടൌണ്‍ പ്ലാനര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍, ജില്ലാ ആസൂത്രണ സമിതി, ജില്ലാതല സാങ്കേതികസമിതി എന്നിവയുടെ പലതരത്തിലുള്ള ഏകോപനമില്ലാത്ത നിയന്ത്രണങ്ങളാണ്, തദ്ദേശസ്ഥാപനങ്ങള്‍ അനുഭവിക്കുന്നത്. അതിനുപുറമേ പലതരത്തിലുള്ള ഓഡിറ്റുകളുടെ നിയന്ത്രണം വേറെയുമുണ്ട്. സര്‍ക്കാറിന് അക്കൌണ്ടന്റ്് ജനറല്‍ മാത്രമാണ്, ഓഡിറ്റിങ്ങിനുള്ളതെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അക്കൌണ്ടന്റ് ജനറലിനു പുറമെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, പോര്‍ഫോമന്‍സ് ഓഡിറ്റ് എന്നിവയും നേരിടേണ്ടിവരുന്നു. ഓഡിറ്റിങ്ങുകാരെ ശ്രദ്ധിക്കാന്‍ മാത്രം വര്‍ഷത്തില്‍ മൂന്നുമാസം മാറ്റിവെക്കേണ്ടി വരുന്നതായാണ്, തദ്ദേശസ്ഥാപനങ്ങളുടെ പരാതി.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ ഇടക്കിടെ വരുത്തുന്ന മാറ്റങ്ങളാണ് അവയെ ഏറെ വിഷമിപ്പിക്കുന്നത്. പ്രവര്‍ത്തനരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി 13 വര്‍ഷമായി വകുപ്പുസെക്രട്ടറി അനുദിനം ഉത്തരവുകള്‍ പുറപ്പെടുവിച്ചുവരികയാണ്.  പരസ്പരവിരുദ്ധമായ ഉത്തരവുകളും വിവിധകേന്ദ്രങ്ങളില്‍നിന്നുള്ള നിയന്ത്രണവും പദ്ധതിനടത്തിപ്പിനു വിഘാതം സൃഷ്ടിക്കുന്ന നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും തദ്ദേശസ്ഥാപനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. മേല്‍നോട്ടത്തിന് ജനകീയ സമിതികളുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ മാസംതോറും പലകുറി വിചാരണ ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണെന്നതാണ് അതിലേറെ വിചിത്രം.

ഈ വര്‍ഷം പദ്ധതിവിഹിതത്തിന്റെ 32 ശതമാനം മാത്രമാണ് ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനായത്. രണ്ടു മാസങ്ങള്‍ മാത്രമാണ് ഇനി സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇക്കാലത്തിനുള്ളില്‍ എങ്ങനെയും പണം ചെലവാക്കാനാണ്, ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. എല്ലാവര്‍ഷവും അവസാഘട്ടത്തില്‍ പദ്ധതിത്തുക എങ്ങനെയും ചെലവഴിച്ചുതീര്‍ക്കാനുള്ള നിര്‍ദേശം നല്‍കുന്ന ഉന്നതര്‍ മനഃപൂര്‍വമെന്നോണം 13 വര്‍ഷമായി തദ്ദേശപദ്ധതികളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഏത്  സര്‍ക്കാര്‍ വന്നാലും ഈ നാടകം അരങ്ങേറുന്നു. മാര്‍ച്ച് മാസത്തില്‍ സംസ്ഥാനബജറ്റില്‍ പദ്ധതിത്തുക നീക്കിവെച്ച ശേഷം അത് തദ്ദേശസ്ഥാപനങ്ങളില്‍ തയാറാക്കി നടപ്പാക്കുന്നതിന് നിരവധി നൂലാമാലകളാണ് ഇവര്‍ക്ക് മുന്നിലിട്ടു കൊടുത്തിട്ടുള്ളത്.

വര്‍ക്കിങ് ഗ്രൂപ്പ് പുനഃസംഘടന, ജനറല്‍ബോഡി വിളിച്ചുചേര്‍ക്കല്‍, സ്റ്റോക്ക് ഹോള്‍ഡര്‍മാരുമായി ചര്‍ച്ച, കരടുപദ്ധതി രൂപവത്കരണം, വാര്‍ഡ്^ഗ്രാമ സഭകളില്‍ പദ്ധതി അവതരണം, വീണ്ടും ജനറല്‍ ബോഡി, തുടര്‍ന്ന് ഭരണസമിതി കൂടി പദ്ധതി അംഗീകരിക്കല്‍, ഇത്രയും കഴിഞ്ഞശേഷമാണ്, സാങ്കേതികസമിതിയുടെ പരിശോധന.  മുന്‍ ഉദ്യോഗസ്ഥരും ഇപ്പോഴത്തെ ഉദ്യോഗസ്ഥരും അടങ്ങുന്ന ബ്യൂറോക്രാറ്റിക് സാങ്കേതികസമിതി അംഗീകരിച്ചാല്‍ മാത്രമേ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിക്കാനാകൂ.  തദ്ദേശ സ്ഥാപനത്തിന്റെ ഇഷ്ടപ്രകാരം അവക്കു ചേര്‍ന്നവിധം പ്രാദേശികതാല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദ്ധതി തയാറാക്കാനോ നടപ്പാക്കാനോ അവര്‍ക്ക് അനുവാദമില്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ നല്‍കുന്ന മാനദണ്ഡ പ്രകാരം മാത്രമേ പദ്ധതി തയാറാക്കാനാകൂ. അത് പ്രാദേശികാവസ്ഥകള്‍ക്ക് യോജിച്ചതാകുകയുമില്ല. അതിനാല്‍തന്നെ ജില്ലാ ആസൂത്രണ സമിതികളില്‍ പദ്ധതി ഉടക്കി നില്‍ക്കും. പലതവണ തിരുത്തിയും തിരിച്ചയച്ചും പദ്ധതി അംഗീകാരത്തിനായി ആറുമാസത്തോളം അങ്ങനെ നഷ്ടപ്പെടും. തകരാറുകളുടെ ആകെ തുകയായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍ കൂടിയാകുമ്പോള്‍ (അത് ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ സംഭാവനയാണ്) പിന്നെയും കാലതാമസമായി.  ഇങ്ങനെ വിവിധ ഏജന്‍സികളുടെ കെട്ടുപാടുകളില്‍ അസ്വാതന്ത്യ്രമനുഭവിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കെങ്ങനെയാണ്, അധികാര വികേന്ദ്രീകരണം  അനുഭവിക്കാനാകുക?

ഇതിനു പുറമെയാണ്, ജീവനക്കാരുടെ അപര്യാപ്തത. പുനര്‍വിന്യാസം നടത്തിയെന്ന് പ്രചരിപ്പിച്ചതല്ലാതെ ഇതുവരെ അതു നടന്നിട്ടില്ല. ജീവനക്കാരുടെ എണ്ണത്തില്‍ ഒരുവര്‍ധനയും ഉണ്ടായിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ട എന്‍ജിനീയറിങ് വിഭാഗത്തെ അവരില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രത്യേക വിഭാഗമാക്കി മാറ്റുകയാണ് ചെയ്തത്. എന്‍ജിനീയറിങ് വിഭാഗത്തിനുമേല്‍ ഒരു നിയന്ത്രണവുമില്ലാതായ തദ്ദേശ സ്ഥാപനങ്ങള്‍ മരാമത്തു പണികള്‍ തീര്‍ക്കാന്‍ ആ ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കേണ്ട ഗതികേടാണുള്ളത്.

ചില സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തദ്ദേശ ഭരണത്തിനു കീഴിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നാണ്, മറ്റൊരു വാദം. കൃഷി ഓഫിസര്‍, ശിശുവികസന ഓഫിസര്‍, വ്യവസായ ഓഫിസര്‍, പട്ടിക വിഭാഗ ഓഫിസര്‍, വിവിധ സ്കൂളുകളുടെ ഹെഡ് മാസ്റ്റര്‍മാര്‍ അടക്കമുള്ള അധ്യാപകര്‍, ആയുര്‍വേദ^അലോപ്പതി^ഹോമിയോപ്പതി വിഭാഗങ്ങളിലെ മെഡിക്കല്‍ സൂപ്രണ്ടുമാര്‍, മൃഗ ഡോക്ടര്‍മാര്‍  തുടങ്ങിയവരെയാണ്, ഇങ്ങനെ തദ്ദേശ ഭരണത്തിനു കീഴിലേക്കുമാറ്റിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരെയാരെയും അവരുടെ വകുപ്പുകള്‍ക്കു കീഴില്‍ നിന്ന് ഇതുവരെ തദ്ദേശ വകുപ്പിലേക്കു നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍തന്നെ ഇവരാരും തദ്ദേശസ്ഥാപനങ്ങളെ അനുസരിക്കുന്നില്ല. ഇവരുടെയൊക്കെ കാരുണ്യത്തിനു കൈനീട്ടി നിന്നാല്‍ മാത്രമേ പദ്ധതിയുടെ ചെറിയൊരു ഭാഗമെങ്കിലും നടപ്പാക്കാന്‍ അവര്‍ക്ക് കഴിയൂ.

അധികാര വികേന്ദ്രീകരണമെന്നാല്‍ അസ്വാതന്ത്യ്രമാണോയെന്ന സംശയം പല തദ്ദേശ സ്ഥാപന ഭരണ കര്‍ത്താക്കളിലും ഉയരുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ വിഹിതം പൂര്‍ണസ്വാതന്ത്യ്രത്തോടെ വിനിയോഗിക്കാനും പ്രാദേശിക താല്‍പര്യമനുസരിച്ച് പദ്ധതികള്‍ തയാറാക്കാനും  സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, കീഴ്ത്തട്ടിലേക്ക് ഭരണഘടനാ ഭേദഗതിപ്രകാരം പകര്‍ന്നു നല്‍കിയ അധികാരം അതേ അര്‍ഥത്തില്‍ വിനിയോഗിക്കാനുള്ള അവകാശം തദ്ദേശ ഭരണകൂടങ്ങള്‍ക്ക് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല? തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശികസര്‍ക്കാറുകള്‍ എന്ന പദവി തന്നെയാണ്, ഭരണഘടനാഭേദഗതി മുഖേന അനുവദിച്ചിട്ടുള്ളത്. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് അതനുസരിച്ചുള്ള പദ്ധതികള്‍ തയാറാക്കി അവരുടെ സഹകരണത്തോടെ എത്രയും വേഗം നടപ്പാക്കുക എന്നതാണിതിന്റെ ലക്ഷ്യം. ഇതിനുമുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഈ ലക്ഷ്യത്തെ തകിടം മറിക്കുക മാത്രമല്ല, അഴിമതിക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക ഭരണാധികാരികള്‍ക്ക് ആര്‍ഭാടജീവിതം മാത്രം നല്‍കുന്ന സംവിധാനമാക്കി നിലനിറുത്താതെ അതിന്റേതായ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ഇനിയെങ്കിലും മുതിര്‍ന്നില്ലെങ്കില്‍ ഒരു ദുരന്തത്തിന്റെ കേരള മാതൃകയായിരിക്കും വരുംകാല തലമുറക്കുമുന്നില്‍ പഠിക്കാനുണ്ടാകുക.

No comments: