Monday, February 8, 2010

ഹൈ കോടതി പറഞ്ഞു, ടാറ്റ ചെയ്തത് കഷ്ടമാണ്

'നദിയും വനവും സംരക്ഷിക്കാതെ ടാറ്റയെപ്പോലൊരു കമ്പനി സര്‍ക്കാര്‍ഭൂമി വിറ്റത് സങ്കടകരമാണ്. അപ്രതീക്ഷിതവും'^2000 നവംബര്‍ 24ന് കേരള ഹൈ കോടതി ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍ മൂന്നാറുമായി ബന്ധപ്പെട്ട് നടത്തിയ വിധിന്യായത്തിലെ വരികളാണിത്.
ടാറ്റ മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി വില്‍ക്കുകയും നദിയരികില്‍ കെട്ടിട നിര്‍മാണം നടത്തുകയും മരം മുറിക്കുകയും വനം നശിപ്പിക്കുകയും ചെയ്യുന്നത് കണ്ടെത്തിയത് 1982 ല്‍ ദേവികുളം സബ് കലക്ടറായിരുന്ന ഇന്നത്തെ എം.എല്‍.എ അല്‍ഫോന്‍സ് കണ്ണന്താനമാണ്. ഈ നിയമവിരുദ്ധനടപടികള്‍ അവസാനിപ്പിക്കണമെന്നും വിറ്റ ഭൂമിയും നശിപ്പിച്ച പരിസ്ഥിതിയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അല്‍ഫോന്‍സ് കണ്ണന്താനം ടാറ്റക്ക് ഉത്തരവ് നല്‍കി. എന്നിട്ടും ടാറ്റ ഭൂവില്‍പനയും പരിസ്ഥിതി നശീകരണവും തുടര്‍ന്നു. തുടര്‍ന്ന് 1994 ലും ദേവികുളം സബ് കലക്ടര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ടാറ്റക്ക് നോട്ടീസ് നല്‍കി. വിറ്റ ഭൂമി തിരിച്ചെടുക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ടാറ്റയെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കാനുമുള്ള സര്‍ക്കാര്‍തീരുമാനമാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ ടാറ്റ ഹൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കണ്ണന്‍ദേവന്‍ ഹില്‍സ്വില്ലേജിലെ ഭൂമിയില്‍ ഉടമാവകാശമുണ്ടെന്നായിരുന്നു ടാറ്റയുടെ പ്രധാന വാദം. കലക്ടര്‍ക്കോ സബ് കലക്ടര്‍ക്കോ ഭൂമി വില്‍പനയോ നദീതീരങ്ങളിലെയും നദിയിലെയും നിര്‍മാണപ്രവര്‍ത്തനങ്ങളോ വനഭൂമിയിലെ മരം മുറിക്കുന്നതോ തടയാന്‍ അവകാശമില്ലെന്നായിരുന്നു ടാറ്റ കോടതിയില്‍ ധരിപ്പിച്ചത്. ഇതോടൊപ്പം ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി മുറിച്ചുവാങ്ങിയ കോണ്‍ഗ്രസിന്റെ സൌത്ത് ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ പ്രസിഡന്റ് ആര്‍. കുപ്പുസ്വാമിയും പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും കെ.വി. പീറ്ററും കോടതിയില്‍ എത്തി. ഒ.പി. നമ്പര്‍ 551/1995, 628/1995, 635/1995, 10575/1996, 10714/1996, 4112/1997 എന്നിവയില്‍ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍ 2000 നവംബര്‍ 24 ന് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ഇപ്പോള്‍ മൂന്നാറില്‍ കല്ലാര്‍പുഴയുടെ ഉദ്ഭവത്തില്‍ ടാറ്റ തടയണ നിര്‍മിച്ചതും ആദിവാസികളുടെ വഴിയും ആനത്താരയും കൈയേറി വൈദ്യുതിവേലി കെട്ടിയതും റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റതുമൊക്കെ വിവാദമായിരിക്കുകയാണല്ലോ. ഡാമും വൈദ്യുതിവേലിയും പൊളിച്ചുമാറ്റാന്‍ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങ് പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ഹൈ കോടതിയില്‍ ടാറ്റ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മൂന്നാറുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ വിധിക്ക് പ്രാധാന്യമേറുന്നു.
'സര്‍ക്കാര്‍ വ്യക്തമായ വ്യവസ്ഥയോടെ നല്‍കിയ ഭൂമിയില്‍ അതിനു വിരുദ്ധമായി നദീ തീരങ്ങളില്‍ വില്‍പന നടത്തുന്നതും നിരവധി കെട്ടിടങ്ങള്‍ ഉയരുന്നതിന് ഇടയാക്കുന്നതും പരാതിക്കാരനായ കമ്പനിയെപ്പോലൊരു സ്ഥാപനം ഒരിക്കലും ചെയ്യരുതാത്തതാണ്. ഈ സാഹചര്യത്തെക്കുറിച്ച് കമ്പനി ഗൌരവമായി പുനരാലോചിക്കുമെന്നും വനവും പരിസ്ഥിതിയും നദിയും ഇനിയെങ്കിലും സംരക്ഷിക്കുമെന്നും കോടതി കരുതുന്നു. കണ്ണന്‍ ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ഓഫ് ലാന്‍ഡ്സ് ആക്ട് 1971ലെ സെക്ഷന്‍ നാല് അനുസരിച്ച് കമ്പനിക്ക് ലഭിച്ച സ്ഥലത്തെ പരിസ്ഥിതിയും ഭൂമിയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഈ ആക്ട് അനുസരിച്ച് തേയില പ്ലാന്റേഷന്‍ നടത്താന്‍ മാത്രമാണ് കമ്പനിക്ക് സ്ഥലം നല്‍കിയിരിക്കുന്നതെന്ന് ഓര്‍ക്കുമെന്നും കരുതുന്നു.
'ഈ സാഹചര്യത്തില്‍ കമ്പനി വിറ്റ സ്ഥലങ്ങളില്‍ നിയമം ലംഘിച്ച് ഉയര്‍ന്ന എല്ലാ കെട്ടിടങ്ങളും അതുപോലെ വനഭൂമിയില്‍ നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളും പൊളിച്ച് മാറ്റാന്‍ ദേവികുളം തഹസീല്‍ദാരോട് കോടതി നിര്‍ദേശിക്കുന്നു. കണ്ണന്‍ ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ആക്ടിന് വിരുദ്ധമായ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുന്നതിന് ദേവികുളം തഹസീല്‍ദാറെ ചുമതലപ്പെടുത്തുന്നു. മൂന്നാറിലെ നദികളുടെ അമ്പത് വാര ചുറ്റളവില്‍ ഒരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് കോടതി ഉത്തരവിടുന്നു. വനഭൂമിയിലെ മരം നശിപ്പിക്കുന്നതില്‍നിന്നും തേയില പ്ലാന്റേഷനുവേണ്ടി നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതില്‍ നിന്നും കമ്പനിയെ കര്‍ശനമായി തടയണമെന്നും കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു'^കോടതിവിധിയില്‍ പറയുന്നു.
മൂന്നാറിനെ സംബന്ധിച്ച് ഏറെ പ്രസക്തമായ ഈ വിധിയിലേക്ക് കോടതിയെ നയിച്ച നിരീക്ഷണങ്ങളും കണ്ടെത്തലുകളും നിയമപരിശോധനകളും വിധിന്യായത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1889 ലെ രാജ വിളംബര പ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് അഞ്ചനാട് കണ്ണന്‍ദേവന്‍ മലകള്‍ എന്നറിയപ്പെടുന്ന ഈ ഭൂപ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാണെന്ന് വിളംബരം ചെയ്തിട്ടുണ്ട്. ജോണ്‍ ഡാനിയേല്‍ മണ്‍റോക്ക് പൂഞ്ഞാര്‍രാജാവ് പാട്ടത്തിന് നല്‍കിയത് വനത്തിന്റെ അടിക്കാട് വെട്ടിനശിപ്പിച്ച് കാപ്പികൃഷി നടത്താനാണ്. അടിക്കാടുകള്‍ തെളിച്ച് വന്‍ മരങ്ങള്‍ നിലനിറുത്തി പ്ലാന്റേഷന്‍ നടത്താന്‍ മാത്രമായിരുന്നു പാട്ടക്കാരന് അവകാശം.
പൂഞ്ഞാര്‍രാജാവിന്റെയും തിരുവിതാംകൂര്‍ രാജാവിന്റെയും സ്ഥാനത്തെത്തിയ ഗവണ്‍മെന്റിന് ഈ ഭൂമി സംബന്ധിച്ച് പൂര്‍ണ അധികാരമുണ്ട്. ആ ഗവണ്‍മെന്റിന് കീഴിലുള്ള അധികാരകേന്ദ്രങ്ങളായ കലക്ടറും സബ് കലക്ടറും വഴിയാണ് ഗവണ്‍മെന്റ് നിയമങ്ങള്‍ നടപ്പാക്കുന്നത്. മരം മുറിക്കരുത്, നദീ തീരങ്ങളുടെ അമ്പതുവാരയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, നദികളും അരുവികളും തടസ്സം കൂടാതെ ഒഴുകണം എന്നീ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പാട്ടക്കാരനെതിരെ നടപടിയെടുക്കാം. പരിസ്ഥിതി സംരക്ഷണനിയമം അടക്കം എല്ലാ നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. ഭൂമിയുടെ മുഴുവന്‍ അധികാരവും സര്‍ക്കാറിനാണെന്ന് വ്യക്തമായിരിക്കെ സര്‍ക്കാറിന്റെ അനുമതിയില്ലാതെ വില്‍പന നടത്താന്‍ കമ്പനിക്ക് അവകാശമില്ല. 74 പേജ് വരുന്ന ജസ്റ്റിസ് ബാല സുബ്രഹ്മണ്യന്റെ വിധി ന്യായത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
2010 ജനുവരി 21 ന് മൂന്നാറുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മൂന്നാറുമായി ബന്ധപ്പെട്ട് നടത്തിയ വിധിന്യായത്തിലും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി. ഗ്രീന്‍ മൂന്നാര്‍ ബ്രൌണ്‍ മൂന്നാറായെന്ന് നിരീക്ഷിച്ച കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇരുപതാമതായി പറഞ്ഞത്, നദികളുടെ പുറമ്പോക്കുകളില്‍ ഒരുവിധ കൈയേറ്റവും പാടില്ലെന്നാണ്. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്തി ഉടന്‍ നടപടിയെടുത്ത് കൈയേറ്റ ഭൂമി വീണ്ടും നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും ഒരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നദീ തീരങ്ങളിലോ നദിയിലോ പാടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പ്രസ്തുത വിധിയില്‍ പറയുന്നുണ്ട്.
പൂഞ്ഞാര്‍ രാജാവും തിരുവിതാംകൂര്‍ രാജാവും വ്യക്തമായ വ്യവസ്ഥകളോടെ ഭൂമിയില്‍ മരങ്ങള്‍ നിലനിറുത്തി അടിക്കാട് വെട്ടിത്തെളിച്ച് പ്ലാന്റേഷന്‍ നടത്താന്‍ മാത്രം പാട്ടത്തിന് കൊടുത്ത വനഭൂമി എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയതിനാല്‍ ഇന്ന് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റേഷന്‍ നടത്താന്‍ മാത്രം കൊടുത്ത ആ ഭൂമി ടാറ്റ മുറിച്ചുവിറ്റു എന്നും വനവും പുഴയും തകര്‍ത്തുവെന്നും ഇത് അവരില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നുമാണ് ജസ്റ്റിസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞത്. 1971 ല്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടിയാണ് കണ്ണന്‍ദേവന്‍ ഭൂനിയമം കൊണ്ടുവന്നതെന്നും അത്തരത്തില്‍ ഭൂരഹിതരെ ഭൂ ഉടമകളാക്കാനുള്ള നിയമമായത് കൊണ്ട് മാത്രമാണ് സുപ്രീംകോടതി നിയമത്തിന് അംഗീകാരം നല്‍കിയതെന്നും വിധിന്യായത്തിലുണ്ട്. വിറ്റ ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റാനാണ് അതില്‍ പറഞ്ഞത്. പാവങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമി മൂന്നാറില്‍ ടാറ്റ സമ്പന്നര്‍ക്ക് കേളീഗൃഹങ്ങള്‍ പണിയാന്‍ വില്‍പന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇത് ഏറ്റെടുത്തു മാത്രമേ മൂന്നാറിലെ ഭൂമി^പരിസ്ഥിതിപ്രശ്നത്തെ അഭിസംബോധന ചെയ്യാനാകൂ. ആദ്യ ദൌത്യസംഘം അത് ചെയ്യാതെ നിയമവിരുദ്ധമായി വിറ്റ ഭൂമിയില്‍ വാങ്ങിയവര്‍ ഉണ്ടാക്കിയ കള്ളപ്പട്ടയം അംഗീകരിച്ച് കെട്ടിട നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തത്.
ഇപ്പോള്‍ ഹൈ കോടതി വീണ്ടും പറയുന്നു: നദീ തീരങ്ങളിലെ പുറമ്പോക്ക് കൈയേറിയത് തിരിച്ച് പിടിക്കണം. നദിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണം. എന്നാല്‍, മൂന്നാറില്‍ നടക്കുന്നതോ? ടാറ്റ ഭൂമി വില്‍പന തുടരുന്നു. നദി സ്വന്തമാക്കുന്നു. ഡാം നിര്‍മിക്കുന്നു. വനം നശിപ്പിക്കുന്നു. മൂന്നാര്‍ കേരളത്തിന്റെ ഭാഗമല്ലെന്നും അതൊരു സമാന്തരരാജ്യമാണെന്നും ജില്ലാ കലക്ടര്‍ മന്ത്രിസഭാ ഉപസമിതിയോട് പരസ്യമായി പറഞ്ഞത് അതുകൊണ്ടാണ്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മന്ത്രി എ.കെ. ബാലനുമെല്ലാം കലക്ടര്‍ പറഞ്ഞത് സമ്മതിച്ചുകഴിഞ്ഞതാണ്. സര്‍ക്കാറും കോടതിയും മാധ്യമങ്ങളും കേരള സമൂഹവും ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ എന്ന് ഗൌരവമായി ആലോചിച്ച് നടപടിയെടുക്കേണ്ട സമയം കഴിഞ്ഞു.

1 comment:

Sudheer K. Mohammed said...

ഈ ലേഖനം പി കേ പ്രകാശിന്റേതാണ്