Monday, February 15, 2010

ഇന്‍ഡോ-പാക്‌ സമാധാനം പുലരുമോ

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ ഇന്ത്യ^പാക് സംഭാഷണം പുനരാരംഭിക്കാനുള്ള തീരുമാനം ശരിയായ ദിശയിലേക്കുള്ള ശുഭസൂചനയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെയും മുംബൈ ആക്രമണ പങ്കാളികളുടെയും കാര്യത്തില്‍ തൃപ്തികരമായ നടപടികള്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതായിരുന്നു സംഭാഷണം നിറുത്തിവെക്കാനുണ്ടായ മുഖ്യകാരണം. സമഗ്ര സംഭാഷണം പുനരാരംഭിക്കണമെങ്കില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടാകില്ലെന്ന് പാകിസ്താന്‍ ഉറപ്പുനല്‍കണമെന്നായിരുന്നു ഇതുവരെ നാം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍, തങ്ങള്‍ തന്നെ ഭീകരാക്രമണത്തിന്റെ ഇരയായിരിക്കെ അത്തരം ഒരു ഉറപ്പും നല്‍കാന്‍ സാധ്യമല്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ഈയിടെ അത് തുറന്നുപറയുകയും ചെയ്തു. ഈ പ്രസ്താവന ഇന്ത്യയുടെ പക്ഷത്തുനിന്ന് വായിക്കുമ്പോള്‍ ബോധപൂര്‍വമായ ഒഴിഞ്ഞുമാറ്റമായും ഭീകരതയുടെ വിഷയത്തില്‍ പാകിസ്താന്റെ ഉറച്ച നിലപാടില്ലായ്മയായും വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍, പിന്നില്‍ കളിക്കുന്ന ശക്തികള്‍ ആരാണെങ്കിലും ഇരുരാജ്യങ്ങളും ഒരുപോലെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടക്കുന്നത് ശരിയായ നിലപാടല്ല.

മുംബൈ ആക്രമണം സൃഷ്ടിച്ച പ്രത്യേകാന്തരീക്ഷം പാകിസ്താനോടുള്ള സമീപനത്തില്‍ സ്വാധീനം ചെലുത്തിയത് സ്വാഭാവികമാണ്. ഹിന്ദുത്വശക്തികള്‍ മുതലെടുപ്പ് നടത്തുമെന്ന ഭയംമൂലമാണ് യു.പി.എ സര്‍ക്കാര്‍ സംഭാഷണത്തിന്റെ വാതിലുകള്‍ പാടേ കൊട്ടിയടച്ചത്. അമേരിക്കയുമായുള്ള പുത്തന്‍ 'സൌഹൃദം' പാകിസ്താനെ മൂലക്കലാക്കാന്‍  പ്രയോജനപ്പെടുമെന്നും നാം പ്രതീക്ഷിച്ചു. ഇന്ത്യയിലെന്നപോലെ പാകിസ്താനിലും അമേരിക്കക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന സത്യം അതിനിടയില്‍ നാം മറന്നുപോയി. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ പൊടുന്നനെയുള്ള നയംമാറ്റം അമേരിക്കയുടെ പ്രേരണയാലാണെന്ന പ്രതിപക്ഷ നേതാവ് അദ്വാനിയുടെ ആരോപണത്തില്‍ ഒരുപക്ഷേ സത്യമുണ്ടാകാം. അദ്വാനിക്ക് അമേരിക്ക ഇപ്പോള്‍ കയ്ക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ. സംഭാഷണം നിറുത്തിവെച്ചതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടായിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് അടുത്ത 25ന് ന്യൂദല്‍ഹിയില്‍ നടക്കാനിരിക്കുന്ന സെക്രട്ടറിതല ചര്‍ച്ച എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വിധേയമല്ലാതെത്തന്നെ രണ്ടു രാജ്യങ്ങള്‍ക്കും ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. മേഖലയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്കാണ് അതിന്റെ നേട്ടം. ചരിത്രത്തിന്റെ തടവുകാരായി പരസ്പരം പൊരുതുന്നതിനു പകരം സമാധാനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിക്കുന്നവരെയാണ് ഇരുരാജ്യങ്ങളിലെയും വിഭജനാനന്തര തലമുറ തേടിക്കൊണ്ടിരിക്കുന്നത്്. ഇന്ത്യയിലെയും പാകിസ്താനിലെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ മല്‍സരിക്കേണ്ടത് അതിനു മുന്‍കൈ എടുക്കുന്നതിലാണ്. രക്തബന്ധമുള്ള കുടുംബങ്ങള്‍ ഇപ്പോഴും ഇരുരാജ്യത്തുമുണ്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്നുണ്ടായ വിസ നിയന്ത്രണങ്ങള്‍ അവരെ ഏറെ കഷ്ടപ്പെടുത്തുന്നതാണ്. സാംസ്കാരിക വിനിമയവും വ്യാപാരബന്ധങ്ങളും പുനഃസ്ഥാപിക്കുന്നതിലൂടെ ഇരു രാഷ്ട്രങ്ങളുടെയും സുസ്ഥിതി മെച്ചപ്പെടുത്താനാകും. പൂര്‍വവൈരം മറന്ന് ഫ്രാന്‍സിനും ജര്‍മനിക്കും സഹവര്‍ത്തിത്വം സാധ്യമായെങ്കില്‍ നമുക്കും അത് അപ്രാപ്യമല്ല. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന സംഭാഷണം ശാശ്വത സമാധാനത്തിലേക്കുള്ള ചുവടുവെപ്പായിരിക്കട്ടെ.

No comments: