Monday, February 15, 2010

സബാഷ് ഷാരൂഘു്

മുംബൈ എന്നാല്‍ ബാല്‍താക്കറെയാണ്. അയാളുടെ 'തീ'വായ്ക്ക് എതിര്‍വായില്ല. ഈ മിഥ്യയാണ് കഴിഞ്ഞ വെള്ളിയാഴ്ച മണ്‍പരിശായത്. ഷാറൂഖ് ഖാന്‍ അഭിനയിച്ച 'മൈ  നെയിം ഈസ് ഖാന്‍' എന്ന പടം റിലീസ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നായിരുന്നു താക്കറെയുടെ ശിവസൈനിക ഭീഷണി. ഐ.പി.എല്ലില്‍ പാക് ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കുന്നതിനനുകൂലമായി അഭിപ്രായപ്രകടനം നടത്തിയതായിരുന്നു ഷാറൂഖ് ഖാന്റെ കുറ്റം. ഇതിന് മാപ്പുപറയണമെന്ന താക്കറെയുടെ ആവശ്യം ഷാറൂഖ് ഖാന്‍ നിരസിച്ചു. മഹാരാഷ്ട്ര പൊലീസും സര്‍ക്കാറും സംരക്ഷണം ഉറപ്പുനല്‍കിയിട്ടും വ്യാഴാഴ്ചവരെ തിയറ്റര്‍ ഉടമകള്‍ പടം റിലീസ് ചെയ്യുന്നതിന് മടിച്ചുനില്‍ക്കുകയായിരുന്നു. വിദേശത്തുള്ള ഖാനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മര്‍ദം ചെലുത്തിനോക്കിയെങ്കിലും അദ്ദേഹം നിലപാടില്‍നിന്ന് ഒട്ടും പിന്മാറിയില്ല. വെള്ളിയാഴ്ച തിയറ്ററുകളിലേക്കൊഴുകിയ സിനിമാതാരങ്ങളും മന്ത്രിമാരുമടക്കമുള്ള ജനവും ഖാന് പിന്തുണ നല്‍കി. ജനങ്ങളുടെയും സര്‍ക്കാറിന്റെയും ഇച്ഛാശക്തി പ്രവര്‍ത്തിച്ചതോടെ താക്കറെ എന്ന കാര്‍ട്ടൂണിസ്റ്റ് കടുവ വെറും കടലാസുപുലിയാണെന്ന് തെളിഞ്ഞു. ജനം ഈ 'സൈനിക ജനറലി'നെ പരിഹാസ്യമായ കാരിക്കേച്ചറാക്കി മാറ്റി. അത് സാധ്യമാക്കിയത് ഷാറൂഖ് എന്ന കലാകാരന്റെ ഉറച്ചനിലപാടാണ്. താന്‍ ഭീകരവാദിയല്ലെന്ന് യു.എസ് പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മുസ്ലിം നാമധാരിയുടെ കഥപറയുന്ന പടത്തിന്റെ സ്പിരിറ്റിനോട് ഇതിലൂടെ അദ്ദേഹം നീതിപാലിച്ചു. സഞ്ജയ് ദത്തിനെയും അമിതാഭ് ബച്ചനെയും പോലെ സ്വന്തം കലയുടെ കൂട്ടിക്കൊടുപ്പുകാരനായി അദ്ദേഹം അധഃപതിച്ചില്ല. മൈക്കിള്‍ മൂറും ഹരോള്‍ഡ്പിന്റും മല്ലിക സാരാഭായിയും മറ്റും ചൊരിഞ്ഞ പ്രതിബദ്ധതയുടെ താരപ്രഭയെ ജ്വലിപ്പിച്ചുകൊണ്ട് കലയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ച ഖാന്‍ മുംബൈ നഗരിയുടെ നെറ്റിയില്‍ അബദ്ധത്തില്‍ പതിഞ്ഞുപോയ ഒരു കളങ്കക്കുറിയാണ് തുടച്ചുകളഞ്ഞിരിക്കുന്നത്.

No comments: