Tuesday, February 16, 2010

ഈഴവ ബാങ്കിങ്ങില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങിലേക്ക്

ഇസ്ലാമിക് ബാങ്കിങ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. കഥയറിയാതെയും 'കഥയറിഞ്ഞും' ചിലര്‍ ഇതിനെതിരെ അര്‍ഥശൂന്യവും അടിസ്ഥാനരഹിതവുമായ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. സാമൂഹികപുരോഗതി ലക്ഷ്യമാക്കിയ സമ്പദ്വ്യവസ്ഥയും ബാങ്കിങ്ങും ഇസ്ലാമികസമൂഹത്തില്‍ മാത്രമല്ല, മറ്റ് സമൂഹത്തിലുമുണ്ടായിരുന്നു. കേരളത്തില്‍, പഴയ തിരുവിതാംകൂറില്‍ നിലനിന്ന 'ഈഴവബാങ്ക്' ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

മുന്നില്‍ 'ഇസ്ലാം' ഉള്ളതുകൊണ്ട് ചില കേന്ദ്രങ്ങള്‍ ബാങ്കിനെതിരെ കലിതുള്ളുന്നുണ്ടല്ലോ. ബാങ്കുവിളിയോടുള്ള അലര്‍ജിതന്നെയാണ് ഇക്കൂട്ടര്‍ക്ക് ബാങ്കിടപാടിനോടും. 1930കളില്‍ നിലവിലിരുന്ന ഈഴവ ബാങ്കിനോടും ഈ വിരോധം (ഈഴവ വിരോധം) ഉണ്ടായിരുന്നു. 1930 ജനുവരിയിലെ 'വിവേകോദയം' മാസികയില്‍ (പുസ്തകം 20, ലക്കം: 5) വന്ന ഈഴവ ബാങ്കിനെപ്പറ്റിയുള്ള പരസ്യം ഒരു ചരിത്രരേഖയാണ്. ഇതുകൂടാതെ, ബംഗളൂരുവിലെ ഈഴവര്‍ 'ശ്രീനാരായണഗുരു ബാങ്ക്' എന്ന സ്ഥാപനം നടത്തിയിരുന്നു. (നെഹ്റു മെമോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ന്യൂദല്‍ഹി, രേഖകള്‍, ലിസ്റ്റ് 175, ഫയല്‍ നമ്പര്‍ 75) ഇന്നത്തെ 'യുഗപുരുഷ'നോടുള്ള ചില കേന്ദ്രങ്ങളുടെ അലര്‍ജി അന്നുമുണ്ടായിരുന്നു. അതേസമയം, 'കാത്തലിക് സിറിയന്‍ബാങ്കിനോടും ധനലക്ഷ്മിയോടും അലര്‍ജി കാണുന്നുമില്ല. കാത്തലിക് എന്നാല്‍ 'സാര്‍വലൌകികം' എന്നാണര്‍ഥം എന്നതുകൊണ്ടാവാം അങ്ങനെയായത്. അതിനെക്കാള്‍ സാര്‍വലൌകികം തന്നെയാണ് ഇസ്ലാമും ശ്രീനാരായണ സന്ദേശവും അത് മുറുകെ പിടിക്കുന്ന ഈഴവരുടെ കാഴ്ചപ്പാടും.
പലിശ ഒഴിവാക്കി സമ്പാദ്യം സാമൂഹികക്ഷേമത്തിനും മാറ്റത്തിനും എങ്ങനെ വിനിയോഗിക്കാമെന്നതിന്റെ ഉത്തമവും ഉദാത്തവുമായ ഉദാഹരണമാണ് ഇസ്ലാമിക് ബാങ്കിങ്. പലിശയും കടക്കെണിയും ലോകത്തെ ഗ്രസിക്കുമ്പോള്‍ ഒരു ബദല്‍ അനിവാര്യമായിരിക്കുന്നു. ഒരു പ്രത്യേക മതത്തെ പ്രോല്‍സാഹിപ്പിക്കുന്നുഎന്നു പറഞ്ഞ് കോടതിയെ സമീപിച്ചവരുടെ മനോനില പഠനാര്‍ഹമാണ്. ഇസ്ലാമിക ലോകത്തുള്ള ബാങ്കിങ്ങിനെ മതത്തിന്റെ പേരില്‍ എതിര്‍ക്കുന്നവര്‍ ക്രൈസ്തവലോകത്തെ ശാസ്ത്രജ്ഞര്‍ സംഭാവന നല്‍കിയവയെല്ലാം ഉപേക്ഷിക്കുമോ? ആവിയന്ത്രം മുതല്‍ ബി.ടി വഴുതന വരെയുള്ള കണ്ടുപിടിത്തങ്ങള്‍ മതത്തിന്റെ പേരില്‍ പാടില്ല എന്നുപറയാന്‍ സുബ്രഹ്മണ്യംസ്വാമി കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. കോടതിയില്‍നിന്ന് മടങ്ങുമ്പോള്‍ കാറിലോ, ട്രെയിനിലോ, വിമാനത്തിലോ കയറരുത്, അവ 'ക്രൈസ്തവമാണ്'. പുഷ്പക വിമാനമാകാം. അതാകട്ടെ രാവണപക്ഷത്തുമാണ്. ശൂര്‍പണഖ എയര്‍ഹോസ്റ്റസായി വരാനുള്ള സാധ്യതയുമുണ്ട്.

ഇസ്ലാമികബാങ്കിന്റെ ഗുണങ്ങള്‍ കേരളീയസമൂഹത്തിന് പ്രാപ്യമാക്കാന്‍ കഴിയുന്നത് വലിയൊരു നേട്ടം തന്നെയായിരിക്കും. പലിശക്കുപകരം ലാഭത്തിലും നഷ്ടത്തിലും തുല്യപങ്കാളിത്തമെന്ന ആശയമാണ് ഇസ്ലാമിക്ബാങ്കിങ്ങില്‍ ഉള്ളത്. നിലവിലുള്ള ബാങ്കിങ് രീതിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഇന്നത്തെ കണക്കുപ്രകാരം എട്ടു ശതമാനം പലിശ ലഭിക്കും. എന്നാല്‍, ഇസ്ലാമിക്ബാങ്കില്‍ നിശ്ചിതവരുമാനം ഉറപ്പാക്കുന്നില്ല. വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുന്ന പണംമൂലമുണ്ടാകുന്ന ലാഭത്തിന്റെ വിഹിതം നിക്ഷേപകന് ലഭിക്കുന്നു. ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. നഷ്ടവും സംഭവിക്കാം. പലിശയിലധിഷ്ഠിതമായ ക്രയവിക്രയം ഒഴികെ മറ്റെല്ലാ സേവനങ്ങളും ഇസ്ലാമിക്ബാങ്കിങ്ങില്‍ ലഭ്യമാണ്.
ഹിന്ദുസ്ഥാന്‍ എന്നാല്‍ മതപരമായി  ഹിന്ദുക്കളുടെ രാജ്യമാണിതെന്ന് കരുതുന്നതുപോലുള്ള തെറ്റിദ്ധാരണയാണ് ഇസ്ലാമിക് ബാങ്കിനെപ്പറ്റിയുമുള്ളത്. 'ഹിന്ദു എന്ന പദം മതത്തെയല്ല, സിന്ധു നദീതട ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. റോമാക്കാര്‍, ചൈനക്കാര്‍, റഷ്യക്കാര്‍ എന്നതുപോലെ ഇന്ത്യക്കാര്‍ എന്നേ അര്‍ഥമുള്ളൂ. ഇന്ത്യന്‍സംസ്കാരവുമായി ബന്ധപ്പെട്ടത് ഹൈന്ദവ് (സൈന്ധവം) എന്നുപറയുന്നതുപോലെ തന്നെയാണ് ഇസ്ലാമിക സംസ്കാരത്തില്‍ രൂപംകൊണ്ട ബാങ്കിങ്ങിനെയും ചരിത്രപരമായി കാണേണ്ടത്. ചീനവലയും ചീനച്ചട്ടിയും ചീനക്കടയും (ചിന്നക്കട) ബുദ്ധമതക്കാരായ ചൈനാക്കാരില്‍ നിന്ന് സ്വീകരിച്ചതുപോലെ ഒരു അറബിക് സമ്പദ്ഘടനയുടെ ഭാഗം സ്വീകരിക്കുന്നു എന്നേയുള്ളൂ? ജപ്പാന്‍ കുടിവെള്ളമാകാമെങ്കില്‍ ഇസ്ലാമിക് (അറബിക്)ബാങ്കിങ്ങുമാകാം എന്ന് സാരം. ജപ്പാന്‍ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട ജപ്പാന്റെ സ്ഥാപനങ്ങളില്‍ പലതും നടത്തുന്നത് ബുദ്ധമതക്കാരാണ്. വെറും ബുദ്ധമതക്കാരുമല്ല, 'ജിഹാദി ബുദ്ധന്റെ' അനുയായികളുമാണ്. അനീതിക്കെതിരെ വാളെടുത്ത ബുദ്ധന്റെ ചരിത്രമുള്ള കൃതികള്‍ ഇന്ത്യയില്‍ മുഴുവനായി കത്തിച്ചുകളഞ്ഞപ്പോള്‍ അത് അവശേഷിക്കുന്നത് ജപ്പാനില്‍ മാത്രമാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ പോകുന്നതേയുള്ളൂ. ബുദ്ധമതം ശക്തമായി നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം മാര്‍ഷ്യല്‍ ആര്‍ട്ട് എന്നു വിളിക്കുന്ന കായികാഭ്യാസ പ്രതിരോധമുറകള്‍ കാണുന്നത് അതുകൊണ്ടാണ്. ബ്രൂസ്ലിയിലും മറ്റും പ്രകടമാകുന്നത് ഇന്ത്യയില്‍ തകര്‍ത്തുകളഞ്ഞ ജനകീയ പ്രതിരോധ മാര്‍ഗങ്ങളായ കരാത്തേയും കുങ്ഫൂവും മറ്റുമാണ്. കേരളത്തിലെ കളരിപ്പയറ്റ് ഉള്‍പ്പെടെ. 'ഇസ്ലാം' എന്ന പദത്തിനോടുള്ള അലര്‍ജിക്ക് വേറെ ചികില്‍സയില്ലെന്നു പറയാനാണ് ഇത്രയും പറഞ്ഞത്.
ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പായ രാജ്യങ്ങളിലെല്ലാം പകുതിയിലധികം ഇടപാടുകാര്‍ മുസ്ലിംകളല്ല. അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ ഈ സമ്പ്രദായം വന്നുകഴിഞ്ഞു. ചൈനയും സിംഗപ്പൂരും ഇതിന്റെ കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലുമാണ്. പലിശനിരക്കിനേക്കാള്‍ കൂടുതലാണ് ഇവ നല്‍കിവരുന്ന ലാഭവിഹിതം എന്നത് ശ്രദ്ധേയമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍ നല്ലൊരുഭാഗം അമുസ്ലിംകളാണെന്നതും പ്രധാനപ്പെട്ട കാര്യമാണ്.
ഈഴവ ബാങ്കിന്റെ പരസ്യത്തില്‍ കാണുന്ന വാചകത്തില്‍ പലിശയെപ്പറ്റി പറഞ്ഞു കാണുന്നില്ല. പകരം 'ഓഹരി ആദായം വീതിക്കാമെന്നാശിക്കുന്നു' എന്നാണ് കാണുന്നത്. ഇത് പലിശരഹിതമാണോ എന്നത് കൂടുതല്‍ പഠനത്തിലേ കണ്ടെത്താനാവൂ. ഏതായാലും ഈഴവ ബാങ്കിങ്ങിന്റെ നാട്ടില്‍ ഇസ്ലാമിക് ബാങ്കിങ്ങിന് ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ അടിത്തറയുണ്ട്. പള്ളിയും വാവരും അയ്യപ്പനും യേശുദാസും സംഗമിക്കുന്ന ഈ മണ്ണില്‍ പള്ളിപ്പണം (പലിശരഹിത ഇസ്ലാമിക പണം) നിഷിദ്ധമല്ല. ഇന്നത്തെ മലയാളികളുടെ പൂര്‍വികരുടെ മതപരവും സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രങ്ങളായിരുന്നു ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികള്‍. ബൌദ്ധ സംസ്കാരം തകര്‍ക്കപ്പെട്ടതോടെ അടിമകളാക്കപ്പെട്ട നമ്മുടെ പൂര്‍വികര്‍ ക്രിസ്തുമതത്തിലൂടെയും ഇസ്ലാമിലൂടെയും മോചിതരായി. മസ്ജിദും ചര്‍ച്ചും മാറ്റിവെച്ച് രണ്ടു കൂട്ടരും 'പള്ളി'യെ ദേവാലയമാക്കി. ആ 'പള്ളിപ്പണം' തന്നെയാണ് കാത്തലിക് ബാങ്കായാലും ഇസ്ലാമിക് ബാങ്കായാലും നാം കൈകാര്യം ചെയ്യുന്നത്. പണമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി!

ഡോ. എം.എസ്. ജയപ്രകാശ്

No comments: