Wednesday, February 17, 2010

ഗുരുതരമാവുന്ന നക്സല്‍ തീവ്രവാദം

നക്സല്‍ വേട്ടക്കായി പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ല സില്‍ദയില്‍ സ്ഥാപിച്ച ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സിന്റെ ക്യാമ്പിനുനേരെ ആക്രമണം നടത്തിയ കമ്യൂണിസ്റ്റ് തീവ്രവാദികള്‍ 24 സൈനികരെ വധിച്ചതായ വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം 25 ബൈക്കുകളിലായെത്തിയ അമ്പതോളം നക്സലൈറ്റുകള്‍ ആധുനികായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടതായാണ് പ്രാഥമികവിവരം. ഇരുപതോളം ജവാന്മാരെ കാണാതായിട്ടുണ്ട്. അപ്രതീക്ഷിതാക്രമണത്തെ നേരിടാന്‍ സൈനികര്‍ സുസജ്ജരായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ 'ഓപറേഷന്‍ ഗ്രീന്‍ ഹണ്ട്' എന്നു പേരിട്ട നക്സല്‍വേട്ടക്കുള്ള മറുപടിയാണിതെന്ന് കമ്യൂണിസ്റ്റ് തീവ്രവാദി നേതാവ് കിഷന്‍ജി പറഞ്ഞതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്ക് എന്ന് സംശയിക്കാനില്ല. ആക്രമണത്തില്‍ 35 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എ.കെ 47, എസ്.എന്‍.ആര്‍ മോര്‍ട്ടാറുകള്‍ തുടങ്ങിയ ആധുനിക ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും നക്സല്‍ നേതാവ് അവകാശപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആക്രമണം നിറുത്താത്തപക്ഷം തങ്ങളും തിരിച്ചടിക്കുമെന്ന ഭീഷണിയും കിഷന്‍ജി മുഴക്കി. മാര്‍ച്ച് ആദ്യവാരത്തോടെ ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് വിപുലമാക്കാനാണ് മന്ത്രി ചിദംബരത്തിന്റെ പദ്ധതി. പശ്ചിമബംഗാള്‍, ഒറീസ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളടങ്ങുന്ന കിഴക്കന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകരവാദികള്‍ക്കെതിരായ സൈനിക നടപടികള്‍ സമഗ്രവും ഊര്‍ജിതവുമാക്കാനുള്ള പരിപാടി കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ ഈയിടെ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, ഏതൊരു നടപടിയെയും നേരിടാന്‍ മാത്രം തങ്ങള്‍ കരുത്തരും സുസജ്ജരുമാണെന്ന സന്ദേശമാണ് സില്‍ദ സൈനികക്യാമ്പിനുനേരെ നടത്തിയ സായുധാക്രമണത്തിലൂടെ നക്സലുകള്‍ നല്‍കിയിരിക്കുന്നത്. അതര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വെല്ലുവിളിയെ നേരിടാന്‍ നമ്മുടെ സുരക്ഷാസേന സുസജ്ജമാണോ എന്ന ചോദ്യമാണ് സ്വാഭാവികമായും സംഭവം ഉയര്‍ത്തുന്നത്.

രാജ്യം നേരിടുന്ന ഒന്നാം നമ്പര്‍ ഭീഷണി നക്സലിസമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ആദിവാസികളെയും പ്രാന്തവത്കൃത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ആയുധപരിശീലനം നല്‍കി, അവര്‍ നിവസിക്കുന്ന മേഖലകളെ ദുര്‍ബലരായ സുരക്ഷാസൈനികരുടെയും പ്രാദേശിക ഭരണാധികാരികളുടെയും നിയന്ത്രണത്തില്‍നിന്ന് 'മോചിപ്പി'ക്കുകയും അപ്രകാരം 'മോചിതമായ' പ്രദേശങ്ങളില്‍ 'സ്വയംഭരണം' നടപ്പാക്കുകയുമാണ് നക്സലൈറ്റുകള്‍ അഥവാ മാവോയിസ്റ്റുകള്‍ അഥവാ കമ്യൂണിസ്റ്റ് തീവ്രവാദികള്‍ അവലംബിച്ചിരിക്കുന്ന സാമാന്യശൈലി. ആന്ധ്ര, ഒറീസ, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഒട്ടേറെ ജില്ലകള്‍ ഇപ്രകാരം നക്സല്‍ നിയന്ത്രണത്തില്‍ വന്നിരിക്കുന്നു. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലവിലുണ്ടെന്നാണ് കണക്ക്. ഇന്ത്യ ഒരു വലിയ രാജ്യമായതുകൊണ്ട് ഈ ഭീഷണിയുടെ വ്യാപ്തി വേണ്ടയളവില്‍ അനുഭവപ്പെട്ടില്ലെന്ന് വരാം. പക്ഷേ, സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ പരാജയപ്പെടുത്തിക്കൊണ്ട് നക്സല്‍ ഭീഷണി അനുദിനം ശക്തിപ്പെട്ടുവരുകയാണെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. മൂന്ന് കാരണങ്ങളാലാണ് മുഖ്യമായും നക്സല്‍ വിപത്ത് ശക്തി പ്രാപിക്കുന്നത്. ഒന്ന്, ആദിവാസികളുടെയും ഭൂരഹിതരുടെയും മറ്റു പീഡിത വിഭാഗങ്ങളുടെയും പ്രാഥമിക ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സ്വാതന്ത്യ്രാനന്തര ഇന്ത്യ ഭരിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ദയനീയമായ പരാജയം. ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും അഴിമതിയുമാണ് പരാജയത്തിന് പിന്നില്‍. ഇക്കാര്യത്തില്‍ ഇടത്^വലത് സര്‍ക്കാറുകള്‍ക്കിടയില്‍ വ്യത്യാസമൊന്നും ചൂണ്ടിക്കാട്ടാനില്ല. പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാറിന്റെ മൂന്നരപതിറ്റാണ്ട് നീണ്ട ഭരണത്തിന്റെ അപചയമാണല്ലോ ആ സംസ്ഥാനത്ത് നക്സല്‍ ഭീഷണി ഏറ്റവും ഗുരുതരമാവാന്‍ കാരണം. ജീവിതത്തിന്റെ താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് ഭൂമിയോ തൊഴിലോ ഉപജീവനമാര്‍ഗമോ ഉറപ്പാക്കാന്‍ കഴിയാതിരിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമാസക്തരായിത്തീരുന്നു. അവരെ സംഘടിപ്പിക്കാന്‍ ഹിംസയെ ദര്‍ശനമാക്കി മാറ്റിയവര്‍ ആസൂത്രിതമായി രംഗത്തിറങ്ങുന്നതോടെ പ്രശ്നം ഗുരുതരവും സങ്കീര്‍ണവുമായിത്തീരുന്നതാണ് നക്സല്‍ പ്രശ്നത്തിന്റെ മര്‍മം.

രണ്ടാമതായി സൈനിക നടപടികളിലെ പാളിച്ചകളാണ്. ഇത്തരം ഭീഷണികളുടെ സ്വഭാവവും സങ്കീര്‍ണതയും വേണ്ടയളവില്‍ മനസ്സിലാക്കി കുറ്റമറ്റ രീതിയില്‍ അതിനെ നേരിടുന്നതില്‍ നമ്മുടെ സുരക്ഷാസേനക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ല. അതിനാവശ്യമായ സജ്ജീകരണങ്ങളും അവര്‍ക്കില്ലെന്നാണ് സംഭവങ്ങള്‍ ഓരോന്നും തെളിയിക്കുന്നത്. ചിദംബരത്തിന്റെ ഗ്രീന്‍ ഹണ്ടും പുനഃപരിശോധന ആവശ്യപ്പെടുന്നുവെന്നാണ് സില്‍ദ സൈനിക ക്യാമ്പിന് നേരെയുള്ള സഫലമായ ആക്രമണം നല്‍കുന്ന സൂചന.

മൂന്നാമതായി മാവോയിസ്റ്റുകള്‍ക്ക് അയല്‍നാടുകളില്‍നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവുമാണ്. നേപ്പാളിലെ രാജവാഴ്ച അവസാനിപ്പിക്കുന്നതില്‍ വിജയിച്ച മാവോയിസ്റ്റ് പാര്‍ട്ടി ആ രാജ്യത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയപ്രസ്ഥാനമാണ്. തൊട്ടടുത്ത രാജ്യമായ ചൈനയുടെ അനൌദ്യോഗികമെങ്കിലുമായ സഹായം ഇന്ത്യയിലെയും നേപ്പാളിലെയും മാവോയിസ്റ്റുകള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഒട്ടും നിരാകരിച്ചുകൂടാ. ഇന്ത്യക്കാകട്ടെ ഇതേപ്പറ്റി വിവരങ്ങള്‍ ലഭിച്ചാലും രാഷ്ട്രീയമായ കാരണങ്ങളാല്‍ മിണ്ടാന്‍ വയ്യ. കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചും അതിന് പാകിസ്താനില്‍നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും മാത്രമേ നമുക്ക് ഉറക്കെ പറയാനും പ്രതിഷേധമറിയിക്കാനും നിര്‍വാഹമുള്ളൂ. ഈ നിസ്സഹായത മാവോയിസ്റ്റുകള്‍ക്ക് പ്രോല്‍സാഹനമാവുന്നു.

പക്ഷേ, കാരണങ്ങള്‍ കണ്ടെത്തി ഫലപ്രദമായ പ്രതിവിധി കണ്ടില്ലെങ്കില്‍ നക്സലിസം രാജ്യത്തിന് തീരാതലവേദനയായി മാറും. നമ്മുടെ സൈനികച്ചെലവുകള്‍ ഇനിയും വര്‍ധിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത് വിഷയത്തിന്റെ എല്ലാവശങ്ങളും വിലയിരുത്തിയാവണം. സൈനികനടപടിയേക്കാള്‍ പ്രധാനം രാഷ്ട്രീയ പരിഹാരമാണ്. മനുഷ്യത്വരഹിതമായ ചെയ്തികളെന്ന് ആരോപിച്ചാണ് ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെ നക്സലുകള്‍ തോക്കെടുത്തത്. അടിച്ചമര്‍ത്തല്‍ നടപടി നിറുത്തിവെച്ചാല്‍ സംഭാഷണങ്ങള്‍ക്ക് തയാറാണെന്നും കിഷന്‍ജി പറയുന്നു. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കണം. സൈനിക നടപടികള്‍ മനുഷ്യാവകാശലംഘനമായി പരിണമിക്കുന്നു എന്ന പരാതി വ്യാപകമാണ്. അത് കൂടുതല്‍ ചെറുത്തുനില്‍പ്പും വാശിയും പ്രതികാരബുദ്ധിയുമാണ് ക്ഷണിച്ചുവരുത്തുക. വൈദേശികാക്രമണത്തെയും ആഭ്യന്തരഭീഷണികളെയും തുല്യമായി കാണരുത്. ഏതുനിലക്കും നക്സല്‍ വിപത്തിനെ എത്രയും വേഗം ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഢ്യം ഗവണ്‍മെന്റിനും അതോട് സഹകരിക്കാനുള്ള സന്മനസ്സ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ടാവേണ്ടത് അടിയന്തരാവശ്യമാണ്.

No comments: