Thursday, February 18, 2010

ഏകീകൃത സിലബസും പരീക്ഷയും

അടുത്ത അധ്യയനവര്‍ഷം മുതല്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ ശാസ്ത്ര, ഗണിതവിഷയങ്ങള്‍ക്ക് ഏകീകൃത സിലബസ് കൊണ്ടുവരാനുള്ള തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടും. സി.ബി. എസ്.ഇക്കുപുറമെ ഐ.സി.എസ്.ഇ, എച്ച്.എസ്.സി തുടങ്ങി എല്ലാ സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡുകളും ഈ ഏകീകൃത സിലബസ് നടപ്പാക്കുക എന്നാണ് വിവിധ ബോര്‍ഡുകളുടെ സംയുക്ത വേദിയായ 'കോബ്സെ' എത്തിച്ചേര്‍ന്നിട്ടുള്ള ധാരണ. ഹയര്‍സെക്കന്‍ഡറിയിലെ ഈ മാനനീകരണത്തിന്റെ തുടര്‍ച്ചയായി 2013 മുതല്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് ഒറ്റ പ്രവേശപ്പരീക്ഷയാവും നടക്കുക. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഇതിനോട് യോജിച്ചുവെന്നാണ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചത്. ഇന്ത്യയിലെ 1,27,000 സീനിയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഇനി ഒരേ പ്ലസ്വണ്‍, പ്ലസ്ടു പാഠ്യപദ്ധതിയായിരിക്കും. കോമേഴ്സ്, മാനവിക വിഷയങ്ങളില്‍ ഇത് അല്‍പം വൈകുമെന്നുമാത്രം. സ്വന്തം കരിക്കുലം നിശ്ചയിക്കാന്‍ വിവിധ സംസ്ഥാന ബോര്‍ഡുകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്യ്രം ഇനിയങ്ങോട്ട് ഉണ്ടാവില്ല. പുതിയ കരിക്കുലം അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി തയാറാക്കും. രണ്ടു വര്‍ഷം കഴിഞ്ഞ് പ്രഫഷനല്‍ കോഴ്സ് പ്രവേശപ്പരീക്ഷകള്‍ ഏകീകരിക്കുന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റുകളും ഐ.ഐ.ടി, എന്‍.ഐ.ടി ടെസ്റ്റുകളും ഇല്ലാതാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെയായി നടത്തുന്ന പലതരം മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റുകളും ഇല്ലാതാകും.

ഏകീകരണംകൊണ്ട് പ്രയോജനങ്ങളുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പലതരം പാഠ്യപദ്ധതികള്‍ ഒന്നാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും നല്‍കാനാവുമെന്നും അത് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. വര്‍ഷം പകുതി ചെന്നാലും പാഠപുസ്തകം ലഭ്യമല്ലാത്ത അവസ്ഥ, ദേശീയതലത്തില്‍ നടക്കുന്ന വിദ്യാഭ്യാസ ക്രമത്തില്‍ ഉണ്ടാകില്ലെന്നാണല്ലോ കരുതേണ്ടത്. മന്ത്രി എടുത്തുപറയുന്ന ഒരു ഗുണം, വിദ്യാര്‍ഥികളിലെ കൊഴിഞ്ഞുപോക്കും തോല്‍വിയും മനഃസംഘര്‍ഷവും തടയാന്‍ ഇതുവഴി കഴിയും എന്നതാണ്. പാഠ്യപദ്ധതി ഏകീകരിച്ചതുകൊണ്ടുമാത്രം നടക്കുന്നതല്ല ഇത്. എല്ലാവര്‍ക്കും തുല്യ അവസരം എന്ന പ്രയോജനവും താനേ ഇതില്‍നിന്ന് സിദ്ധിക്കുന്നതല്ല. അതിന് ഭാവനാപൂര്‍ണമായ സമീപനങ്ങളും ശിക്ഷണരീതികളും വേണ്ടിവരും. ഐ.ഐ.ടികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും എല്ലാ വിദ്യാര്‍ഥികള്‍ക്കും ദേശീയാടിസ്ഥാനത്തില്‍ മല്‍സരിക്കാനാവുമെന്നത് പുതിയ രീതിയുടെ മെച്ചമാണ്. പക്ഷേ, ഇതും യാഥാര്‍ഥ്യമാകണമെങ്കില്‍ താഴെ തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് അധികസഹായം നല്‍കേണ്ടി വരും. മികച്ച പരിശീലന പരിപാടികള്‍ അവര്‍ക്കായി ഏര്‍പ്പെടുത്തണം. നഗരങ്ങളിലെ മേലാളരുടെ കുട്ടികളുമായി മല്‍സരിക്കുന്ന ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തിലെങ്കിലും താങ്ങ് ആവശ്യമായിവരും. ബിരുദതലത്തില്‍ പ്രവേശ പരീക്ഷ നടത്താനുള്ള നീക്കവും ശരിയായ രീതിയിലാണെങ്കില്‍ പ്രയോജനം ചെയ്യും. അഭിരുചിയും താല്‍പര്യവുമനുസരിച്ച് പ്രവേശം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അതുവഴി കഴിഞ്ഞേക്കും.

ഒറ്റനോട്ടത്തില്‍ ഗുണകരമെന്നു പറയാവുന്ന ഈ പരിഷ്കാരങ്ങള്‍ പൂര്‍ണമായി ഫലം ചെയ്യണമെങ്കില്‍ സമൂഹത്തിലെ തിരസ്കൃതരെയും അധഃസ്ഥിതരെയും കൂടി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം വേണ്ടതുണ്ട്. വിദ്യാഭ്യാസമടക്കമുള്ള സേവനമേഖലകളില്‍നിന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങുന്നത് വലിയ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗം സ്വകാര്യ വത്കരണത്തിന്റെ ഒഴുക്കിലാണിന്ന്. നിലവാരം കുറഞ്ഞ അധ്യയനവും കഴുത്തറപ്പന്‍ ഫീസും എന്നതാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളുടെയും രീതി. 2002ല്‍ മൊത്തം കോളജ് വിദ്യാര്‍ഥികളുടെ മൂന്നിലൊന്നായിരുന്നു സ്വകാര്യ സ്ഥാപനങ്ങളിലെങ്കില്‍ 2007ഓടെ അത് പകുതിയിലേറെയായി. പൊതു പ്രവേശപ്പരീക്ഷയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്വോട്ടയും അത് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലടക്കം നല്‍കുന്നുവെന്ന ഉറപ്പും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍, മന്ത്രി സിബല്‍ മാതൃകയായി കാണുന്ന യു.എസിലെ സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് എന്ന ഏകീകൃത പരീക്ഷ ആ നാട്ടില്‍ സാമൂഹിക അസമത്വം വളര്‍ത്തിയതായി ആരോപണമുണ്ട്. പ്രവേശ പരീക്ഷതന്നെ വലിയ വ്യവസായമാവുകയും പലതരത്തിലുള്ള കൈകടത്തലുകള്‍ക്ക് സാധ്യത വര്‍ധിക്കുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഇന്നുള്ള അവസരംവരെ നഷ്ടപ്പെട്ടെന്നുവരാം. വിവിധ സംസ്ഥാനങ്ങളിലെ സംവരണ ക്രമങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനും ദേശീയ പൊതുപരീക്ഷ ഉപകരണമായേക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. പുതിയ രീതിയുടെ ഗുണങ്ങളായി മന്ത്രി കപില്‍സിബല്‍ എണ്ണുന്ന സാമൂഹിക നീതി, വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കല്‍ എന്നിവ പൊതു പ്രവേശ പരീക്ഷയില്‍ നഷ്ടപ്പെടാനിടയാകരുത്.

പുതിയ പരിഷ്കാരങ്ങള്‍ക്കായി കര്‍മസമിതി രൂപവത്കരിക്കുമെന്നാണ് ഒരു പ്രഖ്യാപനം. ഒപ്പം, ഇവ നടപ്പാക്കുമ്പോള്‍ അനുബന്ധമായി നിലവില്‍ വന്നിരിക്കേണ്ട സാമൂഹികനീതി സംവിധാനങ്ങള്‍ക്കും വ്യവസ്ഥ ചെയ്യേണ്ടതുണ്ട്. തിടുക്കത്തില്‍ നടപ്പാക്കുന്നതിനുപകരം പൊതുസമൂഹത്തില്‍നിന്നുള്ള ക്രിയാത്മകമായ അഭിപ്രായ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതും ആവശ്യമാണ്. വിദ്യാഭ്യാസധാരയില്‍ എത്തിപ്പെട്ടവര്‍ക്കെന്നപോലെ അതില്‍പെടാതെ കൊഴിഞ്ഞുപോയവര്‍ക്കും വരേണ്യര്‍ക്ക് കിട്ടുന്ന അതേ അവസരം ലഭിക്കുമ്പോഴാണ് പരിഷ്കാരം പൂര്‍ണമായും ശരിയെന്ന് പറയാനാവുക. കാര്യക്ഷമതയെപ്പോലെ പ്രധാനമാണ് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും.

No comments: