Friday, February 12, 2010

കേരള താക്കറേമാര്‍ തിലകനെതിരെ

ശിവസേനയുടെ മുഖപത്രമാണ് 'സാമ്ന'. ബാല്‍താക്കറേ വിഷമൊഴുക്കുന്നത് 'സാമ്ന'യുടെ പംക്തികളിലാണ്. മഹാത്മഗാന്ധിയെപ്പോലെയും കരുണാനിധിയെപ്പോലെയും അദ്ദേഹം പത്രത്തിലൂടെ അണികളുമായി സംവദിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുകയും അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ പേരില്‍ പത്രത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ കഴിയുമോ എന്ന പരിശോധനയിലാണ് മഹാരാഷ്ട്ര ഗവണ്‍മെന്റ്. ബാര്‍ ഡാന്‍സര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് പ്രസിദ്ധനായ ആര്‍.ആര്‍ പാട്ടീലാണ് മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രി. വിഷലിപ്തമായ ലേഖനങ്ങളെ മുന്‍നിര്‍ത്തിയാണെങ്കില്‍പോലും പത്രം നിരോധിക്കുന്നതിന് പാട്ടീല്‍ ആരംഭിച്ചിരിക്കുന്ന ശ്രമം പ്രോത്സാഹനമര്‍ഹിക്കുന്നില്ല. അപരന്റെ ആവിഷ്കാരസ്വാതന്ത്യ്രം ഹനിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്യ്രം ഉപയോഗിച്ചാണ് താക്കറേമാര്‍ ജനാധിപത്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. അത്തരക്കാര്‍ക്കും പരിരക്ഷ നല്‍കുന്നതിനുള്ള ജാഗ്രതയും സന്നദ്ധതയുമാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. അതുകൊണ്ട് നിയമവിരുദ്ധമായ നിരോധനമല്ല, നിയമവിധേയമായ നിയന്ത്രണങ്ങളാണ് 'സാമ്ന'ക്കെതിരെ ഉണ്ടാകേണ്ടത്. സമാധാനത്തിന്റെയും സഭ്യതയുടെയും സാന്മാര്‍ഗികതയുടെയും താത്പര്യങ്ങള്‍ക്കുവേണ്ടി പത്രസ്വാതന്ത്യ്രത്തെ ന്യായമായ നിയന്ത്രണത്തിനു വിധേയമാക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനപ്പുറം ഒന്നും പാടില്ല. നിയന്ത്രണംപോലും പരിമിതമായ തോതിലേ ആകാവൂ എന്നുള്ളപ്പോള്‍ നിരോധനത്തെക്കുറിച്ച ചിന്ത ശരിയല്ല.
സാഹചര്യങ്ങള്‍ ഒത്തുവന്നിരുന്നെങ്കില്‍ ബാല്‍താക്കറേ ഇന്ത്യയിലെ അഡോള്‍ഫ് ഹിറ്റ്ലര്‍ ആകുമായിരുന്നു. ഹിറ്റ്ലറുടെ നാട്ടില്‍ അയാളുടെ കൃതികള്‍ക്ക് വിലക്കുണ്ട്. സാത്താന്റെ സുവിശേഷം എന്ന് വിശേഷിപ്പിക്കാവുന്ന 'മെയ്ന്‍ കാംഫ്' ആണ് ഹിറ്റ്ലറുടെ പ്രസിദ്ധമായ പുസ്തകം. എന്റെ പോരാട്ടം എന്നാണ് പേരിനര്‍ഥം. 1923ല്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഹിറ്റ്ലര്‍ ഗ്രന്ഥരചന ആരംഭിക്കുന്നത്. സാഹിത്യപരമോ ബുദ്ധിപരമോ മേന്മയേതും അവകാശപ്പെടാനില്ലെങ്കിലും നാത്സി മനസ്സിന്റെ പരിണാമമറിയുന്നതിന് പുസ്തകം സഹായകമാണ്. ജര്‍മനിയില്‍ ഗ്രന്ഥകാരന്റെ മരണശേഷം 70 വര്‍ഷമാണ് പകര്‍പ്പവകാശ കാലാവധി. ഇപ്പോള്‍ ബവേറിയന്‍ ഗവണ്‍മെന്റിനാണ് ഹിറ്റ്ലറുടെ പകര്‍പ്പവകാശമുള്ളത്. 2015ല്‍ അതവസാനിക്കും. 'മെയ്ന്‍ കാംഫ്' ജര്‍മനിയില്‍ വില്‍പനക്കെത്തുന്നത് എപ്രകാരം തടയാമെന്നതിനെക്കുറിച്ച് ആലോചന തുടങ്ങിക്കഴിഞ്ഞു. നിരോധത്തിനുപകരം വ്യാഖ്യാനസഹിതം ഔദ്യോഗികമായ ഒരു പതിപ്പ് നാത്സി കാലത്തെക്കുറിച്ചുള്ള പഠനസഹായി എന്ന നിലയില്‍ ഇറക്കണമെന്നതാണ് ഒരു നിര്‍ദേശം. ഫലപ്രദമാകാത്ത നിരോധനത്തേക്കാള്‍ ഇത്തരത്തിലുള്ള ക്രിയാത്മകമായ പ്രതിരോധമാണ് അഭികാമ്യം.
'സാമ്ന'ക്കെതിരായ നീക്കത്തെ സ്വതന്ത്രസമൂഹം ജാഗ്രതയോടെ വീക്ഷിക്കുമ്പോള്‍ ആ പരിഗണന തങ്ങള്‍ തെല്ലും അര്‍ഹിക്കുന്നില്ലെന്ന് ശിവസേന അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഷാറൂഖ് ഖാനെതിരെയുള്ള നീക്കം. ഖാന്റെ പുതിയ സിനിമയാണ് 'മൈ നെയിം ഈസ് ഖാന്‍'. സിനിമയെ സംബന്ധിച്ച് ഒരു ആക്ഷേപവും ഇല്ലെന്നിരിക്കേ ഷാറൂഖിനെതിരെയുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കുന്നതിന് കുല്‍സിതമായ ഈ പ്രവൃത്തി സ്വീകരിക്കരുതായിരുന്നു. ആയിരക്കണക്കിനാളുകളുടെ ഉപജീവനവും നൂറുകണക്കിനാളുകളുടെ ആവിഷ്കാരസ്വാതന്ത്യ്രവുമാണ് തടയപ്പെടുന്നത്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യ്രം ഉപയോഗിച്ച് സിനിമയുമായി ബന്ധമില്ലാത്ത കാര്യത്തില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചുവെന്നതാണ് ഷാറൂഖിനെതിരെ താക്കറേ ആരോപിക്കുന്ന കുറ്റം. ഐ.പി.എല്‍ ക്രിക്കറ്റ്ലേലത്തില്‍ പാക്കളിക്കാരെ തഴഞ്ഞതിനെക്കുറിച്ചായിരുന്നു ഷാറൂഖിന്റെ വിമര്‍ശം. മുംബൈ ഒരു ഇന്ത്യന്‍നഗരമാണെന്ന് പറഞ്ഞതിനു മുകേഷ് അംബാനിക്കെതിരെയും താക്കറേ കോപിച്ചു. ജയറാമിനെതിരെ തമിഴ്നാട്ടില്‍ രൂപപ്പെട്ടുവന്ന പ്രതിഷേധം ബന്ധപ്പെട്ടവരുടെ സംയമനം നിമിത്തവും മുഖ്യമന്ത്രി കരുണാനിധിയുടെ സമയോചിതമായ ഇടപെടല്‍ നിമിത്തവും ശക്തിപ്പെട്ടില്ല.
ആവിഷ്കാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്യ്രത്തെ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കേണ്ടവരാണ് കലാകാരന്മാര്‍. കേരളത്തില്‍ താക്കറേ ആകാന്‍ പ്രാപ്തിയില്ലാത്തവര്‍ ഒരു വൈകോ എങ്കിലും ആകാന്‍ ശ്രമിക്കുന്നു. ഭ്രഷ്ടിന്റെയും ഊരുവിലക്കിന്റെയും കഥകളാണ് മലയാളത്തിലെ സിനിമാരംഗത്തുനിന്ന് കേള്‍ക്കുന്നത്. വിനയന് ഭ്രഷ്ട്; വിനയനുമായി സഹകരിച്ചാല്‍ വിലക്ക്. 'അമ്മ' എന്ന പുണ്യം നിറഞ്ഞ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് മാതൃസഹജമല്ലാത്ത പലതും കാണേണ്ടിവരുന്നു. വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന താരസംഘടനയുടെ സമീപനം ശിവസേനയുടെ ജനാധിപത്യവിരുദ്ധമായ സമീപനത്തിനു സമമാണ്. അനഭിമതരാകുന്നവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്ന സംഘടന ആവിഷ്കാരസ്വാതന്ത്യ്രത്തിനുനേരേ ഭീഷണി ഉണ്ടാകുമ്പോള്‍ നിസ്സഹായതയോടെ നിശãബ്ദത പാലിക്കേണ്ടിവരും.
നടപടിദോഷത്തിന് നടനെതിരെ നടപടിയെടുക്കാന്‍ സംഘടനക്ക് അധികാരമുണ്ട്. പക്ഷേ, അത് ബാര്‍ കൌണ്‍സിലിന്റെ അധികാരത്തിനു തുല്യമല്ല. കോടതിയില്‍ ഹാജരായി കേസ് നടത്തുന്നതിനുള്ള അഭിഭാഷകന്റെ സനദ് ബാര്‍ കൌണ്‍സിലിനു റദ്ദാക്കാം. അതിനു സമാനമായ സ്റ്റാറ്റ്യൂട്ടറി അധികാരത്തോടെയല്ല പ്രഫഷണല്‍സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. 'അമ്മ'ക്ക് കൈനീട്ടം പിന്‍വലിക്കാം; തിലകന്റെ നടനജീവിതത്തിനു തിരശãീലയിടാനാവില്ല. സംഘടന ഇല്ലാതെയും വ്യക്തിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം.സര്‍ഗപരമായ പ്രവര്‍ത്തനം വ്യക്തിപരമാണ്. അതുകൊണ്ട് വിനയനെയോ തിലകനെയോ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ സംഘടന ശ്രമിക്കരുത്.
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതിനുപകരം കഴിയുന്നത്ര പുറന്തള്ളുന്നതിനുള്ള ശ്രമമാണ് എവിടെയും നടക്കുന്നത്. പത്രപ്രവര്‍ത്തനത്തിലും ഈ പ്രവണത പ്രത്യക്ഷമാകുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന് ലിബര്‍ഹാന്‍ കമീഷന്‍ ശിപാര്‍ശ ചെയ്തത് ഇതിന്റെ തുടക്കമാണ്. പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമാണെങ്കില്‍ ലൈസന്‍സ് പിന്‍വലിക്കുമ്പോള്‍ പ്രവര്‍ത്തനം അവസാനിക്കും. എത്ര പ്രഗല്ഭനായ പത്രപ്രവര്‍ത്തകനാണെങ്കിലും തിലകനെപ്പോലെ വീട്ടിലിരിക്കേണ്ടി വരും. ആശയങ്ങളുടെ തുറന്ന വിപണിയില്‍ ലൈസന്‍സികള്‍ക്കു മാത്രമായി വ്യാപാരം പരിമിതപ്പെടുത്താനാവില്ല. വര്‍ക്കിങ് ജേണലിസ്റ്റുകള്‍ക്കൊപ്പം ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ക്കും കാഷ്വലായി കടന്നുവരുന്നവര്‍ക്കും അവിടെ ഇടമുണ്ടാകണം.
ആവിഷ്കാരസ്വാതന്ത്യ്രത്തിന് ഭീഷണി എപ്പോഴും പുറമേ നിന്നാവണമെന്നില്ല. ഭീഷണി സഹപ്രവര്‍ത്തകരില്‍നിന്നാകുമ്പോള്‍ ആഘാതം വലുതാകും. ഷാറൂഖ് ഖാനെതിരെ ഉണ്ടായതുപോലെ ഒരവസ്ഥ കേരളത്തിലെ ഒരു നടനെതിരെ ഉണ്ടായാല്‍ അതിനെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിനുള്ള കരുത്ത് കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്. ആ പരിരക്ഷയില്‍ കഴിയുന്നവര്‍ പരസ്പരം വെട്ടിവീഴ്ത്താന്‍ ശ്രമിക്കരുത്. 'ക്രിസ്റ്റ്യന്‍ബ്രദേഴ്സി'ല്‍നിന്ന് തിലകനെ വെട്ടിയവര്‍ ആ പേരിനെതിരെ ഏതെങ്കിലും ക്രിസ്ത്യന്‍സംഘടനയോ മദ്യവര്‍ജനസമിതിയോ രംഗത്തെത്തിയാല്‍ എപ്രകാരം പ്രതികരിക്കും? ക്രൈസ്തവസഹോദരന്മാരെയല്ല, മദ്യത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിശദീകരിച്ചാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ മദ്യത്തിന്റെ പരസ്യം ഒരു മാധ്യമത്തിലും പാടില്ലെന്ന് നിയമമുണ്ട്. ഈ വൈതരണി മറികടക്കുന്നതിനുവേണ്ടിയാണ് മദ്യം ക്ലബ് സോഡയായി അവതരിക്കുന്നത്

1 comment:

Antony Philip said...

i will rate this as very good since the content almost touches a Variety of subjects ..i really aprraciate it...keep it up...