ഈയിടെ ഹെയ്തിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ തലസ്ഥാന നഗരിയായ പോര്‍ടോ പ്രിന്‍സ് പൂര്‍ണമായും ശവക്കൂനയായി മാറി. രണ്ടുലക്ഷത്തിലേറെ പേര്‍ മരിച്ചതായാണ് കണക്ക്. തൊണ്ണൂറുലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കൊച്ചുദ്വീപിലെ മൂന്നിലൊന്നുവരുന്ന മുപ്പതുലക്ഷവും ഭൂകമ്പത്തിന്റെ കൊടിയ കെടുതികള്‍ക്കിരയായി. ഭക്ഷണവും വസ്ത്രവും മരുന്നും പാര്‍പ്പിടവുമില്ലാതെ നരകിക്കുന്ന അവര്‍ക്ക് സഹായമെത്തിക്കാന്‍ ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ മുന്നോട്ടുവന്നു. ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായി രംഗത്തെത്തി. കൂട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പതിനായിരം പട്ടാളക്കാരെ ഹെയ്തിയിലേക്കയച്ചു. വെള്ളവും മരുന്നും എത്തിച്ചുകൊടുത്തു. എല്ലാവിധ ചികിത്സാസൌകര്യങ്ങളുമുള്ള കപ്പലും അവിടേക്കയച്ചു. എന്നാല്‍, ബറാക് ഒബാമയുടെ വളരെ സ്വാഭാവികമായ ഈ സമീപനത്തിനുനേരെ അമേരിക്കയുടെ അകത്തളങ്ങളില്‍ വളരെയേറെ സ്വാധീനമുള്ള മതകേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണം തീര്‍ത്തും വിചിത്രവും ക്രൂരവും പൈശാചികവുമത്രെ.
അറിയപ്പെടുന്ന യാഥാസ്ഥിതിക ക്രൈസ്തവ പ്രഭാഷകനാണ് റഷ്ലിംബോ. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ള വാരാന്ത്യ റേഡിയോ പ്രഭാഷകന്‍. അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ മൂന്നുശതമാനം ശ്രോതാക്കള്‍ കൂടുതലാണ്. അമേരിക്കയില്‍ യുദ്ധവിരുദ്ധ സമാധാനപ്രിയരുടെ കടുത്ത വിമര്‍ശകനായ റഷ്ലിംബോ അവരെ രൂക്ഷമായി പരിഹസിക്കുക പതിവാണ്. ഇറാഖിലെ കടന്നാക്രമണത്തെ എതിര്‍ത്തതിന് പ്രമുഖനടന്‍ മൈക്കല്‍ ജെഫോക്സിനെ 2006ല്‍ റഷ്ലിംബോ നിശിതമായി വിമര്‍ശിച്ചിരുന്നു. ഹെയ്തിയിലേക്ക് സഹായമെത്തിക്കാനുള്ള അമേരിക്കന്‍പ്രസിഡന്റിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ഈ ക്രൈസ്തവ മതമേധാവി അനുയായികളോട് ഒരു സെന്റ് പോലും സംഭാവന നല്‍കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഹെയ്തിയിലെ കറുത്തവര്‍ഗക്കാര്‍ സഹായം അര്‍ഹിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പ്രസിഡന്റ് ഹെയ്തിയെ സഹായിച്ചാല്‍ അത് അദ്ദേഹത്തെ സംബന്ധിച്ച മതിപ്പ് വര്‍ധിക്കുമെന്നും അവസാനവിശകലനത്തില്‍ അത് അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കാണ് ഗുണംചെയ്യുകയെന്നും അയാള്‍ നിരീക്ഷിക്കുന്നു. ഭാഗികമായോ പൂര്‍ണമായോ കറുത്തവര്‍ക്ക് ഗുണകരമായ ഒന്നും ചെയ്യരുതെന്നും റഷ്ലിംബോ ശഠിക്കുന്നു.
പാറ്റ്റോബിന്‍സണ്‍ അമേരിക്കയിലെ അറിയപ്പെടുന്ന മറ്റൊരു സുവിശേഷകനാണ്. അദ്ദേഹത്തിന്റെ വലതുപക്ഷ യാഥാസ്ഥിതിക ക്രൈസ്തവമുന്നണിയില്‍ പതിനേഴുലക്ഷം അംഗങ്ങളുണ്ട്. ഡിസ്നി ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് റോബിന്‍സണ്‍ പറഞ്ഞത് ഇരുനൂറു കൊല്ലംമുമ്പ് പിശാചുമായി സന്ധി ചെയ്തതിനാലാണ് ഹെയ്തി നിവാസികള്‍ ദുരന്തത്തിനിരയായതെന്നാണ്. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്കിന്റെ പരിപാടിയില്‍ പങ്കെടുത്ത് അയാള്‍ പറഞ്ഞു: 'ഹെയ്തിക്കാര്‍ ദുരന്തം ചോദിച്ചുവാങ്ങിയതാണ്. ഫ്രഞ്ച് ആധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ അവര്‍ പിശാചുമായി കരാറിലേര്‍പ്പെടുകയായിരുന്നുവത്രെ'. ഫ്രഞ്ചുകാരില്‍നിന്ന് ഞങ്ങളെ മോചിപ്പിച്ചാല്‍ ഞങ്ങള്‍ നിനക്കുകീഴ്പ്പെടാമെന്ന് അവര്‍ പിശാചുമായി സന്ധി ചെയ്തെന്നും അതിന്റെ ഫലമാണ് ഭൂകമ്പമെന്നും ഇദ്ദേഹം തറപ്പിച്ചു പറയുന്നു. അതുകൊണ്ടുതന്നെ ഹെയ്തി നിവാസികള്‍ സഹായം അര്‍ഹിക്കുന്നില്ലെന്ന് സൂചന.
ഹെയ്തിക്കാര്‍ വിവരം കെട്ടവരാണെന്നും അവരില്‍ പാതിയും നിരക്ഷരരും തൊഴില്‍രഹിതരുമാണെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഏകമാര്‍ഗം അവരെ അച്ചടക്കം പഠിപ്പിക്കലാണെന്നും ചാനലുകളുടെ ഇഷ്ടതാരം ഒറെയ്ലി അഭിപ്രായപ്പെടുന്നു. ഹെയ്തിയെ ബാധിച്ച ദുരന്തം ദൈവശിക്ഷയാണെന്ന് വിധിച്ച യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കള്‍ നിരവധിയത്രെ. ഹെയ്തിയെ പരാമര്‍ശിക്കുന്ന പല പ്രഭാഷകരും അന്നാട്ടുകാര്‍ കറുത്ത വര്‍ഗക്കാരാണെന്ന് പ്രത്യേകം സൂചിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാറില്ല. കറുത്തവര്‍ തങ്ങളെപ്പോലുള്ള മനുഷ്യരാണെന്ന് ഇപ്പോഴും തൊലി വെളുത്ത അമേരിക്കക്കാരില്‍ പലരും അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. വെള്ളക്കാരുടെ മനസ്സിന്റെ കറുപ്പ് ഹെയ്തി നിവാസികളുടെ തൊലിയുടേതിനെക്കാള്‍ എത്രയോ ഇരട്ടി കട്ടിയുള്ളതാണെന്നര്‍ഥം.
അമേരിക്കന്‍നയത്തെ പലപ്പോഴും സ്വാധീനിക്കാറുള്ളത് മനുഷ്യത്വത്തിന്റെ അംശലേശമില്ലാത്ത ഇത്തരം മത യാഥാസ്ഥിതിക ഇവാഞ്ചലിസ്റ്റുകളാണ്. പശ്ചിമേഷ്യാനയങ്ങളിലും യുദ്ധങ്ങളിലും വര്‍ണവെറിയന്മാരായ ഈ പ്രബോധകരുടെ പങ്ക് അനല്‍പമത്രെ. ഇറാഖ് ആക്രമിക്കുന്നതിനുമുമ്പ് താന്‍ ദൈവത്തോട് ഉപദേശം തേടിയെന്ന് അവകാശപ്പെടാന്‍ പ്രസിഡന്റ് ബുഷിനെ പ്രേരിപ്പിച്ചത് ഈ വിഭാഗമാണ്. പ്രശസ്ത എഴുത്തുകാരനായ ബോണ്ട് വുഡ്വാര്‍ഡിനോട് അന്ന് ബുഷ് പറഞ്ഞു: 'ദൈവത്തിന്റെ ഹിതം നടപ്പാക്കുന്ന ദൈവത്തിന്റെ സന്ദേശവാഹകനാണ് ഞാന്‍'.
അമേരിക്ക ഇറാഖിനെ ആക്രമിച്ച് നാലുമാസം കഴിഞ്ഞപ്പോള്‍ ഈജിപ്തിലെ ശറമുശൈãഖില്‍ ഇസ്രായേല്‍^ഫലസ്തീന്‍ ഉന്നതതല സമ്മേളനം നടന്നു. അന്നത്തെ സംഭാഷണവേളയില്‍ ബുഷ് പറഞ്ഞതായി ഫലസ്തീന്‍ വിദേശകാര്യമന്ത്രിയായിരുന്ന നബീല്‍ ഷാസ് അറിയിക്കുന്നു: 'ഞങ്ങളെല്ലാവരോടുമായി ബുഷ് പറഞ്ഞു: ഞാന്‍ ദൈവം നല്‍കിയ ഒരു ദൌത്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദൈവം എന്നോടു പറഞ്ഞു: ജോര്‍ജ്, നിങ്ങള്‍ പോയി ഇറാഖിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക. ഞാന്‍ അത് ചെയ്തു'.
അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ പ്രബോധകരില്‍ പ്രധാനിയാണ് മൈക്കല്‍ ഇവാന്‍സ്. അമേരിക്ക നടത്തുന്ന അധിനിവേശങ്ങളെ അദ്ദേഹം ക്രിസ്തുവിന്റെ നാമത്തില്‍ ആശീര്‍വദിക്കുന്നു. 2003ല്‍ അദ്ദേഹം എഴുതിയ Beyond Iraq Ancient prophecy and Modern day conspiracy collied എന്ന കൃതിയില്‍ ഒരു ആഗോള വിശുദ്ധയുദ്ധത്തിന്റെ രൂപത്തില്‍ അമേരിക്കന്‍മേധാവിത്വത്തിനുള്ള പദ്ധതി അവതരിപ്പിക്കുന്നു. ആ ദിവ്യദൌത്യത്തിലെ പ്രധാനനായകര്‍ അമേരിക്കന്‍ഭരണകൂടവും സൈന്യവും സി.ഐ.എയുമാണ്. ഈ നവയാഥാസ്ഥിതികശക്തികളുടെ പിന്തുണയാണ് ഇസ്ലാമികസമൂഹത്തിനെതിരായ അമേരിക്കന്‍ നയസമീപനങ്ങള്‍ക്ക് ശക്തി പകരുന്നത്.
മുസ്ലിംകള്‍ക്കെതിരെ സാമുവല്‍ ഹണ്ടിങ്ടണ്‍ തന്റെ 'നാഗരികതകളുടെ സംഘട്ടന'ത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലൊന്ന് ഹെയ്തി നിവാസികള്‍ക്കെതിരെ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സി.എന്‍.എന്‍ ചാനലില്‍ ആവര്‍ത്തിക്കുന്നു; 'ഇത്രയേറെ ആളുകള്‍ മരണപ്പെടാന്‍ പാകത്തില്‍ ഹെയ്തിയുടെ തലസ്ഥാനം പോര്‍ടോ പ്രിന്‍സ് ജനനിബിഡമാകാന്‍ കാരണം മിക്ക മൂന്നാംലോക രാജ്യങ്ങളെയും പോലെ ഹെയ്തിക്കാരും ജനനനിയന്ത്രണം സ്വീകരിക്കാത്തതാണ്'.
യഥാര്‍ഥത്തില്‍ അമേരിക്ക ഹെയ്തി നിവാസികള്‍ക്ക് എത്രകോടി ഡോളര്‍ നല്‍കിയാലും അവരോട് ചെയ്ത ക്രൂരതക്ക് പ്രായശ്ചിത്തമാവുകയില്ല. അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് അന്നാട്ടുകാരില്‍നിന്ന് രണ്ടായിരം കോടി ഡോളറെങ്കിലും തട്ടിയെടുത്തിട്ടുണ്ട്. എന്നിട്ടാണ് ഭൂകമ്പം കൊണ്ട് തകര്‍ന്നടിഞ്ഞ അവിടത്തെ ജനങ്ങള്‍ക്കുള്ള നിസ്സാരമായ സഹായങ്ങളെപ്പോലും എതിര്‍ക്കുന്നത്. അതും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍, കാരണം ഇതുമാത്രം. അവര്‍ തൊലി കറുത്തവരാണ്. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ പെറ്റുപെരുകുന്നവര്‍. തങ്ങളുടെ താല്‍പര്യത്തിനുവിരുദ്ധമായി സ്വാതന്ത്യ്രം ചോദിച്ചുവാങ്ങിയവര്‍.
Friday, February 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment