Monday, February 22, 2010

മൊസാദ് വലയിലാകുമോ?

മൊസാദ് തലവന്‍ മീര്‍ ദഗാന്‍ തങ്ങള്‍ക്ക് ഇത്രയും വലിയൊരു നാണക്കേട് ഉണ്ടാക്കുമെന്ന് ഇസ്രായേല്യര്‍ കരുതിക്കാണില്ല. തങ്ങള്‍ കരുതിയപോലെ ഇയാളൊരു ജയിംസ് ബോണ്ടല്ലെന്ന് ഇപ്പോഴാണവര്‍ക്ക് മനസ്സിലായത്. ദുബൈയില്‍ ഹമാസ് നേതാക്കളിലൊരാളായ മഹ്മൂദ് മബ്ഹൂഹിനെ കൊലചെയ്ത് തന്റെ 'കുട്ടികള്‍' തടിതപ്പിയപ്പോള്‍ ഒരു വീരസാഹസത്തിന്റെ ത്രില്ലടിച്ച് നില്‍ക്കുകയായിരുന്നു ദഗാനും യജമാനന്മാരും. ദുബൈ പോലുള്ള ചെറിയൊരു രാജ്യത്ത് ശത്രുഹത്യ നടത്തിയാല്‍ തിരിച്ചറിയപ്പെടില്ലെന്നായിരുന്നു മൊസാദ് കരുതിയിരുന്നത്. എന്നാല്‍, ഈ ചാരരാക്ഷസനെ കൊച്ചാക്കി ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന് ഹീറോ പരിവേഷം നേടിക്കൊടുക്കാനാണ് സംഭവം സഹായകമായത്. വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ കുറ്റവാളികളുടെ നീക്കങ്ങള്‍ മുഴുവന്‍ കാമറകള്‍ ഒപ്പിയെടുത്തത് ഇസ്രായേലിനെക്കാള്‍ വിനയായത് ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കായിരുന്നു. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു കുറ്റവാളികള്‍ ദുബൈയിലിറങ്ങിയത്. ബ്രിട്ടനിലിപ്പോള്‍ ഇതൊരു ചൂടുപിടിച്ച വിഷയമായിരിക്കുകയാണ്. പാസ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ വാദം. വ്യാജ പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിന് യൂറോപ്യന്‍ യൂനിയന്റെ പരിശീലനം ലഭിച്ചവരാണ് കുറ്റവാളികളുടെ പാസ്പോര്‍ട്ടുകള്‍ പരിശോധിച്ചതെന്നും അവ ഒറിജിനല്‍ പാസ്പോര്‍ട്ടുകള്‍ തന്നെയാണെന്നുമുള്ള ദുബൈ പൊലീസ് മേധാവിയുടെ പ്രസ്താവന ഈ വാദത്തെ ഖണ്ഡിക്കുന്നു. ഹോളോഗ്രാം ചിത്രങ്ങളും ബയോമെട്രിക് മുദ്രയുമുള്ളവയാണ് പാസ്പോര്‍ട്ടുകള്‍. അവ വ്യാജമായി നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ അവയുടെ പ്രസക്തി എന്താണെന്നാണ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്കിന്റെ ചോദ്യം.

ബ്രിട്ടീഷ് വിദേശ മന്ത്രാലയം ഇസ്രായേലി അംബാസഡര്‍ പ്രോസറെ വിളിച്ചുവരുത്തി വ്യാജ പാസ്പോര്‍ട്ട് നിര്‍മാണത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍മാരെ വിദേശ കാര്യാലയത്തിലേക്ക് വിളിച്ചുവരുത്തുമ്പോള്‍ പ്രതിഷേധമറിയിക്കുകയാണ് പതിവ്. ഇവിടെ അതുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ വിഷയം ഗൌരവമായാണ് ബ്രിട്ടന്‍ കാണുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇസ്രായേലി പങ്കാളിത്തം തെളിയുകയാണെങ്കില്‍ എന്ന ഉപാധി കൂടി അതിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാസ്പോര്‍ട്ടുകള്‍ ഒറിജിനലാണെന്ന ഖല്‍ഫാന്റെ പ്രസ്താവന^കുറ്റവാളികളുടെ റെറ്റിനല്‍ സ്കാനും ദുബൈ അധികൃതരുടെ വശമുണ്ട്^മുഖവിലക്കെടുക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍കൂടി അറിഞ്ഞുകൊണ്ട് തന്നെയാണ് സംഭവമെന്ന നിഗമനത്തിന് ശക്തി കൂടുകയാണ്. ഇപ്പോള്‍ നടക്കുന്നത് ഒരു നാടകമാവാനാണ് സാധ്യത. അംബാസഡര്‍മാരെ വിളിച്ചുവരുത്തിയ ബ്രിട്ടീഷ്^ഐറിഷ് സര്‍ക്കാറുകളുടെ നടപടികള്‍ പൊതുജനാഭിപ്രായത്തെ തണുപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാവാം. ഇസ്രായേലി അംബാസഡറെ തിരിച്ചയക്കണമെന്ന ആവശ്യം ശക്തിപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ബ്രൌണിന്റെ അന്വേഷണോത്തരവ്. ഇസ്രായേലിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ ഇതൊരു പ്രതിസന്ധിയായി മൂര്‍ച്ഛിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്; 'ഭീകര വിരുദ്ധ യുദ്ധം' യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ഇസ്രായേലിന്റെ കൂടി സഹകരണത്തോടു കൂടിയാകുമ്പോള്‍ വിശേഷിച്ചും. ദുബൈ കൊലപാതകത്തിന്റെ ഒളിമറ പൊളിഞ്ഞതുകൊണ്ടു മാത്രമാണ് ചെറിയ തോതിലെങ്കിലുമുള്ള കോലാഹലങ്ങള്‍ക്ക് അത് ഇടയാക്കിയത്. പതിവിന് വിരുദ്ധമായി ദുബൈ ഓപറേഷന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ നിഷേധിച്ചതും വെറുതെയല്ല.
ഇസ്രായേല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 1987ല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മൊസാദ് നടത്തിയ സമാനമായ ഓപറേഷനെ തുടര്‍ന്ന് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ 13 ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥന്മാരെ പുറത്താക്കുകയും മൊസാദ് ഓഫിസ് ബ്രിട്ടനില്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകൊടുത്ത ശേഷമാണ് ബ്രിട്ടനില്‍ അവര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. ബ്രൌണ്‍ സര്‍ക്കാര്‍ അത്തരമൊരു നടപടിക്ക് മടിച്ചുനില്‍ക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. സംഭവത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് ചില ഇസ്രായേലി വൃത്തങ്ങള്‍ വിശേഷിപ്പിച്ചതും ഇതോടു ചേര്‍ത്ത് വായിക്കണം. 1997ല്‍ അമ്മാനില്‍ മാരക വിഷം ചീറ്റി ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ വകവരുത്താന്‍ ശ്രമിച്ച മൊസാദ് ഏജന്റുമാര്‍ ന്യൂസിലന്‍ഡിന്റെയും കാനഡയുടെയും പാസ്പോര്‍ട്ടുകളാണ് ഉപയോഗിച്ചിരുന്നത്. രണ്ട് രാജ്യങ്ങളോടും പിന്നീട് ഇസ്രായേലിന് മാപ്പ് പറയേണ്ടിവന്നു. 

അന്യ പങ്കാളിത്തം അനാവൃതമാകാത്തപ്പോഴൊക്കെ ഇത്തരം ഓപറേഷനുകളെ തങ്ങളുടെ ഇന്റലിജന്‍സ് മിടുക്കായി ആഘോഷിക്കാറാണ് ഇസ്രായേലിന്റെ പതിവ്. യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയപ്പെട്ടതാണ് ഇത്തവണ ഈ 'മിടുക്കി'ല്‍നിന്ന് ഒളിച്ചോടാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. ദുബൈ ഓപറേഷന്‍ അടവുപരമായ വിജയമാണെങ്കിലും നയതന്ത്രപരമായ പരാജയമാണെന്ന് ഇസ്രായേല്‍ പത്രം 'മാരിയേവ്' അഭിപ്രായപ്പെട്ടത് അര്‍ഥവത്താണ്. ഉദ്ദിഷ്ടലക്ഷ്യം സാധിച്ചെങ്കിലും ഇങ്ങനെയൊരു പ്രത്യാഘാതം മൊസാദിന്റെ കണക്കുകൂട്ടലിനപ്പുറമായിരുന്നു. മൊസാദ് തലവന്‍ മീര്‍ ദഗാനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ആഘാതമാണ് ദുബൈ സംഭവം. ഏഴു വര്‍ഷം മുമ്പ് ദഗാന്‍ മൊസാദ് തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ഏല്‍പിക്കപ്പെട്ട പ്രധാന ദൌത്യം ആണവ ശക്തി ആര്‍ജിക്കുന്നതില്‍നിന്ന് ഇറാനെ തടയുക എന്നതായിരുന്നു. ഇസ്രായേലിന്റെ ചരടുവലികളൊന്നും ഈ വിഷയത്തില്‍ ഫലപ്രാപ്തിയിലെത്തിയില്ല. സമ്പൂര്‍ണ യുറേനിയം സമ്പുഷ്ടീകരണം കൈപ്പിടിയിലായിക്കഴിഞ്ഞുവെന്ന നെജാദിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ദുബൈയില്‍ മൊസാദിന്റെ തുണി അഴിഞ്ഞുവീഴുന്നത്.
മബ്ഹൂഹ് കൊലപാതകത്തില്‍ 'ഫതഹ്' ഗ്രൂപ്പിലെ രണ്ട് ഫലസ്തീനികള്‍ക്കു കൂടി പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വശം. 2007ല്‍ തങ്ങളെ ഉന്മൂലനം നടത്താനുള്ള ഫതഹ്^ഇസ്രായേല്‍ ഗൂഢാലോചന മണത്തറിഞ്ഞ ഹമാസ് ഗസ്സ കീഴടക്കിയപ്പോള്‍ അവിടംവിട്ട ഈ ഫലസ്തീനികളാണ് ദുബൈ ഓപറേഷന് ലൊജിസ്റ്റിക് സഹായം ചെയ്തുകൊടുത്തതെന്നാണ് ആരോപണം. ഫതഹ് പങ്കാളിത്തം മൂടിവെക്കാന്‍ ദുബൈയുടെ മേല്‍ വന്‍ സമ്മര്‍ദമുണ്ടായെന്ന് പറയപ്പെടുന്നു. 

ഫലസ്തീനികളുടെ അറസ്റ്റ് നടന്നത്  മബ്ഹൂഹ് വധത്തിന് മുമ്പാണെന്ന ദുബൈ പൊലീസിന്റെ പ്രസ്താവനയുടെ പശ്ചാത്തലം അതാണ്. ബാഹ്യ സമ്മര്‍ദങ്ങളെ അതിജയിച്ച് കേസ് ദുബൈ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. 2004ല്‍ ചെചന്‍ മുന്‍ പ്രസിഡന്റ് സലീം ഖാന്‍ ബാന്ദ്രയേവിനെ വധിച്ച റഷ്യന്‍ ഏജന്റുമാരെ ഖത്തര്‍ ഗവണ്‍മെന്റ് സമര്‍ഥമായി പിടികൂടി വിചാരണ ചെയ്ത് ശിക്ഷിച്ചെങ്കിലും ശിക്ഷ അനുഭവിക്കാന്‍ അവരെ റഷ്യക്ക് വിട്ടുകൊടുക്കുകയാണ് ഒടുവിലുണ്ടായത്. മബ്ഹൂഹ് പ്രതികളുടെ കാര്യത്തില്‍ ഇത്തരമൊരു വിപരിണാമമുണ്ടാകാതിരിക്കണമെങ്കില്‍ ദുബൈ ഗവണ്‍മെന്റിന് നല്ല ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടിവരും.

2 comments:

Unknown said...

സുധീറേ,
വായിക്കുനുണ്ട്.
രാഷ്ട്രീയമായതോണ്ട് ചിലപ്പോ അങ്ങ് കമന്‍റാതെ പോകും.
കൊള്ളാടോ

VINOD said...

sudheer, i think we should also write about many a thousand criminals from various parts of the world living in comfort in Dubai.
israel is rutheless in their political or miltary assasinations , and i think their people will only support these killings as the person who got killed is not some one who follows the method of peace. tomorrow if hamas kills isreali soldiers or mossad agents palestinians will support that. both are killing each other and trying to prove they are more rutheless than each other.

the whole west being supportive to israel i dont think anything will happen.
pleas also read about why the british government stopped enquiry of kick backs in BAE arms purchase deal to Saudi.
Also another intresting story to read is the arrest of ANEES IBRAHIM(BROTHER OF DAWOOD IBRAHIM) by dubai police( through interpol) and his travel within 2 hours to pakistan claming he is a pakistani national.
when you give asylum and support to violence you tend to get some returns to it. look at america being attacked for supporting israel.
as rightfully said by Gandhi and eye for an eye makes the whole world blind