പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന് ഭക്ഷ്യ വിലക്കയറ്റമാകുമെന്നിരിക്കെ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ അതിന് മുന്തിയ പരിഗണന നല്‍കിയത് സ്വാഭാവികമാണ്. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്ണമാക്കുന്നുണ്ടെന്ന് ഏറ്റുപറഞ്ഞ്, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തുമെന്ന് അറിയിച്ചിരിക്കുന്നു. ഇത് പ്രതിപക്ഷത്തെയും ജനങ്ങളെയും തല്ക്കാലം സമാധാനിപ്പിക്കാന്‍പോലും ഉതകുമോ എന്ന് സംശയമാണ്. പ്രശ്നപരിഹാരത്തിന് ഏതായാലും മതിയാകില്ല. ഭക്ഷ്യസുരക്ഷ ഇവിടെ ഇല്ലാത്തത് നിയമങ്ങളുടെ കുറവുകൊണ്ടല്ലല്ലോ. ഭരണഘടനയിലെ മൌലികാവകാശങ്ങളില്പെടുന്നതു തന്നെയാണത്. അതനുസരിച്ചുള്ള നയനടപടികള്‍ ഇല്ലാത്തതും നേര്‍വിരുദ്ധമായ നയനടപടികള്‍ നിലനില്ക്കുന്നതുമാണ് വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം. മാറ്റിയെഴുതേണ്ട അടിസ്ഥാന നയങ്ങളാകട്ടെ യു.പി.എ സര്‍ക്കാറിന്റെ പശ്ചാത്തല ശക്തികള്‍ മുതല്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളും കരാറുകളുംവരെ നമുക്കുമേല്‍ അടിച്ചേല്പിച്ചവയും. അതെല്ലാം തിരുത്താനും മാറ്റാനുമുള്ള ധൈര്യം സര്‍ക്കാറിനുണ്ടാവുമോ? പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞത്, കാര്ഷികോല്പാദനം വര്‍ധിപ്പിച്ചും പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തിയും വിപണിയില്‍ ഇടപെട്ടും മാത്രമേ ഭക്ഷ്യവില കുറക്കാന്‍ കഴിയൂ എന്നാണ്. കൃഷിരംഗത്തും പൊതുവിതരണ രംഗത്തുമെല്ലാം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരായുണ്ടായ പ്രവണതകള്‍ ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. അത്തരം നയങ്ങളില്‍ ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ അവര്‍ തയാറാകുമോ?
വിപണിയില്‍ ഇടപെടുന്നതുപോലുള്ള താല്‍ക്കാലിക നടപടികള്‍കൊണ്ട് തീരുന്നതല്ല പ്രശ്നം. ഇപ്പോഴത്തെ ഭക്ഷ്യവിലക്കയറ്റം രണ്ടു വര്‍ഷത്തിലേറെയായി തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ല. കഴിഞ്ഞ ജൂലൈയിലാണ് വരള്‍ച്ചയുടെ തുടക്കം; ഒക്ടോബറിലെ വിളവെടുപ്പിലാണ് ഭക്ഷ്യക്കമ്മി അനുഭവപ്പെടുന്നത്. എന്നാല്‍, ഭക്ഷ്യവിലക്കയറ്റം 2008 ജനുവരിയിലേ തുടങ്ങിയിരുന്നു. വരള്‍ച്ച അതിന് ആക്കംകൂട്ടിയിരിക്കാമെന്നല്ലാതെ മുഖ്യകാരണമല്ല എന്നര്‍ഥം. 2008ല്‍ വിലകൂടിയതാകട്ടെ, 2007ല്‍ റെക്കോര്‍ഡ് വിള ലഭിക്കുകയും 2008ലും അത് ആവര്‍ത്തിക്കുമെന്ന പ്രവചനമുണ്ടാവുകയും ചെയ്തശേഷമാണ്. ഉല്പാദനക്കമ്മിയുടെ ഫലമല്ല വിലക്കയറ്റം എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഭക്ഷ്യവില വര്‍ധനയുടെ ഒമ്പതു ശതമാനം മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചുള്ളൂ; 80 ശതമാനവും മറ്റു ചെലവുകളാണ്. ചരക്കുകടത്ത്, മില്ലുപണി, സൂക്ഷിപ്പ്, നികുതികള്‍, കച്ചവടക്കാരുടെ കമീഷന് എന്നിവ. വിലക്കയറ്റംകൊണ്ട് കര്‍ഷകര്‍ക്ക് മെച്ചമുണ്ടായിട്ടില്ല. പൂഴ്ത്തിവെപ്പും വികലമായ കയറ്റിറക്കുമതി നയങ്ങളും ഭക്ഷ്യവിലയെ ഉയര്‍ത്തിയപ്പോഴും കൃഷിക്കാരന് നേട്ടം കിട്ടിയില്ല. ഉല്പാദന മിച്ചമുണ്ടാകുമ്പോള്‍ ദുരിതകാലത്തേക്ക് കരുതിവെക്കുക എന്ന സാധാരണ രീതിപോലും വിട്ട് വന്‍തോതില്‍ കയറ്റുമതി ചെയ്തത് കൃഷിക്കാര്‍ക്കല്ല ഇടനിലക്കാര്‍ക്കാണ് ഗുണംചെയ്തത്. വറുതിക്കാലത്ത് കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഗുണം അവര്‍ക്കുതന്നെ. പഞ്ചസാരയുടെ കാര്യത്തില്‍ വിശേഷിച്ചും ഇതാണ് സംഭവിച്ചത്: കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പഞ്ചസാരക്ക് വിലയിടിഞ്ഞപ്പോള്‍ അത് കയറ്റി അയച്ചു; വില ഉയര്‍ന്നപ്പോള്‍ ഇറക്കുമതി ചെയ്തു.
വ്യാപാരതാല്പര്യങ്ങള് കൃഷിതാല്പര്യങ്ങള്ക്കുമേല് ആധിപത്യം നേടിയതിന്റെ ദുഷ്ഫലം കൂടിയാണ് ഭക്ഷ്യവിലക്കയറ്റം. വിപണി സംവിധാനങ്ങളും രാജ്യാന്തര സ്വതന്ത്രവ്യാപാരവും കൊണ്ട് ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാക്കാമെന്ന ചിന്താഗതി ശരിയല്ല. ആഗോളീകരണ നയത്തിന്‍കീഴില്‍ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമേ ഉള്ളൂ. വാസ്തവത്തില്‍ ആഗോളീകരണം തന്നെയല്ലേ മുഖ്യപ്രശ്നം? ഇപ്പോള്‍ ഇന്ധനവിലയുടെ സബ്സിഡിയും നിയന്ത്രണവും എടുത്തുകളയാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. കൃഷിയോടുള്ള അവഗണനയും കാര്‍ഷിക രംഗത്തുപോലും ഊഹക്കച്ചവടക്കാര്‍ പിടിമുറുക്കുന്നതുമെല്ലാം ഭക്ഷ്യവിലക്കയറ്റത്തിന് പ്രചോദനമാകുന്നു. ഇതെല്ലാം നമ്മുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ അടിക്കല്ലാണുതാനും. രോഗകാരണം പരിഹരിക്കാതെ ലക്ഷണങ്ങളെ മാത്രം ചികില്‍സിച്ചാല്‍ ഫലമുണ്ടാവുമോ?
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
1 comment:
വ്യാപാരതാല്പര്യങ്ങള് കൃഷിതാല്പര്യങ്ങള്ക്കുമേല് ആധിപത്യം നേടിയതിന്റെ ദുഷ്ഫലം കൂടിയാണ് ഭക്ഷ്യവിലക്കയറ്റം.
ഇത് വളരെ ശരിയാണ്. ഇതിനൊരു മാറ്റം വരണമെങ്കില്‍ കൃഷിക്കാരനെ അവന്റെ വിയര്‍പ്പിന്റെ വില കൊടുത്ത് മാനിക്കണം.
Post a Comment