Tuesday, February 23, 2010

മിണ്ടിപ്പോകരുത്!

ബി.ടി വഴുതനയില്‍ തിരിച്ചടിയേറ്റ കുത്തകക്കമ്പനികളും അവരുടെ രാഷ്ട്രീയ പിണിയാളുകളും പകരംവീട്ടുകയാണോ? ഇന്ത്യയുടെ ജൈവസാങ്കേതിക നിയന്ത്രണ അതോറിറ്റി (ബി.ആര്‍.എ.ഐ) ബില്‍ നിയമമായാല്‍ ബി.ടി വിളകള്‍ക്കും മറ്റുമെതിരെ പ്രതിഷേധിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും പ്രതികരിക്കുന്നതും ചര്‍ച്ച നടത്തുന്നതുമെല്ലാം കുറ്റകൃത്യമാകാം. മന്ത്രി പൃഥ്വിരാജ് ചൌഹാന്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പാണത്രെ ബില്ലിന്റെ 13ാം അധ്യായം 63ാം വകുപ്പില്‍ ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 'തെളിവോ ശാസ്ത്രീയ രേഖയോ കൂടാതെ' ഉല്‍പന്നങ്ങളെപ്പറ്റി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കാം. തെളിവ്, രേഖ, തെറ്റിദ്ധരിരിപ്പിക്കല്‍ എന്നിവ കൃത്യമായി നിര്‍വചിക്കാത്തതിനാല്‍ വ്യാഖ്യാനം ഇഷ്ടംപോലെയാവാം. അതേസമയം,  ജി.എം വിളകളുള്‍പ്പെടെ ഈ നിയമത്തിന്റെ പരിരക്ഷയില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ബി.ടി വഴുതന ആരോഗ്യത്തിന് ഹാനികരമല്ലെന്ന് വേണ്ടത്ര പരിശോധന കൂടാതെ എഴുതിപ്പിടിപ്പിച്ച് അനുമതി സംഘടിപ്പിച്ച 'വിദഗ്ധര്‍' ഉണ്ടെന്നോര്‍ക്കുക. ജി.എം ഭക്ഷ്യവസ്തുക്കള്‍ക്കനുകൂലമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്നവര്‍ക്കും ശിക്ഷ നല്‍കേണ്ടതല്ലേ? ബി.ടി വിളകള്‍ കമ്പോളത്തിലെത്തിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാം; അവ ആരോഗ്യത്തിന് ഹാനികരമോ എന്ന സംശയമുയര്‍ത്തരുത്^ ഇതാണ് ബില്ലിന്റെ നിലപാട്. ജനിതകമാറ്റം വരുത്തിയ ഒന്നിനെപ്പറ്റിയും ചോദ്യങ്ങളുയര്‍ത്തരുത്; ഉയര്‍ത്തിയാല്‍ ഒരു വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷകിട്ടും.
ഈ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തടയാനെങ്ങാനും ശ്രമിച്ചാല്‍ അഞ്ചു ലക്ഷംവരെ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. ബില്‍ നിയമമായാല്‍ ജി.എം ഉല്‍പന്നങ്ങളെ പൂര്‍ണവിധേയത്വത്തോടെ സ്വീകരിക്കുകയേ പറ്റൂ. മൌലികാവകാശങ്ങളെക്കാള്‍ മീതെയാണ് ജൈവസാങ്കേതിക മേഖലയിലെ കൊള്ളക്കമ്പനികളുടെ 'അവകാശങ്ങള്‍'. ഇത്തരം കാടന്‍ നിയമം എഴുതിയുണ്ടാക്കിയതാരായാലും അവരെ വിചാരണ ചെയ്യാന്‍ പാര്‍ലമെന്റ് സന്നദ്ധമാകണം. എന്തു തിന്നണമെന്നും എന്തു പറയണമെന്നും തീരുമാനിക്കാനുള്ള അവകാശമെങ്കിലും പൌരന് വേണം.

No comments: