Sunday, February 28, 2010

പാവങ്ങള്‍ക്ക് പൊള്ളും

ഇത്തവണ ബജറ്റില്‍ മാധ്യമങ്ങള്‍ക്കും മധ്യവര്‍ഗത്തിനും മാത്രമല്ല, പാവപ്പെട്ടവര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. കാരണം ഗുരുതരമായ ഭക്ഷ്യ വിലക്കയറ്റത്തിന്റെ മധ്യത്തിലാണ് ബജറ്റ്. ഇടതുപക്ഷ സമ്മര്‍ദങ്ങളൊന്നും സര്‍ക്കാരിനെ ഇപ്പോള്‍ സ്വാധീനിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ബജറ്റിന്റെ ഉള്ളടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതും മന്‍മോഹന്‍, മുഖര്‍ജി പ്രഭൃതികളുടേതുമാണെന്ന് വ്യക്തം. അതിനാല്‍ തന്നെ ബജറ്റ് ഉദാരവത്കരണത്തിന്റെ തുടര്‍ക്കഥയാവും. അതോടൊപ്പം സര്‍വാശ്ലേഷിയായ വികസനമെന്ന മുദ്രാവാക്യത്തിന്റെ മേമ്പൊടി അതിന്റെ നിഷേധാന്മക വശങ്ങളെ മറച്ചുപിടിക്കുകയും ചെയ്യും.

ഈ ബജറ്റ് അടിയന്തരമായി ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, അഭൂതപൂര്‍വമായ വിലക്കയറ്റം. രണ്ട്, സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ തുടരണമോ വേണ്ടയോ എന്ന പ്രശ്‌നം. മൂന്ന്, പ്രധാനമന്ത്രി കോപ്പന്‍ ഹേഗന്‍ ഉച്ച കോടിയില്‍ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ദീര്‍ഘകാല നയങ്ങള്‍ സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാനുള്ള പ്രഖ്യാപനങ്ങള്‍. നാല്, കാര്‍ഷിക മേഖലയിലെ ഉല്‍പാദനം കുറയുന്ന സാഹചര്യം നേരിടാനുള്ള പ്രഖ്യാപനങ്ങള്‍. ഇത് മണ്‍സൂണ്‍ കാലാവസ്ഥയുടെ കള്ളക്കളിയാണെന്ന് പറഞ്ഞ് തടിതപ്പാനാവില്ല. അഞ്ച്, സര്‍വാശ്ലേഷിയായ വികസനം നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങള്‍.
വിലക്കയറ്റം പ്രശ്‌നമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ അപഗ്രഥിക്കുന്നതിലും പ്രതിവിധികള്‍ സ്വീകരിക്കുന്നതിലും ബജറ്റ് വിജയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ നയപരമായ പാളിച്ചകള്‍ വലിയ അളവില്‍ വിലക്കയറ്റം സൃഷ്ടിച്ചു. ഉദാഹരണത്തിന് രണ്ട് വര്‍ഷം മുമ്പ് പഞ്ചസാര ഉല്‍പാദനം കൂടിയപ്പോള്‍ സബ്‌സിഡി നല്‍കി പഞ്ചസാര കയറ്റിഅയച്ചു. കരുതല്‍ ശേഖരമുണ്ടാക്കിയില്ല.

2009 ഡിസംബറില്‍ 19 ദശലക്ഷം ടണ്‍ ഗോതമ്പും 24 ദശലക്ഷം ടണ്‍ അരിയും കരുതല്‍ ശേഖരമുണ്ടായിരുന്നു. അവശ്യം വേണ്ട കരുതല്‍ ശേഖരത്തിന്റെ പലമടങ്ങ് അധികമാണെങ്കിലും അത് കമ്പോളത്തില്‍ ഇറക്കി വില നിയന്ത്രിക്കുന്നതിലും അവ ഭക്ഷ്യയോഗ്യമായി സൂക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. പൊതുവിതരണ മേഖല തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചു. ആറ് വര്‍ഷത്തിനകം പെട്രോള്‍, ഡീസല്‍ വില പത്ത് തവണ വര്‍ധിപ്പിച്ചു. പോരെങ്കില്‍ പ്രതിപക്ഷം വിലക്കയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ അടുത്ത ദിവസം അവതരിപ്പിച്ച ബജറ്റിലും ഇതാ ഇന്ധന വില വര്‍ധിപ്പിച്ചു. പലചരക്കുകളുടെയും എക്‌സൈസ് തീരുവയിലും ഗണ്യമായ വര്‍ധനയുണ്ടാക്കി. ഇതില്‍ സിമന്റിന്റെ തീരുവയും ഉള്‍പ്പെടുന്നു. പൂഴ്ത്തിവെപ്പ് തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും ബജറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നില്ല.

കാലാവസ്ഥയുടെ കാര്യത്തില്‍ നിരവധി നല്ല നടപടികള്‍ സ്വീകരിച്ചുവെന്ന വസ്തുത വിസ്മരിക്കുന്നില്ല.
ദേശീയ ഹരിത ഊര്‍ജനിധി, തിരുപ്പൂരിലെ എഫ്‌ളുവന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഗോവാ കടല്‍ത്തീര സംരക്ഷണ പദ്ധതി, ഗംഗാ നദി ശുദ്ധീകരണ പരിപാടി എന്നിങ്ങനെ നിരവധി നടപടികള്‍ സ്വീകരിച്ചു. ഇത് സ്വാഗതാര്‍ഹമാണ്. ഒമ്പത് ശതമാന നിരക്കിലേക്കുതന്നെ സമ്പദ്ഘടന കുതിക്കുമെന്ന ഉറപ്പ് സാമ്പത്തിക സര്‍വേ നല്‍കുന്നു. പിന്നീട് അത് രണ്ടക്ക നിരക്കിലേക്ക് നീങ്ങുമെന്നും പ്രതീക്ഷയുണ്ട്. ഇന്ത്യ ലോകത്തിലെ മൂന്നാം വന്‍ ശക്തിയായി കുതിക്കുമെന്നാണ് മന്ത്രി നല്‍കുന്ന ഉറപ്പ്.
അതോടൊപ്പം സ്വകാര്യ മേഖല പൂര്‍വാധികം ഊര്‍ജസ്വലമാകും. അവരുടെ ആനുകൂല്യങ്ങള്‍ വര്‍ധിക്കും. ഇപ്പോള്‍ തന്നെ നികുതി പരിഷ്‌കാരങ്ങള്‍ സ്വകാര്യ മേഖലക്ക് സൗജന്യങ്ങള്‍ നല്‍കുന്നതാണ്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായനികുതി നിരക്ക് പത്ത് ശതമാനമാക്കി നിജപ്പെടുത്തി. പ്രത്യക്ഷ നികുതി കോഡനുസരിച്ച്, 2011 ഏപ്രില്‍ മുതല്‍ കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറയ്ക്കും. കാര്‍ഷിക മേഖലയെ വികസനത്തിന്റെ പാതയില്‍ കൊണ്ടുവരുന്ന ചില നടപടികള്‍ വൈകി വന്ന വിവേകമാണ്.
എന്നാലും, ബജറ്റില്‍ പ്രഖ്യാപിച്ച നാലിന പരിപാടി കാര്‍ഷിക മേഖലയുടെ ശക്തി വര്‍ധിപ്പിക്കാന്‍ പോരുന്നതല്ല. ദീര്‍ഘകാല മുതല്‍ മുടക്ക് ഇനിയും വളരെ അകലെയാണ്. ആഭ്യന്തര ഉല്‍പാദനത്തിന്റെ 14 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയുടെ സംഭാവന എന്ന് സാമ്പത്തിക സര്‍വേ പറയുന്നു. പക്ഷേ, ഈ മേഖലയില്‍ 60 ശതമാനം ആളുകള്‍ ജീവിക്കുന്നുവെന്ന യാഥാര്‍ഥ്യം കണക്കിലെടുത്ത് എന്ത് വികസന തന്ത്രമാണ് ബജറ്റിലുള്ളതെന്ന് വ്യക്തമല്ല.
ധനമന്ത്രി തുടക്കത്തില്‍ തന്നെ പറയുന്നു. 'നമുക്ക് ഭക്ഷ്യ സുരക്ഷ ബലപ്പെടുത്തണം, വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്തണം, ഇതിന് വന്‍തോതില്‍ വിഭവം വേണം. നമുക്ക് ഇത് കണ്ടെത്തണം'. എന്നാല്‍, അത് എപ്പോള്‍ എങ്ങനെയെന്ന കാര്യത്തില്‍ ബജറ്റില്‍ സൂചനയില്ല.  ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, ഊര്‍ജ സുരക്ഷ എന്നൊക്കെ ഉറക്കെ പറയാമെങ്കിലും സ്വകാര്യ മേഖലക്കും കമ്പോളത്തിനും അവ വിട്ടുകൊടുത്തുകൊണ്ട് ഒരിക്കലും വികസനം സാധിക്കില്ല. സാമ്പത്തിക മാന്ദ്യം നല്‍കുന്ന ഉറച്ച സന്ദേശം അതാണ്.

No comments: