Thursday, March 4, 2010

ഷിമോഗയും ഹാസനും നല്‍കുന്ന പാഠം

നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ഷിമോഗയെയും ഹാസനെയും തഴുകിയെത്തുന്ന തെന്നലക്ക് ഇപ്പോള്‍ പതിവ് ശാദ്വലതയും ശീതളിമയുമില്ല. അതിന്റെ മര്‍മരതക്ക് അപശബ്ദങ്ങളുടെ അസഹനീയത. എവിടെയോ ഉറഞ്ഞുകൂടി ഉറവപൊന്തുന്ന വൈരത്തിന്റെയും ചേരിതിരിവിന്റെയും കരിഞ്ഞ മണം. നാടും നഗരവും നിദ്രാവിഹീനങ്ങളായി 'നക്ഷത്രമെണ്ണാന്‍' വിധിക്കപ്പെട്ട നാളുകളായിരുന്നു പിന്നിട്ട പത്തുനാല്‍പത്തെട്ട് മണിക്കൂറുകളും അതിലധികവും.
പ്രശ്നം ഒരു ലേഖനത്തെച്ചൊല്ലി. ശരിക്കുപറഞ്ഞാല്‍ 'പിതൃത്വം' പോലും ഇല്ലാതെ ഒരു ജാ(ര)ട ലേഖനം. 'കന്നഡ പ്രഭ' എന്ന പ്രാദേശിക ഭാഷാപത്രത്തില്‍ പര്‍ദയും പ്രവാചകനും പത്നിമാരും ഇതിവൃത്തമായത് ഒരു പ്രത്യേകസമുദായത്തിന്റെ ക്ഷമയെ ചോദ്യംചെയ്യാന്‍ കാരണമായി. സ്ത്രീകളുടെ സ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടുന്നതിനാല്‍ പര്‍ദയെ മുഹമ്മദ്നബി അംഗീകരിച്ചിരുന്നില്ലെന്നാണത്രെ പ്രസ്തുത ലേഖനത്തിന്റെ സാരാംശം. പ്രവാചകന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടുമുണ്ട് അതിരുവിടുന്ന ചില കമന്‍ഡുകള്‍. വിവാദ എഴുത്തുകാരി തസ്ലീമ നസ്റിന്റേതായി വന്ന ഈ പരാമര്‍ശങ്ങള്‍ ചിലര്‍ക്കെങ്കിലും സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിന്റെ തിക്തഫലവും ആ പത്രവും പ്രദേശത്തുകാരും ശരിക്കും അനുഭവിച്ചറിയുകയും ചെയ്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഹൈ ടെക് നഗരമായ ബംഗളൂരുവില്‍നിന്ന് 180 കി.മീ അകലെ കിടക്കുന്ന  ഹാസനിലും ഷിമോഗയിലും കണ്ടത് അതാണ്. ഷിമോഗ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദിയൂരപ്പയുടെയും ഹാസന്‍ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവഗൌഡയുടെയും നാടാണ്.
ഈ ലേഖനം തന്റേതല്ലെന്ന് തസ്ലീമ പ്രതികരിച്ചെങ്കിലും അപ്പോഴേക്കും വിലപ്പെട്ട രണ്ട് മനുഷ്യജീവനുകള്‍ പരലോകത്ത് എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തീര്‍ന്നില്ല. കൊള്ളയും കൊള്ളിവെപ്പും വേറെ. പരിക്കേറ്റ ദശക്കണക്കിന് സഹവാസികളും സ്ഥലവാസികളും അതിലേറെ. 23ഉം 25ഉം വയസ്സുള്ള, സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും ഏറെ ബാക്കികിടക്കുന്ന ആ  കൂടപ്പിറപ്പുകള്‍ എന്തിന് കൊല്ലപ്പെട്ടുവെന്നതും കാലാന്തരേണ വെളിച്ചത്തു വരേണ്ട രഹസ്യങ്ങളാണ്.
ഏതായാലും പ്രശ്നബാധിതമായ ഇരു പ്രദേശങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ഇതെഴുതുമ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍. ഇത് നിതാന്തം തുടരട്ടെ എന്ന് പ്രാര്‍ഥിക്കാം; പ്രത്യാശിക്കാം. പൊലീസ് തക്കസമയത്ത് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതായും അതിന്റെ ഫലം കണ്ടുതുടങ്ങിയതായും ക്രമസമാധാനപാലകര്‍ ആവര്‍ത്തിക്കുന്നത് മുഖവിലക്കെടുക്കാം. അതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പണ്ഡിതന്മാരും പൌരമുഖ്യരും വിവേകവും  സംയമനവും കൈവിടാതെ രംഗത്തെത്തിയത് കൂടുതല്‍ പ്രതീക്ഷയേകുന്നുമുണ്ട്.

ജമാഅത്തെ ഇസ്ലാമി, ഓള്‍ ഇന്ത്യ മില്ലി കൌണ്‍സില്‍, അഹ്ലുസ്സുന്നതി വല്‍ജമാഅ, വഖഫ് അഡ്വൈസറി കമ്മിറ്റി, മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ മുതിര്‍ന്ന പ്രാദേശിക നേതാക്കളും മറ്റും പൊലീസ് അസി. കമീഷണറുടെ സാന്നിധ്യത്തില്‍ സമ്മേളിച്ച് സ്ഥിതിഗതികള്‍വിലയിരുത്തുകയുണ്ടായി. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ എല്ലാവിധ പിന്തുണയും സഹകരണവും നേതാക്കള്‍ പൊലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശിവരാത്രീശ്വര്‍ നഗറിലെ ഓര്‍ഫനേജില്‍ ഒത്തുകൂടിയ ആ കൂട്ടായ്മയില്‍ അസി. കമീഷണര്‍ എ.കെ. സുരേഷ് ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇതിനിടെ, വിവാദലേഖനം പ്രസിദ്ധീകരിച്ച കന്നഡ പത്രത്തിനും പിറ്റേന്ന് ഇതിന്മേല്‍ 'വീക്ഷണ'മെഴുതിയ പ്രാദേശിക ഉര്‍ദു പത്രത്തിനുമെതിരെ കേസെടുത്തതായി പൊലീസ് മേധാവികള്‍ പറഞ്ഞത് സമാധാന ശ്രമങ്ങള്‍ക്ക് വീര്യം പകരാതിരിക്കില്ല.

ആരിത് ചെയ്തു? എന്തിനുവേണ്ടി ഈ കടുംകൈ? ഇത്യാദി ചൂടുള്ള ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ അന്വേഷണങ്ങളിലൂടെയാണ് അധികൃതര്‍ മറുപടി നല്‍കേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അത് ലഭിക്കുമെന്ന് ശുഭാപ്തി കൈക്കൊള്ളാം. പക്ഷേ, ഇതിനിടയില്‍ തികട്ടിവരുന്ന ചില ഓര്‍മകളും അനുഭവങ്ങളും 'വേണ്ടാത്ത സംശയങ്ങള്‍' ജനിപ്പിക്കുന്നവയാണ്. ഒരു പര്‍ദയില്‍ എന്തിരിക്കുന്നു ഇത്രമാത്രം പ്രകോപനം കൊള്ളാന്‍ എന്ന് ചില ശുദ്ധാത്മാക്കളെങ്കിലും ചോദിച്ചേക്കാം. 

മതവും മതചിഹ്നങ്ങളും പലര്‍ക്കും ഇന്ന് ഏറെ വേണ്ടപ്പെട്ടതാണ്, ആവശ്യം വരുമ്പോള്‍ ^മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍^ എടുത്തുപ്രയോഗിക്കാന്‍ എന്നതാണ് അനുഭവയാഥാര്‍ഥ്യം. കര്‍ണാടക തന്നെ ഇത്തരമൊരു ദുരവസ്ഥക്ക് ഇരയാകുന്നത് നടാടെയല്ല. മുമ്പൊരിക്കല്‍ പ്രവാചകനാമവും അതോട് ചേര്‍ത്തുള്ള 'വിശേഷണവും' പത്രവാര്‍ത്തയായതും തുടന്ന് കുഴപ്പം ആളിക്കത്തിയതും മറക്കാറായിട്ടില്ല.

രാഷ്ട്രീയത്തില്‍ മൈലേജ് നഷ്ടപ്പെടുന്നതായി ആശങ്കിക്കുന്ന ഭിക്ഷാംദേഹികള്‍ക്കും 'എളുപ്പവഴി'യില്‍ അധികാരക്കസേര ലക്ഷ്യമിടുന്നവരുടെയും 'വളയമില്ലാ' ചാട്ടമാണ് ഇതിനുപിന്നിലെ ഒളിയജണ്ട എന്ന് തിരിച്ചറിയാനുള്ള വിവേകവും വിശാലമനസ്സും എത്രപെട്ടെന്ന് കൈവരുന്നോ അത്രയും നന്ന്. ഇത് മതമല്ല; രാഷ്ട്രീയമല്ല. വെറും പൊളിട്രിക്സ്. ഇതേ പൊളിട്രിക്സ് തന്നെയാണ് 'പര്‍ദ ഹേ പര്‍ദ'യിലും എന്ന് കാണാന്‍ കഴിയും.

No comments: