Saturday, February 20, 2010

കഥകളുടെ മാധ്യമ പ്രവര്തതനം

ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് ഈ പുതുവര്‍ഷത്തിലും കുറവൊന്നുമില്ല. ശ്രീനഗറിന്റെ  തെരുവുകളില്‍ നിരപരാധികളായ രണ്ട് കൌമാരക്കാര്‍ വെടിയേറ്റു മരിച്ചതാണ് കഴിഞ്ഞ വാരം കശ്മീര്‍താഴ്വരയില്‍ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. വിചാരണയില്ലാത്ത ഇത്തരം 'വധശിക്ഷ' നടപ്പാക്കലുകളുടെ വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്നുകൊണ്ടേയിരിക്കുന്നു. നക്സല്‍ബാധിത മേഖലകളില്‍നിന്ന്, ഭീകരരുടെ കേന്ദ്രങ്ങളെന്ന് ഭരണകൂടം മുദ്ര ചാര്‍ത്തിയ ദേശങ്ങളില്‍ അത്തരം അരുംകൊലകള്‍ ആവര്‍ത്തിക്കുന്നു.
എന്തിന് ഒരു സാധാരണനഗരത്തിലോ നിരത്തിലോ പോലും നമ്മിലാരും 'ഭീകര' മുദ്രചാര്‍ത്തപ്പെട്ട് ഏതു നിമിഷവും പൊലീസിന്റെയോ സൈന്യത്തിന്റെയോ വെടിയേറ്റ് മരിക്കാം എന്ന സത്യം വല്ലാതെ ഭയപ്പെടുത്തുന്നതാണ്. പക്ഷേ, ഈ കിരാതനടപടികള്‍ക്കെല്ലാം മുന്നില്‍ ഒന്നു പ്രതിഷേധിക്കാന്‍ പോലും കഴിയാതെ നാം പലപ്പോഴും നിശãബ്ദരാക്കപ്പെടുകയോ നിസ്സംഗരായി പോവുകയോ ചെയ്യുന്നു.
രണ്ട് യുവാക്കളും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട ബട്ല ഹൌസിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച സംശയങ്ങള്‍ കഴിഞ്ഞവാരം വീണ്ടും സജീവമായത് കോണ്‍ഗ്രസ്നേതാവ് ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനയോടെയാണ്. ദല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലയോടു ചേര്‍ന്ന പ്രദേശമായ ബട്ല ഹൌസിലെ എല്‍^18 നമ്പര്‍ ഗലിയിലെ 108ാം നമ്പര്‍ ഫ്ളാറ്റില്‍ 2008 സെപ്റ്റംബര്‍ 19ന് എന്താണ് സംഭവിച്ചത്? അഅ്സംഗഢ് സ്വദേശികളായ ആതിഫ് അമീന്‍ (24), മുഹമ്മദ് സാജിദ് (17) എന്നിവര്‍ക്ക് പുറമെ പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മയും അന്ന് അവിടെ കൊല്ലപ്പെട്ടു എന്നത് സത്യം. ബാക്കി പുറംലോകമറിഞ്ഞതെല്ലാം പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞ കഥകള്‍ മാത്രം.
പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി ദേശീയ മനുഷ്യാവകാശകമീഷന്‍ (എന്‍.എച്ച്.ആര്‍.സി) ദല്‍ഹി ഹൈ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സന്നദ്ധ സംഘടനയായ 'അന്‍ഹദി'ന്റെ അപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ ബട്ല ഹൌസിലെ സത്യം എന്നെങ്കിലും പുറത്തുവരുമെന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചിരുന്നു. സംഭവത്തില്‍ വസ്തുനിഷ്ഠ അന്വേഷണത്തിനു ബാധ്യതയുള്ള ദേശീയ മനുഷ്യാവകാശ കമീഷന്‍ അതിനൊന്നും മുതിരാതെ പൊലീസ്കഥകള്‍ അപ്പാടെ രേഖപ്പെടുത്തി എല്ലാ ചോദ്യങ്ങളും സംശയങ്ങളും തള്ളിക്കളഞ്ഞ് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് അന്നുതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍, കഴിഞ്ഞവാരം ഉത്തര്‍പ്രദേശിലെ അഅ്സംഗഢില്‍ നടത്തിയ ദ്വിദിനസന്ദര്‍ശനത്തിനിടയില്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി കൂടിയായ ദിഗ്വിജയ് സിങ് ബട്ല ഹൌസ് ഏറ്റുമുട്ടലിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് കടുത്ത സംശയം പ്രകടിപ്പിച്ചതോടെ ഒരായിരം ചോദ്യങ്ങള്‍ വീണ്ടും ഉയരുകയാണ്. ബട്ലഹൌസ് സംഭവം നടന്നപ്പോള്‍ തന്നെ അതിലെ സത്യം സംബന്ധിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും അക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നുവെന്നും ദിഗ്വിജയ്സിങ് കൂട്ടിച്ചേര്‍ക്കുന്നു. ഭീകരതയുടെ മുദ്ര പൊലീസ് ചാര്‍ത്തിനല്‍കിയ അഅ്സംഗഢ് എന്ന ചെറുപട്ടണത്തിലേക്ക് ദിഗ്വിജയ്സിങ് നടത്തിയ യാത്ര തന്നെ പലര്‍ക്കും സഹിക്കാനായില്ല.
ദിഗ്വിജയ്സിങ് അഅ്സംഗഢ് സന്ദര്‍ശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് 'ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍' എന്നാരോപിച്ച് ശഹ്സാദ് അഹ്മദ് എന്ന യുവാവിനെ യു.പിയിലെ ഖാലിസ്പൂര്‍ ഗ്രാമത്തില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ബട്ല ഹൌസ് ഏറ്റുമുട്ടലില്‍ പങ്കെടുത്ത ശഹ്സാദ് ആണ് ഇന്‍സ്പെക്ടര്‍ ശര്‍മയെ വെടിവെച്ചതെന്നും സംഭവശേഷം ശഹ്സാദും സുഹൃത്ത് ജുനൈദും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമുള്ള പൊലീസ് കഥകള്‍ ഇതിനകം മാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.
ഇന്ത്യന്‍മുജാഹിദീന്റെ പാക് പരിശീലനം നേടിയ ഭീകരനെന്നും ബട്ല ഹൌസ് ഏറ്റുമുട്ടലിന്റെ മുഖ്യസൂത്രധാരനെന്നും ആരോപിച്ച് യു.പി പൊലീസ് അറസ്റ്റുചെയ്ത് ഇപ്പോള്‍ ദല്‍ഹി പൊലീസിന് കൈമാറിയിരിക്കുന്ന ശഹ്സാദ് അഹ്മദിനെക്കുറിച്ച് നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ കഴിഞ്ഞ വാരം ഒരു അന്വേഷണം നടത്തി.
മനീഷ സേത്തി, ആദില്‍ മഹ്ദി, അഹ്മദ് ശുഐബ്, ഗാസി ഷാനവാസ്, തന്‍വീര്‍ ഫസല്‍, അര്‍ഷദ് അലം, സംഘമിത്ര മിശ്ര, ഫാരിസുല്‍ ഹഖ്, അസ്റ റസാഖ്, ഫറാ ഫാറൂഖി, അന്‍വര്‍ ആലം തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സമഗ്രമായൊരു അന്വേഷണത്തിനൊടുവില്‍ ഇവര്‍ പൊലീസ്കഥകളിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നു. 'ശഹ്സാദിന്റെ അറസ്റ്റും ഗീബല്‍സിയന്‍ നുണകളും' എന്ന പേരിലുള്ള ആ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുഹൃത്ത് മനീഷാ സേത്തി എനിക്ക് അയച്ചുതന്നു. ഒരു നുണ നൂറ്റൊന്നാവര്‍ത്തിച്ച് സത്യമാക്കുന്ന ദല്‍ഹി പൊലീസ് സംവിധാനത്തിന്റെ 'മികവ്' റിപ്പോര്‍ട്ടില്‍ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചെഴുതുന്നു. റിപ്പോര്‍ട്ട് എടുത്തുകാട്ടുന്ന ചില സംശയങ്ങള്‍ ഇങ്ങനെ:
ശഹ്സാദ് അഹ്മദ്, പപ്പു എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന പൊലീസ് വാദംതന്നെ ആദ്യനുണ. അയാള്‍ക്ക് 'പപ്പു' എന്നൊരു പേരില്ലെന്ന് നാട്ടുകാര്‍തന്നെ സാക്ഷ്യം പറയുന്നു. ഇത്രകാലവും ദല്‍ഹി പൊലീസ് പറഞ്ഞിരുന്നത് ഇന്‍സ്പെക്ടര്‍ ശര്‍മയെ വധിച്ചത് കൊല്ലപ്പെട്ട രണ്ടു യുവാക്കള്‍, ആതിഫ് അമീനും മുഹമ്മദ് സാജിദും ആയിരുന്നുവെന്നാണ്. ഇതേ വാദം ദേശീയ മനുഷ്യാവകാശ കമീഷന്‍ ദല്‍ഹി ഹൈ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊലീസ് പറയുന്നത് പോയന്റ് 32 റിവോള്‍വര്‍ ഉപയോഗിച്ച് ശഹ്സാദ് അഹ്മദ് ശര്‍മയെ വെടിവെച്ചെന്നാണ്. 'സീ ന്യൂസും' 'ടൈംസ് ഓഫ് ഇന്ത്യയും ഫെബ്രുവരി ഏഴിന് ഇക്കാര്യം 'സംശയലേശമന്യേ' റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ബട്ല ഹൌസില്‍നിന്ന് കണ്ടെടുത്തത് പോയന്റ് 30 പിസ്റ്റളിന്റെ ഒഴിഞ്ഞ തിരക്കൂടുകള്‍ ആയിരുന്നുവെന്നാണ്. ബട്ല ഹൌസ് ഏറ്റുമുട്ടലിനുശേഷം പൊലീസ് സ്വതന്ത്ര ദൃക്സാക്ഷികളുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക തയാറാക്കിയിട്ടില്ല. ഇക്കാര്യത്തില്‍പോലും പൊലീസ് നിയമം പാലിച്ചില്ല. ബട്ല ഹൌസിലെ ഏറ്റുമുട്ടല്‍ നടന്ന ഫ്ലാറ്റിലേക്ക് പൊലീസ് അതിനുശേഷം ആരെയും അടുപ്പിച്ചതു തന്നെയില്ല. ആതിഫും സാജിദുമാണ് ശര്‍മയെ വെടിവെച്ചുവീഴ്ത്തിയതെന്ന് അന്ന് പൊലീസ് പറഞ്ഞത് മാധ്യമങ്ങള്‍ അപ്പാടെ വിഴുങ്ങി. ഇതിന് തെളിവായി എന്തെങ്കിലും വസ്തുക്കള്‍ പൊലീസ് ഹാജരാക്കുന്നില്ല.
ശഹ്സാദ് പോയന്റ് 32 പിസ്റ്റള്‍ കൊണ്ടാണ് ശര്‍മയെ വെടിവെച്ചതെന്ന് ഇപ്പോള്‍ പറയുന്നു. എങ്കില്‍ ആ തിരകള്‍ക്ക് എന്ത് സംഭവിച്ചു? അവ എവിടെ മറഞ്ഞു? നേരത്തേ പൊലീസ് പറഞ്ഞ കഥകളില്‍ എവിടെയും ഈ പോയന്റ് 32 ബുള്ളറ്റുകള്‍ ഉണ്ടായിരുന്നില്ല. അവയുടെ ഒഴിഞ്ഞ കൂടുകള്‍ എവിടെ?
എല്‍^18 നമ്പര്‍ ഗലിയിലെ കെട്ടിടത്തില്‍ നിന്ന് ഏറ്റുമുട്ടലിനിടെ ശഹ്സാദും ജുനൈദും രക്ഷപ്പെട്ടെന്ന കഥ അന്നു മുതല്‍ പൊലീസും പൊലീസിനെ വിശ്വസിക്കുന്ന മാധ്യമങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറയുന്ന യാഥാര്‍ഥ്യം ആ കെട്ടിടത്തിന് പുറത്തേക്ക് പോകാന്‍ ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. സ്റ്റെയര്‍ കേസ് കടന്നുള്ള കനത്ത ഇരുമ്പ് ഗ്രില്ലോടു കൂടിയ ആ വഴി വന്‍ പൊലീസ്പട വളഞ്ഞിരുന്നു.
ഫ്ലാറ്റിന് രണ്ട് വാതിലുകള്‍ ഉണ്ടായിരുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഒരു വാതിലിലൂടെ ശഹ്സാദും ജുനൈദും രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഈ രണ്ട് വാതിലുകളും അടുത്തടുത്തായിരുന്നുവെന്നും ഏതുവഴി ഇറങ്ങിയാലും പുറത്തേക്കുപോകാന്‍ സ്റ്റെയര്‍കേസ് കടന്നുള്ള ഒറ്റ വഴിയേ ഉള്ളൂവെന്നും സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. ആ വഴിയിലാകട്ടെ, എ.സി.പി സഞ്ജീവ് കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ്സംഘം കാവലുണ്ടായിരുന്നുവെന്നാണ് മനുഷ്യാവകാശകമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്‍സ്പെക്ടര്‍ ശര്‍മയെ വെടിവെച്ച ശേഷം ശഹ്സാദും ജുനൈസും തോക്കുമായി വന്‍ പൊലീസ് പടയെ കടന്ന് ഓടിപ്പോയി! എത്ര വിചിത്രം. അങ്ങനെ രണ്ടുപേര്‍ ഓടുന്നത് ആ ഗലിയിലെ ഒറ്റ മനുഷ്യജീവിയും കണ്ടിട്ടില്ല. പൊലീസ് ഇന്‍സ്പെക്ടറെ വെടിവെച്ചശേഷം രക്ഷപ്പെട്ട രണ്ട് 'തീവ്രവാദികള്‍' അവരുടെ കൈവശം പോയിന്റ് 32 പിസ്റ്റള്‍ ഉണ്ടായിട്ടും പൊലീസിനെ ആക്രമിച്ചതുമില്ല.
കഥ തീരുന്നില്ല. 'ഇന്ത്യന്‍ എക്സ്പ്രസ്' ഫെബ്രുവരി നാലിന് പൊലീസിനെ ഉദ്ധരിച്ച് 'വെളിപ്പെടുത്തിയതു' വായിക്കുക. ശഹ്സാദും ജുനൈദും ഇതിനുശേഷം തൊട്ടടുത്ത ബസ്സ്റ്റോപ്പിലേക്ക് നടന്നുപോയി ബദര്‍പൂര്‍ ബസില്‍കയറി. പിന്നീട് വൈകുന്നേരം അവര്‍ മുംബൈക്കുള്ള ട്രെയിനില്‍ കയറി. നാടിന്റെ മുക്കുംമൂലയും പൊലീസ് അരിച്ചുപെറുക്കവെ രണ്ട് 'തീവ്രവാദികള്‍' പോയന്റ് 32 തോക്കുമായി ബസ്സ്റ്റോപ്പില്‍ നടന്നുപോയി ബസ് കയറുകയും പിന്നീട് സുരക്ഷിതമായ ട്രെയിന്‍ യാത്ര നടത്തുകയും ചെയ്തു!
'ടൈംസ് ഓഫ് ഇന്ത്യ' ഫെബ്രുവരി അഞ്ചിന് വായനക്കാരെ അറിയിച്ചത്, സംഭവശേഷം ശഹ്സാദും ജുനൈദും അലീഗഢിലേക്കു പോയി എന്നാണ്. ചില പത്രങ്ങള്‍ പറയുന്നു, ഇരുവരും ട്രെയിനിലാണ് യാത്ര ചെയ്തതെന്ന്, ചിലര്‍ പറയുന്നു ബസിലെന്ന്. 'ടൈംസ് ഓഫ് ഇന്ത്യ' പറയുന്നത് ഇരുവരും അലീഗഢില്‍ നിന്ന് ലഖ്നോവിലേക്കും പിന്നീട് അഅ്സംഗഢിലേക്കും യാത്ര ചെയ്തെന്നും അവിടെ വെച്ച് ഇരുവരും പിരിഞ്ഞു എന്നുമാണ്. അതേ പത്രം തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരുവരും അലിഗഢ്^ബുലന്ദ്ശഹര്‍^ലഖ്നോ^ഖാലിസ്പൂര്‍^ജയ്പൂര്‍^ജോധ്പൂര്‍വഴി മുംബൈയിലെത്തി അവിടെ വെച്ച് പിരിഞ്ഞെന്നുമാണ്. ഇത്തരം വാര്‍ത്തകള്‍ 'ബോധപൂര്‍വമുള്ള ചോര്‍ച്ചയായി' മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ദല്‍ഹി പൊലീസിനെ സമ്മതിക്കണം!
ജനുവരി ആറിന് 'ഹെഡ് ലൈന്‍സ് ടുഡെ', 'ആജ്തക്' ചാനലുകള്‍ ഞെട്ടിക്കുന്ന ബ്രേക്കിങ്ന്യൂസായി പുറത്തുവിട്ടത് അമേരിക്കയിലെ സെപ്റ്റംബര്‍ 11 മാതൃകയിലുള്ള വ്യോമാക്രമണം ഇന്ത്യയില്‍ നടത്താന്‍ ശഹ്സാദ് പദ്ധതിയിട്ടിരുന്നുവെന്നാണ്. ബംഗളൂരുവില്‍ പഠിച്ച് ഫ്ലൈയിങ് ലൈസന്‍സ് നേടിയിരുന്നത്രെ ശഹ്സാദ്. സാധാരണമാധ്യമങ്ങള്‍ ചെയ്യുംപോലെ 'അതീവ രഹസ്യസ്വഭാവമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്' ഉദ്ധരിച്ചായിരുന്നു ചാനലുകള്‍ വാര്‍ത്ത വിളമ്പിയത്. ശഹ്സാദിന്റെ കമേഴ്സ്യല്‍പൈലറ്റ് ലൈസന്‍സിനെ ചൊല്ലി പിന്നെ വാര്‍ത്തകളുടെ കുത്തൊഴുക്കു തന്നെ ഉണ്ടായി.
എന്നാല്‍, ശഹ്സാദ് ഒരിക്കലും ഒരു വൈമാനിക പരിശീലനസ്ഥാപനത്തിലും പഠിച്ചിരുന്നില്ല. മകന്‍ വൈമാനികപരിശീലനത്തിന് ഒരിക്കലും പോയിട്ടില്ലെന്ന് കുടുംബം ആവര്‍ത്തിച്ചത് ചാനലുകള്‍ കേട്ടില്ല. പക്ഷേ, കഴിഞ്ഞ ദിവസം യു.പി പൊലീസിന്റെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ലോ ആന്റ് ഓര്‍ഡര്‍) ബ്രിജ്ലാല്‍ സ്ഥിരീകരിച്ചു: ശഹ്സാദിന്റെ കുടുംബം പറയുന്നതാണ് ശരി. അയാള്‍ ഒരിക്കലും വൈമാനിക പരിശീലനം നേടിയിട്ടില്ല. കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും ഇല്ല (മെയില്‍ ടുഡെ, ഫെബ്രുവരി ആറ്). അപ്പോള്‍ നേരത്തെ ചാനലുകള്‍ ഉദ്ധരിച്ച 'ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ'? അതിനെക്കുറിച്ച് ഒന്നും ചോദിക്കരുത്. ഇന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ കഥകളേയുള്ളൂ. ചോദ്യങ്ങള്‍ ഇല്ല.

No comments: