Saturday, February 20, 2010

മുല്ലപ്പെരിയാര്‍ കേസ്

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം ആദ്യമായി ഒരു നിര്‍ണായക നേട്ടം കൈവരിച്ചു. കേസിന്റെ ഭരണഘടനാപരവും നിയമപരവുമായ  വശങ്ങളൊഴികെ മറ്റെല്ലാം ഒരു അഞ്ചംഗ ഉന്നതാധികാര സമിതിക്ക് വിടാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. റിട്ട. ജഡ്ജി അധ്യക്ഷനും കേന്ദ്രം നാമനിര്‍ദേശം ചെയ്യുന്ന രണ്ടും കേരള^തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോരുത്തരുമായി നാല് അംഗങ്ങളുമാണ് ഉന്നതാധികാര സമിതിയില്‍ ഉണ്ടാവുക. കേന്ദ്ര നോമിനികള്‍ ആരാവണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെങ്കിലും ആരാവരുത് എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സമിതി അധ്യക്ഷനുമായി ആലോചിച്ച് അദ്ദേഹത്തിന്റെ അനുമതി കിട്ടിയ ശേഷമേ അവരെ നിയമിക്കാവൂ; കേന്ദ്ര ജലകമീഷന്‍ അംഗങ്ങളിലാരെയും സമിതിയില്‍ നിയമിക്കരുത്. ജലകമീഷന്‍ നിഷ്പക്ഷമല്ലെന്ന വാദം കേരളം ഉയര്‍ത്തിയിരുന്നു. ഇതിന് കാരണവുമുണ്ട്. തമിഴ്നാടിന്റെ വാദങ്ങള്‍ ഏകപക്ഷീയമായി ആവര്‍ത്തിക്കുകയാണ് കമീഷന്‍ മുമ്പ് ചെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിവിധ പഠനങ്ങള്‍ ആധാരമാക്കി കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം പരിശോധിക്കാന്‍ നിയുക്തമായ ജലകമീഷന്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഏകപക്ഷീയമായ തീര്‍പ്പ് നല്‍കുകയായിരുന്നു. ജലകമീഷന്‍ നിഷ്പക്ഷമല്ലെന്ന കേരളത്തിന്റെ വാദം കോടതിക്ക് ബോധ്യപ്പെട്ടു. പുതിയ അണക്കെട്ടിനുവേണ്ടി കേരളം സര്‍വേ നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടന നിലവില്‍വരുംമുമ്പേ ഉണ്ടായിരുന്ന മുല്ലപ്പെരിയാര്‍ കരാറിനെ ഭരണഘടനയുടെ 131ാം വകുപ്പനുസരിച്ച് കൈകാര്യം ചെയ്തു. തമിഴ്നാടിന്റെ നിലപാടും കേരളം ചോദ്യംചെയ്തു. വെള്ളമാണ് തര്‍ക്കപ്രശ്നമെങ്കില്‍ അത് പരിശോധിക്കേണ്ടത് ട്രൈബ്യൂണലാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
കേസിന്റെ ഇപ്പോഴത്തെ പരിണതി കേരളത്തിന്റെ ന്യായമായ നിലപാടിന് അനുകൂലമാണ്. ഇക്കാര്യത്തില്‍ ജലവിഭവവകുപ്പുമന്ത്രി പ്രേമചന്ദ്രന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ജാഗ്രതയും പരിശ്രമങ്ങളും അംഗീകരിക്കാതെ വയ്യ. ഉന്നത സമിതിയുടെ അധ്യക്ഷനായി ജസ്റ്റിസ് എ.എസ്. ആനന്ദിനെ നിയമിച്ചുകഴിഞ്ഞു. ആറുമാസമാണ് സമിതിയുടെ കാലാവധി. നമ്മുടെ ന്യായങ്ങള്‍ വ്യക്തമായും യുക്തിഭദ്രമായും സമിതിക്കു മുമ്പാകെ അവതരിപ്പിക്കാന്‍ കൂടി സാധിച്ചാല്‍ നീതിപൂര്‍വകമായ പരിഹാരം മുല്ലപ്പെരിയാര്‍ കേസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

No comments: