ജമ്മു-കശ്മീരില്‍നിന്ന് സൌമനസ്യത്തിന്റെ സുവാര്‍ത്തകള്‍. പാക് അധീന കശ്മീരിലേക്ക് കുടിയേറിയ എല്ലാ കശ്മീരികളെയും പുനരധിവസിപ്പിക്കാന്‍ കേന്ദ്രം പദ്ധതി തയാറാക്കുന്നു; അവര്‍ക്ക് പൊതുമാപ്പ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം അംഗീകരിച്ചിരിക്കുന്നു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നതിനാല്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലെന്ന് ചിദംബരം വ്യക്തമാക്കിയിരിക്കുന്നു. ഇതോടൊപ്പം, കശ്മീര്‍ താഴ്വര വിട്ടുപോയ പണ്ഡിറ്റുകളെ തിരിച്ചുവിളിക്കാനും പുനരധിവസിപ്പിക്കാനും പരിപാടിയുണ്ട്. കശ്മീര്‍ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജമ്മു^കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നിയോഗിച്ച കര്‍മസമിതിയുടെ പ്രധാന നിര്‍ദേശമാണ് അധിനിവിഷ്ട പ്രദേശത്ത് പോയവരെ പുനരധിവസിപ്പിക്കുക എന്നത്. തീവ്രവാദ പരിശീലനത്തിനായി അങ്ങോട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നത് ശരിയല്ലെന്ന അഭിപ്രായം ചിലര്‍ക്കുണ്ട്. അതേസമയം, ഈ അവസരം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കാതെ പുനരധിവാസം സാധ്യമാണെന്നും അത് മേഖലയില്‍ സൌമനസ്യവും സമാധാനാന്തരീക്ഷവും വളര്‍ത്തുമെന്നുമാണ് സര്‍ക്കാറുകളുടെ നിലപാട്.
പണ്ഡിറ്റുകള്‍ താഴ്വര വിട്ടുപോകാനിടയായ സാഹചര്യങ്ങളെപ്പറ്റി വിരുദ്ധവീക്ഷണങ്ങളുണ്ടെങ്കിലും അവരുടെ പുനരധിവാസം സംസ്ഥാനത്തെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇക്കാര്യത്തിലും അവധാനത ആവശ്യംതന്നെ; പക്ഷേ, പണ്ടുമുതലേ ഒന്നിച്ചുകഴിഞ്ഞവര്‍ക്ക് തുടര്‍ന്നും അങ്ങനെ കഴിയാന്‍ പറ്റണം; നീതിയുടെയും സാമൂഹികക്ഷേമത്തിന്റെയും താല്‍പര്യമാണത്. ഇത്തരം നല്ല നീക്കങ്ങളോടൊപ്പം, ഈ രോഗലക്ഷണങ്ങളുടെ മുഖ്യഹേതുവായ നീതിനിഷേധത്തിന്റെ പ്രശ്നം കൂടി പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യയോട് കൂറുപുലര്‍ത്തിയിരുന്ന കശ്മീരിവിഭാഗങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതിനുപിന്നില്‍ നീതിനിഷേധത്തിന്റേതായ രാഷ്ട്രീയകാരണങ്ങളുണ്ട്. കശ്മീരികള്‍ ഇന്ത്യക്കാരാണ് എന്ന് ഉറപ്പിച്ചുപറയുന്നതോടൊപ്പം അത് അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ നയസമീപനങ്ങളിലെ വീഴ്ചകളും സൈന്യത്തിന്റെ അരുതായ്കകളും ജനങ്ങളില്‍ അന്യതാബോധമുണ്ടാക്കി. അടിസ്ഥാനപരമായ ഈ പ്രശ്നം തീര്‍ക്കുന്നതിലേക്കുള്ള ചുവടുവെപ്പാകട്ടെ കശ്മീരികളുടെയും കശ്മീരി പണ്ഡിറ്റുകളുടെയും പുനരധിവാസം.
Subscribe to:
Post Comments (Atom)
No comments:
Post a Comment