Friday, February 12, 2010

ചില അമേരിക്കന്‍ ഇറാന്‍ ചിന്തകള്‍

ഇറാന്‍-യു.എസ് തര്‍ക്കങ്ങളുടെ പുതിയ പരിണാമം കൌതുകകരമാണ്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നു എന്നുപറഞ്ഞും വിശ്വസിപ്പിച്ചുമാണ് അമേരിക്ക നടക്കുന്നത്. ആണവ സാങ്കേതികവിദ്യ അതിവേഗം വികസിപ്പിച്ചും പുതിയ കേന്ദ്രങ്ങള്‍ പണിതും വാര്‍ത്ത സൃഷ്ടിക്കുന്ന ഇറാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ ആണവോര്‍ജത്തിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ്; ആണവോര്‍ജത്തിന് ആവശ്യമാണീ യുറേനിയം സമ്പുഷ്ടീകരണം. എന്നാല്‍, ഇത് ഊര്‍ജത്തിനല്ല, ആയുധത്തിനാണ് എന്ന് അമേരിക്ക വാദിച്ചുവന്നു. ഇപ്പോള്‍ ഇറാന്‍വിപ്ലവത്തിന്റെ 31ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് നടത്തിയ പ്രഖ്യാപനത്തോടെ അമേരിക്ക പെട്ടെന്ന് ചുവടൊന്ന് മാറ്റിയിരിക്കുന്നു. 20 ശതമാനം ശുദ്ധതയോടെ യുറേനിയം സമ്പുഷ്ടീകരിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചെന്നും ഇതോടെ ഇറാന്‍ ആണവ രാഷ്ട്രമായി എന്നുമാണ് നെജാദ് പ്രഖ്യാപിച്ചത്. ഉടനെ യു.എസ് പ്രസിഡന്റിന്റെ വക്താവ് റോബര്‍ട്ട് ഗിബ്സ് അതിനെ ചോദ്യംചെയ്തു. ഇറാന്റെ അവകാശവാദം ശരിയല്ലത്രെ. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് സന്നാഹങ്ങളൊരുക്കിക്കൊണ്ടിരുന്നപ്പോഴെല്ലാം ഇതാ ആണവായുധത്തിന് ശ്രമിക്കുന്നു എന്നുപറഞ്ഞ് അലമുറയിട്ടുവന്ന അമേരിക്ക, തങ്ങള്‍ സമ്പുഷ്ടീകരണത്തില്‍ വിജയിച്ചു എന്ന് ഇറാന്‍ അവകാശപ്പെട്ടപ്പോള്‍ അത് ഖണ്ഡിക്കാന്‍ കാണിക്കുന്ന തിടുക്കം രസാവഹമെന്ന പോലെ പരിഹാസ്യവുമായിരിക്കുന്നു.

അമേരിക്ക ഇതുവരെ സ്വീകരിച്ച നിലപാടിലെ വൈരുധ്യവും പൊള്ളത്തരവുമാണ് പുതിയ പ്രതികരണം തെളിച്ചുകാട്ടുന്നത്. ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) ഒപ്പുവെച്ച രാജ്യമെന്ന നിലക്ക് സമാധാനാവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉല്‍പാദിപ്പിക്കാനുള്ള അവകാശം ഇറാനുണ്ട്. ആണവായുധമെന്ന ആശയത്തോട് ആദര്‍ശപരമായി തന്നെ വിയോജിപ്പുള്ള തങ്ങള്‍ അത് വികസിപ്പിക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം, ഊര്‍ജത്തിന് ആണവവിദ്യ തങ്ങള്‍ക്കുവേണം. അതിന് തങ്ങള്‍ക്ക് അവകാശവുമുണ്ട്. ആണവായുധ പരിപാടി തങ്ങള്‍ക്കില്ലെന്ന് ബോധ്യപ്പെടുത്താന്‍ യു.എന്‍ പരിശോധകസമിതിക്ക് അനുമതിയും സഹകരണവും നല്‍കിപ്പോന്നു അവര്‍. സമിതിയാകട്ടെ, ഇറാന് പത്തുവര്‍ഷത്തേക്കെങ്കിലും ആണവായുധം നിര്‍മിക്കാനാവില്ല എന്ന് സാക്ഷ്യപ്പെടുത്തി. അമേരിക്കയുടെ തന്നെ അന്വേഷകരും സ്വകാര്യമായി ഇക്കാര്യം അംഗീകരിച്ചതായി  ഈയടുത്ത് വെളിപ്പെട്ടു. പക്ഷേ, ഇതൊന്നും നോക്കാതെ, ഇറാനെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനും ഇസ്രായേലിന്റെ പ്രേരണയോടെ അമേരിക്ക ശ്രമിച്ചു ^ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. എന്‍.പി.ടി ഒപ്പുവെക്കാതെയും ആണവായുധം നിര്‍മിച്ചും ലോകത്തെ വെല്ലുവിളിച്ച ഇസ്രായേലിനെതിരെ ഒന്നും പറയാത്ത അമേരിക്കയാണ് ഇറാന്റെ ന്യായമായ അവകാശങ്ങള്‍ക്കെതിരെ അന്യായമായ സമ്മര്‍ദവുമായി ഇറങ്ങിയത്. ഊര്‍ജരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ തങ്ങളെ അനുവദിക്കാതിരിക്കുക എന്ന ഒറ്റ അജണ്ടയാണ് അമേരിക്കക്ക് എന്ന് ഇറാന്‍ തിരിച്ചറിഞ്ഞതിനാല്‍ അതൊന്നും വിലപ്പോയില്ല. യുറേനിയം സമ്പുഷ്ടീകരണം ഏതെങ്കിലും പുറംരാജ്യത്ത് വെച്ചാകണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. അത് ഇറാന്‍ സമ്മതിച്ചപ്പോള്‍ നിലപാട് മാറ്റി, അതുകൊണ്ടൊന്നും കാര്യമില്ലെന്നായി അമേരിക്ക.

യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലി  ഇത്രയൊക്കെ കോലാഹലമുണ്ടാക്കിയ യു.എസാണ് ഇപ്പോള്‍ പറയുന്നത്, അതിനുള്ള ശേഷി ഇറാന് ഇല്ലെന്ന്. അപ്പോള്‍ പിന്നെ ഈ ബഹളമൊക്കെ എന്തിനായിരുന്നു? ആണവ രാഷ്ട്രമായതിന്റെ മനഃശാസ്ത്രപരമായ നേട്ടവും ആത്മവിശ്വാസവും ഇറാന് കിട്ടരുത് എന്നതാവാം പുതിയ ലക്ഷ്യം. പക്ഷേ, ഇത്രകാലം പറഞ്ഞുവന്നതിന്റെ യുക്തി മുഴുവന്‍ തകര്‍ന്നുവീണത് അമേരിക്ക കാണുന്നില്ലെന്ന് തോന്നുന്നു. 90 ശതമാനമോ അതിലധികമോ സമ്പുഷ്ടീകരണം നടത്തിയാലാണ് ആണവായുധം ഉണ്ടാക്കാന്‍ സാധിക്കുക. ആ ശേഷിയുടെ അടുത്ത് ഇറാന്‍ എത്തി എന്നായിരുന്നു യു.എസ് വാദം.പക്ഷേ, ഇപ്പോള്‍ 20 ശതമാനം സമ്പുഷ്ടീകരണശേഷി ഇല്ലെന്ന് പറയുന്നതോടെ, ആയുധനിര്‍മാണത്തിന്റെ അടുത്തെങ്ങും ഇറാന്‍ ഇല്ലെന്നുകൂടിയാണ് തെളിയുന്നത്. അതായത്, ഇറാന്റെ അവകാശവാദം ശരിയല്ലെന്നു വന്നാല്‍ അമേരിക്കയുടെ അവകാശവാദം പൊളിഞ്ഞു എന്നുകൂടിയാണ് അര്‍ഥം. ഇറാന്റെ നിലപാടിലാകട്ടെ, യുക്തിരാഹിത്യം ഒട്ടും ഇല്ല. താന്‍ കുഴിച്ച നുണയില്‍ താന്‍തന്നെ വീഴുക എന്ന ദുര്യോഗം ഇത് ആദ്യമായിട്ടല്ല അമേരിക്കക്കുണ്ടാകുന്നത്.

No comments: