Friday, March 12, 2010

ഉരുകിയൊലിക്കുന്ന കേരളം

ഉരുകിയൊലിക്കുന്ന കേരളം


കേരളം കുംഭമാസത്തില്‍ തന്നെ അഭൂതപൂര്‍വമായ ചൂടില്‍ ഉരുകാന്‍ തുടങ്ങി എന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് സൂര്യാഘാതം ഏറ്റ് പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ചിലരുടെയെങ്കിലും പൊള്ളല്‍ ഗുരുതരമാണ്. കണ്ണൂരിലെ ഇരിക്കൂറില്‍ 60 ഓളം സ്കൂള്‍ കുട്ടികള്‍ക്കാണ് സൂര്യാഘാതമേറ്റത്. താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ കന്നുകാലികള്‍ സൂര്യതാപമേറ്റു ചാവാന്‍ തുടങ്ങിയിരിക്കുന്നു. വരുംനാളുകളില്‍ 41 മുതല്‍ 45 വരെ ഡിഗ്രി സെല്‍ഷ്യസായി ഉഷ്ണം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കിണറുകളും പുഴകളും പതിവിലും നേരത്തേ വറ്റിത്തുടങ്ങിയതോടെ കേരളം വരള്‍ച്ചയുടെ പിടിയിലമരുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ അനുഭവപ്പെട്ടതിനേക്കാള്‍ മൂന്നുമുതല്‍ ആറുവരെ ഡിഗ്രി ചൂട് വര്‍ധിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നു. എട്ടു ജില്ലകളില്‍ ഇപ്പോള്‍തന്നെ താപനില 35 ഡിഗ്രി കടന്നു.

അത്യുഷ്ണം മൂലം വൈദ്യുതി ഉപഭോഗത്തില്‍ വന്ന വര്‍ധന കടുത്ത ഊര്‍ജപ്രതിസന്ധിക്കും നിമിത്തമായിട്ടുണ്ട്. പ്രതിദിന വൈദ്യുതി ഉപയോഗം അഞ്ചര കോടിയിലെത്തി. ഇതിനിയും വര്‍ധിച്ച് 5.7 കോടി യൂനിറ്റ് വരെ ഉയരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. ദക്ഷിണേന്ത്യയെ മൊത്തം നേരിടുന്ന പ്രതിസന്ധിയായതുകൊണ്ട് കേരളത്തിന്റെ പുറത്തുനിന്ന് വൈദ്യുതി കണക്കിലധികം കൊണ്ടുവരാനാവില്ല. വൈദ്യുതി ലൈനുകളുടെ ശേഷിക്കുറവാണ് കാരണം. സ്വാഭാവികമായും ലോഡ് ഷെഡിങ്ങും പവര്‍കട്ടും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കും ഉള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമീഷന്റെ അനുമതിക്ക് വിധേയമായി സ്വീകരിക്കേണ്ടിവരും.
കാലാവസ്ഥ വ്യതിയാനം എന്ന് കേള്‍ക്കുമ്പോള്‍ ഏതോ പരിസ്ഥിതി മൌലികവാദികളുടെ അകാരണമായ ആശങ്കയായും ശാസ്ത്രജ്ഞന്മാരുടെ അതിശയോക്തി കലര്‍ന്ന മുന്നറിയിപ്പായും നിസ്സാരവത്കരിക്കാനാണ് പൊതുവെ ആളുകള്‍ക്കിഷ്ടം. ഭൂമിയിലെ സകല ചരാചരങ്ങളുടെയും ജീവന്റെയും നിലനില്‍പിന്റെയും പ്രശ്നമായി അത് കണക്കിലെടുത്തു സത്വര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരും തയാറല്ലെന്ന് കോപന്‍ ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ പിരിഞ്ഞതിലൂടെ തെളിഞ്ഞു. ഒരുപിടി സമ്പന്നര്‍ക്ക് കൃത്രിമ മാര്‍ഗങ്ങളിലൂടെ തല്‍ക്കാലത്തേക്ക്, ഉയര്‍ന്ന താപനിലയും ജലക്ഷാമവും വൈദ്യുതി കമ്മിയുമൊക്കെ മറികടക്കാനാവുമെന്ന അലംഭാവവും അവരുടെ ലാഭക്കൊതിയുമാണ് യഥാര്‍ഥത്തില്‍ സങ്കീര്‍ണമായ കാലാവസ്ഥ വ്യതിയാനത്തിന് നിവാരണ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സം. അങ്ങേയറ്റം സ്വാര്‍ഥ ജടിലവും ദീര്‍ഘദൃഷ്ടിയില്ലാത്തതുമാണീ വിചാരമെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. പ്രകൃതിയോട് കലഹിക്കാനും ആവാസ വ്യവസ്ഥ തകിടം മറിക്കാനും പരിസ്ഥിതി സന്തുലനം തകര്‍ക്കാനുമുള്ള മല്‍സരമാണ് ലോകത്തുടനീളം നടക്കുന്നത്. തൊഴിലില്ലായ്മക്ക് പരിഹാരമായി പടുകൂറ്റന്‍ വ്യവസായങ്ങള്‍ക്ക് എല്ലാവിധ ചട്ടങ്ങളെയും മറികടന്ന് ചുവപ്പ് പരവതാനി വിരിക്കുകയാണ്. ജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യതയോ മാലിന്യ സംസ്കരണമോ വായുമലിനീകരണമോ ഗതാഗത സൌകര്യങ്ങളോ കൃത്യമായും സൂക്ഷ്മമായും വിലയിരുത്തപ്പെടുന്നില്ല. ആയിരക്കണക്കില്‍ മനുഷ്യരുടെ പുനരധിവാസവും പ്രശ്നമാവുന്നില്ല. പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ തൊഴിലവസരങ്ങള്‍ തന്നെ വേണ്ടത്ര തുറന്നുകിടക്കുമ്പോഴാണ് ഈ ദ്രോഹം എന്നുകൂടി ഓര്‍ക്കണം. മാരകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരൊക്കെ വികസനത്തിന്റെ ശത്രുക്കള്‍. ലക്കും ലഗാനുമില്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ അന്തരീക്ഷ താപനില ഉയര്‍ത്തുന്നതിലും മലിനീകരണത്തിലും വഹിക്കുന്ന പങ്ക് ഇന്ന് ചര്‍ച്ചാ വിഷയം പോലുമല്ല. അന്താരാഷ്ട്ര വാഹന നിര്‍മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം സൃഷ്ടിക്കണമല്ലോ. പ്രതിവിധിയായി നിര്‍ദേശിക്കപ്പെടുന്നത് പതിനായിരങ്ങളെ കുടിയിറക്കിയും നീര്‍ക്കെട്ടുകള്‍ വറ്റിച്ചുകളഞ്ഞും ലക്ഷക്കണക്കിന് ടണ്‍ കല്ലും മണലും ഉപയോഗിച്ചും നിര്‍മിക്കപ്പെടുന്ന അതിവേഗ പാതകളാണ്. ജീവിതം തന്നെ ദുസ്സഹമായിത്തീരുമ്പോള്‍ എങ്ങോട്ടാണ് നാം അതിവേഗം ഓടുന്നത് എന്നാലോചിക്കാന്‍ സമയമെവിടെ? വനങ്ങളായ വനങ്ങളൊക്കെ വ്യാജ രേഖകള്‍ ചമച്ച് കൊലക്കൊമ്പന്മാര്‍ കൈയേറി മരങ്ങളൊക്കെ വെട്ടിമാറ്റി റിസോര്‍ട്ടുകള്‍  പണിതുകഴിഞ്ഞു. രാഷ്ട്രീയക്കാരെ വിലക്കെടുത്താല്‍ എന്തും നടക്കുമെന്ന പാഠമാണ് അവര്‍ പഠിച്ചത്. എന്നിട്ടോ ജനങ്ങളെ കബളിപ്പിക്കാന്‍ ഇടതും വലതും വേര്‍തിരിഞ്ഞു അന്യോന്യം നടത്തുന്നു.

ചുരുക്കത്തില്‍ ബുദ്ധിയും വിവരവും ആലോചനാ ശക്തിയും വേണ്ടത്രയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ സ്വയം സൃഷ്ടിച്ച ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനം. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കുമെന്ന പ്രകൃതി നിയമമേ ഇവിടെ പ്രവര്‍ത്തിക്കുന്നുള്ളൂ. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ഹരിതഗൃഹ വാതകം കണക്കിലധികം അന്തരീക്ഷത്തിലേക്ക് തള്ളിയതുമൂലം സംഭവിക്കുന്ന കാലാവസ്ഥാമാറ്റവും തത്ഫലമായ അത്യുഷ്ണവും മഴയുടെ ലഭ്യതയില്‍ സംഭവിച്ച കമ്മിയും ലഭിക്കുന്ന മഴവെള്ളം ഭൂമിയില്‍ സംഭരിക്കുന്നതിലെ അലംഭാവവും നദികളുടെ മലിനീകരണവും മരനശീകരണവുമെല്ലാം കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് അനുദിനം വര്‍ധിക്കുന്ന വേവും ചൂടും. കേരളത്തില്‍ അത്യപൂര്‍വമായ സൂര്യാഘാതം പോലും, ഈ കുംഭമാസത്തില്‍ തന്നെ യാഥാര്‍ഥ്യമായി കഴിഞ്ഞു. മീനച്ചൂടും മേടച്ചൂടുമാണ് ഇനി വരാനുള്ളത്. ഒപ്പം വൈദ്യുതി കട്ടും കൂടിയായാല്‍ നരകം വേറെ വേണ്ടിവരില്ല. ഇനിയെങ്കിലും പ്രകൃതിയെ പിണക്കാതെ, പരിസ്ഥിതി താറുമാറാക്കാതെ, പുരോഗമനവും വികസനവുമൊക്കെ കരുതലോടെ മതി എന്ന് തീരുമാനിച്ചു അച്ചടക്കപൂര്‍ണമായി ജീവിതം ശീലിച്ചാല്‍ മാത്രം ഈ നരകച്ചൂടില്‍നിന്ന് മോചനം ഉണ്ട്. അതിന് വേണ്ടിയാവണം സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ബോധവത്കരണം.

No comments: