പി. കൃഷ്ണകുമാരി
അരികുചേര്‍ക്കപ്പെട്ട പെണ്‍നോവുകള്‍ പറഞ്ഞുപാടാന്‍, ആ പങ്കപ്പാടുകള്‍ പങ്കുവെക്കാന്‍ ഒരു ദിനം വന്നുചേര്‍ന്നിട്ട് ഇത് ഒരുനൂറ്റാണ്ട്. വ്യവസായ വിപ്ലവം വന്നിട്ട് രണ്ട് നൂറ്റാണ്ടുകഴിഞ്ഞിട്ടും സാമ്പത്തിവും രാഷ്ട്രീയവുമായ തങ്ങളുടെ ദുരവസ്ഥയില്‍ മാറ്റമില്ലെന്ന് കണ്ട് അധികാരി വര്‍ഗത്തിനെതിരെ ഒരുപറ്റം സ്ത്രീകള്‍ അമേരിക്കന്‍ തെരുവുകളില്‍ മുദ്രാവാക്യം മുഴക്കി രംഗത്തെത്തിയിട്ട് നൂറ്റാണ്ട് കഴിയുന്നു.
അന്ന് ഒത്തുകൂടിയ അമേരിക്കക്കാരികളുടെ ആവശ്യം സ്ത്രീകള്‍ക്കും വോട്ടവകാശം അനുവദിക്കണമെന്നായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നതാണ് . അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിലെ മുറവിളി സമരങ്ങള്‍ പാഴായെന്ന് പറയാന്‍ വയ്യ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സ്ത്രീകള്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നെങ്കിലും അത് വസ്ത്രനിര്‍മാണശാലകളിലെ മൂന്നാംകിട സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. 1909 ല്‍ അമേരിക്കന്‍ വസ്ത്രനിര്‍മാണശാലകളിലെ രണ്ടായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ തങ്ങള്‍ക്ക് നല്ല തൊഴില്‍ സാഹചര്യവും മെച്ചപ്പെട്ട വേതനവും ലഭിക്കണമെന്നാവശ്യപ്പെട്ട് മാന്‍ഹട്ടനില്‍ പ്രതിഷേധസമരം നടത്തി. നിരവധിപേര്‍ അറസ്റ്റ് വരിച്ചു. ഈ വനിതാകൂട്ടായ്മക്ക് ശക്തിപകരാന്‍ രാജ്യത്തെ എല്ലാ സ്ത്രീവാദികളും സോഷ്യലിസ്റ്റ് വാദികളും മുന്നോട്ടുവന്നു.
സോഷ്യലിസ്റ്റ് വനിതാപ്രവര്‍ത്തകര്‍ 1910ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന യോഗത്തിലാണ് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തത്.
ഇത് ജര്‍മനിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ശക്തി സമയമായിരുന്നു. അമേരിക്കയില്‍ സ്ത്രീ തൊഴിലാളികള്‍ക്കിടയില്‍ നടന്ന കൂട്ടായ്മയില്‍ ആവേശം പൂണ്ട ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാവ് ക്ലാര സെറ്റ്കിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഒരു ദിവസം വനിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. പതിനേഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, സ്ത്രീകളുടെ ക്ലബുകള്‍ തുടങ്ങിയവയിലെ നൂറ് പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ക്ലാര സെറ്റ്കിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം അംഗീകരിച്ചു. തീരുമാനത്തിന്റെ ഫലമായി ജര്‍മനി, ഡെന്‍മാര്‍ക്ക്, ആസ്ത്രേലിയ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 1911 മാര്‍ച്ച് 19ന് ആദ്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ വനിതാ ദിനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരവധി സമരങ്ങള്‍ നടന്നു. 1913 മുതല്‍ ലോകമെങ്ങും മാര്‍ച്ച് എട്ട് വനിതാദിനമായി ആചരിച്ചു തുടങ്ങി.
ഫ്രഞ്ചു വിപ്ലവത്തിന്റെയും റഷ്യയിലും മറ്റും ശക്തി പ്രാപിച്ച ഇടതു പക്ഷ ആശയങ്ങളുടെയും പിന്‍ബലത്തില്‍ വനിതാ കൂട്ടായ്മകള്‍ ലോകമെങ്ങും ശക്തി പ്രാപിക്കുകയും തൊഴിലിടങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ ലോകമെമ്പാടും ശക്തമായ സമരങ്ങള്‍ നടക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് സിഡ്നിയില്‍ 1928 ല്‍ ഒരേ ജോലിക്ക് ഒരേ വേതനം സമരം നടന്നത്.
1960ല്‍ വനിതാ ദിനത്തിന്റെ അമ്പതാം വാര്‍ഷികാഘോഷദിനത്തില്‍ 73 രാജ്യങ്ങളില്‍ നിന്നായി 729പ്രതിനിധികള്‍ പങ്കെടുത്ത യോഗം കോപന്‍ഹേഗനില്‍ നടന്നു. 1975ലാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന് യു.എന്‍ അംഗീകാരം ലഭിക്കുന്നത്.
Tuesday, March 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment