മോഡി: സത്യം വെളിപ്പെടട്ടെ
നിയമവ്യവസ്ഥയുടെ പരാജയമായിരുന്നു ഗുജറാത്ത് വംശഹത്യ. ഭരണഘടനയും മതനിരപേക്ഷതയും ഒരിക്കല്‍കൂടി വഞ്ചിക്കപ്പെട്ടു. രണ്ടായിരത്തിലേറെ മനുഷ്യര്‍ കൊല ചെയ്യപ്പെട്ടു. 'കലാപം' നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് മാത്രമല്ല, ഭരണകൂടംതന്നെ കൂട്ടക്കശാപ്പിന് കാര്‍മികത്വവും നേതൃത്വവും വഹിച്ചു എന്നാണ് അനുഭവസ്ഥരും അന്വേഷകരും പറഞ്ഞിട്ടുള്ളത്. എന്നിട്ടും നമ്മുടെ നീതിന്യായ വ്യവസ്ഥയെ ചലിപ്പിക്കാന്‍ ജാഫ്രിയുടെ വിധവ ധൈര്യപ്പെടേണ്ടിവന്നു. സമാനമായ കേസില്‍ സാഹിറാ ശൈഖിന് നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ധൈര്യം അസാമാന്യമാണ്. നരോദപാട്യയില്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത് മോഡിയുടെ കീഴിലെ മന്ത്രി മായാ കോഡ്നാനിയത്രെ. കൊലയാളികള്‍ ചീറിയടുത്തപ്പോള്‍ ഇഹ്സാന്‍ ജാഫ്രി അധികൃതരെയും പൊലീസിനെയും വിളിച്ച് സഹായമര്‍ഥിച്ചു. പക്ഷേ, അക്രമികളില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അവര്‍ ഒന്നുംതന്നെ ചെയ്തില്ല. നിരപരാധികളായ പൌരന്മാരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ഭരണസംവിധാനം എങ്ങനെ പരാജയപ്പെട്ടെന്ന് മനുഷ്യാവകാശ കമീഷന്‍ 2002ല്‍ തന്നെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യരും പി.ബി. സാവന്തും നേതൃത്വം കൊടുത്ത സിറ്റിസണ്‍സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍, ഗോധ്ര തീവണ്ടി ദുരന്തം നടന്ന ദിവസം മോഡി വിളിച്ചുചേര്‍ത്ത യോഗത്തെപറ്റി മന്ത്രി ഹരണ്‍ പാണ്ഡ്യയുടെ വിവരണം ചേര്‍ത്തിരുന്നു. ഗോധ്രയെ ചൊല്ലിയുള്ള ഹിന്ദുക്കളുടെ രോഷത്തെ തടഞ്ഞുവെക്കരുതെന്ന് മോഡി പൊലീസിനോട് പറഞ്ഞെന്നാണ് പാണ്ഡ്യ മൊഴി നല്‍കിയത്. ഗോധ്ര തീവെപ്പ് മുസ്ലിംകള്‍ നടത്തിയതാണെന്നും ഓരോ ക്രിയക്കും ഒരു പ്രതിക്രിയയുണ്ടെന്നും മോഡി പറഞ്ഞത്രെ. ഈ ഹരണ്‍ പാണ്ഡ്യ പിന്നീട് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞത് മോഡിയാണ് അത് ചെയ്യിച്ചതെന്നാണ്.
ഇത്തരം ആരോപണങ്ങള്‍ ^പലതും തെളിവുകളോടെ ഉന്നയിക്കപ്പെട്ടവ^ ഉണ്ടായിട്ടും മോഡി കൂസലില്ലാതെ, ഒരു കേസിലും ഉള്‍പ്പെടാതെ സുരക്ഷിതനായി നിലകൊണ്ടു. ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രിയെന്നുവരെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ ചൂളിപ്പോയത് നമ്മുടെ നിയമവ്യവസ്ഥയാണ്. ഗുജറാത്ത് കലാപത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലും മോഡിതന്നെ വിജയിയായതോടെ, നിയമത്തോടുള്ള പുച്ഛം നമ്മുടെ പൊതുബോധത്തെപ്പോലും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമായി. നിയമത്തിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസം വീണ്ടെടുക്കുക എന്നതുകൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയോഗത്തിലൂടെ സുപ്രീം കോടതി ലക്ഷ്യമാക്കിയിരിക്കണം. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ഹരജിക്കാരിയുടെ പരാതി സുപ്രീംകോടതി ഗൌരവത്തിലെടുത്തു. ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം വിചാരണ പൂര്‍ത്തിയാക്കാറായി എന്നാണറിയുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ കരുത്ത് വീണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിനും കോടതി നടപടികള്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുക. നിയമത്തിന്റെ നിശിതമായ കാഴ്ചയില്‍ കാര്യങ്ങളുടെ സത്യാവസ്ഥ ഏവര്‍ക്കും ബോധ്യപ്പെടുംവിധം തെളിയിക്കാനായാല്‍ നമ്മുടെ നിയമസംവിധാനത്തിന് ഒരിക്കല്‍ കൂടി നിവര്‍ന്നുനില്‍ക്കാന്‍ കഴിയും.
No comments:
Post a Comment