Friday, March 12, 2010

കൊടുംചൂടില്‍ തണുപ്പിക്കാന്‍

കൊടുംചൂടില്‍ തണുപ്പിക്കാന്‍

ഡോ. പി. ജയപ്രകാശ്
Thursday, March 11, 2010
വേനലിന്റെ തുടക്കത്തില്‍തന്നെ കേരളം കൊടുംചൂടില്‍ ഉരുകുകയാണ്. പാലക്കാട് ഏഴ് പേര്‍ക്ക് സൂര്യാഘാതമേറ്റെന്ന വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.

കനത്ത ചൂടില്‍ ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതും അതുവഴി അമിതജലനഷ്ടം സംഭവിക്കുന്നതുമാണ് സൂര്യാഘാതത്തിന് കാരണമാവുന്നത്്. അന്തരീക്ഷത്തിലെ താപനില കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരും. ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതിനാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടും. മരണംപോലും സംഭവിക്കാവുന്നത്ര അപകടകരമാണ് ഈ അവസ്ഥ.

പകല്‍ സമയത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് ഉച്ചക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയുള്ള സമയത്താണ്. ഈ സമയത്താണ് സൂര്യാഘാതത്തിന് കൂടുതല്‍ സാധ്യത. ശരീരത്തില്‍ പൊള്ളലേല്‍ക്കാനും ഇടയുണ്ട്. അതിരാവിലെ മുതല്‍ കടുത്ത ചൂടാണെന്നതിനാല്‍ വിയര്‍പ്പിലൂടെ ഏറെ ജലനഷ്ടം സംഭവിക്കുന്നു. വിയര്‍പ്പിലൂടെ ശരീരത്തിലെ സോഡിയവും നഷ്ടപ്പെടും. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നത് ശരീരത്തിന് ദോഷമാണ്. 'ഹൈപ്പോക്രീനിയ' എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഇതിന് പേര്. സോഡിയത്തിന്റെ അളവ് കുറയുന്നതോടെ ബോധക്ഷയം സംഭവിക്കും.

ലക്ഷണങ്ങള്‍:
ഹൃദയസ്തംഭനം പോലെ ഒറ്റയടിക്ക് സംഭവിക്കുന്നതല്ല സൂര്യാഘാതം. പ്രാരംഭ ലക്ഷണങ്ങളില്‍നിന്ന് അത് മനസ്സിലാക്കാനാവും. ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതാണ് ആദ്യലക്ഷണം. ചൂട് മൂലമാണെന്ന് പറഞ്ഞ് എല്ലാവരും നിസ്സാരമായി കരുതുന്നതാണിത്. ചൂട് കൂടുന്തോറും തല കറക്കം, ഏകാഗ്രതകുറവ്, ബോധക്ഷയം എന്നിവ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ പ്രാഥമികചികില്‍സ നല്‍കുകയാണ് വേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് തണലിലേക്ക് മാറുക, ശരീരം തണുപ്പിക്കാന്‍ തണുത്ത വെള്ളം കോരിയൊഴിക്കുക, നെറ്റിയില്‍ തുണി നനച്ചിടുക, ഉപ്പിട്ട വെള്ളം കുടിക്കുക തുടങ്ങിയ പ്രാഥമിക ചികില്‍സ നല്‍കിയിട്ടും മാറ്റമില്ല എങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധചികില്‍സ തേടേണ്ടതാണ്.

മുന്‍കരുതലുകള്‍:
നേരിട്ടുള്ള സൂര്യപ്രകാശം  ഏല്‍ക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കഴിയുന്നതും കുട ഉപയോഗിക്കുക, പരുത്തിത്തുണികൊണ്ടുള്ള വസ്ത്രം ധരിക്കുക, പാടത്തും മറ്റും ജോലി ചെയ്യുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന തുണിയും തൊപ്പിയും ധരിക്കുക,  ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെയാണ് ചൂടിന്റെ കാഠിന്യം കൂടുതല്‍. ഈ സമയത്ത് വിശ്രമം നല്‍കാവുന്ന രീതിയില്‍ ജോലിസമയം താല്‍ക്കാലികമായി പുനഃക്രമീകരിക്കണം.

ശരീരത്തിന്റെ ജലനഷ്ടം പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളത്തില്‍ ഒരു ചെറിയ ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നതാണ് ഏറെ ഗുണം ചെയ്യുക. വിയര്‍പ്പിലൂടെ സോഡിയം നഷ്ടമാവുന്നത് ഇങ്ങനെ പരിഹരിക്കാനാവും.
ദാഹമകറ്റാന്‍ ജ്യൂസ് തുടങ്ങിയ പഞ്ചസാരയിട്ട പാനീയങ്ങള്‍ കുടിക്കുന്നത് കൊണ്ട് കാര്യമില്ല.  ജ്യൂസിലൂടെ അകത്തുചെല്ലുന്ന പഞ്ചസാര, ശരീരത്തിന്റെ ജലാംശത്തെ സംരക്ഷിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ശരീരത്തിന് വീണ്ടും ജലം ആവശ്യമായിവരും. ഗ്ലൂക്കോസ് ചേര്‍ത്ത വെള്ളവും ഒഴിവാക്കണം. താല്‍ക്കാലികമായി ദാഹശമനം നല്‍കിയാലും ഇവയൊന്നും ശരീരത്തെ ചൂടില്‍നിന്ന് പ്രതിരോധിക്കില്ല. സാധാരണ ഒന്നര ലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം ഒരാള്‍ കുടിക്കണം. എന്നാല്‍, ഈ സമയത്ത് നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കേണ്ടത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്.
മധുരപാനീയങ്ങളേക്കാള്‍ പ്രയോജനം ചെയ്യുക പഴവര്‍ഗങ്ങളാണ്. തണ്ണിമത്തന്‍, നാരങ്ങ, മുസംബി, ലിച്ചി പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലത്തിന്റെ സാന്നിധ്യം നിലനിറുത്തും.

പുറത്ത് ജോലിയെടുക്കുന്നവരില്‍ മാത്രമല്ല, വീടിനകത്തുള്ളവര്‍ക്കും സൂര്യാഘാതം സംഭവിക്കാം. പ്രായമേറിയവര്‍ക്ക് പൊതുവേ ദാഹം കുറവായിരിക്കുമെന്നതിനാല്‍ വെള്ളം കുടിക്കില്ല. മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ജലനഷ്ടം ഉണ്ടാവുകയും ചെയ്യും. മാത്രമല്ല, പലവിധ മരുന്നുകളുടെ ഉപയോഗംമൂലം സോഡിയത്തിന്റെ അളവ് കുറയാനുമിടയുണ്ട്. വെയിലത്ത് കളിക്കാന്‍ പുറത്തുവിടാതെ കുട്ടികളെയും ശ്രദ്ധിക്കണം.

മനുഷ്യരേക്കാള്‍ കൂടുതല്‍ ഭീഷണി നേരിടുന്നത് മൃഗങ്ങളാണ്. വളര്‍ത്തു മൃഗങ്ങള്‍ക്ക് പതിവിലേറെ വെള്ളം നല്‍കണം. ദിവസവും കുളിപ്പിക്കണം. പുറത്തുവിടാതെ തൊഴുത്തിലോ കൂട്ടിലോ തന്നെയിട്ട്  താല്‍ക്കാലികമായി സംരക്ഷിക്കാവുന്നതാണ്.


(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എന്‍ഡോക്രൈനോളജിസ്റ്റ് ആണ് ലേഖകന്‍)

No comments: