ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കുമാരി മായാവതി മാലപ്പൂതി വിടാനൊരുക്കമില്ലെന്ന വാശിയിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഖ്നോയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രജതജയന്തി ആഘോഷവേദിയില്‍ ആയിരം രൂപാനോട്ടുകളില്‍ കൊരുത്ത കോടികളുടെ കൂറ്റന്‍ഹാരം ഏറ്റുവാങ്ങിയത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. പത്തുകോടി വിലവരുന്ന നോട്ടുമാല ഏറ്റുവാങ്ങിയ മായാവതിയെ നിലക്കുനിറുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. കോടികള്‍ ചെലവിട്ട മായാവതിയുടെ ആഡംബരറാലിയെക്കുറിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍^യു തുടങ്ങിയ പ്രതിപക്ഷനിര ആവശ്യപ്പെട്ടത്. റാലിക്കും നോട്ടുമാലക്കും ചെലവിട്ട തുകയുടെ സ്രോതസ്സ് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ബഹളത്തില്‍ മുങ്ങിയ പാര്‍ലമെന്റ് ഒടുവില്‍ മറ്റു നടപടികളിലേക്ക് കടക്കാതെ ബജറ്റ്സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. അതേസമയം, നോട്ടുമാലക്കുള്ള പണം ലഭ്യമായതെങ്ങനെയെന്ന അന്വേഷണത്തിന് ആദായനികുതി വകുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതുകൊണ്ടൊന്നും തന്നെ തളയ്ക്കാനാവില്ലെന്ന മട്ടിലാണ് മായാവതിയുടെ നീക്കം. നോട്ടുമാല വിവാദം ദേശീയരാഷ്ട്രീയത്തില്‍ കത്തിപ്പടരുന്നതിനിടെ ഇന്നലെ മറ്റൊരു 18 ലക്ഷത്തിന്റെ നോട്ടുമാല കൂടി എടുത്തണിഞ്ഞ് മായാവതി പ്രതിയോഗികളുടെയും പ്രതിഷേധക്കാരുടെയും നേരെ ചിന്നംവിളിക്കുക തന്നെയാണ്. 18 പാര്‍ട്ടി ഘടകങ്ങള്‍ നൂറ്, അഞ്ഞൂറ്, ആയിരം നോട്ടുകളില്‍ കൊരുത്ത ലക്ഷംമാല്യമാണ് ഇന്നലെ നേതാവിന് അണിയിച്ചതെന്ന് വ്യക്തമാക്കിയ ബി.എസ്.പി നേതൃത്വം ഇത്തരം 'മാലയോഗങ്ങള്‍' ഇനിയും തുടരുമെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്.
പണവും പ്രതാപവും കൊണ്ടുള്ള മായാവതിയുടെ കൊണ്ടാട്ടം ഇതാദ്യമല്ല. പ്രൈമറി സ്കൂള്‍ അധ്യാപികയില്‍ നിന്ന് രാജ്യത്തെ പതിനാറുകോടി ദലിതരുടെ വിമോചകപ്രതിച്ഛായയുമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഇടനാഴികയാക്കി അധികാരത്തിന്റെ ശീതളച്ചോലയിലെത്തിയ മായാവതി ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ അഴുകിയ മണ്ഡലങ്ങളിലെല്ലാം സ്വന്തം മുദ്ര പതിക്കുകയായിരുന്നു. സവര്‍ണരാജിനെതിരെ പതിതവികാരം അഴിച്ചുവിട്ട് അധികാരത്തിലേക്ക് വഴിവെട്ടിയ ദലിതരുടെ ഈ 'ഉരുക്കുവനിത' അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും ഇന്ത്യന്‍ രാഷ്ട്രീയബ്രാഹ്മണ്യത്തിന്റെ പാരമ്പര്യം മുറുകെപ്പിടിച്ചു. പ്രതിച്ഛായാനിര്‍മിതിയില്‍ തമിഴകത്തെ ജയലളിതയോടല്ല, ഫിലിപ്പീന്‍സിലെ ഇമല്‍ഡയോടു തന്നെ മല്‍സരിക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. കോടികള്‍ വാരിയെറിഞ്ഞുള്ള ജന്മദിനാഘോഷം, അതിനുവേണ്ടി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഗുണ്ടാപ്പിരിവിനെ വെല്ലുന്ന കോടിപ്പിരിവ്, ലക്ഷങ്ങള്‍ ചെലവിട്ട ചിത്രശേഖരം, കൂറ്റന്‍ പ്രതിമാനിര്‍മാണം^ഇങ്ങനെ പോകുന്നു ബഹന്‍കുമാരിയുടെ മായാലീലകള്‍. മായാവതിയുടെ ജന്മദിനം യു.പിയില്‍ ജനകല്യാണ്‍കാരി ദിവസ് ആണിപ്പോള്‍. എന്നാല്‍, മായാവതി നാലുവട്ടം നാടു ഭരിച്ചിട്ടും ഉത്തര്‍പ്രദേശില്‍ ആര്‍ക്കാണ് കാര്യങ്ങള്‍ കല്യാണം അഥവാ മംഗളകരം ആയി കലാശിക്കുന്നതെന്നു ചോദിച്ചാലും ഉത്തരം ഒന്നേയുള്ളൂ^മായാവതിക്കും പാര്‍ട്ടിക്കും തന്നെ. ബുദ്ധ, അംബേദ്കര്‍ പ്രതിമകള്‍ക്കൊപ്പം തന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ യു.പിയുടെ മുക്കുമൂലകളില്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതി 2009 ജൂണില്‍ മായാവതിയുടെ കൈക്കു പിടിച്ചു. പൊതുഖജനാവില്‍നിന്നു 1200 കോടി രൂപ വിനിയോഗിച്ചു നടത്തുന്ന ഈ അസംബന്ധത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചയാള്‍ ബോധിപ്പിച്ചത് യു.പിയില്‍ അഞ്ചുകോടി 90 ലക്ഷം ജനങ്ങള്‍ ഇപ്പോഴും ദാരിദ്യ്രരേഖക്കു താഴെയാണെന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാതൃ, ശിശുമരണങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് യു.പി. സാക്ഷരത വെറും പകുതി പേര്‍ക്ക്^56.27 ശതമാനം. 41 ശതമാനം ഗ്രാമങ്ങളിലും ഇനിയും വൈദ്യുതിവെളിച്ചം കടന്നുചെന്നിട്ടില്ല. ആ നാട്ടിലിരുന്നാണ് അവര്‍ണരുടെ പേരില്‍ അധികാരമേറിയ ദലിത്നായികയുടെ ഈ ധൂര്‍ത്തന്‍ ആഭാസം എന്നോര്‍ക്കുക. എന്നല്ല, സംസ്ഥാനത്തെ 47 ജില്ലകള്‍ വരള്‍ച്ചയുടെ വറുതിയില്‍ എരിയുമ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷം മായാവതിയുടെ പ്രതിമാ അനാച്ഛാദന മാമാങ്കങ്ങള്‍.
കോടികള്‍ പിന്‍വാതില്‍ കടത്തിയ താജ് ഇടനാഴിക കേസിലും പ്രതിമാനിര്‍മാണകേസിലുമൊക്കെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പ്രതിക്കൂട്ടില്‍ കയറിയ മായാവതി മതിയാക്കുന്നില്ല എന്നുതന്നെയാണ് പുതിയ നോട്ടുമാല വിവാദം തെളിയിക്കുന്നത്.
നാടു കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയാണോ ദലിത്തമ്പുരാട്ടിയുടെ റോള്‍മോഡല്‍ എന്ന് അതിശയിപ്പിക്കുന്നതാണ് മായാവതിയുടെ മായാവിലാസങ്ങളൊക്കെയും. ഉത്തര്‍പ്രദേശില്‍ വാര്‍ത്തകളില്‍ കത്തിനില്‍ക്കുന്ന സമയമാണിത്. പ്രതാപ്ഗഢ് ജില്ലയിലെ രാംജങ്കിയില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 65 പേര്‍ മരണപ്പെട്ടത് ഈ മാര്‍ച്ചുമാസം നാലിനാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാല്‍ തിരക്കില്‍ പെട്ടു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും അന്ന് നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി. അതുകൊണ്ട് കേന്ദ്രഫണ്ടിനുവേണ്ടി ഒന്നിച്ചു നിലവിളിക്കാന്‍ മുഴുവന്‍ പാര്‍ട്ടി എം.പിമാരോടും ആജ്ഞാപിച്ച മായാവതിയാണ് ദിവസങ്ങള്‍ക്കകം പൊതുവേദിയില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നോട്ടുമാലകളുമായി അമ്മാനമാടുന്നത്. ക്രൂരമായ ഈ അസംബന്ധത്തെ ഏതു പേരു ചൊല്ലിയാണ് വിളിക്കുക? ഉത്തര്‍പ്രദേശിലെ ബറേലി ജില്ല വര്‍ഗീയസംഘര്‍ഷത്തില്‍ പുകയുമ്പോഴാണ് കോടികളുടെ ധൂര്‍ത്തുല്‍സവത്തില്‍ പാര്‍ട്ടിയുടെയും നേതാവിന്റുെം ജന്മദിനാഘോഷം കൊഴുപ്പിക്കുന്നത്. ആളപായത്തേക്കാള്‍ കോടികളുടെ സ്വത്തുനാശമാണ് ബറേലിയില്‍ ഉണ്ടായത്. രണ്ടാഴ്ചയോളം കര്‍ഫ്യൂവില്‍ മുടങ്ങിക്കിടന്നതു കൂടി കൂട്ടിയാല്‍ മൊത്തം അഞ്ഞൂറു കോടി കവിയുന്ന സ്വത്തുനഷ്ടമാണ് ബറേലിക്കാര്‍ക്ക് വര്‍ഗീയകലാപം സമ്മാനിച്ചത്. ഇങ്ങനെ പ്രജകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദുരിതത്തീ തിന്നുന്നതിനിടെയാണ് ഗാന്ധിചിത്രം ഉല്ലേഖനം ചെയ്ത ആയിരത്തിന്റെ അഞ്ഞൂറിന്റെയും നോട്ടുകെട്ടു മാല കഴുത്തില്‍ തൂക്കി മായാവതി തിളങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത്, രാജ്യത്തെ പീഡിതഭൂരിപക്ഷത്തിന്റെ സ്വന്തം പ്രതിനിധിയായി അധികാരമേറിയ, അധികാരത്തിന്റെ അത്യുന്നതിയിലേക്ക് വെച്ചടി കയറിയ മായാവതി ഇന്നാടിന്റെ വേലിപ്പുറത്ത് വെയിലു കൊള്ളേണ്ടിവന്ന അവര്‍ണര്‍ക്കും മറ്റു മതജാതി ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ പ്രതീക്ഷയുടെ വേലിയേറ്റമായിരുന്നു. എന്നാല്‍ സവര്‍ണനീതിക്കെതിരായ ചൂഷിതരുടെ പുതുമോഹങ്ങളില്‍ ഉടയാവിഗ്രഹമായി ഉയര്‍ന്നുവന്ന അവരും അര്‍ഥം ലഭിച്ച അല്‍പനായി മാറിയാല്‍ പിന്നെ അവര്‍ണരും അശരണരും ആരെ വിശ്വാസത്തിലെടുക്കാന്‍? അധികാരത്തിന്റെ ദുഷിപ്പിന് വര്‍ണ,വര്‍ഗഭേദമില്ലെന്ന് വരുന്നത് ഈ അഹമ്മതിക്കാരുടെ രാഷ്ട്രീയഭാവി മാത്രമല്ല, ജനാധിപത്യത്തിലും ജനനന്മയിലും പ്രതീക്ഷയര്‍പ്പിക്കുന്നവരുടെ വെളിച്ചം കൂടിയാണ് അണച്ചുകളയുന്നത്.
Thursday, March 18, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment