Thursday, March 18, 2010

സാംസ്കാരിക ച്യുതിയുടെ ആഴം

കോഴിക്കോട്ടെ ഒരു ഹോട്ടലിലെ സ്ത്രീകള്‍ക്കായുള്ള മൂത്രപ്പുരയില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ സ്ഥാപിച്ച ഒളികാമറ കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജീവനക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു; അയാള്‍ക്കെതിരെ കേസെടുത്തു. ഒളികാമറ കസ്റ്റഡിയിലെടുത്തു. രണ്ട് പൊലീസുകാര്‍ സസ്പെന്‍ഷനിലായി. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. പ്രശ്നത്തിലെ ഏറ്റവും ഗുരുതരമായ വശം അനുദിനം പുതിയ സാധ്യതകളുടെ കവാടം തുറക്കുന്ന ഹൈടെക് സംസ്കാരം സദാചാരത്തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പതിക്കുന്ന നമ്മുടെ യുവതയെ എത്രമാത്രം കൊള്ളരുതാത്തവരും ചണ്ടികളുമാക്കി മാറ്റുന്നു എന്നുള്ളതാണ്. വിവര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ആധിപത്യവും വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും മനുഷ്യ സമൂഹത്തെ ഐശ്വര്യപൂര്‍ണമായ ഒരു നവലോകം പണിയാന്‍ തീര്‍ച്ചയായും പര്യാപ്തമാക്കേണ്ടതായിരുന്നു. പക്ഷേ, ജീര്‍ണമായ മുതലാളിത്ത സംസ്കാരത്തിന്റെ ഉല്‍പന്നങ്ങളായ ലൈംഗികാരാജകത്വവും സുഖലോലുപതയും ലാഭക്കൊതിയും മൂല്യനിരാസവും ലോകത്തെ മുമ്പെന്നത്തേക്കാളും അസ്വസ്ഥപൂര്‍ണവും രോഗാതുരവുമാക്കിയിട്ടുണ്ട്. മൃഗത്തില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന പ്രത്യക്ഷത്തിലുള്ള അടയാളം സ്വകാര്യത സംരക്ഷിക്കാനുള്ള പ്രകൃതിപരമായ വ്യഗ്രതയായിരുന്നു. എന്നാല്‍, മറച്ചുവെക്കേണ്ടതോ സൂക്ഷിക്കേണ്ടതോ ആയ ഒരു സ്വകാര്യത ഇല്ല എന്നാണ് ആധുനിക സംസ്കാരം മനുഷ്യനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും വിമാനത്താവളങ്ങളില്‍ മനുഷ്യനെ പിറന്നപടി ഒപ്പിയെടുക്കുന്ന യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ എതിര്‍പ്പോ പ്രതിഷേധമോ ഒരു ഫലവും ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥാപിച്ചത് പരിഷ്കൃത വികസിത രാഷ്ട്രങ്ങളായതുകൊണ്ട് അതനുപേക്ഷ്യമാണ് എന്നാണ് എല്ലാവരും സമ്മതിച്ചുകൊടുത്തിരിക്കുന്നത്. ആണ്‍^ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യന്റെ സ്വകാര്യത പിച്ചിച്ചീന്തുന്നത് സുരക്ഷാ കാരണങ്ങളാലാണത്രെ. ഭീകരവാദികള്‍ ഇതേക്കാള്‍ വലിയ സുരക്ഷാസംവിധാനങ്ങള്‍ മറികടക്കാന്‍ കഴിയുന്നവരാണെന്ന് ദിനേന തെളിയിച്ചിട്ടും ലജ്ജാകരമായ ഈ ഏര്‍പ്പാട് നിര്‍ബാധം തുടരുന്നു. ഇനി നമ്മുടെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും അത്തരം സംവിധാനങ്ങള്‍ വിന്യസിപ്പിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല.

ഹോട്ടലിലെയും പൊതുസ്ഥലങ്ങളിലെയും വിസര്‍ജനാലയങ്ങളില്‍ ഒളികാമറകള്‍ സ്ഥാപിക്കുന്നതിലെ താല്‍പര്യം സുരക്ഷാപരമല്ല, അത് അംഗീകൃത നടപടിയുമല്ല. എന്നാല്‍, നാണം മറയ്ക്കുന്നത് അത്രയൊന്നും ഉത്കൃഷ്ടമല്ലെന്നും നഗ്നതയുടെ പ്രദര്‍ശനമാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതെന്നുമുള്ള മനോഭാവമാണ് എല്ലാറ്റിന്റെയും പിന്നില്‍. നഗ്നത ആസ്വദിക്കപ്പെടുന്ന ഒരു സംസ്കാരത്തില്‍ അത് ഒപ്പിയെടുത്ത് സൂക്ഷിക്കാനും വില്‍ക്കാനും വാങ്ങാനും ആളുകളുണ്ടാവും. ചില മനോരോഗികളുടെ ഇത്തരം വൈകൃതങ്ങളുടെ നേരെ ധര്‍മരോഷം കൊള്ളുന്നവരിലും പടക്കിറങ്ങിയവരിലും എത്രപേരുണ്ട് സിനിമയിലും ചാനലുകളിലും ചുമരുകളിലും പ്രസിദ്ധീകരണങ്ങളിലുമുള്ള നഗ്നതാ പ്രദര്‍ശനം ആസ്വദിക്കാത്തവരായി? കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ ശൂന്യമായ പ്രേക്ഷക സദസ്സിന്റെ മുമ്പാകെ പരാജയപ്പെട്ട് പിന്മാറുമ്പോള്‍ 'എല്ലാം തുറന്നുകാണിക്കുന്ന' പട വൈകൃതങ്ങള്‍ മാസങ്ങളോളം നിറഞ്ഞ സദസ്സുകളില്‍ തിമിര്‍ത്താടുകയല്ലേ? അറപ്പും വെറുപ്പുമുളവാക്കുന്ന പരസ്യങ്ങള്‍ നഗരഭിത്തികളില്‍ അമ്മ പെങ്ങന്മാരെ നോക്കി പരിഹസിക്കുന്നതിനെതിരെ നമ്മുടെ ധര്‍മരോഷം ഉണരുന്നുണ്ടോ? അശ്ലീല പത്രമാസികകളും നീലച്ചിത്രങ്ങളുടെ സി.ഡികളും ചൂടപ്പംപോലെ വിറ്റഴിയാത്ത ഏത് പട്ടണമുണ്ട് കേരളത്തില്‍? മലയാളിയുടെ 'സംസ്കാരം' ഉദ്ഘോഷിക്കുന്നതല്ലേ ഹോട്ടല്‍^ട്രാന്‍സ്പോര്‍ട്ട്^തീവണ്ടി ടോയ്ലറ്റുകളുടെ ഭിത്തികള്‍? സമീപകാലത്തായി ഇക്കാര്യത്തില്‍ ഒരല്‍പം കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അത് മൊബൈല്‍ ഫോണുകളുടെ പ്രളയംകൊണ്ടാണ്; ധാര്‍മികബോധത്തിന്റെ ഉയര്‍ച്ചകൊണ്ടല്ല.

തീര്‍ത്തും കപടമാണ് നമ്മുടെ സദാചാരവും ധാര്‍മികബോധവും. അലക്കിത്തേച്ച വേഷത്തിനുള്ളില്‍ നാം കേരളീയര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒളികാമറയേക്കാള്‍ അപകടകാരിയായ മലിന മനസ്സാണ്. ലൈംഗികതയുടെ അതിപ്രസരം നമ്മുടെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തെയാകെ മലീമസമാക്കുന്നു. ഇത് മനോരോഗികളാക്കിയ ചിലരുടെ വൈകൃതങ്ങളുടെ നേരെ വാളെടുത്തിട്ട് കാര്യമില്ല. സംസ്കാരത്തിനും മാന്യതക്കും അഭിമാനത്തിനും വിലകല്‍പിക്കപ്പെടുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം സകല മാധ്യമങ്ങളും ഉപയോഗിച്ചു നടത്തിയാലേ ഫലമുണ്ടാവൂ.

No comments: