Wednesday, March 24, 2010

ഐ.പി.എല്‍ കളിയല്ല, ചൂതാട്ടമാണ്

ഐ.പി.എല്‍ കളിയല്ല, ചൂതാട്ടമാണ്

പ്രഫ. പി.ജെ ജയിംസ്
Tuesday, March 23, 2010
മദ്യമാഫിയകളും സിനിമാലോകത്തെ കള്ളപ്പണക്കാരും സര്‍വോപരി കോര്‍പറേറ്റ്കുത്തകകളും അടുത്തകാലത്തെ ഏറ്റവും ലാഭകരമായ ചൂതാട്ട മേഖലകളിലൊന്നായി വളര്‍ത്തിയെടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ്ലീഗ്  കേരളത്തിലേക്ക് കടന്നുവരാത്തതില്‍ ക്രിക്കറ്റ്പ്രേമികള്‍ ഏറെനാളായി ഉത്കണ്ഠപ്പെട്ടുവരികയായിരുന്നു.

ക്രിക്കറ്റ് ഒരു കായികവിനോദം എന്നതിലുപരി പണം കൊയ്തെടുക്കാവുന്ന ഒരു ചൂതാട്ടമേഖലയായി വളര്‍ന്നതോടെ അതിന് ഏറ്റവും സാധ്യതയുള്ള കേരളത്തിന്റെ ഫിനാന്‍സ് ^ ഊഹമൂലധന തലസ്ഥാനമായ കൊച്ചിയേയും ഉള്‍പ്പെടുത്താനുള്ള അണിയറനീക്കങ്ങളുടെ ഭാഗമായിട്ടാണ് കേരളത്തിലെ പ്രമുഖ സൂപ്പര്‍സ്റ്റാറിന്റെ നേതൃത്വത്തില്‍ ഈയിടെ ലേലം വിളിക്കാന്‍ പോയതും പട്ടി ചന്തക്ക് പോയതുപോലെ തിരിച്ചുപോന്നതും. ആഗോള അഖിലേന്ത്യാ മൂലധന മാഫിയകളുമായി കിടപിടിക്കാവുന്ന സ്ഥിതിയിലേക്ക് കേരളത്തിലെ താര രാജാക്കന്മാരൊന്നും  ഉയര്‍ന്നിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. 2008ല്‍ എട്ട് ടീമുകള്‍ക്കായി ലേലത്തില്‍ പിരിഞ്ഞുകിട്ടിയത് 2840 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ കേവലം രണ്ട്ടീമുകള്‍ക്ക് (കൊച്ചിയും പൂണെയും) മാത്രമായി ലേലം കൊണ്ടത് 3235 കോടി രൂപയാണ്. ഇതില്‍നിന്നുതന്നെ കഴിഞ്ഞ മൂന്ന്വര്‍ഷത്തിനുള്ളില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഊഹമൂലധന/ചൂതാട്ടസാമ്രാജ്യം എത്രമടങ്ങ് വികസിച്ചെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2008 ലെ കണക്കുവെച്ച് മനപ്പായസമുണ്ട് ലേലത്തിന്പോയ കേരളത്തിലെ കള്ളപ്പണക്കാര്‍ ഇളിഭ്യരായി തിരിച്ചുപോന്നത് ഊഹക്കച്ചവടത്തിന്റെ ഈ മാനം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരുന്നു.

ഇവിടെയാണ് പുതിയ കോര്‍പറേറ്റ് ഇടപെടലിന്റെ പ്രസക്തിയേറുന്നത്. ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ കൊച്ചിയെ ഐ.പി.എല്‍ കേന്ദ്രമാക്കി മാറ്റുന്നതില്‍ കോര്‍പറേറ്റ് ഊഹ കുത്തകകള്‍ക്കൊപ്പം ഭരണ രാഷ്ട്രീയനേതൃത്വവും നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഇടപെടലുകളുടെ സൂത്രധാരന്റെ വേഷത്തില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഐ.പി.എല്ലുമായി ബന്ധപ്പെട്ട ചൂതാട്ടസാമ്രാജ്യത്തിന് പിന്നിലെ കോര്‍പറേറ്റ് രാഷ്ട്രീയ ബാന്ധവത്തിലേക്കു കൂടിയാണ് വെളിച്ചംവീശുന്നത്. കൊച്ചി കേന്ദ്രമാക്കി പുതിയ ഐ.പി.എല്‍ ടീം രൂപംകൊള്ളുന്നതോടെ കേരളത്തിലെ ക്രിക്കറ്റ്കളിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്നും അങ്ങനെ ക്രിക്കറ്റ്കളി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും പുതിയ സച്ചിന്‍ തെണ്ടുല്‍ക്കന്മാരും ധോണിമാരും കേരളത്തില്‍ ഉദയം കൊള്ളുമെന്നും സ്വപ്നം കാണുന്ന സാധാരണ ക്രിക്കറ്റ് പ്രേമികള്‍ വിഡ്ഢികളുടെ ലോകത്താണ് കഴിയുന്നത്. പ്രഥമവും പ്രധാനവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബാള്‍ടീമുകളുടെയും മറ്റും മാതൃകയില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പന്തുകളിച്ച് കരുത്ത്നേടി പടിപടിയായി രാജ്യത്തെ ഏറ്റവും വലിയ ടീമിലേക്ക് എത്തുന്ന മാതൃകയിലല്ല ക്രിക്കറ്റ് പ്രീമിയര്‍ലീഗ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

പണം മുടക്കുന്ന മദ്യമാഫിയകളും കള്ളപ്പണക്കാരും ഊഹകുത്തകകളും എല്ലാമടങ്ങുന്ന ഉടമകളും സ്പോണ്‍സര്‍മാരും പരസ്യകമ്പനികളും ടെലിവിഷന്‍ ചാനലുകളും ഉള്‍പ്പെടുന്ന അവിഹിതബാന്ധവം കളിക്കാരെ ലേലത്തില്‍ പിടിക്കുന്നത് തങ്ങള്‍ മുടക്കുന്ന പണം പല മടങ്ങ് തിരിച്ചുകിട്ടണമെന്ന കോര്‍പറേറ്റ് ലാക്കോടെയാണ്. മറിച്ച് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കണമെന്ന കായികതാല്‍പര്യത്തോടെയല്ല. കാളപ്പോരിന് വിത്തുമൂരികളെ ലേലത്തില്‍ പിടിക്കുന്നതിനോടോ, പഴയ റോമാസാമ്രാജ്യത്തില്‍ ഗ്ലാഡിയേറ്റര്‍മാരെ ലേലത്തില്‍ വിളിക്കുന്നതിനോടോ ഉപമിക്കാവുംവിധമാണ് ഐ.പി.എല്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നത്. പരസ്യക്കാരും സ്പോണ്‍സര്‍മാരും ഉടമകളും എല്ലാം അടങ്ങുന്ന കുത്തക കൂട്ടുകെട്ടിന്റെ പിന്‍ബലം ഇല്ലാത്ത സാധാരണ കളിക്കാര്‍ എത്ര കരുത്തന്മാരാണെങ്കില്‍കൂടി ഐ.പി.എല്‍ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെടില്ല. കേരളത്തില്‍ കൊച്ചി ഒരു ഐ.പി.എല്‍ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ 2001 ല്‍ ടിനു യോഹന്നാനും 2006 ല്‍ ശ്രീശാന്തും വന്നതിനപ്പുറത്തേക്ക് ഇവിടുത്തെ ക്രിക്കറ്റ്പ്രതിഭകളൊന്നും ഐ.പി.എല്ലില്‍ ഇടംകാണില്ലെന്നുറപ്പാണ്. ഇപ്പോള്‍തന്നെ പറഞ്ഞുകേള്‍ക്കുന്നത് റോന്തേവൂസ് സ്പോര്‍ട്സ്വേള്‍ഡ് നേതൃത്വം കൊടുക്കുന്ന കൊച്ചി ടീമിലേക്ക് ആഗോള അഖിലേന്ത്യാ തലത്തില്‍നിന്നുള്ള താരങ്ങളായിരിക്കും സെലക്ട് ചെയ്യപ്പെടുക എന്നാണ്.

അടിസ്ഥാന ഘടനാസൌകര്യങ്ങളുടെ കുറവും ലോകനിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ അഭാവവും ഉള്ളപ്പോഴും മലയാളി വ്യവസായിയായി അറിയപ്പെടുന്ന വിവേക് വേണുഗോപാലും ശൈലേന്ദ്ര ഗേയ്ക്ക്വാദും അടക്കമുള്ളവര്‍ ആഗോള മൂലധനകേന്ദ്രങ്ങളുമായി അടുത്ത് ബന്ധമുള്ള ശശി തരൂരിന്റെ കാര്‍മികത്വത്തില്‍ 1533 കോടി രൂപക്ക് കൊച്ചി ടീമിന്റെ ഉടമസ്ഥത കൈവശപ്പെടുത്തിയത് ഒന്നും കാണാതെയല്ല. ഐ.പി.എല്‍ ക്രിക്കറ്റിന്റെ മറവില്‍ കൊച്ചിയെ റിയല്‍ എസ്റ്റേറ്റ് കേന്ദ്രവും നക്ഷത്രവേശ്യാലയങ്ങളും വന്‍ കോര്‍പറേറ്റ് ചൂതാട്ടവും എല്ലാമടങ്ങുന്ന വന്‍ ഊഹ മൂലധനകേന്ദ്രമാക്കി മാറ്റിയെടുക്കാമെന്നുള്ള കണക്കുകൂട്ടലിലൂടെയാണ്. അതില്‍നിന്ന് വന്‍കമീഷന്‍ പറ്റാമെന്ന  ലക്ഷ്യത്തോടെയാണ്. ക്രിക്കറ്റിന്റെ സാമ്പത്തികശാസ്ത്രം അത്ര പിടിയില്ലാത്ത കേരളത്തിലെ മധ്യവര്‍ഗങ്ങളായ ക്രിക്കറ്റ്കാണികള്‍ ഈഇടപാടിലെ വെറും ഇരകള്‍ മാത്രമായിരിക്കും. 2011 ഓടെ ഇപ്പോഴത്തെ 60 ഐ.പി.എല്‍ മല്‍സരങ്ങള്‍ 94 ആയി മാറുന്നപ്രക്രിയയില്‍ കൊച്ചിയേയും ഒരു ഉല്‍സവച്ചന്തയാക്കി മാറ്റിയെടുക്കാമെന്നാണ് പണം മുടക്കുന്നവര്‍ കണക്കുകൂട്ടുന്നത്.  ക്രിക്കറ്റ് ഈ കോര്‍പറേറ്റ് കൊള്ളക്കുള്ള ഒരു മീഡിയം മാത്രമായിരിക്കും. കൊച്ചി നഗരവും ഐ.പി.എല്‍ മാമാങ്കത്തില്‍പ്പെടുന്നതോടെ ബഹുഭൂരിപക്ഷം വരുന്നസാധാരണ ജനങ്ങള്‍ക്ക് നഗരം കൂടുതല്‍ കൂടുതല്‍ അപ്രാപ്യമാകും. പൊതുഇടങ്ങളില്‍നിന്ന് അവര്‍ കൂട്ടത്തോടെ ആട്ടിയോടിക്കപ്പെടും. കുടിവെള്ളവും അവശ്യസേവനങ്ങളും സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടും. ചേരികളിലും ചാളകളിലും കഴിയുന്ന പാര്‍പ്പിട രഹിതരും ഭൂരഹിതരുമായ സാധാരണക്കാര്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക്വിധേയരാകും.

കേരളത്തിലെ സ്പോര്‍ട്സ്മന്ത്രിയും മറ്റും അവകാശപ്പെടുന്നതുപോലെ കേരളം ആഗോള ടൂറിസം ഭൂപടത്തില്‍ പ്രത്യേകം അടയാളപ്പെടുത്തപ്പെടും. കേരളത്തിന്റെ പ്രകൃതിയേയും മനുഷ്യരെയും വിറ്റ്കാശാക്കാന്‍ പരസ്യമോഡലായി ഊഹമൂലധന ജീര്‍ണതയുടെ പ്രതീകമായ ബച്ചനെപ്പോലുള്ളവരുടെ പുറകെ പോകുന്ന കപട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ മഹാഭാഗ്യമായി കൊണ്ടാടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. കുടിവെള്ളവും ഭക്ഷണവും രോഗചികില്‍സയും മാലിന്യനിര്‍മാര്‍ജനവും പൊതുഗതാഗത സംവിധാനങ്ങളും പോലുള്ള നഗരജീവിതത്തിന് അനുപേക്ഷണീയമായ കടമകള്‍ ചെയ്തു തീര്‍ക്കാന്‍ പണമില്ലെന്ന് പറയുന്നവര്‍ ഐ.പി.എല്ലിന്ആവശ്യമായ അടിസ്ഥാനസൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രദാനം ചെയ്യുമെന്ന് പറയുന്നതിന്റെ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരികസമീപനങ്ങള്‍ തന്നെയാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഐ.പി.എല്‍ ക്രിക്കറ്റ് പ്രദാനം ചെയ്യുന്നത് ക്രിക്കറ്റ്എന്ന കായിക വിനോദത്തെയല്ല, ഊഹമൂലധനത്തിന്റെ നഗ്നമായ കടന്നാക്രമണത്തെയും അതുമായി ബന്ധപ്പെട്ട മാഫിയാ അധോലോക സംസ്കാരത്തെയുമാണ്.

No comments: