Friday, March 26, 2010

അന്ധവിശ്വാസത്തെ ശാസ്ത്രമാക്കുന്ന വാസ്തു'വിദ്യ'

അന്ധവിശ്വാസത്തെ ശാസ്ത്രമാക്കുന്ന വാസ്തു'വിദ്യ'

Friday, March 26, 2010
മനാമ: വാസ്തുവിദ്യയുടെ പേരില്‍ നാട്ടില്‍ അരങ്ങേറുന്ന അന്ധവിശ്വാസ പ്രചാരണത്തിന് അനുകൂലമായ വാദഗതികളുമായി എത്തിയ 'വാസ്തുശാസ്ത്ര പണ്ഡിത'ന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രവാസി വിശ്വകര്‍മ ഐക്യവേദിയുടെ പത്രസമ്മേളനത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയാക്കി.

ശാസ്ത്രത്തിന്റെ കപടവേഷം ധരിപ്പിച്ച് 'വാസ്തു' വിന്റെ പേരില്‍ കെട്ടിട^ ഗൃഹനിര്‍മാണ വിദ്യയെ അന്ധവിശ്വാസവിപണിയുടെയും പാരമ്പര്യ പുനരുത്ഥാനത്തിന്റെയും മൂലധനമാക്കി മാറ്റുന്ന 'നവ ആര്‍ക്കിടെക്റ്റ് എഞ്ചിനീയറിംഗി'ന്റെ അതേ തിയറികളാണ് പത്രസമ്മേളനത്തില്‍ സംസാരിച്ച തിരുവല്ല ബി.എഡ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ മുരളീദാസ് സാഗര്‍ അവതരിപ്പിച്ചത്.
മനുഷ്യനടക്കമുള്ള ഏതു ജീവജാലത്തിനും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാനുള്ള ശാസ്ത്രീയമായ അടിസ്ഥാനമാണ് വാസ്തു മുന്നോട്ടുവക്കുന്നതെന്ന് ആമുഖമായി പറഞ്ഞ അദ്ദേഹം, ഇക്കാര്യം ഉദാഹരിക്കാന്‍ ചില സംഭവങ്ങള്‍ എടുത്തുപറഞ്ഞു. റാന്നിയില്‍ 'വാസ്തു' നോക്കാതെ വീടുവച്ച ഒരു കുടുംബത്തിന്റെ വീടുപണി 16 വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. ഗള്‍ഫില്‍ നഴ്സായിരുന്ന ഭാര്യ ജോലി രാജിവച്ച് തിരിച്ചെത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. വീടുപണി കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ വാഹനാപകടത്തില്‍ മരിച്ചു, മകള്‍ ഒളിച്ചോടിപ്പോയി. 'വാസ്തുമണ്ഡലം' മാറ്റിപ്പണിയുന്ന വീടുകളില്‍ സര്‍പ്പദംശനവും അകാലമരണവും സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ബലം പകരാന്‍ മറ്റൊരു ഉദാഹരണവുമായി കുവൈത്തില്‍ നിന്നുള്ള വിശ്വകര്‍മ ഐക്യവേദി പ്രതിനിധി പി.ജി ബിനു എത്തി. കണക്ക് തെറ്റി പണിത കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ ശരീരത്തില്‍ 15ദിവസത്തോളം സര്‍പ്പം ചുറ്റിപ്പിടിച്ചിരുന്ന് നടത്തിയ 'പ്രണയകഥ'യാണ് അദ്ദേഹം വിശദീകരിച്ചത്.

കക്കൂസിന്റെ ക്ലോസെറ്റ് തെക്ക്/വടക്ക് ദിശയിലേക്ക് തിരിഞ്ഞിരിക്കണമെന്നും കിഴക്ക്/പടിഞ്ഞാദ് ദിശയിലായാല്‍ ശരീരത്തിന് അസുഖമുണ്ടാകുമെന്നും മുരളീദാസ് സാഗര്‍ പറഞ്ഞു. വിസര്‍ജ്യം പുറത്തുപോകുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന ശൂന്യതയിലേക്ക് കിഴക്കും പടിഞ്ഞാറുമുള്ള വായു കയറിയാല്‍ ദോഷമാണ്. എന്നാല്‍, തെക്കും വടക്കുമുള്ള വായു കയറിയാല്‍ ദോഷമില്ല; അദ്ദേഹം പറഞ്ഞു. വേദങ്ങളില്‍ നിന്ന് ഉദ്ധരണികള്‍ ചൊല്ലി 'വാസ്തു'വില്‍ കുഴപ്പം സംഭവിച്ചാല്‍ ഇതെല്ലാമുണ്ടാകുമെന്നായിരുന്നു ഇവരുടെ വാദം. ലോകത്തെങ്ങും വാസ്തു പ്രമാണം ഭൂമിയുടെ വ്യത്യസ്തതക്കും നദിയുടെ ഒഴുക്കിനും പ്രകൃതിയുടെ സ്വഭാവങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തതകളോടെ നിലനില്‍ക്കുന്നുണ്ടെന്നും മുരളീദാസ് സാഗര്‍ പറഞ്ഞു.

സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത ഇത്തരം സംഭവങ്ങളെ ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍, 'വാസ്തു' വിശാലമായ വിഷയമാണെന്നും സംശയനിവാരണത്തിന് ടോക് ഷോ നടത്തുമെന്നും കെ.വിജയന്‍ അറിയിച്ചു.
എന്നാല്‍, വാസ്തു ശാസ്ത്രമാണോ സങ്കല്‍പ്പമാണോ എന്നുപറയാന്‍ താനാളല്ലെന്ന് കേരള വിശ്വകര്‍മ സഭ പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങി 60,000ഓളം പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അതുപോലെ വാസ്തുവിലും കള്ളനാണയങ്ങളുണ്ടാകാം. ഇടവപ്പാതിയും തുലാവര്‍ഷവും എങ്ങനെ വരുന്നു എന്നത് അടിസ്ഥാനമാക്കിയേ കേരളത്തില്‍ വാസ്തു നിര്‍ണയിക്കാന്‍ കഴിയൂ. കാലത്തിനനുസരിച്ച് 'വാസ്തു' മാറണം. അതുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ. കണ്ണന്‍

No comments: