ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പ്
സെബാസ്റ്റ്യന്‍ പോള്‍
Friday, March 26, 2010
ബെര്‍ലിന്‍ മതില്‍ പോലെ എളുപ്പത്തില്‍ പൊളിക്കാവുന്നതല്ല ചൈനയിലെ വന്‍മതില്‍. ഷാങ്ഹായ് നല്‍കുന്ന വിഭ്രമത്തില്‍ ചൈനയിലെ മാറ്റത്തെ കാണുന്നവര്‍ ശരിയായ കാഴ്ചക്കാരല്ല. ഗൂഗിളിന്റെ പിന്മാറ്റം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ മാത്രമല്ല, ചൈനയെത്തന്നെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. ചൈനയിലെ നിയമവ്യവസ്ഥ ആംഗ്ലോ അമേരിക്കന്‍ നിയമവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല. പൊരുത്തപ്പെടുമെന്ന പ്രതീക്ഷ നല്‍കി നിയമവ്യവസ്ഥയില്‍ നവീകരണപ്രക്രിയ ആരംഭിച്ചപ്പോഴാണ് വിദേശ നിക്ഷേപകര്‍ എത്തിത്തുടങ്ങിയത്. പക്ഷേ, ആ പ്രവര്‍ത്തനത്തില്‍നിന്ന് ചൈന പിന്നാക്കം പോയി. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണി നിലനിറുത്താന്‍ ഏതു കമ്പനിയും കുറേ വിട്ടുവീഴ്ചകള്‍ക്ക് തയാറാകും. പക്ഷേ, അതിനു കഴിയാത്ത അവസ്ഥയില്‍ ഗൂഗിള്‍ എത്തിച്ചേര്‍ന്നു. ഗൂഗിളിന്റെ അസാന്നിധ്യത്തില്‍ മൈക്രോസോഫ്ട് ചൈനീസ് വിപണിയില്‍ നിലയുറപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. പക്ഷേ, സെന്‍സര്‍ഷിപ്പിനും മറ്റു നിയന്ത്രണങ്ങള്‍ക്കും വിധേയമായി ഒരു സെര്‍ച് എന്‍ജിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വിവരങ്ങളുടെ അനിയന്ത്രിതമായ പങ്കുവെക്കലാണ് ഇന്റര്‍നെറ്റിന്റെ തത്ത്വശാസ്ത്രം. ആര്‍ക്കും എവിടെയും കയറിച്ചെന്ന് ആവശ്യമുള്ളതെടുക്കാം. ഇന്റര്‍നെറ്റിലൂടെയുള്ള സ്വതന്ത്രമായ വിവരപ്രവാഹത്തെ തടയണകള്‍ കെട്ടി നിയന്ത്രിക്കാനുള്ള ശ്രമം ചെറുക്കപ്പെടണം. സെന്‍സര്‍ഷിപ്പിനുള്ള ചൈനീസ് സോഫ്ട്വെയറിന്റെ പേര് ഗ്രീന്‍ഡാം എന്നാണ്. പത്രങ്ങളെ പൂര്‍ണമായും സെന്‍സര്‍ഷിപ്പിനു വിധേയമാക്കി ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടായാലും അണക്കെട്ടുകള്‍ ഭേദിച്ചുകൊണ്ട് വിവരങ്ങള്‍ ജനങ്ങളെത്തേടിയെത്തും. പത്രസ്വാതന്ത്യ്രമെന്നത് അപകടകരമായ അവസ്ഥയായി കാണുന്ന ഭരണാധികാരികള്‍ വിമര്‍ശത്തെ സഹിഷ്ണുതയോടെ സ്വീകരിക്കുന്നില്ല. ഇന്റര്‍നെറ്റിലൂടെ സ്വകാര്യമായും വ്യാപകമായും പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളെ അവര്‍ ഭയപ്പെടുന്നു. ബൈദു എന്ന ചൈനീസ് സെര്‍ച് എന്‍ജിന്‍ വിവരാന്വേഷകരെ എത്തിക്കുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ പീപ്പിള്‍സ് ഡെയ്ലിയിലോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള സൈറ്റുകളിലോ ആയിരിക്കും. സാംസ്കാരിക വിപ്ലവകാലത്ത് ഷേക്സ്പിയര്‍ കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ചൈന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലൂടെ വീണ്ടും ഒറ്റപ്പെടുകയാണ്.
അമേരിക്കന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെ തോതും നിലവാരവും മറ്റു രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്നതാണ് കുഴപ്പത്തിനു കാരണം. പത്രസ്വാതന്ത്യ്രമെന്ന ആശയം ഇന്ത്യന്‍ സുപ്രീംകോടതി വികസിപ്പിച്ചെടുത്തത് അമേരിക്കന്‍ സുപ്രീംകോടതി വിധികളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് 'ന്യൂയോര്‍ക്ക് ടൈംസു'ം ഗൂഗിളും പ്രതീക്ഷിക്കുന്ന സ്വാതന്ത്യ്രം ഇന്ത്യയില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, ചൈനയിലും സിംഗപ്പൂരിലും അതല്ല അവസ്ഥ. ഏഷ്യന്‍രാജ്യങ്ങളിലെ കുടുംബവാഴ്ചയെക്കുറിച്ച പഠനത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പിതാവായ മുന്‍ പ്രധാനമന്ത്രിയെയും കുറിച്ച പരാമര്‍ശത്തിന് 'ന്യൂയോര്‍ക്ക് ടൈംസ്' ക്ഷമായാചന നടത്തേണ്ടിവന്നു. അതിനുപുറമെ 1,14,000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കി. 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ രാജ്യാന്തര എഡിഷനായ 'ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്രൈബ്യൂണലി'ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ പ്രസിദ്ധീകരിച്ചാല്‍ അപകടമാകാത്തത് സിംഗപ്പൂരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അപകടമായി. 'ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്രൈബ്യൂണ്‍' ഹൈദരാബാദില്‍ അച്ചടിക്കുന്നുണ്ട്. കരുണാനിധിയുടെ പിന്‍ഗാമി അഴഗിരിയോ സ്റ്റാലിനോ എന്ന് അവിടെ നിര്‍ഭയം ചര്‍ച്ച ചെയ്യാം. അവകാശത്തര്‍ക്കത്തെ മക്കള്‍പ്പോരെന്നോ കുടുംബവാഴ്ചയെന്നോ വിശേഷിപ്പിക്കാം. ഇന്ത്യന്‍ നിയമസംവിധാനം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് പരിരക്ഷ നല്‍കുന്നുണ്ട്. മാധ്യമങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടിയത് ഇന്ത്യയിലെ നിയമസംവിധാനത്തിനെതിരെയുള്ള വിമര്‍ശമല്ല. ഹൈദരാബാദില്‍ എ.ബി.എന്‍ വാര്‍ത്താ ചാനല്‍ ആക്രമിക്കപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ എപ്പോഴുമുണ്ടാകും. ആക്രമണം നടത്തിയത് ചിരഞ്ജീവിയുടെ പ്രജാരാജ്യം പ്രവര്‍ത്തകരായിരുന്നു.
മറ്റേതു സ്വാതന്ത്യ്രവും പോലെ ഇന്റര്‍നെറ്റ് നല്‍കുന്ന സ്വാതന്ത്യ്രവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അത് തടയുന്നതിനുള്ള പ്രാപ്തി നിയമത്തിനുണ്ടാകണം. പ്രസിദ്ധീകരണത്തിനു മുമ്പുള്ള നിരോധം ഇതരമാധ്യമങ്ങളിലെന്നപോലെ ഇന്റര്‍നെറ്റിലും അസ്വീകാര്യമാണ്. അത്തരം നിയന്ത്രണം സെന്‍സര്‍ഷിപ്പായി മാറും. ഇന്റര്‍നെറ്റിലെ സൌഹൃദകൂട്ടായ്മകള്‍ പല അനാശാസ്യവൃത്തികള്‍ക്കും വേദിയാകുന്നുണ്ട്. ഫേസ്ബുക്കിലെ സൌഹൃദം അപരിചിതരുമായുള്ള കാഷ്വല്‍ സെക്സിനു കാരണമാകുന്നതായി വാര്‍ത്ത കണ്ടു. ലൈംഗികരോഗങ്ങള്‍ പരക്കാന്‍ സാധ്യതയുള്ളതിനാല്‍ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ ഇതിനെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഓര്‍ക്കൂട്ടില്‍ സഭ്യേതരമായ തമാശകളടങ്ങിയ പേജുകള്‍ നല്‍കിയതിനു ബ്രസീലില്‍ ഗൂഗിളിനു പിഴ അടക്കേണ്ടിവന്നു. സൈറ്റില്‍ ആ പേജുകള്‍ നിലനിന്ന ഓരോ ദിവസത്തിനും 2,700 ഡോളര്‍ വീതമാണ് ബ്രസീലിയന്‍ കോടതി പിഴയിട്ടത്. ഇത്തരത്തില്‍ നിയമപരമായ നിയന്ത്രണം ഏതു മാധ്യമത്തിനും ബാധകമാണ്. സൈബര്‍നിയമം കാലോചിതമായി നവീകരിക്കപ്പെടുകയും ഇന്റര്‍നെറ്റ് കൂടുതലായി കോടതിയുടെ നിരീക്ഷണത്തിന് വിധേയമാവുകയും ചെയ്യുന്നുണ്ട്. പത്രം ഉള്‍പ്പെടെയുള്ള ഇതരമാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ഒഴിവാക്കി സ്വയം നിയന്ത്രിതമാകുന്നതുപോലെ ഇന്റര്‍നെറ്റിലും ആരോഗ്യകരമായ മാറ്റങ്ങളുണ്ടാവും. വീഴ്ചകള്‍ ഉണ്ടാവുമ്പോള്‍ നിയമത്തിന്റെ ഇടപെടലും സാധ്യമാണ്. സെന്‍സര്‍ഷിപ്പിലൂടെയല്ല സെര്‍ച്ച് എന്‍ജിനുകളെ മെരുക്കേണ്ടത്.
No comments:
Post a Comment