കേരള രാഷ്ട്രീയത്തിലെ പ്രച്ഛന്ന വര്‍ഗീയത
മുന്നണികള്‍ തമ്മിലുള്ള ആദര്‍ശപരമായ വ്യത്യാസം തന്നെ മിഥ്യയായി മാറിക്കഴിഞ്ഞിരിക്കെ കൂറുമാറ്റത്തിനു പിന്നില്‍ എന്തെങ്കിലും ആദര്‍ശം അന്വേഷിക്കേണ്ട കാര്യമില്ല. ജോസഫ്-മാണി ഗ്രൂപ്പുകളുടെ ലയനം യു.ഡി.എഫിലെ വിവിധ കക്ഷികള്‍ക്ക്-കോണ്‍ഗ്രസിന് പ്രത്യേകിച്ച്- അലോസരമുണ്ടാക്കുന്നതിനു പിന്നിലുള്ളതും ആദര്‍ശമല്ല, അധികാരത്തിന്റെ പങ്കില്‍ കുറവു വരുമെന്ന ഭയം മാത്രമാണ്. മറുപുറത്ത് ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന്റെ പുതിയ നായകനായ പി.സി. തോമസ് സംഘ്പരിവാര്‍ ബന്ധത്തിലൂടെ എം.പിയും കേന്ദ്ര സഹമന്ത്രിയും വരെ ആയ ആളാണ്; എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ തോല്‍പിച്ച അദ്ദേഹം (കോടതി ഈ ഫലം റദ്ദാക്കുകയായിരുന്നു) പിന്നീട് ജോസഫ് ഗ്രൂപ്പ് വഴി ഇടതുമുന്നണിയില്‍ വന്നപ്പോഴോ ഇപ്പോള്‍ ജോസഫിന് പകരക്കാരനായി വരുമ്പോഴോ ഇടതുമുന്നണിയില്‍ വലിയ എതിര്‍പ്പൊന്നും ദൃശ്യമല്ല. അധികാര രാഷ്ട്രീയത്തിന്റെ ഈ ആദര്‍ശച്യുതിയാണ് കേരള രാഷ്ട്രീയത്തില്‍ പുരോഹിത ഇടപെടലിനും സാമുദായികതക്കും ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. വിഭാഗീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി സാമുദായിക ശക്തികള്‍ അധികാരം ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നുവെന്ന് കരുതേണ്ടി വരുന്നു. കത്തോലിക്കാ സഭ എന്തെങ്കിലും തരത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍, അത് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നതാണ് സത്യം.
സമുദായങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്നത് ജനാധിപത്യത്തില്‍ നിഷിദ്ധമല്ല. എന്നാല്‍, കേരള കോണ്‍ഗ്രസ് ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പുരോഹിത കേന്ദ്രങ്ങള്‍ ജനാധിപത്യ വഴക്കങ്ങള്‍ ഉപയോഗപ്പെടുത്തുകയല്ല, മറിച്ച് ഏതാനും നേതാക്കളിലൂടെ അധികാരത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ നോക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ചേരികളെയും പാര്‍ട്ടികളെയും മൊത്തമായി ഏറ്റെടുക്കുന്ന ഈ ശൈലി മറ്റു സമുദായ നേതൃത്വങ്ങളും സ്വീകരിച്ചു തുടങ്ങിയാല്‍ അത് കൂടുതല്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയത്തെ എടുത്തെറിയും. നേര്‍ക്കു നേരെയുള്ള വര്‍ഗീയത തിരിച്ചറിയുക എളുപ്പമാണെങ്കില്‍ ഈ പ്രച്ഛന്ന വര്‍ഗീയത രാഷ്ട്രീയത്തെ വഴിതെറ്റിക്കുകയും കലുഷമാക്കുകയും ചെയ്യും. കൂടുതല്‍ ആപല്‍ക്കാരിയാണത്. പരമത വിദ്വേഷം വളര്‍ത്തുന്ന പ്രചാരണങ്ങളും പുസ്തകങ്ങളും ലഘുലേഖകളും ഇതിനകം തന്നെ വെള്ളം കലക്കിയത് സംസ്ഥാനം കണ്ടു. അപകടകരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ജനാധിപത്യ വാദികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
1 comment:
താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ
Post a Comment