Monday, May 3, 2010

ആണവ മാലിന്യങ്ങളുടെ കുപ്പത്തൊട്ടി !

ആണവ മാലിന്യങ്ങളുടെ കുപ്പത്തൊട്ടി !

Monday, May 3, 2010
ദല്‍ഹിയിലെ മായാപുരി പ്രദേശത്ത് ആണവ വികിരണമേറ്റ് ഒരാള്‍ മരിച്ചു. 11 പേര്‍ ചികില്‍സയിലായി. ദല്‍ഹി സര്‍വകലാശാലയുടെ കെമിസ്ട്രി ലാബില്‍ നിന്നാണ് വികിരണം വന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. 25 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ലാബിലെ പാഴ്‌വസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന കനേഡിയന്‍ നിര്‍മിത വികിരണ പ്രതിരോധ ഉപകരണത്തില്‍ നിന്നാണ് മാരകമായ വികിരണമെന്ന് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്‍.ബി) കണ്ടെത്തി. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം സര്‍വകലാശാലാ വി.സി ഏറ്റു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഏതായാലും കാര്യം നിസ്സാരമല്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഒരാള്‍ മരിക്കേണ്ടി വന്നു. കോബാള്‍ട്ട്-60 എന്ന രാസവസ്തുവാണ് ഗാമ വികിരണത്തിന് കാരണമായത്. ഈ പദാര്‍ഥം സാമൂഹിക വിരുദ്ധരുടെയും തീവ്രവാദികളുടെയും കൈകളിലെത്തിയാലത്തെ അവസ്ഥയോര്‍ത്ത് കിടിലം കൊള്ളുകയാണെല്ലാവരും.



വാസ്തവത്തില്‍ അധികൃതരുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതക്കുറവാണ് ഇതിനു പിന്നിലെന്ന് കാണാന്‍ പ്രയാസമില്ല. ഇന്ത്യ ആണവമാലിന്യങ്ങളുടെയും ഇ-വിസര്‍ജ്യങ്ങളുടെയും നിക്ഷേപ കേന്ദ്രമായിത്തുടങ്ങിയിട്ട് കൊല്ലങ്ങളായി. പരിസ്ഥിതി ഗ്രൂപ്പുകളുടെ മുന്നറിയിപ്പുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഗുജറാത്തിലെ അലംഗിലെ കപ്പല്‍പ്പൊളി ശാല വിദേശ മാലിന്യങ്ങളുടെ പ്രിയസങ്കേതമാണ്. 2006ല്‍ അസ്ബസ്‌റ്റോസ് കൊണ്ടുനിറഞ്ഞ കപ്പല്‍ പൊളിക്കാനെത്തിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍, അധികൃതരും സുപ്രീം കോടതിയും തടസ്സവാദങ്ങളെല്ലാം തള്ളി. 2007ല്‍ ന്യൂയോര്‍ക്കിലെ മുനിസിപ്പല്‍ മാലിന്യം തള്ളിയത് കൊച്ചിയിലായിരുന്നു. ഇറക്കുമതി ചെയ്ത പാഴ്‌വസ്തുക്കളുപയോഗിച്ച് പുണെയിലുണ്ടാക്കിയ സാമഗ്രികള്‍ 2008ല്‍ ഫ്രാന്‍സ് മടക്കിയത് കോബാള്‍ട്ട്-60ന്റെ അംശം കണ്ടതിനാലായിരുന്നു. 2003ല്‍ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഉരുക്കും ഇങ്ങനെ മടക്കിയിരുന്നു. അതേസമയം വിദേശങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വേണ്ടത്ര പരിശോധനയില്ലാതെ നാം ഇറക്കുമതി ചെയ്യുന്നു. 2007-08ല്‍ മാത്രം രണ്ടേകാല്‍ ലക്ഷം ടണ്‍ അലൂമിനിയം മാലിന്യങ്ങളും മുക്കാല്‍ ലക്ഷം ടണ്‍ പിച്ചള മാലിന്യവും മൂവായിരത്തോളം ടണ്‍ ബാറ്ററി മാലിന്യവും അടക്കം വന്‍തോതിലാണ് പാഴ്‌വസ്തുക്കള്‍ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ 8000 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങളും ഇറക്കി.



വികിരണക്ഷമമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതു പോയിട്ട് തിരിച്ചറിയാന്‍ പോലും വിവരമില്ലാത്തവരാണ് എല്ലാം ഇറക്കുമതി ചെയ്ത് 'കച്ചവടം' കൊഴുപ്പിക്കുന്നത്. ഇതിലെ താല്‍ക്കാലിക ലാഭത്തെക്കാള്‍ എത്രയോ അധികമാണ് ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്ന് ഇനിയെങ്കിലും നാമറിയണം. ഇറക്കുമതി മാലിന്യങ്ങള്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയിരിക്കെ വിശേഷിച്ചും.

No comments: