ദുര്‍മേദസ്സില്‍ ഐക്യമുന്നണി വീര്‍പ്പുമുട്ടുമ്പോള്‍
Monday, May 3, 2010
തടിച്ചുകൊഴുക്കുന്നത് ആരോഗ്യമാണെന്നു തെറ്റിദ്ധരിക്കുന്നവര്‍ ഏറെ. ദുര്‍മേദസ്സു കൊണ്ടുള്ള ഈ വീര്‍പ്പ് രോഗാവസ്ഥയുടെ ആദ്യലക്ഷണമത്രേ. നല്ലകാലത്താണ് ദുര്‍മേദസ്സ് ശരീരത്തെ പുഷ്ടിപ്പെടുത്തുക. പട്ടിണിയും പരിവട്ടവുമായി നടക്കുന്നവരെ ദുര്‍മേദസ്സ് ബാധിക്കില്ല. വിളര്‍ച്ചയാണ് അത്തരക്കാരില്‍ കാണാറ്. രണ്ടും രോഗാവസ്ഥ തന്നെ. യു.ഡി.എഫിനെ ദുര്‍മേദസ്സും എല്‍.ഡി.എഫിനെ ഭരണത്തിന്റെ സമൃദ്ധിയില്‍തന്നെ വിളര്‍ച്ചയും പിടികൂടിയിരിക്കുന്നു.
രണ്ടാം വിമോചനസമരത്തിന്റെ കാഹളം മുഴങ്ങിയപ്പോഴേ യു.ഡി.എഫിനു മുന്നില്‍ അദൃശ്യഭീഷണി ഉയര്‍ന്നുതുടങ്ങിയിരുന്നു. വിമോചനസമരം കത്തോലിക്കാസഭയുടെ സൃഷ്ടിയായിരുന്നു എന്നത് ചരിത്രസത്യം. എ.കെ. ആന്റണിയും അതിലെ അരാഷ്ട്രീയം അംഗീകരിച്ചിട്ടുണ്ട്. ആന്റണി വിമോചനസമരത്തെ തള്ളിപ്പറഞ്ഞത് അതിലെ 'സാമുദായികത' അറിഞ്ഞുതന്നെയാണ്. കോണ്‍ഗ്രസിന് ഒരിക്കലും ഗുണം ചെയ്തിട്ടില്ല ആ സമരം എന്ന തിരിച്ചറിവാണ് കുറ്റസമ്മതത്തിന് കാരണം. വിമോചനസമരത്തോടെ ആദ്യ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാനായത് കോണ്‍ഗ്രസിന്റെ വിജയമായിരുന്നില്ല, കത്തോലിക്കാസഭയുടെ വിജയമായിരുന്നു. അതിന് എന്‍.എസ്.എസ് പോലുള്ള സവര്‍ണസംഘടനകളുടെ പിന്തുണ നേടിയെടുക്കാനായതും അവരുടെ വിജയമാണ്. ആ സമരത്തിലൂടെ കോണ്‍ഗ്രസിനുള്ളില്‍ കത്തോലിക്കാ ഐക്യമുണ്ടായി. പിന്നീട് പാര്‍ട്ടിയില്‍ സാമുദായികഭിന്നത മുഴച്ചുനിന്നു. ആര്‍.ശങ്കറും പി.ടി. ചാക്കോയും തമ്മിലുള്ള വടംവലിയിലേക്ക് അത് ചെന്നെത്തി. അങ്ങനെ വിമോചനസമരത്തിന്റെ ഉപോല്‍പന്നമായി കേരളകോണ്‍ഗ്രസ്. അതിലൂടെ കോണ്‍ഗ്രസ് ക്ഷീണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷീണിച്ചില്ല. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് അവരുടേതായ കാരണങ്ങളാല്‍ മാത്രം ഉരുത്തിരിഞ്ഞതാണ്.
എന്നിരിക്കെ, രണ്ടാം വിമോചന സമരകാഹളം മുഴങ്ങിയപ്പോള്‍ അത് മറ്റൊരു അത്യാഹിതത്തിന്റെ ലക്ഷണമായി ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കാണേണ്ടതായിരുന്നു. അതിനു പകരം രണ്ടാം വിമോചനസമരത്തിനായി കോണ്‍ഗ്രസിന്റെ കേരളനേതാക്കള്‍ ആഗ്രഹിച്ചു പോയി. മാത്രമല്ല, ആഹ്വാനത്തിനു പ്രോത്സാഹനവും നല്‍കി. സമരാഹ്വാനം ചീറ്റിപ്പോയെങ്കിലും അപകടം സംഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. കത്തോലിക്കാപാര്‍ട്ടികള്‍ ഒന്നിക്കുന്നു. ലയിക്കുന്ന പാര്‍ട്ടികളുടെ നേതൃത്വത്തിന്റെ പോലും പ്രതീക്ഷകളെ മറികടന്നാണിത് ഇത്രവേഗം സംഭവിച്ചത്. അതിനാലാണ് കോണ്‍ഗ്രസ് ഈ സംഭവ വികാസങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നത്.
പിന്തുണയേറുമ്പോള്‍ മുന്നണിയും മുഖ്യകക്ഷിയും സന്തോഷിക്കുകയാണു വേണ്ടത്. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ഈ അസന്തുഷ്ടി എന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ അതിന്റെ കേരള നേതാക്കള്‍ മടിക്കും. ചോദ്യം ആവര്‍ത്തിച്ചാല്‍ എന്തെങ്കിലും പറഞ്ഞ് തടിതപ്പും. പരസ്യമായി പറയാനാവാത്ത കാരണങ്ങള്‍ അവരെ വീര്‍പ്പുമുട്ടിക്കുന്നു എന്ന് ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്. കാരണം, മുന്നണിയുടെ രസതന്ത്രം പൊടുന്നനെ മാറ്റുന്നതിനുള്ള രാസത്വരകമാണ് ഈ ലയനത്തിലൂടെ നിക്ഷേപിക്കപ്പെടുന്നത്. സമീപഭാവിയില്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ഉടലെടുക്കുമെന്നുറപ്പാണ്.
ഭരണത്തില്‍ നിര്‍ണായക ശക്തിയാകുക എന്നതാണ് നിരുപാധികമെന്നു പറയപ്പെടുന്ന ലയനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. ലയനത്തിന് വിശാലതയുണ്ടാകുമെന്ന വിപുലമായ പ്രചാരണമുണ്ടായിരുന്നു. എങ്കിലും കേരളകോണ്‍ഗ്രസ് കത്തോലിക്കാ സഭക്കുമാത്രം പ്രാതിനിധ്യമുള്ള പാര്‍ട്ടിയായിരിക്കണമെന്ന നിര്‍ബന്ധം തല്‍പരകക്ഷികള്‍ക്കുണ്ടായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയാകുക കേരളകോണ്‍ഗ്രസിന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. രണ്ടാം കക്ഷിയായാല്‍ മികച്ച വകുപ്പുകള്‍ക്കു മാത്രമല്ല സാധ്യത. കുറഞ്ഞ ഭൂരിപക്ഷത്തിനാണു വിജയമെങ്കില്‍ മുഖ്യമന്ത്രിപദത്തിനായി ആവശ്യമുന്നയിക്കാം. അതിന്മേല്‍ ഉറച്ചൊന്നു വിലപേശിയാല്‍ ഉപമുഖ്യമന്ത്രിപദം എങ്കിലും കൈയില്‍ വരും. പണ്ട് മുസ്‌ലിംലീഗിനു ലഭിച്ചതാണ് ഈ സൗഭാഗ്യം. പിന്നീട് രാഷ്ട്രീയപ്രതിസന്ധികള്‍ മുറുകിയാല്‍ മുഖ്യമന്ത്രിപദവും വഴിയേ കൈയിലെത്താം. അതും മുസ്‌ലിംലീഗിനെ പണ്ട് ഇടക്കാലത്ത് തഴുകിയ സൗഭാഗ്യമാണ്. ഭരണം ലഭിച്ചപ്പോള്‍ ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവും വ്യവസായവും പണ്ടേ കേരളകോണ്‍ഗ്രസുകാര്‍ക്കു പിന്നിലുള്ള അദൃശ്യശക്തികള്‍ മോഹിച്ചു പോയവയാണ്. കൈവിട്ടുപോയ ധനകാര്യത്തിനും ഒരു പിടിപിടിക്കാനാകും.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് ലയന നീക്കങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ അതിന് പ്രോത്സാഹനവും ലഭിച്ചു. രണ്ടാം വിമോചന സമരാഹ്വാനത്തിലെന്ന പോലെ ഇതിലും കാര്യത്തോടടുത്തപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം അപകടം മണക്കുന്നത്. എന്നിട്ടും രഹസ്യമായി ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ചില ഉന്നത നേതാക്കള്‍. അവര്‍ തന്നെ മറുവശത്ത് അണികളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പു പ്രതിരോധിക്കാനായി പ്രതിഷേധപ്രകടനങ്ങള്‍ക്കും ജയ് വിളിക്കുന്നു. ഈ ഇരട്ടത്താപ്പുകൊണ്ട് പ്രവര്‍ത്തകരെ അടക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍, ഇപ്പോള്‍ ഉയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പുവരെ നീളുന്ന പക്ഷം തെരഞ്ഞെടുപ്പില്‍ വിമതരുടെ പ്രളയമുണ്ടാകുമെന്നു ഭയക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.
ഒരു പാര്‍ട്ടിയുടെയും സഹായമില്ലാതെ യു.ഡി.എഫിനു ജയിക്കാനാകുമെന്നിരിക്കെ ജനതാദളിനെയും കേരളകോണ്‍ഗ്രസിനെയും വലിച്ചുകയറ്റിയതിലാണ് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് സങ്കടം. 1959 ലേതു പോലെ കത്തോലിക്കാ-സവര്‍ണ കൂട്ടായ്മ യു.ഡി.എഫിനെ ഹൈജാക്ക് ചെയ്യുന്ന പക്ഷം മറ്റു വിഭാഗങ്ങള്‍ എതിരാകുമെന്നും അതിശക്തമായ തിരിച്ചടിയെ നേരിടേണ്ടി വരുമെന്നും സാധാരണ പ്രവര്‍ത്തകര്‍ക്കറിയാം. അതിനു പുറമേ നല്ല വകുപ്പുകള്‍ നേടാനായാല്‍ കോണ്‍ഗ്രസിനു പിന്നില്‍ നില്‍ക്കുന്ന കുറേ പ്രവര്‍ത്തകരെയും സംയുക്ത കേരളകോണ്‍ഗ്രസ് കൊണ്ടുപോയേക്കാം. ഇതിനെല്ലാമുപരിയായി 1987വരെ പ്രകടമായ വിലപേശല്‍ മുന്നണിയെ അടിമുടി ഉലക്കുകയും ചെയ്യാം. '87 വരെ ഭരിച്ച കരുണാകരന്‍മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രശ്‌നം കേരളകോണ്‍ഗ്രസ് കൂട്ടായും ഗ്രൂപ്പു തിരിഞ്ഞും നടത്തിയ വിലപേശലുകളാണ്. കരുണാകരനെന്ന ഒരു ചാണക്യനായിരുന്നു, അമരക്കാരനെന്നതിനാല്‍ മാത്രമാണ് ഭീഷണിപ്പെടുത്തിയും വിരട്ടിയും അവരെ നിലക്കു നിറുത്താനായത്.
അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഈ ലയനത്തിലൂടെ കോണ്‍ഗ്രസിനു നഷ്ടമാകുകയാണ്. ജയം വന്‍ഭൂരിപക്ഷത്തോടെയായാല്‍ അതിന്റെ ക്രെഡിറ്റ് കേരളകോണ്‍ഗ്രസിനു നല്‍കേണ്ടിവരും. ഭൂരിപക്ഷം കുറഞ്ഞാല്‍ ഭരണം നിലനിറുത്താന്‍ അവരുടെ വിലപേശലുകള്‍ക്കു വഴങ്ങേണ്ടി വരും. കോണ്‍ഗ്രസിനെതിരെ മറ്റു ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് കുറുമുന്നണികള്‍ ഉണ്ടാകും. ആവക സുകുമാര കലകളില്‍ വൈദഗ്ധ്യം നേടിയവരാണ് കേരളകോണ്‍ഗ്രസുകാര്‍. ഭരണമെങ്ങാനും കൈയില്‍ കിട്ടിയാല്‍ അത് അലങ്കോലമാകാനുള്ള എല്ലാ സാഹചര്യവും ഈ ലയനത്തിലൂടെ യു.ഡി.എഫ് നേടിയെടുത്തിരിക്കുകയാണ്.
ഇടതുമുന്നണിയുടെ തൂക്കം കുറഞ്ഞിരിക്കുന്നു. മുന്നണിയില്‍ ഏറെക്കാലം ഉറച്ചു നിന്ന ജനതാദള്‍ കേരളകോണ്‍ഗ്രസിനും മുമ്പേ വിട്ടുപോയി. ശേഷിക്കുന്ന ഘടകകക്ഷികള്‍ അതൃപ്തരാണ്. മുന്നണിയെ ഏകോപിപ്പിച്ചു നയിക്കാനുള്ള സി.പി.എമ്മിന്റെ ശേഷി കുറഞ്ഞുപോയിരിക്കുന്നു. പ്രതികരിക്കാന്‍ പോലും സി.പി.എം ഭയക്കുന്നു. 1969 ല്‍ സപ്തകക്ഷി മുന്നണി പൊളിഞ്ഞശേഷം 1970 മുതല്‍ അനുഭവിച്ച ഒറ്റപ്പെടല്‍ അവരുടെ മുന്നിലുണ്ട്. അന്ന് കെ.എസ്.പിയും എസ്.എസ്.പിയുടെ ഒരു കഷണവും പിന്നെ സംഘടനാകോണ്‍ഗ്രസുമായുള്ള ധാരണയും മാത്രമാണ് കൈമുതല്‍. ഏഴു വര്‍ഷം നീണ്ടുനിന്നു ഈ ഒറ്റപ്പെടല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ് നെയ്യാര്‍ഡാമിലെ പോളിറ്റ് ബ്യൂറോ തീരുമാനത്തിന്റെ ഭാഗമായി കേരളകോണ്‍ഗ്രസിനെ എങ്കിലും കൂട്ടിനു കിട്ടിയത്. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യ ഒട്ടാകെ കോണ്‍ഗ്രസ് തോറ്റപ്പോഴും കേരളത്തില്‍ സി.പി.എം അധികാരത്തില്‍ വരാതിരുന്നതിനു കാരണം ഈ ഒറ്റപ്പെടലായിരുന്നു. പിന്നീട് 1979ല്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ആന്റണി കോണ്‍ഗ്രസുമായി കൂട്ടുകൂടുകയും തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുകയും സി.പി.ഐയെ മൂന്നു പഞ്ചായത്തുകളില്‍ മാത്രമായി ഒതുക്കുകയും ചെയ്തതോടെയാണ് സി.പി.എം തിരിച്ചുവരവു നടത്തുന്നത്.
എന്നാല്‍, ഇപ്പോഴത്തെ കൊഴിഞ്ഞു പോക്കിനെ മറ്റു ഘടകകക്ഷികളും സി.പി.എമ്മിലെ ഒരു വിഭാഗവും അനുഗ്രഹമായി കാണുന്നു. കഴിഞ്ഞ കുറേക്കാലമായി കേരളകോണ്‍ഗ്രസ് കൂടെയുണ്ടായിട്ടും കത്തോലിക്കാവോട്ടുകള്‍ അവര്‍ക്കു ലഭിച്ചിരുന്നില്ല. എന്നിട്ടും കേരളകോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കേണ്ടി വന്നിരുന്നു. ആ ബാധ്യത ഒഴിഞ്ഞു. ജനപിന്തുണ അത്രക്കൊന്നുമില്ലാത്ത ജനതാദളിന്റെ ബാധ്യതയും ഒഴിഞ്ഞുപോയി. ഇനി ആ സീറ്റുകള്‍ കൂടി പങ്കുവെക്കാം. എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനു പ്രതീക്ഷയില്ലതന്നെ. അതിനാല്‍, എല്ലാം കലങ്ങിത്തെളിയാനും എതിര്‍പക്ഷത്ത് കലാപം വര്‍ധിക്കാനും സാധ്യത കൂടിയിരിക്കെ പ്രശ്‌നങ്ങളില്ലാത്ത ഒരുമുന്നണിയാക്കി എല്‍.ഡി.എഫിനെ മാറ്റാനുള്ള സമയം ലഭിക്കും. 1987ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.എം, ആര്‍.എസ്.പി, സി.പി.ഐ, ലോക്ദള്‍, ജനതാദള്‍ എന്നിവ മാത്രമുള്ള ആ മുന്നണി വിജയിക്കുകയും പ്രതിച്ഛായയുള്ള ഒരു ഭരണം കാഴ്ചവെക്കുകയും ചെയ്തു. ഈ വക സമ്മര്‍ദശക്തികള്‍ അന്നു ഭരണത്തില്‍ ഇല്ലാതിരുന്നതിനാലാണ് അതു നടന്നതെന്നാണ് ഇടതുപക്ഷ വൃത്തങ്ങള്‍ കരുതുന്നത്. എന്നാല്‍, പിരിവും വിളവുമായി പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവണത ഇടതുപക്ഷ കക്ഷികള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ പൂര്‍ണമായി മാറിമറിയുകയും മുന്നണി ബന്ധങ്ങളില്‍ പിന്നെയും മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന ഭീഷണി കാണാതിരുന്നു കൂടാ.
1 comment:
തുടക്കം പുരഞ്ചയം പോലിരിക്കും അടവു മാറുമ്പോൾ സൗഭദ്രമാണെന്നു തോന്നും അതു പോലെ ആയല്ലോ ഇത്...
Post a Comment