Tuesday, May 11, 2010

എരിയുന്ന പര്‍വതങ്ങളും എറിയുന്ന തീജ്വാലകളും

എരിയുന്ന പര്‍വതങ്ങളും എറിയുന്ന തീജ്വാലകളും

Monday, May 10, 2010
20 യൂറോപ്യന്‍ രാജ്യങ്ങളിലായി അഞ്ചു ദിവസംകൊണ്ട് 85,000 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അനേകലക്ഷം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. വിമാന അപകടത്തില്‍ മരിച്ച പോളണ്ട് പ്രസിഡന്റിന്റെ ശവസംസ്‌കാരത്തിനു പോകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കുപോലും സാധിച്ചില്ല. മറ്റു ചില രാഷ്ട്രത്തലവന്മാര്‍ പതിവിനു വിരുദ്ധമായി മണിക്കൂറുകള്‍ കാര്‍യാത്ര ചെയ്ത് ചടങ്ങിനെത്തി. 200 മില്യന്‍ ഡോളര്‍ വീതമാണ് ദിവസവും ഗതാഗതസ്തംഭനത്താല്‍ കമ്പനികള്‍ക്ക് നഷ്ടമായത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലന്‍ഡ്. 3,20,000 പേര്‍ മാത്രമാണ് അവിടത്തെ നിവാസികള്‍. 30 അഗ്‌നിപര്‍വതങ്ങളാണ് ദ്വീപ് നിവാസികളുടെ ഉറക്കംകെടുത്തുന്നത്. ഇയ ജാഫ്‌ജെല്ലാ ജോക്കുള്‍ അഗ്‌നിപര്‍വതം 2010 മാര്‍ച്ച് 20നാണ് പൊട്ടിത്തെറി ആരംഭിച്ചത്. ഏപ്രില്‍ 14നുശേഷം അത് മൂര്‍ധന്യാവസ്ഥ പ്രാപിച്ചു. 1821ലാണ്  അവസാനമായി ഈ പര്‍വത സ്‌ഫോടനം നടന്നത്. അന്ന് 13 മാസക്കാലമാണ് തുടര്‍ച്ചയായി ലാവാപ്രവാഹമുണ്ടായത്. ഈ പുതിയ സ്‌ഫോടനമാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുമേല്‍ കരിമേഘം പടര്‍ത്തിയത്. ചാരവും പുകയും വമിക്കുന്ന അഗ്‌നിപര്‍വതം തിളച്ചുമറിഞ്ഞു. ഉരുകിയ ഇരുമ്പും സിലിക്കയും ഇതര ലോഹങ്ങളും ലാവയായി ആകാശത്തേക്ക് ചീറ്റി. സമുദ്രജലത്താല്‍ ചുറ്റപ്പെട്ടു കിടന്നിട്ടും ഐസ്‌ലന്‍ഡിന്റെ അകം തണുപ്പിക്കാന്‍ ആ ജലം മതിയായില്ല. മഞ്ഞുതൊപ്പിയാല്‍ മൂടപ്പെട്ടിരുന്ന വോള്‍ക്കാനോ പൊട്ടിയതോടെ കാ~ിന്യമേറിയ ചൂടും തണുപ്പും ഒപ്പം പ്രവഹിച്ചു. ഉരുകിയ മഞ്ഞ് വെള്ളപ്പൊക്കമായി മാറി. ചുട്ടുപഴുത്ത ലോഹകണികകള്‍ 10 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നു. സുമാര്‍ 30 കിലോമീറ്റര്‍ ആഴത്തില്‍ അപ്പോഴും ഭൂമി തിളക്കുകയായിരുന്നു. 33,000 അടി ഉയരത്തില്‍ പറന്നിരുന്ന മനുഷ്യനിര്‍മിത വിമാനങ്ങളെ ഈ ചാരപടലം നിശ്ചലമാക്കി. എന്‍ജിനുകളില്‍ ലോഹവും ഗ്ലാസും ഘനീഭവിച്ചു. ഈ സ്‌ഫോടനം പുതിയതോ അവസാനത്തേതോ അല്ല. സംഭവം യൂറോപ്യന്‍ ശാസ്ത്ര ലോകത്തിന്റെ ബാലന്‍സ് തെറ്റിച്ചു. പ്രകൃതിയുടെ ഈ പ്രതിഭാസത്തിനു മുന്നില്‍ കീഴടങ്ങുകയാണ് മനുഷ്യപ്രകൃതി.



വരാനിരിക്കുന്നത്

കൂടുതല്‍ ഭയാനകം

ലഭ്യമാകുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇപ്പോള്‍ നടന്നത് വരാനിരിക്കുന്ന മറ്റൊരു മഹാ പര്‍വത സ്‌ഫോടനത്തിന്റെ റിഹേഴ്‌സല്‍ മാത്രമാണ്. ശാസ്ത്രം വെളിപ്പെടുത്തുന്നത് അതാണ്. ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ അഗ്‌നിപര്‍വതം ഇനി പൊട്ടാനിരിക്കുന്ന കാട്‌ലയാണ്. അതും ഇളകിമറിയാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഏതു നിമിഷവും ആ ദുരന്തവും സംഭവിക്കാം. 600 ചതുരശ്ര കിലോമീറ്ററിലാണ് കാട്‌ല പര്‍വതം വ്യാപിച്ചു കിടക്കുന്നത്. ഉയരം 1493 മീറ്ററും മുകള്‍പ്പരപ്പ് 10 ചതുരശ്ര കിലോമീറ്ററുമാണ്. 40 മുതല്‍ 80 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് പൊട്ടിത്തെറിച്ചിട്ടുള്ളതായി ചരിത്ര രേഖകളുണ്ട്. അവസാന സ്‌ഫോടനം 1918ലായിരുന്നു. 1955ലും 1979ലും ചെറിയതോതില്‍ ലാവാപ്രവാഹം ഉണ്ടായി. ഇയ ജാഫ്‌ജെല്ലാ ജോക്കുള്‍ പര്‍വതത്തിന്റെ 12 കിലോമീറ്റര്‍ അകലെയാണ് ഗര്‍ഭഗൃഹം തുറക്കാന്‍ കാത്തുകിടക്കുന്ന കാട്‌ല. അവ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ആന്തരിക അറയുണ്ട്. കാട്‌ല സ്‌ഫോടനം വന്‍തോതില്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത്രയും ഘനമേറിയ ഐസ് കട്ടകളുടെ തൊപ്പിയണിഞ്ഞാണ് അതിന്റെ നില്‍പ്. വെള്ളപ്പൊക്കത്തിന്റെ കൂറ്റന്‍ പ്രവാഹത്തില്‍ ഒരു വീടിനോളമെങ്കിലും വലുപ്പമുള്ള ഐസ് കട്ടകള്‍ ഒഴുകിവരാം. ആമസോണ്‍, മിസോറി മിസ്സിസിപ്പി, നൈല്‍, യാംഗ്ടിസ് തുടങ്ങിയ മഹാനദികളില്‍ ആകെയുള്ള വെള്ളത്തിന്റെ എത്രയോ ഇരട്ടി വെള്ളം ഈ പര്‍വത സ്‌ഫോടനത്താല്‍ ഒഴുകിവരും. യൂറോപ്പിലെ ആകാശമേഘങ്ങള്‍ വീണ്ടും കറുക്കും. അഗ്‌നിയും ചാരവും പുകയും ലോഹകണികകളും ദിവസങ്ങളോളം പുറത്തുവരാം. ശാസ്ത്രജ്ഞന്മാരുടെ നിഗമനം ആ വഴിക്കാണ്. അധികം കാത്തിരിക്കാതെ ഇതും സംഭവിക്കുമത്രെ. ഒരുപക്ഷേ ദുരന്തം മാസങ്ങളോളം തുടര്‍ന്നേക്കാം. യൂറോപ്പ് വിട്ട് പുറത്തുകടന്നെന്നു വരാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.



പ്രതീക്ഷിക്കപ്പെടുന്ന

മറ്റൊരു ദുരന്തം

സൂര്യന്റെ ജ്വലന പ്രക്രിയയിലെ അതിശക്തമായ അവസ്ഥ 2012ല്‍ ഉച്ചസ്ഥായിയിലെത്തുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. സൂര്യോപരിതലം അത്യുഗ്രമായ ഊര്‍ജത്താല്‍ പ്രോജ്വലിക്കുന്ന കണികകള്‍ തിങ്ങി നിറഞ്ഞതാണ്. ഒരു കൊടുങ്കാറ്റുപോലെ ഈ ഊര്‍ജപ്രവാഹം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ദിവസം സമാഗതമാവുകയാണ്. സോളാര്‍ മാക്‌സിമ എപ്പോഴും സംഭവിക്കാം. ഈ സൗരവാതക പ്രവാഹത്താല്‍ ഭൂമിയുടെ കാന്തികവലയം വിറകൊള്ളും. അനേക ലക്ഷം ജീവനുകള്‍ അതോടെ പൊലിഞ്ഞുപോവും. ദൈനംദിന മനുഷ്യജീവിതത്തെ ഇന്നു നിയന്ത്രിക്കുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയും ഒരുക്കിയ സൗകര്യങ്ങളാണ്. ഈ സാങ്കേതിക സംവിധാനങ്ങളുടെ ചുടലക്കളം സൃഷ്ടിക്കുന്ന സംഭവമായിരിക്കുമത്രെ അത്. അതീവ ചുവപ്പുനിറം കലര്‍ന്ന പ്രകാശം മാനത്തു തെളിയുമ്പോള്‍ ഈ സൗരപ്രതിഭാസം ആരംഭിച്ചുവെന്ന് കരുതാം. താമസിയാതെ വൈദ്യുതി നിലയങ്ങള്‍ നിശ്ചലമാകും. ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉരുകിയൊലിക്കും. പൈപ്പുകളില്‍ വെള്ളം നിലക്കും. ടെലിഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, ടി.വി, റേഡിയോ, എന്നിവ സ്തംഭിക്കും. ഫാക്ടറികള്‍ പ്രവര്‍ത്തനരഹിതമാകും. ഭക്ഷണമോ വസ്ത്രങ്ങളോ മരുന്നോ നിര്‍മിക്കാനാകാതെ വരും. ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാകും. നാളുകള്‍ നീണ്ടുപോയാല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ കവര്‍ച്ചക്കിരയാകും. ഭക്ഷ്യ ഗോഡൗണുകള്‍ ശൂന്യമാകും. ബഹിരാകാശ വാഹനങ്ങളും ഉപഗ്രഹങ്ങളും തകരും. കപ്പലുകളും വിമാനങ്ങളും തീവണ്ടികളും ഉള്‍പ്പെടെ ചലിക്കുന്ന യന്ത്രങ്ങളെല്ലാം നിശ്ചലമാകും. യു.എസ് നാഷനല്‍ സയന്‍സ് അക്കാദമി തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1859ല്‍ ഇത്തരം സൗര കൊടുങ്കാറ്റുകള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരിംഗ്ടണ്‍ ഇവന്റ് എന്നാണതിനെ വിളിച്ചത്. അഹങ്കാരത്തിന്റെ തോടുപൊട്ടിച്ച് നിസ്സഹായരായ മനുഷ്യര്‍ പുറത്തിറങ്ങുന്ന ആ ദിവസം രണ്ടുവര്‍ഷത്തിനകമുണ്ടാകുമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. ഭൂമിയിലെ നാശം മനുഷ്യകരങ്ങളുടെ ഇടപെടല്‍ കാരണമാവാം. എന്നാല്‍, ആകാശങ്ങളില്‍നിന്ന് എറിയപ്പെടുന്ന തീ ജ്വാലകളോ? ഇത്തരം മഹാ ദുരന്തങ്ങള്‍ തടഞ്ഞുനിറുത്താന്‍ നമുക്കാവുമോ? സമ്പത്തും സന്താനങ്ങളും ശാസ്ത്രവും തുണയാകുമോ?  നാം എത്രമാത്രം അശ്രദ്ധരും നിസ്സഹായരുമാണ്.



പ്രകോപിതമാകുന്ന

പ്രകൃതി

മൂവായിരം വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കാറുള്ള ഉഡുംബര പൂത്തു. ചൈനയിലെ ഒരു ബുദ്ധസന്യാസിയുടെ വീട്ടിലാണ് ഈ അദ്ഭുതപൂക്കള്‍ വിടര്‍ന്നത്. അവരുടെ വിശ്വാസമനുസരിച്ച് ഏതോ മഹാസംഭവങ്ങളുടെ സൂചനയാണ് ഈ പൂക്കള്‍ നല്‍കുന്നത്.

അമ്പരപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും രണ്ടുലക്ഷത്തി മുപ്പതിനായിരം പേരെ കൊന്നൊടുക്കിയ ഹെയ്തി ഭൂകമ്പവും ചൈനയിലും ചിലിയിലും നടന്ന ഭൂകമ്പങ്ങളും ഫ്രാന്‍സിലും അമേരിക്കയിലും സംഹാരതാണ്ഡവമാടിയ ചുഴലിക്കൊടുങ്കാറ്റുകളും സുനാമിയും വെള്ളപ്പൊക്കവും ഒന്നുമിതുവരെ നമ്മെ ഉണര്‍ത്തിയിട്ടില്ല. നാം അഗാധനിദ്രയിലാണ്. ചാവുകടല്‍ വറ്റുന്നു, പുഴകള്‍ മരിച്ചുകൊണ്ടിരിക്കുന്നു, വേമ്പനാട്ട് കായല്‍ ചുരുങ്ങി വരുന്നു, ദ്വീപസമൂഹങ്ങള്‍ കടലിലാണ്ടുപോവുന്നു, ഹിമാനികള്‍ ഉരുകിയൊഴുകുന്നു, വെള്ളപ്പൊക്കവും പ്രളയവും മനുഷ്യവാസപ്രദേശങ്ങളെ പിടിച്ചുകുലുക്കുന്നു, ഭൂമി ചുട്ടുപഴുക്കുന്നു, ഭൂഗോളത്തില്‍ ശക്തമായി ഇടിക്കാന്‍ ഇടയാക്കുന്ന മറ്റൊരു മഹാഗോളം പറന്നുവരുന്നു, അങ്ങനെ സംഭവിച്ചാല്‍ ഭൂമി വിപരീത ദിശയില്‍ കറങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. എന്തു തന്നെ സംഭവിച്ചാലും നമ്മുടെ ഭൗതിക സുഖങ്ങളിലും ആഡംബരങ്ങളിലും നാം മുഴുകുന്നു.

നമ്മുടെ കൊച്ചു കൊച്ചു കാര്യങ്ങളും സുഖദുഃഖങ്ങളും ദുരാഗ്രഹങ്ങളും നമുക്ക് വലുതാണ്. ജീവിത മാമാങ്കങ്ങള്‍ക്ക് മുടക്കം വരുത്തേണ്ട! അതു മാത്രമാണല്ലോ നമ്മുടെ ഓഹരി. കളിയും തമാശയുമാണ് ഭൗതിക ജീവിതം. അന്ത്യജീവിതമാണനശ്വരം, ഉത്തമം തുടങ്ങിയ വേദവചനങ്ങള്‍ ആര്‍ക്കുവേണം? ചിന്തിക്കുന്നവര്‍ക്കല്ലേ ദൃഷ്ടാന്തമുള്ളൂ. നാം ആ ഗണത്തില്‍ പെട്ടവരല്ലല്ലോ. നമുക്ക് ഇനിയും കണികാപരീക്ഷണങ്ങളുമായി മല്ലടിച്ച് പ്രപഞ്ചത്തിന്റെ ഉല്‍പത്തി രഹസ്യം  കണ്ടെത്താം. ഒന്നാംതരം യുദ്ധങ്ങളിലേര്‍പ്പെടാം. നമ്മുടെ വകയായി ഭൂമിമാതാവിനെ കൊല്ലാന്‍ ആയുധങ്ങള്‍ നിര്‍മിക്കാം. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുത്ത് തൃപ്തരാകാം.

No comments: