നിര്‍ഭയ പത്രപ്രവര്‍ത്തനം: ആശങ്കയും പ്രതീക്ഷയും
Thursday, May 6, 2010
രണ്ടായിരത്തിപത്ത് വര്‍ഷം കാല്‍ഭാഗമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഇതിനിടയില്‍ ഇന്ത്യാ രാജ്യത്ത് മാത്രം 11 പ്രധാന കൈയേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നു. ആഗോള മാധ്യമ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഫ്രീ സ്പീച്ച് ഹബ് എന്ന സംഘടന തയാറാക്കി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കില്‍ 'അറിയാനും പറയാനുമുള്ള അവകാശവും സ്വാതന്ത്ര്യവും' അടിച്ചമര്‍ത്തലിന് ഇരയായിക്കൊണ്ടിരിക്കുന്നതിന്റെ ഉദ്വേഗജനകമായ കഥകള്‍ പറയുന്നുണ്ട്. അധോലോക മാഫിയകളും അവരെ താലോലിക്കുന്ന രാഷ്ട്രീയക്കാരും ചേര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഈ പരാക്രമങ്ങളില്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെടുത്തപ്പെട്ട പൊലീസിന്റെയും സമാന സേനാവിഭാഗങ്ങളുടെയും ഇടപെടല്‍ സംശയാസ്പദം എന്നുമാത്രമല്ല പലപ്പോഴും സ്ഥിതി കൂടുതല്‍ വഷളാക്കിയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
ഒറീസയില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരും നിയമപാലകരും തമ്മില്‍ നടക്കുന്ന ഒത്തുകളികള്‍ ഒന്നിലേറെ തവണ വെളിച്ചത്തുകൊണ്ടുവന്നതിലുള്ള അരിശം തീര്‍ക്കാന്‍ പൊലീസ് തന്നെ ഇല്ലാത്ത മാവോ ബന്ധം ആരോപിച്ച് 73 ദിവസം തടവില്‍വെച്ചതായി സമ്പദ് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ലക്ഷ്മണ്‍ ചൗധരി പറയുന്നു.
ഉത്തര്‍ഖണ്ഡിലെ ആക്ടിവിസ്റ്റും ജേണലിസ്റ്റുമായ യശ്വന്ത് ബിദാനിക്കെതിരെ കവര്‍ച്ച, കൊള്ള, തീവെപ്പ് തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളനുസരിച്ച് കേസ് ചുമത്താന്‍ മാത്രം അദ്ദേഹം ചെയ്ത കുറ്റമമെന്തന്നല്ലേ? പിണ്ടര്‍ നദിക്കു കുറുകെ പണിയുന്ന ജലവൈദ്യുതി പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്തയും സീരിയലുകളും തയാറാക്കിക്കളഞ്ഞു. അതും പോരാഞ്ഞ്, പദ്ധതിവിരുദ്ധ കൂട്ടായ്മയില്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
നിയമനിര്‍മാണ സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം കൈപ്പറ്റിയ വമ്പന്‍ അഴിമതിയെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ധൈര്യപ്പെട്ട കോബ്ര പോസ്റ്റിന്റെ പത്രാധിപര്‍ അനിരുദ്ധ ബഹല്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം നിരന്തരം പീഡിപ്പിക്കപ്പെടുകയാണ് ഇപ്പോഴും.
ജൗഹര്‍ഭട്ട് എന്ന പത്രപ്രവര്‍ത്തകന്‍ കശ്മീരില്‍ ഭരണകൂട ഭീകരതക്കിരയായതും ശ്രീനഗറില്‍ അമാന്‍ ഫാറൂഖ് എന്ന ഫോട്ടോഗ്രാഫറെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ വെടിവെച്ചുകൊന്നതുമൊക്കെ 'ഫ്രീ സ്പീച്ച് ഹബ്' വിവരിക്കുന്നുണ്ട്. ഒറീസയിലെ കലിംഗ നഗറില്‍ പൊലീസ് ഗ്രാമീണരെ കൈയേറ്റം ചെയ്യുന്ന ദാരുണ സംഭവം വാര്‍ത്തയാക്കാനെത്തിയ അമൂല്യപാനിയെയും വെറുതെ വിട്ടില്ല ലാത്തിയും ബൂട്ടും. മണിപ്പൂരില്‍നിന്നുമുണ്ട് ഇതേ ഗണത്തില്‍പെട്ട രണ്ട് കഥകള്‍. പ്രത്യേക കാരണമൊന്നും കാണിക്കാതെ ഇംഫാല്‍ ഈസ്റ്റ് കമാന്‍ഡോ അറസ്റ്റു ചെയ്ത് പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകള്‍.
എം.എഫ്. ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതും മാവോവാദികളെക്കുറിച്ച് ലേഖനമെഴുതിയതിന് പ്രശസ്ത സാഹിത്യകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതും മൈ നെയിം ഈസ് ഖാന്‍ എന്ന ബോളിവുഡ് സിനിമക്കെതിരെ ആക്രോശങ്ങളുയര്‍ന്നതുമൊക്കെ ഇക്കാലയളവിലാണ്.
ചുരുക്കത്തില്‍, എന്റെ മൂക്ക് തുടങ്ങുന്നേടത്തുവെച്ച് നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന ചൊല്ലിന് പകരം എന്റെ മുഷ്ടി ഉയരുന്നേടത്തുവെച്ച് നിന്റെ (പത്ര)സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നതാണ് അവസ്ഥ.
ജനാധിപത്യത്തിന്റെ നിലനില്‍പിന് അനുപേക്ഷണീയമായ പൗരാവകാശത്തിന്റെയും രാഷ്ട്രീയാവകാശങ്ങളുടെയും അനിവാര്യ ഘടകമാണ് അഭിപ്രായ പ്രകടനം. സ്വാതന്ത്ര്യം എന്നത് അന്താരാഷ്ട്രതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ, പറഞ്ഞിട്ടെന്ത്?
പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ബോര്‍ഡര്‍ എന്ന സംഘടന 2006ല്‍ നടത്തിയ സര്‍വേ പ്രകാരം പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 105ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഭീഷണിയിലാണെന്നും മാധ്യമപ്രവര്‍ത്തനം എന്നത് അപകടംപിടിച്ച പണിയാണെന്നുമുള്ള അനുമാനം അതിശയോക്തിയാവില്ല. ഒരുഭാഗത്ത് കൈയേറ്റക്കാര്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയും മറുഭാഗത്ത് സര്‍ക്കാറും നീതിപീ~വും ഒക്കെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും ചെയ്യുന്നതിനിടയിലൂടെ കഴിയുന്നത്ര 'ബാലന്‍സ്' ഒപ്പിച്ച് പത്രപ്രവര്‍ത്തനം മുന്നേറുകയാണെങ്കിലും പീഡനത്തിന്റെ ത്രാസാണ് താരതമ്യേന കനംതൂങ്ങിക്കാണുന്നത് എന്ന അഭിപ്രായത്തോടെയാണ് റിപ്പോര്‍ട്ട് സമാപിക്കുന്നത്. ഇതിനിടയിലും രചനാത്മകമായ ചില ചുവടുവെപ്പുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് തുടക്കംകുറിച്ചു എന്നത് ആശ്വാസകരവും മാതൃകാപരവുമാണ്.
പീഡിപ്പിക്കപ്പെടുന്ന പത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ നോഡല്‍ ഏജന്‍സിയോ ഹെല്‍പ്‌ലൈനോ സ്ഥാപിക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മാധ്യമരംഗത്തും നിയമരംഗത്തുമുള്ളവര്‍ക്കു പുറമെ സാമൂഹിക പ്രവര്‍ത്തകര്‍കൂടി ഉള്‍പ്പെടുന്ന ഈ ഏജന്‍സി ബോധവത്കരണം, സഹായം, നിയമപരമായ ഇടപെടല്‍ എന്നിങ്ങനെ ബഹുമുഖ നടപടികളുമായി രംഗത്തുണ്ടാവുമെന്നത് പത്രപ്രവര്‍ത്തനം എന്ന ദൗത്യത്തിന് പൂര്‍വാധികം ഉശിരും മനോബലവും നല്‍കാതിരിക്കില്ല.
ജനാധിപത്യത്തിന്റെ ഈ നെടുംതൂണിനെ ബലപ്പെടുത്തുന്നത് നിരവധി സുപ്രധാന വിധികള്‍ പലപ്പോഴായി ഉന്നത നീതിപീ~ങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നിരിക്കെ, ഇവയെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്ത കീഴ്‌ക്കോടതി അഭിഭാഷകരെ ബോധവത്കരിക്കാനും 'ഹെല്‍പ്‌ലൈന്‍' ലാഭേച്ഛ കൂടാതെ രംഗത്തുണ്ടാകുമെന്നത് പ്രശംസനീയമാണ്; പ്രതീക്ഷക്ക് മാറ്റുകൂട്ടുന്നു.
No comments:
Post a Comment