Tuesday, May 25, 2010

ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്

ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്

പി.കെ. നിയാസ്
Monday, May 24, 2010
നഗ്നമോഡലായ കാര്‍ലാബ്രൂണിയെ വേള്‍ക്കാന്‍ ഭാര്യ സിസിലിയ സിഗാനറെ എലീസി കൊട്ടാരത്തില്‍നിന്ന് പുറത്താക്കിയയാളാണ് ഫ്രഞ്ച്പ്രസിഡന്റ് സാര്‍കോസി. ബ്രൂണിയുടെ നൂല്‍ബന്ധമില്ലാത്ത ചിത്രത്തിന് ക്രിസ്റ്റീസ് ഇന്റര്‍നാഷനലിന്റെ ന്യൂയോര്‍ക്കിലെ ലേലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരുപതിരട്ടി വില (91,000 ഡോളര്‍) ലഭിച്ചെന്നാണ് വാര്‍ത്ത. പ്രിയതമക്ക് കുപ്പായമിടാതെ നടക്കാന്‍ സ്വാതന്ത്യ്രമുള്ളതുപോലെ ദേഹം പൊതിഞ്ഞ് നടക്കാന്‍ തന്റെ നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമില്ലെന്നാണ് വലിയ സ്വാതന്ത്യ്രവാദിയായ സാര്‍കോസിയുടെ നിലപാട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന സ്ത്രീകളെ പൊലീസ്സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം മുഖാവരണം അഴിച്ചുമാറ്റുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ സാര്‍കോസിഭരണകൂടം തയാറെടുക്കുകയാണ്. ബെല്‍ജിയംപാര്‍ലമെന്റ് ഇതുപോലുള്ള നിയമം പാസാക്കിക്കഴിഞ്ഞു. ഉപരിസഭയുടെ അനുമതി കൂടിയേ ആവശ്യമുള്ളൂ.

ഫ്രാന്‍സില്‍ മുസ്ലിം ജനസംഖ്യ 60 ലക്ഷത്തോളമാണ്. ഇവരില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണെന്ന് ഗവണ്‍മെന്റ് ഏജന്‍സികളുടെ സര്‍വേ. ബുര്‍ഖാധാരിണികള്‍ വെറും 0.0003 ശതമാനം! ബെല്‍ജിയത്തിലെ ഒരു കോടി ജനങ്ങളില്‍ മൂന്നു ശതമാനമാണ് മുസ്ലിംകള്‍. ഇവരില്‍ ബുര്‍ഖ ധരിക്കുന്നത് മുപ്പതില്‍ താഴെയും. രണ്ടു രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ കൈകാര്യം ചെയ്യുന്ന ആഗോളപ്രശ്നമാണിത്! സ്ത്രീത്വത്തെ കളങ്കമേല്‍പിക്കുംവിധം അവരുടെ മുഖാവരണം പിച്ചിച്ചീന്താന്‍ നിയമപാലകര്‍ക്ക് അധികാരം നല്‍കുന്ന ധിക്കാരത്തിനെതിരെ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ ആരും ശബ്ദിച്ചതായി കാണുന്നില്ല. സിഖുകാരുടെ തലപ്പാവും ക്രിസ്ത്യാനികളുടെ ഹാബിറ്റും യാഥാസ്ഥിതിക ജൂതന്മാരുടെ താലിതും മാറ്റാന്‍ പൊലീസ് തുനിഞ്ഞാല്‍ വിവരമറിയാമെന്ന് പ്രമുഖ മിഡിലീസ്റ്റ് വിദഗ്ധയും വനിതാ കോളമിസ്റ്റുമായ ലിന്‍ഡ എസ് ഹേര്‍ഡ് എഴുതിയത് എത്ര സത്യം.

മാന്യമല്ലാത്ത വസ്ത്രം ധരിച്ചെന്ന കുറ്റം ചുമത്തി പത്രപ്രവര്‍ത്തക ലുബ്ന ഹുസൈനെ പീനല്‍കോഡിലെ 152ാം വകുപ്പുപ്രകാരം സുഡാനികോടതി ശിക്ഷിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. മത യാഥാസ്ഥിതികത്വത്തിന്റെയും തീവ്രതയുടെയും നാടായി സുഡാന്‍ മുദ്രകുത്തപ്പെട്ടു. എന്നാല്‍, ശരീരം മറയുന്ന വസ്ത്രം ധരിച്ച് കാറോടിച്ചതിന് പിഴ ശിക്ഷ ലഭിച്ച ഫ്രഞ്ച് വനിതയെക്കുറിച്ചോ നിഖാബ് ധരിച്ച് തെരുവിലൂടെ നടന്നതിന് 500 യൂറോ പിഴശിക്ഷക്ക് വിധേയയായ ഇറ്റാലിയന്‍ യുവതിയെക്കുറിച്ചോ വാചാലമാകാന്‍ മാധ്യമങ്ങള്‍ തയാറായില്ല. നന്നെച്ചുരുങ്ങിയത് വസ്ത്രധാരണസ്വാതന്ത്യ്രത്തെ ഹനിക്കുന്ന സുഡാനിലെ മതമൌലിക സംവിധാനത്തെപ്പോലെയാണ്് ഫ്രഞ്ച്, ഇറ്റാലിയന്‍ ഭരണകൂടങ്ങള്‍ എന്നു പറയാനെങ്കിലുമുള്ള മര്യാദ കാണിക്കേണ്ടേ?

ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ പടിഞ്ഞാറിന്റെ സാംസ്കാരികപാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നാണ് വാദമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇതൊന്നുമല്ല, മറിച്ച് അസഹിഷ്ണുതയാണ് യൂറോപ്പിന്റെ പുതിയ നീക്കത്തിനു പ്രേരകമെന്ന് കാണാന്‍ പ്രയാസമില്ല. ബെല്‍ജിയത്തില്‍ നിരോധനത്തിന് നേതൃത്വം നല്‍കിയത് മധ്യ^വലതുപക്ഷ റിഫോം മൂവ്മെന്റ് പാര്‍ട്ടിയാണ്. ദേശീയമൂല്യങ്ങള്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ നീക്കങ്ങളെ പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നിരോധമെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ പ്രതികരണം. യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന വലതുപക്ഷ വംശീയത ചില ഭരണകൂടങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നെതര്‍ലന്‍ഡ്സിലെ തീവ്രവലതുപക്ഷ  ഫ്രീഡംപാര്‍ട്ടി നേതാവ് ഗീര്‍ത് വില്‍ഡേഴ്സിനെപ്പോലെയോ ബെല്‍ജിയത്തിലെ ഫെലിപ് ഡെവിന്ററെപ്പോലെയോ ഉള്ളവര്‍ക്കൊപ്പമാണിപ്പോള്‍ സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം പേറി നടക്കുന്ന സാര്‍കോസിയെപ്പോലുള്ളവരും ചേര്‍ന്നിരിക്കുന്നത്. 2004ല്‍ വിദ്യാലയങ്ങളില്‍ തലമക്കന ധരിക്കുന്നത് വിലക്കി ഫ്രഞ്ച് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ച ശേഷമുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇസ്ലാമിനെ അപഹസിക്കുന്ന 'സബ്മിഷന്‍' എന്ന ഡോക്യുമെന്ററിയുമായി ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗ് രംഗത്തുവന്നതും ഇതേവര്‍ഷമാണ്. സോമാലിയക്കാരിയും ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്ന ആയാന്‍ ഹിര്‍സി അലിയാണ് ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. ഗവണ്‍മെന്റിന്റെ മൌനാനുവാദത്തോടെ ഇത് രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 2005ല്‍ മുഹമ്മദ്നബിയെ പരിഹസിക്കുന്ന 12 കാര്‍ട്ടൂണുകള്‍ ഡന്‍മാര്‍ക്കിലെ 'ജിലാന്‍ഡ് പോസ്റ്റന്‍' പ്രസിദ്ധീകരിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചു. 2006ല്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക്ക് സ്ട്രോ ബുര്‍ഖക്കെതിരായ പ്രസ്താവനയിലൂടെ വിവാദമുണ്ടാക്കി (നാലു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്റെ പ്രസ്താവനയില്‍ സ്ട്രോ ഖേദം പ്രകടിപ്പിച്ചു). സ്വിറ്റ്സര്‍ലന്‍ഡും ഈ പാതയില്‍ സഞ്ചരിക്കുന്നത് കഴിഞ്ഞവര്‍ഷം ഒടുവില്‍ കണ്ടു. മുസ്ലിംപള്ളികളില്‍ മിനാരം നിര്‍മിക്കുന്നത് വിലക്കുന്ന നിയമം പാസാക്കി. ദേശീയതലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ നിരോധത്തെ അനുകൂലിച്ചു.

ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗവും ബുര്‍ഖ നിരോധത്തിന് അനുകൂലമാണെന്നാണ്  'ഫിനാന്‍ഷ്യല്‍ ടൈംസ്' നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. നിയമം ഇപ്പോഴാണ് പാസാക്കിയതെങ്കിലും തലസ്ഥാനമായ ബ്രസല്‍സ് ഉള്‍പ്പെടെ ബെല്‍ജിയത്തിലെ രണ്ട് ഡസന്‍ ജില്ലകളില്‍ ബുര്‍ഖനിരോധം നിലവിലുണ്ട്. ബുര്‍ഖക്ക് സമാനമായ വസ്ത്രം ധരിച്ചതിന് കഴിഞ്ഞ വര്‍ഷം 29 പേര്‍ക്ക് ബ്രസല്‍സില്‍ പിഴയിട്ടിരുന്നു. ബെല്‍ജിയത്തിനും ഫ്രാന്‍സിനും പിന്നാലെ നെതര്‍ലന്‍ഡ്സും ഇറ്റലിയും ബുര്‍ഖനിരോധത്തിന് നീക്കം നടത്തുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെയും ഓസ്ട്രിയയിലെയും പാര്‍ലമെന്റ് അംഗങ്ങളും നിരോധം സംബന്ധിച്ച ചര്‍ച്ചകളിലാണ്. വംശീയ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ച ഓസ്ട്രേലിയയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ലിബറല്‍ സെനറ്റര്‍ കോറി ബെര്‍ണാര്‍ഡിയുടെ ആവശ്യം പ്രതിപക്ഷനേതാവ് ടോണി ആബട്ട് തള്ളുകയായിരുന്നു.

സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു വിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍വസ്ത്രങ്ങളുമായി സ്വിമ്മിങ്പൂളുകളില്‍ കുളിക്കാന്‍ മുസ്ലിംസ്ത്രീകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തത് ഓസ്ട്രേലിയയായിരുന്നു. പൊതുസ്ഥലങ്ങളില്‍ ഇസ്ലാമിന്റെ സാന്നിധ്യം അലോസരപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്താണ് ഫ്രാന്‍സെന്ന് ബ്രസല്‍സിലെ യൂറോപ്യന്‍ പോളിസി  സെന്ററിലെ നിരീക്ഷക ശാദ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ വലതുപക്ഷ  തീവ്രവംശീയത വ്യാപകമായ രാജ്യങ്ങളില്‍ പ്രഥമസ്ഥാനവുമുണ്ട്. 2004ല്‍ വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് നിരോധിച്ച് നിയമം പാസാക്കുമ്പോഴും 2009 ല്‍ നീന്തല്‍കുളങ്ങളില്‍ ബുര്‍ഖാധാരിണികളെ വിലക്കി നിയമം പ്രഖ്യാപിച്ചപ്പോഴും ഇത് പ്രകടമായി. കടുത്ത ഉഷ്ണത്തില്‍ കറുപ്പ് നിറമുള്ള പര്‍ദ ധരിച്ച് അങ്ങാടികളില്‍ സഞ്ചരിക്കുന്ന മുസ്ലിംസ്ത്രീകളെച്ചൊല്ലി പലരും എഴുതിയിട്ടുണ്ട്. കത്തുന്ന സൂര്യനുതാഴെ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്ന കറുത്ത വസ്ത്രം ധരിക്കുന്നതിലെ യുക്തിയാണ് ചോദ്യംചെയ്യപ്പെടാറ്. എന്നാല്‍, ഹിജാബ് ധരിക്കുന്നതുമൂലം സൂര്യപ്രകാശം ഏല്‍ക്കില്ലെന്നും അതിനാല്‍ ശരീരത്തിന് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമെന്നും വേറൊരു കൂട്ടര്‍.

മുഖം മറയ്ക്കുന്നവര്‍ ക്രിമിനലിസം വളര്‍ത്തുമെന്നും സാംസ്കാരിക ഭീഷണിയാണെന്നുമുള്ള വാദങ്ങളുയര്‍ത്തുന്നത് പരിഹാസ്യമാണെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' മുഖപ്രസംഗത്തില്‍ (മേയ് 1) ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാചകമടിക്കുന്നവരാണ് സ്വയം പിന്തിരിപ്പന്മാരായിരിക്കുന്നത്. അഭിപ്രായസ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയ മൌലികാവകാശങ്ങളാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്കും മതഭക്തരായ മറ്റുള്ളവര്‍ക്കും യൂറോപ്പില്‍ ജീവിക്കണം. ആചാരം, ആരാധനകള്‍, വസ്ത്രധാരണം എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തുമ്പോള്‍ അവര്‍ യൂറോപ്പുമായി അടുക്കുകയല്ല, അകലുകയാണ്..." 'വാഷിങ്ടണ്‍ പോസ്റ്റ്' മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍, വിശിഷ്യാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും മത സ്വാതന്ത്യ്രത്തിന്റെയും കാര്യങ്ങളില്‍ യൂറോപ്പിന്റെ പുരോഗമനചിന്തകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളത്രയും. 1966ല്‍ യു.എന്‍ പാസാക്കിയ 'ഇന്റര്‍നാഷനല്‍ കവണന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സിന്റെ 27ാം ഖണ്ഡികയുടെ ലംഘനമാണ് ബുര്‍ഖ നിരോധം. മേല്‍പറഞ്ഞ യൂറോപ്യന്‍രാജ്യങ്ങളൊക്കെ ഇതില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. അതിനും 13 വര്‍ഷം മുമ്പ് നിലവില്‍ വന്ന യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് ഭരണഘടന, മതസ്വാതന്ത്യ്രം ഉള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധ നീക്കങ്ങളെ എതിര്‍ത്ത് ഇ.യു മനുഷ്യാവകാശ കമീഷണര്‍ തോമസ് ഹാമര്‍ബര്‍ഗ് രംഗത്തുവന്നത്. ആംനസ്റ്റി ഇന്റര്‍നാഷനലും നിരോധത്തിനെതിരാണ്.

ലിബറലിസം രണ്ടു തരമാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ വിശാരദന്‍ വില്യം ഗ്ലാസ്റ്റന്‍. റിഫര്‍മേഷന്‍ ലിബറലിസവും എന്‍ലൈറ്റന്‍മെന്റ് ലിബറലിസവും. സഹിഷ്ണുതയാണ് റിഫര്‍മേഷന്‍ ലിബറലിസത്തിന്റെ മുഖമുദ്ര. അതിനാല്‍ ലിബറലിസത്തോട് യോജിക്കാത്തതിനെയും പൊറുപ്പിക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കണമെന്നാണ് പരിഷ്കരണവാദികളോട് അദ്ദേഹം പറയുന്നത്.

No comments: