തെരഞ്ഞെടുപ്പ് രാഷ്ട്രീയവും സി.പി.എം അടവുകളും
പി.കെ. പ്രകാശ്
Tuesday, May 25, 2010
ആന്റണിയും മാണിയും പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. '82 ലെ തെരഞ്ഞെടുപ്പില്‍ കരുണാകരന് കേരള കോണ്‍ഗ്രസ് ജോസഫ്, മാണി വിഭാഗങ്ങളെയും മുസ്ലിംലീഗിനെയും ചേര്‍ത്ത് നിര്‍ത്തി അധികാരം പിടിച്ചു. അതിന് ശേഷം സി.പി.എമ്മില്‍ ഉള്‍പാര്‍ട്ടി പ്രശ്നം രൂക്ഷമായി. കോണ്‍ഗ്രസിന്റെ അധികാര കുത്തക തകര്‍ക്കലാണ് പ്രധാന കടമയെന്നാണ് സി.പി.എം അന്ന് എടുത്ത നിലപാട്. ഇത് പ്രായോഗിക തലത്തില്‍ നടപ്പാക്കാന്‍ കേരളകോണ്ഗ്രസുകളെയും മുസ്ലിംലീഗിനെയും കൂടെ കൂട്ടണമെന്ന് എം.വി. രാഘവന് ബദല്‍രേഖയിലൂടെ ആവശ്യപ്പെട്ടു. രാഘവനെ ഒതുക്കാനും '87 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനും ഇ.എം.എസ് പുതിയ തത്ത്വം പുറത്തെടുത്തു. ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണമായിരുന്നു ലക്ഷ്യം. അതിന് കൂടെ നിന്ന അഖിലേന്ത്യാലീഗിനെ ശരീഅത്ത് വിവാദം ഉയര്‍ത്തി പുറത്താക്കി. മുസ്ലിംലീഗിനും മുസ്ലിംസമുദായത്തിനും എതിരെ ആഞ്ഞടിച്ചു. ക്രിസ്ത്യന്സഭക്കെതിരെയും വിമര്‍ശം നടത്തി. അന്ന് ഒരു കേരളകോണ്‍ഗ്രസ് ഘടകവും സി.പി.എമ്മിനൊപ്പം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് '87 ലെ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളിലെ ഹിന്ദുവോട്ടുകള്‍ ഒന്നിച്ചുകൂട്ടി ഇടതുമുന്നണി അധികാരത്തില്‍ വരുന്നത്.
ഇന്ന് സി.പി.എം '87ന്റെ തനിയാവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇ.എം.എസ് തന്നെ നാലുവര്‍ഷം കഴിഞ്ഞ് ആ നിലപാടിലെ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയിരുന്നു. അങ്ങനെയാണ് '91 ലെ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സാര്‍വദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളമുസ്ലിംകളില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ അവബോധം ഉപയോഗിക്കാന്‍ ഇ.എം.എസ് തന്നെ രംഗത്തുവന്നത്. മാത്രമല്ല, പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറഞ്ഞെന്ന് സ്വയം വിശദീകരിച്ച് കേരളകോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തെ ഒപ്പം കൂട്ടി.
ചുരുക്കത്തില്‍ സി.പി.എം എന്നും മത^ജാതി ഘടകങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നുവെന്ന് നേതൃത്വം ഇപ്പോള്‍ അവകാശപ്പെടുന്നത് ഒരിക്കലും ശരിയല്ല. 1987ല്‍ മുസ്ലിം^ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലപാടെടുത്തപ്പോള്‍ ഹിന്ദുവോട്ടുകളുടെ സമാഹരണമാണ് ലക്ഷ്യം വെച്ചത്. അതിന് തെളിവാണ് 1982 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ പകുതി പോലും 1987 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് നേടാന്‍ കഴിയാതെ പോയത്. അതായത് 1987 ല്‍ മതേതരരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയല്ല, മതരാഷ്ട്രീയം എല്ലാ തിന്മകളോടെയും ഉപയോഗിക്കുകയാണ് സി.പി.എം ചെയ്തത്.
ഇത്തരം അടവുകള്‍ ഇ.എം.എസ് തന്നെ സമ്മതിച്ചിട്ടുണ്ട് : ''1967 ല്‍ കേരളത്തില്‍ മുസ്ലിംലീഗുമായും കേന്ദ്രത്തില്‍ ജനസംഘവുമായും സി.പി.എം കൂട്ടുകെട്ടോ ധാരണയോ ഉണ്ടാക്കി. അത് പിന്നീട് തകര്‍ന്നു. പക്ഷേ, ഏതാനും കാലം നിലനിന്ന ആ ധാരണ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ ശക്തിപ്പെടുത്തി. ദേശീയമായും കേരളത്തിലും കോണ്‍ഗ്രസിന്റെ അധികാരക്കുത്തക തകരുന്നതിലേക്ക് അന്നത്തെ പാര്‍ലമെന്ററി സമരതന്ത്രം പരാജയപ്പെട്ടു. '67ല്‍ കേരളത്തില്‍ നമ്മുടെ നേതൃത്വത്തില്‍ ഒരു കോണ്‍ഗ്രസിതര മുന്നണി നിലവില്‍ വന്നപ്പോള്‍ അതില്‍ മുസ്ലിംലീഗിന് പങ്ക് നല്കി. പക്ഷേ, പിന്നീട് ലീഗുമായുള്ള കൂട്ടുകെട്ട് നഷ്ടക്കച്ചവടത്തില്‍ കലാശിക്കുന്നെന്ന് കണ്ടപ്പോള്‍ ആ ബന്ധം നാം വിഛേദിച്ചു. പിന്നീട് ലീഗ് പിളര്‍ന്നു. സേട്ട് ലീഗും മഅ്ദനിയുടെ പി.ഡി.പിയും വേര്പിരിഞ്ഞപ്പോള് പി.ഡി.പിയുമായി ഒരു ബന്ധമില്ലാതെയും നാഷനല്‍ ലീഗിന് ഇടതുപക്ഷ മുന്നണിയില്‍ പങ്ക് നല്‍കാതെയും അവരുടെ സഹായം സ്വീകരിക്കുകയെന്ന 'ഗുരുവായൂര്തന്ത്രം' അംഗീകരിച്ച് പാര്‍ട്ടി മുന്നേറി''.
ഈ തന്ത്രം ഇവിടെ അവസാനിച്ചില്ല. 1989ലെ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും എല്ലാം ചേര്‍ന്ന വിശാലമുന്നണി കോണ്‍ഗ്രസിനെതിരെ രൂപം കൊണ്ടു. അതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ടു സീറ്റില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പിക്ക് ആ തെരഞ്ഞെടുപ്പില്‍ 89 സീറ്റാണ് ലഭിച്ചത്. അന്ന് വി.പി സിംഗ് ഗവണ്മെന്റിനെ സി.പി.എമ്മും ബി.ജെ.പിയും ഒപ്പം പിന്തുണച്ചു. ജുഡീഷ്യറിയിലും പൊലീസ് ഓഫീസര്‍മാരുടെ നിയമനത്തിലും എല്ലാം അന്ന് ബി.ജെ.പി നേടിയ സ്ഥാനങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ബാബരിമസ്ജിദ് തന്നെ തകര്‍ക്കപ്പെടുന്നത്. ശേഷം സി.പി.എം പുതിയ രാഷ്ട്രീയം സ്വീകരിച്ചു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്തലായി മുഖ്യ അജണ്ട. അതുവഴി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറി. അത് കഴിഞ്ഞപ്പോള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് എതിര്‍ക്കലായി തന്ത്രം. ഇത് ബി.ജെ.പിയെ ശക്തിപ്പെടുത്തി. പിന്നീട് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. അവസാനം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുമിച്ച് എതിര്‍ക്കുന്ന നിലപാടിലാണ്.
സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി സമരത്തില്‍ എക്കാലത്തും മത^ജാതി സംഘടനകളുമായുള്ള ബന്ധം ഉപയോഗിക്കപ്പെട്ടതായി കാണാം. അതാകട്ടെ, ഒരു കാലത്തും തത്ത്വാധിഷ്ഠിതമായിരുന്നില്ല. ഓരോ തവണയും പാര്‍ട്ടി നേതൃത്വം പിടിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം മാത്രമായിരുന്നു. ഉദാഹരണത്തിന് കേരളത്തിലെ ഉള്‍പാര്‍ട്ടി സ്ഥിതിയെക്കുറിച്ചുള്ള 1998 ലെ കേന്ദ്രകമ്മിറ്റി പ്രമേയം നോക്കുക:
'' കേരളത്തിലെ നേതൃത്വത്തിലെ വിവിധ വിഭാഗങ്ങളെ ആവേശിച്ച പാര്‍ലമെന്ററി അവസരവാദമാണ് വിഭാഗീയതയുടെ നാരായവേര്. മറ്റ് ഘടകങ്ങളെ ഇതിനായി ഉപയോഗിക്കുന്നു എന്ന് മാത്രം. ഉദാഹരണത്തിന് ഐ.എന്‍.എല്ലിനോടുള്ള ബന്ധത്തിന്റെ പേരില്‍ ഉയര്‍ന്നു വന്ന അഭിപ്രായവ്യത്യാസങ്ങള്‍. ഇത് പരിഹരിച്ചത് പി.ബിയും സി.സിയും ഇടപെട്ടാണ്''. സി.പി.എം ഗ്രൂപ്പ്വഴക്കില്‍ നിര്‍ണായകസ്ഥാനമുള്ള പാലക്കാട് പാര്‍ട്ടിസമ്മേളനത്തില്‍ ഐ.എന്‍.എല്‍ ബന്ധത്തിന്റെ പേരിലാണ് വെട്ടിനിരത്തല്‍ അരങ്ങേറിയത്. അതേ ഐ.എന്‍.എല്ലുമായി 2006 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയുണ്ടാക്കി. 1987 ല്‍ മുസ്ലിം ലീഗുമായി ബന്ധം വേര്‍പ്പെടുത്തി എം.വി രാഘവനെ പുറത്താക്കിയ ശേഷം ലീഗുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുകയും നിയമസഭാതെരഞ്ഞെടുപ്പിലേക്ക് അത് വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതുപോലെ.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തിയത് ഇങ്ങനെ: '' മുസ്ലിം^ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇടതുമുന്നണിയില്‍നിന്ന് അകന്നതാണ്. മുസ്ലിംസംഘടനകളില്‍ ഭൂരിപക്ഷത്തെ തങ്ങളുടെ കുടക്കീഴില് ഉറപ്പിക്കുന്നതിലും അവരെ യു.ഡി.എഫിലേക്ക് കൊണ്ടുപോകുന്നതിലും മുസ്ലിംലീഗ് വിജയിച്ചു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗുമായി നീക്കുപോക്കിനോ സഖ്യത്തിനോ ഏര്‍പ്പെടണമോ വേണ്ടയോ എന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ നീണ്ടകാലമായി നിലനില്‍ക്കുന്ന ചര്‍ച്ച, ഐ.യു.എം.എല്‍ നേതൃത്വത്തിനെതിരെ ഫലപ്രദമായ വിമര്‍ശം ഉന്നയിക്കുന്നതിലെ പാര്‍ട്ടിയുടെ ദൌര്‍ബല്യം, മുസ്ലിം ബഹുജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ പാര്‍ട്ടിയുടെ പരാജയം എന്നിവ മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി ''. മുസ്ലിംവിഭാഗത്തെയും ക്രിസ്ത്യന്‍ സംഘടനകളെയും ഒപ്പം നിര്‍ത്താന്‍ നടപടി വേണമെന്ന് തീരുമാനിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. മൊത്തം ജനസംഖ്യയില്‍ 43.65 ശതമാനം വരും മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍. ഇത് മനസ്സിലാക്കി പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
2006 ആയപ്പോഴേക്കും കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍ മാറി : '' 2001 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 140 ല്‍ 100 സീറ്റ് നേടാന്‍ കഴിഞ്ഞത് മുസ്ലിം സംഘടനകളെയാകെ ഒന്നിച്ച് അണിനിരത്താന്‍ കഴിഞ്ഞത് വഴിയാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം^ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തില്‍ വിശ്വാസം അര്‍പ്പിച്ചു. മത ന്യൂനപക്ഷങ്ങളോടുള്ള സമീപനം, അവര്‍ക്കിടയിലെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. അത് അനുസരിച്ച് മുസ്ലിം^ക്രിസ്ത്യന്വിഭാഗവുമായി നല്ല ബന്ധം സ്ഥാപിച്ചു''.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ വര്‍ഗീയത പ്രകടിപ്പിക്കുമ്പോള്‍, മനസ്സിലാക്കാം. എന്നാല്‍, ഭൂരിപക്ഷ സമൂഹത്തിന്റെ വര്‍ഗീയത ദേശീയതയായി തന്നെ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്^ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഈ വാക്കുകള്‍ എടുത്തുപറഞ്ഞാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചത്. മാറിയ സാര്‍വദേശീയ^ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി സാമ്രാജ്യത്വത്തിന്റെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും ഉറച്ച എതിരാളികളായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറേണ്ടതിന്റെ ആവശ്യകതയാണ് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഅ്ദനിയെയും രാമന്‍പിള്ളയെയും ഉമാ ഉണ്ണിയെയും സി.പി.എം ഒന്നിച്ച് അണിനിരത്തി. തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയകൂട്ടുകെട്ട് ഏത് അവസരവാദത്തിലേക്കും സി.പി.എമ്മിനെ കൊണ്ടുപോകുമെന്ന് അന്നുതന്നെ വിമര്‍ശം ഉയര്‍ന്നതാണ്. ഇന്ന് ആ കൂട്ടുകെട്ടിന്റെ വക്താക്കള്‍ പറയുന്നു, ന്യൂനപക്ഷവിരുദ്ധ കൂട്ടുകെട്ടാണ് വേണ്ടതെന്ന്. ഭൂരിപക്ഷസമൂഹത്തിന്റെ വര്‍ഗീയതയെ ദേശീയതയായി ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന പ്രചാരണമാണ് ഇതിന്റെ ഭാഗമായി ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി വോട്ട് നേടാന്‍ കഴിയുന്ന പി.സി. തോമസിനെ ഒപ്പം നിര്‍ത്തിയുള്ള ഈ പുതിയ രാഷ്ട്രീയക്കളി വീണ്ടും സി.പി.എമ്മിനെ ഒരുകാര്യം ബോധ്യപ്പെടുത്തും. 1987 അല്ല 2010. സാര്‍വദേശീയ^ദേശീയ^കേരള രാഷ്ട്രീയം ഏറെ മാറി. രാഷ്ട്രീയ പാര്‍ട്ടികളിലും മത സമുദായസംഘടനകളിലും ഇത് പുതിയ രാഷ്ട്രീയമാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ രാഷ്ട്രീയം ഒരിക്കലും അതേ രീതിയില്‍ പുനരവതരിക്കില്ല.
1 comment:
Again Moderation.Kindly lift moderation.Why moderation? Read this:
കമെന്റ് മോഡറേറ്റിംഗിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ !!
Post a Comment