Saturday, May 15, 2010

ജനകീയ സമരത്തിലെ ബാഹ്യശക്തികള്‍,കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്?

ജനകീയ സമരത്തിലെ ബാഹ്യശക്തികള്‍

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? |സി.ആര്‍ നീലകണ്ഠന്‍ |
Saturday, May 15, 2010
തങ്ങള്‍ക്കെതിരായ ജനകീയപ്രതിരോധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ ഭരണകര്‍ത്താക്കളും ഉയര്‍ത്തുന്ന  ആരോപണമാണ് 'ബാഹ്യശക്തികളുടെ ഇടപെടല്‍'. ഈ പ്രതിരോധം ജനങ്ങളുടെ യഥാര്‍ഥ ആവശ്യമല്ലെന്നും സമ്മര്‍ദത്തിനോ തെറ്റിദ്ധാരണക്കോ വഴങ്ങി അവര്‍ അതില്‍ പങ്കെടുക്കുകയാണെന്നും (ചിലപ്പോള്‍ അവര്‍ പങ്കെടുക്കുന്നതേയില്ലെന്നും) ഇത്തരം സമരങ്ങള്‍ കുത്തിപ്പൊക്കുന്നത് 'പുറത്തുള്ള ചിലര്‍' ആണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. സാധാരണയായി വിദേശകരങ്ങള്‍ എന്നൊക്കെയാകും പറയുക. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ ജനകീയസമരവും 'ബാഹ്യശക്തികള്‍' നടത്തിയതാണെന്ന് വ്യവസായമന്ത്രി എളമരം കരീം പറയുന്നു. കിനാലൂരില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന സര്‍ക്കാറിന്റെ പൊലീസ് നടത്തിയ നരനായാട്ട് തല്‍സമയവും പിന്നീടും മാധ്യമങ്ങളിലൂടെ കേരളീയരുടെ മുന്നില്‍ എത്തി. അത് ജനങ്ങളെ കാണിച്ചതിലും മന്ത്രിക്ക് കടുത്ത രോഷമുണ്ട്.

ഈ സമരം തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലല്ല. മാസങ്ങളായി ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കിനാലൂരില്‍ മലേഷ്യന്‍ കമ്പനിയുമായി ആഘോഷത്തോടെ ധാരണാപത്രം ഒപ്പിട്ടിരുന്നു (അത് വെറും തട്ടിപ്പാണെന്ന് അന്നുതന്നെ എഴുതിയവരില്‍ ഈ ലേഖകനും ഉണ്ടായിരുന്നു.) ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന ചെരിപ്പുകമ്പനിയും ഒരു പുകമറയാണെന്നും അന്നാട്ടില്‍ വന്‍കുത്തകകള്‍ വാങ്ങിക്കൂട്ടിയ 2700 ഏക്കര്‍ ഭൂമിക്കുവേണ്ടിയുള്ള 'ഡെഡിക്കേറ്റഡ്' റോഡാണിതെന്നും പറയുന്നു. അസത്യമാകാന്‍ വഴിയില്ലെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. വളന്തക്കാട്ടും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ 'ചെന്നൈ ഗ്രൂപ്പ്' തന്നെയാണിവിടെയും ഭൂവുടമകള്‍ എന്നുകൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാകുന്നു.

കിനാലൂരിലെ പ്രതിരോധം ആരംഭിച്ചത് കക്ഷിരാഷ്ട്രീയാതീതമായി രൂപംകൊണ്ട ജനജാഗ്രതാസമിതിയാണ്. പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യധാരാകക്ഷികളും സമരത്തിനെത്തി. സി.പി.എം ഒഴികെ എല്ലാകക്ഷികളും ഇപ്പോള്‍ സമരത്തിലുണ്ട്. ജനകീയ ഐക്യവേദിയെന്ന സമരസംഘടനയില്‍ ഇവര്‍ക്കെല്ലാം പ്രാതിനിധ്യവുമുണ്ട്. അതിന്റെ കണ്‍വീനര്‍ നിജേഷ് യൂത്ത്കോണ്‍ഗ്രസ് നേതാവാണ്. ഈ ഭൂമിയളക്കല്‍ പരിപാടിക്കായി മുമ്പും അധികൃതര്‍ എത്തിയിരുന്നു. അപ്പോഴെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങള്‍ ഉപരോധിച്ചിരുന്നു. അന്നൊന്നും കാണിക്കാത്ത വീറും വാശിയും ഇക്കുറി ഉദ്യോഗസ്ഥര്‍ കാണിച്ചെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടെന്ന് ഉറപ്പാക്കാം.

മന്ത്രിയുടെ ആരോപണങ്ങള്‍

റോഡ് നിര്‍മിക്കുന്ന വിഷയത്തില്‍ സര്‍വകക്ഷി സമവായം ഉണ്ടായിരുന്നുവെന്ന മന്ത്രിയുടെ നിലപാട് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ജനജാഗ്രതാസമിതി മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചപ്പോള്‍ യു.ഡി.എഫ് അടക്കമുള്ള കക്ഷികള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. സമരത്തിനു പിന്നില്‍ സോളിഡാരിറ്റിയാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. കൃത്യമായിത്തന്നെ ഈ ലേഖകനറിയാം, സോളിഡാരിറ്റി 'പിന്നില്‍' ആയിരുന്നില്ല, തുടക്കം മുതല്‍ സമരത്തിനൊപ്പമുണ്ടായിരുന്നു. അവര്‍ നടത്തിയ ഒരു റാലിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അതിനുശേഷം അവിടെ നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തയാളാണ് ഈ ലേഖകന്‍. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ഒട്ടനവധി ജനകീയസമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ, മൂലമ്പിള്ളി, പ്ലാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പം നിന്ന ഒരാളാണീ ലേഖകന്‍. ഇവിടെയും ജനജാഗ്രതാ സമിതിയുടെ സമരത്തെ അവര്‍ ശക്തമായി പിന്തുണച്ചുവെന്നുമാത്രം. ധനമന്ത്രി തോമസ് ഐസക് ഒരു പടികൂടി കടന്ന് സോളിഡാരിറ്റിക്കൊപ്പം എസ്.ഡി.പി.ഐ എന്ന കക്ഷിയും സമരത്തിനുണ്ടായിരുന്നു എന്നാരോപിക്കുന്നു. അവര്‍ക്ക് അതിനുള്ള ജനാധിപത്യാവകാശമുണ്ടെന്നത് മറക്കാതെത്തന്നെ പറയട്ടെ, കിനാലൂര്‍സമരത്തില്‍ ആ കക്ഷിക്കാരെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ മന്ത്രി ഇങ്ങനെ പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഇത് കുറെ മുസ്ലിംസംഘടനകളുടെ (പറയാതെ പറയുന്നു, തീവ്രവാദികളുടെ) ഒരു സമരം മാത്രമാണ് എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ഇത് തീര്‍ത്തും അപലപനീയമായ ശ്രമമാണ്.

'പുറത്തുനിന്നുള്ളവര്‍'ക്ക് ഇത്തരമൊരു സമരത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണോ മന്ത്രി പറയുന്നത്? വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറെ പേരുകള്‍ വായിച്ചു. ഇവരൊന്നും അന്നാട്ടുകാരല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആ പ്രദേശത്തിനു ചുറ്റുമുള്ള നിരവധിസ്ത്രീകളും പുരുഷന്മാരും കുട്ടികളും മര്‍ദനത്തില്‍ പരിക്കേറ്റു കഴിയുന്നകാര്യം മന്ത്രിക്കറിയാത്തതാകില്ല. ഭയം മൂലം നിരവധി സ്ത്രീകള്‍ ആശുപത്രിയില്‍പോലും പോകുന്നില്ല. അവരുടെ പേരും മേല്‍വിലാസവും കിട്ടിയാല്‍ വധശ്രമത്തിനു കേസ് എടുക്കുമെന്നവര്‍ ന്യായമായും ഭയപ്പെടുന്നു. ചാനലിലും പത്രങ്ങളിലുമുള്ള പടങ്ങള്‍ നോക്കി 'പ്രതികളെ കണ്ടെത്തുന്ന' തിരക്കിലാണ് പൊലീസ്. ഇതില്‍സഹായിക്കാന്‍ ആ നാട്ടിലെ ചില പാര്‍ട്ടി സഖാക്കളുമുണ്ടെന്നും കേള്‍ക്കുന്നു.

മന്ത്രി പറഞ്ഞ അഭിപ്രായം അതേപടി ആവര്‍ത്തിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ ശ്രീദേവിയും. അതുകുറേക്കൂടി വികൃതവും സ്ത്രീവിരുദ്ധവുമാക്കി അവര്‍ പറഞ്ഞു, സ്ത്രീകള്‍ അടിചോദിച്ചുവാങ്ങുകയായിരുന്നു എന്ന്. ഇത്രക്രൂരവും സത്യവിരുദ്ധവുമായി സംസാരിച്ച ഒരു വനിതാകമീഷന്‍ അധ്യക്ഷയും കേരളത്തിലുണ്ടായിട്ടില്ല. സ്വന്തം വീടും ജീവിതവും നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ഒട്ടുമിക്ക ജനകീയസമരങ്ങളിലും സ്ത്രീകളാണ് മുന്‍പന്തിയിലെന്ന വസ്തുത ഈ അധ്യക്ഷക്കറിയില്ലായിരിക്കും. മേധാപട്കര്‍, അരുന്ധതിറോയ്, അരുണാറോയ് തുടങ്ങിയവരെപ്പറ്റി ഇവരോട് 'പാര്‍ട്ടി' ഒന്നും പറഞ്ഞിട്ടില്ലായിരിക്കും. എന്നാല്‍, ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഓടിയെത്തി ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്ന വൃന്ദകാരാട്ടിനെയെങ്കിലും ഇവര്‍ അറിഞ്ഞിരിക്കണമല്ലോ.

എല്ലാ ജനകീയ സമരപ്രസ്ഥാനങ്ങളും 'തല്ലു കൊള്ളേണ്ടവ'യാണെന്ന പുതിയ തത്ത്വം ജനങ്ങളെ പഠിപ്പിക്കുകയാണ് പുത്തന്‍ ഇടതുപക്ഷം. സ്ത്രീകള്‍ക്ക് സീറ്റ്സംവരണം നല്‍കണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന ഇതേകാലത്ത്, അവരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി രൂപവത്കരിക്കപ്പെട്ട വനിതാകമീഷന്‍ പറയുന്നത്, സ്ത്രീകള്‍ സ്വന്തം കാര്യം മാത്രം നോക്കി വീട്ടിനകത്ത് അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കില്‍ തല്ലുകിട്ടുമെന്നാണ്.

അവിടെ സമരം നടത്തിയത് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല എന്നതു സത്യംതന്നെ. തെറ്റായ ഒരു വികസന പദ്ധതിക്കും അതിലെ വന്‍ അഴിമതിക്കും പദ്ധതിയുണ്ടാക്കാവുന്ന പാരിസ്ഥിതികതകര്‍ച്ചക്കും പ്രകൃതിവിഭവ ശോഷണത്തിനുമെല്ലാം എതിരായി സമരം ചെയ്യാന്‍ ഏതു വ്യക്തിക്കും സംഘടനക്കും അവകാശമുണ്ട്; കൃത്യമായി പറഞ്ഞാല്‍ കടമയുണ്ട്. ഈ കടമ മറന്ന്, കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച്, ശീതീകരിച്ച മുറികളിലും കാറുകളിലും മാത്രം സഞ്ചരിച്ച് 'ഭരണം' നടത്തുന്ന സഖാക്കള്‍ക്ക് അത് തിരിച്ചറിയാനാവില്ലെന്നുമാത്രം. അവിടെ നടന്ന ഉപരോധത്തിന്റെ മാത്രം കഥയെടുക്കുക. കേരളത്തില്‍ ദിവസേനയെന്നോണം നിരവധി ഉപരോധങ്ങള്‍ നടക്കുന്നുണ്ട് (ഇതില്‍ വലിയൊരു പങ്കും നടത്തിയിരുന്നത് മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു). ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ചെയ്യാറുള്ളതെന്താണ്? ഉപരോധക്കാരെ നീക്കംചെയ്യും. ഇതിനായി ബലം പ്രയോഗിക്കേണ്ടിവന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും. മറ്റു പലപ്പോഴും ദൂരെ കൊണ്ടുപോയിവിടും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കേസും എടുക്കാറുണ്ട്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുപോലും പ്രതികളായ പല ഉപരോധക്കേസുകളും നിലവിലുണ്ട്.

എന്നാല്‍, ഇവിടെ ഉപരോധക്കാരെ, സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചുകൊണ്ടാണ് തുടക്കംതന്നെ. പുരുഷപൊലീസുകാര്‍ തന്നെ സ്ത്രീകളെ മര്‍ദിക്കുന്ന രംഗങ്ങള്‍ നാം നേരില്‍ക്കണ്ടതാണ്. മര്‍ദനമേറ്റ് ജനക്കൂട്ടം ചിതറി ഓടി. പലരും സമീപത്തുള്ള വീടുകളിലേക്ക് ഓടിക്കയറി. ഉപരോധസമരക്കാര്‍ സ്ഥലമൊഴിഞ്ഞാല്‍ പിന്നെ അവരെ പൊലീസ് ഉപദ്രവിക്കാറില്ല. എന്നാല്‍, ഇവിടെ എന്താണുണ്ടായത്? ഭയന്നോടിയ ജനങ്ങളെ ശത്രുക്കളെയെന്നപോലെ പിന്തുടര്‍ന്ന് മര്‍ദിച്ചു. വീടുകളില്‍ അഭയംപ്രാപിച്ചവരെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സ്വകാര്യഭൂമിയില്‍ ഇടിച്ചുകയറി അവിടെ ഗ്രനേഡുകള്‍ പൊട്ടിച്ചു. ഇത്ര ക്രൂരമായി പെരുമാറുന്നത് കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് പാഞ്ഞടുത്തു.

വളരെ ആസൂത്രിതമായ രീതിയില്‍ ജനങ്ങളിലാകെ ഭീതിപരത്തി ഭൂമി എടുക്കുന്നതിനെതിരായ പ്രതിരോധം തകര്‍ക്കുകയെന്ന ഗൂഢപദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്തിരുന്നത്. സ്ഥലമേറ്റെടുക്കാന്‍ ഇത്രയധികം പൊലീസ്സന്നാഹത്തെ അയച്ചതു മുതലെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍, സമരക്കാര്‍ 'ആസൂത്രിത'മായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇത്രയധികം സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന ഒരു സമരത്തിന്റെ സംഘാടകര്‍ ഒരു കാരണവശാലും അക്രമത്തിന് മുതിരില്ലെന്ന് ആര്‍ക്കാണറിയാത്തത്? ആസൂത്രിതമായ ആക്രമണത്തിനുള്ള തെളിവായി മന്ത്രി പറയുന്ന മാരകായുധ ശേഖരമെന്നത് രണ്ട് ബക്കറ്റുകളില്‍ കലക്കിവെച്ച ചാണകവെള്ളമാണ്. ചാണകം ഇത്രവലിയ മാരകായുധമാണെന്നിപ്പോഴാണ് നാമറിയുന്നത്. പൊലീസ് കൊണ്ടുവന്ന ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുമൊന്നും ഒന്നുമല്ല! ഒരു മണ്ണ് ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ അത് ശുദ്ധീകരിക്കാന്‍ ചാണകവെള്ളം തളിക്കുകയെന്ന പതിവ് പല കുടുംബങ്ങളിലുമുണ്ട്. ഇവിടെ മന്ത്രിയെപ്പോലുള്ള നേതാക്കളും അവരുടെ കിങ്കരന്മാരായ പൊലീസുകാരും വരുമെന്നതിനാല്‍ അവര്‍ പോയാല്‍ ഭൂമി ശുദ്ധമാക്കാന്‍ സഹോദരിമാര്‍ കരുതിയതാകാം ഇത്.

ഇത്തരം സമരങ്ങളോട് ഇടതുപക്ഷത്തിനുള്ള അസഹിഷ്ണുത ഇന്നത്ര അദ്ഭുതമല്ല. ഏതു ജനകീയസമരം നടക്കുമ്പോഴും അത് ബാഹ്യശക്തികള്‍ കടന്നുകയറി കുഴപ്പമുണ്ടാക്കുന്നതാണെന്ന വാദം ഇവര്‍ ഉയര്‍ത്തുന്നു.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇത് പറഞ്ഞു. എന്നാല്‍, പിന്നീട് സത്യം മനസ്സിലാക്കി അദ്ദേഹമതു തിരുത്തി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും മറ്റും അതിനായി ഇടപെടേണ്ടിവന്നു. ചെങ്ങറ സമരത്തില്‍ മാവോയിസ്റ്റുകളും വിദേശ ശക്തികളുമുണ്ടെന്നിവര്‍ വിളിച്ചുപറഞ്ഞു നടന്നു. പക്ഷേ, ഒടുവില്‍ സര്‍ക്കാര്‍തന്നെ ഈ സമരം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ തയാറായി. നന്ദിഗ്രാം, സിംഗൂര്‍സമരങ്ങളിലും സി.പി.എം ആദ്യം പറഞ്ഞത് തദ്ദേശവാസികളെല്ലാം സമരത്തിനെതിരാണെന്നാണ്. അവിടെയും പാര്‍ട്ടി പിന്‍വാങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യം വ്യക്തമായി. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്ന ഈ പ്രദേശത്തെ മണ്ഡലങ്ങളിലെല്ലാം അവര്‍ ദയനീയമായി പരാജയപ്പെട്ടു.

ഇവിടെ വോട്ടുചെയ്ത് പാര്‍ട്ടിയെ തറപറ്റിച്ചത് 'ബാഹ്യശക്തി'കളാണോ? അന്നാട്ടിലെ ജനങ്ങളാണോ? ഇത്രയൊക്കെ അനുഭവമുണ്ടായിട്ടും ഇവര്‍ ഒന്നും പഠിക്കുന്നില്ലെന്നാണോ? അല്ല. ഇനിയിപ്പോള്‍ ജനകീയ വോട്ടുകൊണ്ട് ഭരണം കിട്ടില്ലെന്നുറപ്പാണ്. പിന്നെ വേണ്ടത് പണമാണ്. അത് സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്നമല്ലെന്നവര്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ജനങ്ങള്‍ക്കങ്ങനെ തീരുമാനിക്കാനാകില്ലല്ലോ. അവര്‍ സമരം തുടരും.

4 comments:

Rejith said...

ഭൂമി ഏറ്റെടുക്കാന്‍, ഏറ്റെടുക്കാന്‍ എന്ന് പല പ്രാവശ്യം എഴുതി കണ്ടു. "സ്ഥലമേറ്റെടുക്കാന്‍ ഇത്രയധികം പൊലീസ്സന്നാഹത്തെ അയച്ചതു മുതലെല്ലാം ഇതിന്റെ ഭാഗമാണ്.". ശരിക്കും അവിടെ സര്‍വ്വേ ആണ് നടന്നത്. വികാരം കൂടുമ്പോള്‍ വസ്തുത പരമായ തെറ്റുകള്‍ ഒഴിവാക്കുക. ഒരു പഞ്ചിന് വേണ്ടി മനപൂര്‍വം പ്രയോഗിച്ചതാവാം.
"ഇത്രയധികം സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന ഒരു സമരത്തിന്റെ സംഘാടകര്‍ ഒരു കാരണവശാലും അക്രമത്തിന് മുതിരില്ലെന്ന് ആര്‍ക്കാണറിയാത്തത്?" ആര്‍ക്കാ? ലേഖകന് അറിയാം എന്ന് മനസ്സിലായി. ഇതൊക്കെ തൊണ്ട തൊടാതെ വിടാന്‍ ബുദ്ധിമുട്ടാണ്.
"ഇവിടെ മന്ത്രിയെപ്പോലുള്ള നേതാക്കളും അവരുടെ കിങ്കരന്മാരായ പൊലീസുകാരും വരുമെന്നതിനാല്‍ അവര്‍ പോയാല്‍ ഭൂമി ശുദ്ധമാക്കാന്‍ സഹോദരിമാര്‍ കരുതിയതാകാം ഇത്" ഇതൊക്കെ വിശ്വസിക്കാന് ഇവിടെ ആള്‍ ഉണ്ടോ?
ലേഖകന്റെ രാഷ്ട്രീയം വ്യക്തമാണ്. പോലീസെ ആക്രമണത്തെ ഞാനും ന്യായീകരിക്കുന്നില്ല. സ്ഥല ഏറ്റെടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും അറിയാം. പക്ഷെ കുറച്ചു കൂടി നിക്ഷ്പക്ഷമായി എഴുതിയാല്‍ കൊള്ളാമായിരുന്നു.

Anonymous said...

നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി.

കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Anonymous said...

നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി.

കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Sudheer K. Mohammed said...

ജനപക്ഷ വികസനമാണ് വേണ്ടത് ....
കോര്‍പറേററ് പക്ഷവികസനം ബംഗാളില്‍ പാര്‍ട്ടിയുടെ ചുവപ്പ്കോട്ടകളെ തറപററിച്ചു....
കേരളത്തില്‍ അത് സംഭവിക്കാതിരിക്കട്ടേ....