വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്
കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | പി. മുജീബുറഹ്മാന്‍ |
Monday, May 17, 2010
മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍. ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.
സോളിഡാരിറ്റി ഒരിക്കലും വികസനത്തിനെതിരല്ല. എന്നാല്‍, വികസനം എന്ത്, എങ്ങനെ, ആര്‍ക്കുവേണ്ടി എന്നത് വളരെ പ്രധാനമാണ്. കിനാലൂര്‍ സംഭവത്തിന്റെ മര്‍മവും ഇതുതന്നെ. ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ മുതലാളിത്ത വികസനഭ്രാന്തിനെതിരെയാണ് സോളിഡാരിറ്റിയുടെ പ്രതിഷേധവും സമരവും. സന്തുലിതവും ജനോപകാരപ്രദവും പരിസ്ഥിതി സൌഹൃദപരവുമായ വികസനരീതികള്‍ ആവിഷ്കരിക്കപ്പെടണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ദൌര്‍ഭാഗ്യവശാല്‍ അവസരവാദികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വികസനപ്രക്രിയകളെ ജനവിരുദ്ധമാക്കാന്‍ മത്സരിക്കുകയാണ്. കിനാലൂര്‍ പദ്ധതിയും ഇതില്‍ നിന്ന് മുക്തമല്ല. മന്ത്രി എളമരം കരീമിന്റെയും കോഴിക്കോട് ജില്ലാ കലക്ടര്‍ പി.ബി. സലീമിന്റെയും വാക്കുകള്‍ ഇഴപിരിച്ച് പരിശോധിച്ചാല്‍ അവ ബോധ്യപ്പെടും.
മന്ത്രി പ്രസ്താവിച്ചപോലെ, നാലുവരിപ്പാതയുടെ ആവശ്യം ഉയരുന്നത് മലേഷ്യന്‍ കമ്പനിയില്‍ നിന്നാണ്. കോഴിക്കോട്^കിനാലൂര്‍ നാലുവരിപ്പാതയെന്ന പ്രഥമ ആവശ്യം പിന്നീടത് മാളിക്കടവ്^കിനാലൂര്‍പാത എന്നായി. സി.ഐ.ഡി.ബി^കെ.എസ്.ഐ.ഡി.ബി ധാരണാപത്രം, സംയുക്ത പത്രപ്രസ്താവന എന്നിവയില്‍ നിന്ന് വ്യക്തമായത് 100 മീറ്റര്‍ വീതിയില്‍ അക്വയര്‍ ചെയ്യുന്ന, പാത കടന്നുപോകുന്ന 70 ശതമാനം വയലുകളും നികത്തപ്പെടുന്ന പദ്ധതിയാണ് ഇതെന്നാണ്. അക്വിസിഷന്‍ 100 മീറ്റര്‍ എന്ന് വ്യക്തമാക്കിയെങ്കിലും പാതയുടെ വീതി സന്ദര്‍ഭാനുസരണം 60 മീറ്ററെന്നും 30 മീറ്ററെന്നും മാറ്റിമാറ്റി യോഗങ്ങളില്‍ വിശദീകരിച്ചു. കലക്ടര്‍ ആദ്യഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വില്‍ബര്‍സ്മിത്ത് പ്രതിനിധി ഡെഡിക്കേറ്റഡ് റോഡിന്റെ ഈ സ്വഭാവം ആവര്‍ത്തിച്ചതോടെ 100 മീറ്റര്‍ അക്വിസിഷന്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രണ്ട് ബദല്‍റോഡുകളുടെ സാധ്യത നിലനില്‍ക്കെ നിഗൂഢമായ ഈ ആവശ്യമാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമാകുന്നത.്
മലേഷ്യന്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചെങ്കിലും പാതയുടെ ബാധ കിനാലൂരിലും പരിസര പ്രദേശങ്ങളിലും നിലനിന്നു; പാതയുടെ സ്വഭാവത്തെക്കുറിച്ച അവ്യക്തതകളും. വില്‍ബര്‍ സ്മിത്ത് പഠനം പൂര്‍ത്തിയാക്കുകയും മന്ത്രിയുടെ ഒത്താശയോടെ കലക്ടര്‍ അക്വിസിഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്വാഭാവികമായും പ്രതിഷേധങ്ങളും ശക്തമായി. റോഡിന്റെ രൂപരേഖയായിട്ടില്ലെന്നും സാധ്യതാ പഠനമാണ് സര്‍വേയെന്നും മന്ത്രി വിശദീകരിച്ചപ്പോള്‍ എല്ലാ രൂപരേഖയും പൂര്‍ത്തിയായെന്ന് കലക്ടര്‍ പ്രസ്താവിച്ചു. ഇതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിശദീകരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നത്. നാട്ടുകാരും മാധ്യമങ്ങളും സാക്ഷികളായ സംഭവങ്ങള്‍ പോലും നിഷേധിച്ച്, കൈതച്ചാലില്‍ അബ്ദുറഹ്മാനെ വെച്ച് തട്ടിപ്പ് നടത്തുന്ന മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരം?
സോളിഡാരിറ്റിയാണ് ഇതിനു പിന്നിലെന്നാണ് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനജാഗ്രതാസമിതിയിലും ജനകീയ ഐക്യവേദിയിലും മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി.ജെ.പി, സമാജ്വാദി ജനപരിഷത്ത് തുടങ്ങിയ സംഘടനകളെപ്പോലെ സോളിഡാരിറ്റിയും അംഗമാണ്. നാലുവരിപ്പാതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും എ.ഐ.വൈ.എഫും രംഗത്തുണ്ട്. എളമരം കരീമിനൊഴിച്ച് ആര്‍ക്കും കിനാലൂരിലെ വികസന അജണ്ട അംഗീകരിക്കാനാവുന്നില്ല.
കിനാലൂരിലെന്നല്ല, കേരളത്തിലെ നൂറോളം ജനകീയസമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. കുടിവെള്ളം, ശുദ്ധവായു, ഭൂമി തുടങ്ങിയ മൌലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. വികസനത്തെക്കുറിച്ച് പെരുവായില്‍ സംസാരിക്കുന്ന മന്ത്രി ഈ പാവം ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടമാണ് വികസനവിരോധമായി അധിക്ഷേപിക്കുന്നത്. ജനാധിപത്യത്തിനു നിരക്കാത്തതോ പൊതുമുതല്‍ നശിപ്പിക്കുന്നതോ ആയ സമരരീതികള്‍ കാഴ്ചവെക്കാത്ത കേരളത്തിലെ യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. അത്തരമൊരു പ്രസ്ഥാനത്തെ മതതീവ്രവാദികളെന്ന് ആരോപിക്കുന്നവര്‍ ഹീനമായ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് കേരളത്തില്‍ വമ്പിച്ച സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയുധമാണ് പ്രയോഗിക്കുന്നതെന്ന് ഓര്‍ക്കണം. അതല്ല, മാവോയിസം, തീവ്രവാദം എന്നൊക്കെയുള്ള ആരോപണങ്ങള്‍ കാര്യഗൌരവത്തിലാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.
കേരളത്തില്‍ ഒരു ജനകീയസമരവും വിജയിച്ചത് ചാണകാഭിഷേകം കൊണ്ടല്ല. ഗ്രനേഡും ലാത്തിച്ചാര്‍ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവികപ്രതികരണം മാത്രമായിരുന്നു ചാണകപ്രയോഗം. അതിനെ ആക്ഷേപിക്കുന്ന മന്ത്രി കേരളത്തില്‍ എ.ഡി.ബി ഉദ്യോഗസ്ഥരെ തന്റെ സഹപ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു സ്വീകരിച്ചത് മറന്നുപോയോ? ക്ലാസ് റൂമില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അധ്യാപകനെ വെട്ടിക്കൊല്ലുക, രാഷ്ട്രീയ പകപോക്കലിന് ഇഴജന്തുക്കളെ ചുട്ടുകൊല്ലുക, പൊലീസുദ്യോഗസ്ഥരെ സ്റ്റേഷനില്‍ കയറി മര്‍ദിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കേരളത്തിനു പരിചയപ്പെടുത്തിയ സമരരീതികള്‍ എന്തായാലും സോളിഡാരിറ്റിക്കു പരിചയമില്ലാത്തതും അതിന്റെ നയനിലപാടുകള്‍ക്ക് നിരക്കാത്തതുമാണ്.
സ്ത്രീകളും കുട്ടികളും അണിനിരക്കുന്ന ജനകീയസമരത്തെ അവരെ കവചമാക്കി അക്രമസമരം നടത്തുന്ന തീവ്രവാദരീതിയായി മന്ത്രി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളെന്തിന് അവിടെപ്പോയി എന്നാണ് വനിതാകമീഷന്‍ ചോദിച്ചത്. ജനകീയ സമരങ്ങളില്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഇതാദ്യമാണോ? സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സ്വാതന്ത്യ്രം സി.പി.എം ഭരിക്കുന്ന കേരളത്തിലില്ലേ? സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് എങ്ങനെ തീവ്രവാദമാകും? ചെങ്ങറയില്‍ ഭൂമി കൈയേറി സമരം നടത്തിയവരെ ട്രേഡ് യൂനിയനെ ഉപയോഗിച്ച് ഉപരോധിച്ചവര്‍ തന്നെയല്ലേ വയനാട്ടില്‍ സ്ത്രീകളെയും കുട്ടികളെയും സമരമുഖത്തിറക്കി ഭൂമി കൈയേറി കുടില്‍ കെട്ടിയത്?
സമരക്കാരെക്കാള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്ന മന്ത്രിയുടെയും പരിവാരങ്ങളുടെയും പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സംഭവം നടന്ന ഉടനെ ബാലുശേãരി ഹോസ്പിറ്റലില്‍ സ്ത്രീകളും 10 വയസ്സിനു താഴെയുള്ള നിരവധി കുട്ടികളും ഉള്‍പ്പെടെ ധാരാളംപേര്‍ പരിക്കുപറ്റി ചികിത്സക്കെത്തിയിരുന്നു. വീടുകളില്‍ കയറിയും പ്രദേശത്ത് ക്യാമ്പ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിനെ ഭയന്ന് പലരും ചികത്സതേടാത്ത സാഹചര്യമുണ്ടായി. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുക കൂടിചെയ്തപ്പോള്‍ അറസ്റ്റ് ഭയന്ന് ചികിത്സ തേടിയവരുള്‍പ്പെടെ ആശുപത്രിയും വീടും വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനം മറച്ചുവെക്കാനാണ് പരിക്കുപറ്റിയവര്‍ കൂടുതലും പൊലീസുകാരെന്ന് പ്രചരിപ്പിക്കുന്നത്.
ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി തദ്ദേശീയര്‍ പദ്ധതിക്കനുകൂലമാണെന്നും പുറത്തുനിന്നുള്ളവരാണ് സമരത്തിനു മുന്നിലുള്ളതെന്നും മന്ത്രി പറയുന്നതും ശുദ്ധകളവാണ്. കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. പുറത്തുനിന്ന് ആളുകള്‍ വന്നാല്‍ സമരത്തിന്റെ നൈതികതയെ അതെങ്ങനെയാണ് ബാധിക്കുക? ജനകീയസമരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ കിനാലൂരിലെ ജനകീയസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സംഘടനകളെ പുറത്തുനിന്നു വന്നവര്‍ എന്നാക്ഷേപിക്കുന്നത്.
തെറ്റുതിരുത്തി മുന്നോട്ടു പോകുന്നതിനുപകരം ധാര്‍ഷ്ട്യം നിലനിറുത്തി അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് ഇനിയും നേരിടേണ്ടിവരും. തുറന്ന ചര്‍ച്ചകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും രീതിയാണ് അവലംബിക്കുന്നതെങ്കില്‍ കിനാലൂരില്‍ ഇനിയും മറുവഴികളും സാധ്യതകളുമെല്ലാമുണ്ട്. അതല്ലേ ആരോഗ്യകരമെന്ന് ചിന്തിക്കേണ്ടത് ഒന്നാമതായി വ്യവസായമന്ത്രി തന്നെയാണ്.
(ലേഖകന്‍
സോളിഡാരിറ്റി സംസ്ഥാന
പ്രസിഡന്റാണ്)
No comments:
Post a Comment